ബാര്‍സ ചരിത്രത്തിലെ മികച്ച മൂന്ന് ഗോളും മെസിക്ക് സ്വന്തം

ബാര്‍സിലോണ:സ്‌പെയിനിലെ ഏറ്റവും മികച്ച ക്ലബുകളിലൊന്നായ ബാര്‍സിലോണയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകള്‍ പ്രവചിക്കാന്‍ ആരാധകര്‍ക്ക് അവസരമേകിയപ്പോള്‍ എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് ലിയോ മെസി എന്ന ഇതിഹാസത്തെക്കുറിച്ച് മാത്രം. അഞ്ച് ലക്ഷത്തോളം ബാര്‍സ ആരാധകര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ വന്നത് മെസിയുടെ ഗോളുകള്‍. 2006-07 സീസണില്‍ കിംഗ്‌സ് കപ്പ് സെമി ഫൈനലില്‍ മെസി ഗറ്റാഫെക്കെതിരെ നേടിയ ഗോളാണ് മികച്ച ഗോളായി ഫാന്‍സ് തെരഞ്ഞെടുത്തത്. (ചിത്രം) സ്വന്തം ഹാഫില്‍ നിന്നും പന്തുമായി കുതിച്ച മെസി നാല് ഡിഫന്‍ഡര്‍മാരെയും പിന്നെ ഗോള്‍ക്കീപ്പറെയും മറികടന്ന് പായിച്ച ഷോട്ട് ഗറ്റാഫെ വലയില്‍ കയറിയ നിമിഷം സ്‌റ്റേഡിയം പൊട്ടിത്തെറിക്കുകയായിരുന്നു. വോട്ടെടുപ്പില്‍ പങ്കെടുത്ത 45 ശതമാനം പേരും ഈ ഗോളിനാണ് വോട്ട് ചെയ്തത്. 1986 ലെ ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരെ അര്‍ജന്റീനിയന്‍ താരം ഡിയാഗോ മറഡോണ നേടിയ ഗോളിന്റെ അതേ പകര്‍പ്പായിരുന്നു ഈ ഗോള്‍. 2014-15 സീസണിലെ കിംഗ്‌സ് കപ്പ് ഫൈനലില്‍ നേടിയ ഗോളാണ് വോട്ടിംഗില്‍ രണ്ടാം സ്ഥാനം നേടിയത്. 28 ശതമാനം വോട്ടാണ് ഈ ഗോളിന് ലഭിച്ചത്. 2010-11 സീസണില്‍ ലാലീഗയില്‍ റയല്‍ മാഡ്രിഡിനെതിരെ അവരുടെ തട്ടകമായ സാന്‍ഡിയാഗോ ബെര്‍ണബുവില്‍ നേടിയ ഗോള്‍ മൂന്നാം സ്ഥാനത്ത് വന്നു. 160 രാജ്യങ്ങളിലെ ബാര്‍സ ഫാന്‍സാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്.

SHARE