എണ്ണക്കമ്പനികൾ ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇന്ധനവില വീണ്ടും വര്‍ധിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി പെട്രോളിന് ലിറ്ററിന് 28 പൈസയും ഡീസലിന് 30 പൈസയുമാണ് എണ്ണക്കമ്പനികള്‍ കൂട്ടിയത്.

അവസാനഘട്ട തെരഞ്ഞെടുപ്പ് നടന്ന മെയ് 19ന് ശേഷം അഞ്ചുദിവസത്തിനിടെ ഒരുലിറ്റര്‍ ഡീസലിന് 50 പൈസയും പെട്രോളിന് 51 പൈസയുമാണ് വര്‍ദ്ധിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് പെട്രോളിന് 74.60 രൂപയും ഡീസലിന് 71.37 രൂപയുമാണ്. കോഴിക്കോട് 73.57, 70.43 രൂപയും കൊച്ചിയില്‍ 73.15 രൂപയും, 70.01 രൂപയുമാണ് ഇന്നത്തെ വില. മേയ് 20 മുതലാണ് എണ്ണക്കമ്പനികള്‍ വില കൂട്ടാന്‍ തുടങ്ങിയത്. ഡീസലിന് 16ഉം പെട്രോളിന് 10 പൈസയുമാണ് വര്‍ധിച്ചത്. അവസാനഘട്ട തെരഞ്ഞെടുപ്പ് നടന്ന മെയ് 19ന് മാത്രമാണ് വിലയില്‍ കുറവുണ്ടായത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറയുന്നതിനിടെയാണ് വിലവര്‍ധന.