ശുഹൈബ് വധം: സി.ബി.ഐക്ക് വിടണമെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശുഹൈബ് വധത്തിലെ പ്രതികള്‍ ശിക്ഷിക്കപ്പെടണമെങ്കില്‍ കേസ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. രാഷ്ട്രീയ കൊലപാതകങ്ങള്‍ മുഖ്യമന്ത്രിയുടെ നാട്ടിലാണ് നടക്കുന്നതെന്നത് ഏറെ ദുഖിപ്പിക്കുന്നെന്നും കപില്‍ സിബല്‍ പറഞ്ഞു. തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് സമരപന്തല്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ശുഹൈബ് വധത്തില്‍ കൊലയാളികള്‍ക്ക് കാര്‍ വാടകക്ക് നല്‍കിയയാളെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യും. വയനാട്ടിലേക്ക് ടൂര്‍ പോകാനെന്ന പേരില്‍ കൊലയാളി സംഘത്തിലെ അഖിലാണ് വാഹനം കൊണ്ടുപോയതെന്ന് അരോളി സ്വദേശിയായ കാറുടമ പൊലീസിന് മൊഴി നല്‍കി. ഇന്നലെ അറസ്റ്റിലായ മൂന്നു പ്രതികളെ കോടതിയില്‍ ഹാജരാക്കും.

പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത വെളുത്ത വാഗണര്‍ കാറാണ് കൊലയാളി സംഘം ഉപയോഗിച്ചത്. വാഹനം വാടകക്ക് നല്‍കുന്ന അരോളി സ്വദേശിയില്‍ നിന്നാണ് ഇവര്‍ കാറെടുത്തത്. മൂന്നു ദിവസത്തേക്കെന്ന പേരില്‍ വൈശാഖെന്നയാള്‍ വഴി അഖിലാണ് വാഹനം കൊണ്ടുപോയത്. ഹര്‍ത്താലാണെന്ന കാരണം കാട്ടി, പറഞ്ഞതില്‍ നിന്നും ഒരുദിവസം വൈകി വാഹനം തിരികെയേല്‍പ്പിച്ചു. പണവും നല്‍കി. ഇതാണ് കാറുടമ നല്‍കിയിരിക്കുന്ന മൊഴി. കൊലയാളി സംഘത്തില്‍ ഇന്നലെ അറസ്റ്റിലായയാളാണ് അഖില്‍. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് വേണ്ടിയാണ് കാറുടമയെ വീണ്ടും ചോദ്യം ചെയ്യുന്നത്. വൈശാഖിലേക്കും അന്വേഷണം നീളും.

SHARE