Connect with us

Video Stories

ഒറ്റച്ചോദ്യത്തില്‍ നിന്നാണ് എം.ഐ തങ്ങള്‍ ഉണ്ടായത്

Published

on

സി.പി സൈതലവി

പട്ടണപ്പകിട്ടിന്റെ മറുപുറം കാണാന്‍ മഹാരാഷ്ട്രയുടെ പ്രാന്തങ്ങളിലൂടെ നടന്നതാണ്. വഴി മറന്ന്, കാശ് തീര്‍ന്ന് അതൊരലച്ചിലായി. ദാഹം കലശലായപ്പോഴാണ് വഴിയരികിലെ വീടുകളിലൊന്നിലേക്കു കയറിച്ചെന്നത്. വാതില്‍ തുറന്ന വീട്ടമ്മയോട് ഇത്തിരി ദാഹജലം എന്നാംഗ്യം കാട്ടി. തിരികെ വന്നു വെള്ളപ്പാത്രം നീട്ടുമ്പോള്‍ അവര്‍ എന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി ഒറ്റച്ചോദ്യം: ‘തൂ മുസല്‍മാന്‍ഹെ?’ തിളക്കുന്ന വെയിലില്‍ അടഞ്ഞുപോകുന്ന മിഴികളുമായി ‘അതെ’യെന്നു തലയാട്ടുമ്പോള്‍ ‘ങ്ഹും’എന്നു പുച്ഛത്തോടെ അവര്‍ കുടിനീര്‍ പിന്‍വലിച്ചു. ജീവിതത്തിലാദ്യത്തെ അവഹേളനം. നിന്ദ. അതുമൊരു പരദേശത്ത്. ആ കൊട്ടിയടച്ച വാതിലിനുമുന്നില്‍ തെല്ലിട നിന്നു. വീണ്ടും ഇറങ്ങി നടന്നു. ഇനി വീടുകളില്‍ചെന്നു വെള്ളം ചോദിക്കാനാവില്ല. കിട്ടില്ല. ദൂരെ കണ്ട ചോലയില്‍ ഇറങ്ങി ദാഹം തീര്‍ത്തു. മേലൊന്നു നനച്ചു. കയറുമ്പോള്‍ കണ്ടു ചോലയുടെ മുകള്‍ഭാഗത്തെ നീരൊഴുക്കില്‍ പന്നികള്‍ കിടന്നുമറിയുന്നു. ആ വെള്ളമാണല്ലോ കുടിച്ചത്. മനംപിരട്ടലിനെക്കാള്‍ ഉള്ളില്‍ മറ്റൊരു തീയെരിഞ്ഞു തുടങ്ങിയിരുന്നു. പൊടുന്നനെ മനസ്സില്‍ തിടംവെച്ച അന്യതാബോധത്തിന്റെ പൊള്ളല്‍ ചോദ്യങ്ങളായി സ്വയം കത്തി. മുസല്‍മാനും മനുഷ്യനല്ലേ? ദാഹവും വിശപ്പുമുള്ള ജീവി?
1960കളുടെ അന്ത്യമാണത്. മുംബൈയില്‍ ശിവസേനയുടെ വര്‍ഗീയ വിഭജനതാണ്ഡവം കൊടിപറത്തിതുടങ്ങിയിരിക്കുന്നു. വെറുമൊരു പത്രപ്രവര്‍ത്തകനോ ഏതെങ്കിലും സര്‍ക്കാര്‍ സര്‍വീസില്‍ ഉദ്യോഗസ്ഥനോ ആയി അടുത്തൂണ്‍ പറ്റുമായിരുന്ന മലപ്പുറം ഏറനാട്ടിലെ തൃക്കലങ്ങോട്ടുകാരന്‍ മാരേങ്ങലത്ത് ഇമ്പിച്ചിക്കോയ തങ്ങള്‍, ചരിത്രത്തിന്റെ മഹാസമുദ്രങ്ങള്‍ താണ്ടിയ കപ്പലോട്ടക്കാരനായി, പല പ്രത്യയശാസ്ത്രങ്ങളുടെ ആഴംതൊട്ട ഗവേഷകനായി എം.ഐ തങ്ങള്‍ എന്ന സൈദ്ധാന്തികനിലേക്ക്, ഈ കാലത്തിന്റെ ചരിത്രം അഭിമാനപൂര്‍വം രേഖപ്പെടുത്തുന്ന നാമങ്ങളിലൊന്നിലേക്ക് ഉടയാട മാറിയത് ആ ഒറ്റച്ചോദ്യത്തില്‍നിന്നാണ്. ശരിക്കും എം.ഐ തങ്ങളെന്ന പ്രതിഭയെ മലയാളത്തിനു കൈവന്ന ചോദ്യം.
വന്നും പോയുമിരിക്കുന്ന ആസ്പത്രി വാസത്തിന്റെ ഇടവേളകള്‍ക്കിടയില്‍ തെല്ലൊരാശ്വാസത്തിന്റെ സായാഹ്‌നം വീണുകിട്ടിയപ്പോള്‍ എം.ഐ തങ്ങള്‍ ഒരു മുഖാമുഖത്തിന് സമ്മതം തന്നു. ചടുലമായ സഞ്ചാരകാലങ്ങളില്‍ പലവട്ടം ചോദിച്ചിരുന്നു ഒന്നു ജീവിതം പറയാമോ? പിന്നീടാവാമെന്നു എപ്പോഴും നിരസിച്ചു ആ ലാളിത്യം. ഒടുവില്‍ അഭിമുഖം അച്ചടിയെത്തുംമുമ്പെ ഇനിയൊരു തിരുത്തിനു നില്‍ക്കാതെ ആ പത്രാധിപര്‍ മടങ്ങി. ആസ്പത്രി വാസമൊഴിഞ്ഞ് പ്രസാദമധുരമായിരിക്കുമ്പോള്‍ കൂട്ടിച്ചേര്‍ക്കാമെന്നാശിച്ചത് അതേപടി ബാക്കിവെച്ച്.
ചിന്തകന്‍, ചരിത്രപണ്ഡിതന്‍, എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, പ്രഭാഷകന്‍, ഗ്രന്ഥകാരന്‍, ഗവേഷകന്‍, വിവര്‍ത്തകന്‍, ത്യാഗവും പാരമ്പര്യവുമുള്ള രാഷ്ട്രീയ നേതാവ് എന്നിങ്ങനെ വിശേഷമുദ്രകളെമ്പാടും സമൂഹം നെറ്റിയില്‍ ചാര്‍ത്തിയിട്ടുണ്ട് എം.ഐ തങ്ങള്‍ക്ക്. എന്നിട്ടും ബാപ്പയുടെ വിരലില്‍തൂങ്ങി പ്രസംഗം കേള്‍ക്കാന്‍ പോകുന്ന കൊച്ചുകുട്ടിയുടെ കൗതുകവും അമ്പരപ്പുമാണ് അറിവുകളന്വേഷിച്ചുള്ള ആ ജീവിതയാത്രയിലുടനീളം അദ്ദേഹം പുലര്‍ത്തിയത്. തേടിവരുന്ന പദവികള്‍ക്കും ബഹുമതികള്‍ക്കും മുന്നില്‍പോലും താനതിനു പാകമായിട്ടുണ്ടോയെന്നു സന്ദേഹിക്കുന്ന, തന്നെക്കാള്‍ അര്‍ഹതയുള്ളവര്‍ അപ്പുറത്തെ ബെഞ്ചിലുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്ന മനഃശുദ്ധി.
ജീവിതയാത്ര നല്‍കിയ മനസ്സുതൊട്ട അനുഭവപാഠങ്ങളാണ് എം.ഐ തങ്ങളുടെ ചിന്തയുടെയും രചനകളുടെയും അടിസ്ഥാനം. അതില്‍ അക്കാലത്തെ ഗാര്‍ഹികാവസ്ഥകളുടെ പരിമിതികളുണ്ട്. നിരക്ഷരതയും നിത്യദാരിദ്ര്യവും ഇഴചേര്‍ന്ന ഇരുട്ടില്‍തപ്പിത്തടയുന്ന ഗ്രാമങ്ങളുടെ കദനമുണ്ട്. വിഭജനാനന്തര വിഹ്വലതകള്‍ മേയുന്ന രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സാമൂഹികാവസ്ഥയുണ്ട്. അവഗണനയുടെയും നീതിനിഷേധത്തിന്റെയും നിര്‍ദ്ദയദൃശ്യങ്ങളുണ്ട്. സങ്കീര്‍ണതമുറ്റിനിന്ന ആ ഇടനിലങ്ങളിലാണ് എം.ഐ തങ്ങളുടെ ബാല്യം ചുവടുവെച്ചത്.
മഹല്ല് ഖാസിയായി തൃക്കലങ്ങോട് കാരക്കുന്നില്‍ താമസമാക്കിയ പ്രസിദ്ധ പണ്ഡിതന്‍ കാട്ടുമുണ്ട സ്വദേശി മാരേങ്ങലത്ത് കുഞ്ഞിക്കോയ തങ്ങളുടെയും ശരീഫാ ഖദീജ ബീവിയുടെയും മകനായി 1943ല്‍ കാരക്കുന്നില്‍ ജനനം. മലബാറില്‍ മുസ്‌ലിംലീഗും കോണ്‍ഗ്രസും മുഖാമുഖം പൊരുതുന്ന രാഷ്ട്രീയച്ചൂട് നിറഞ്ഞ ഏറനാട്. മലബാര്‍ കലാപത്തിന്റെ കെടുതികള്‍ വിട്ടുമാറാത്ത കാലം. അഞ്ചാംതരം വരെയുള്ള കാരക്കുന്ന് എല്‍.പി സ്‌കൂളിലെ പഠന കാലത്തുതന്നെ മഞ്ഞും മഴയും തണുപ്പുമുള്ള രാത്രികളില്‍പോലും ബാപ്പയുടെ കൈപിടിച്ച്, ചൂട്ടുംമിന്നിച്ച്, തലയിലൊരു ഉറുമാലും കെട്ടി ധൃതിയില്‍ നടന്നുപോയിട്ടുണ്ട് സീതിസാഹിബിന്റെയും സി.എച്ചിന്റെയും പ്രസംഗം കേള്‍ക്കാന്‍. ബാപ്പയ്ക്ക് ഏറെ അടുപ്പമുണ്ടായിരുന്ന പൂക്കോയ തങ്ങളെ കാണാന്‍ പാണക്കാട്ട്. ചേര്‍ത്ത്‌നിര്‍ത്തി തലോടുന്ന ആ മൃദുലമായ കൈകള്‍. പോരുമ്പോള്‍ മിഠായി വാങ്ങിക്കോ എന്നൊരു കൈമടക്കും. ഖാഇദേമില്ലത്തും ബാഫഖി തങ്ങളും വരുന്നെന്നുകേട്ട് ബാപ്പയുടെ കൂടെ ഓടിയും നടന്നും മഞ്ചേരി അങ്ങാടിയിലേക്ക്. അങ്ങനെ മുദ്രാവാക്യങ്ങളും തക്ബീര്‍ ധ്വനികളും പ്രസംഗങ്ങളും പച്ചത്തോരണങ്ങളും കൂടിക്കലര്‍ന്ന കുട്ടിപ്രായം. പതിനൊന്നാം വയസ്സില്‍ ആറില്‍ ചേര്‍ത്തത് മഞ്ചരിയിലെ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് വക സെക്കണ്ടറി സ്‌കൂളില്‍. എട്ടു കിലോമീറ്ററുണ്ട് ദൂരം. ബസ്സൊന്നുമില്ല. നടക്കണം. രാവിലെ ഏഴരക്ക് പുറപ്പെട്ടാല്‍ ബെല്ലടിക്കുമ്പോഴേക്ക് എത്തും. തിരിച്ചു സ്‌കൂള്‍വിട്ട് വീടെത്തുമ്പോള്‍ ഇരുട്ടിയിട്ടുണ്ടാകും. മഴയും വെയിലും കാറ്റും കോളുമൊന്നും നോക്കാതെ ആ പതിനൊന്നു വയസ്സുകാരന്‍ ദിവസവും നടന്നുതീര്‍ക്കുന്നത് 16 കി. മീറ്റര്‍. ചിലപ്പോഴൊക്കെ തനിച്ചായിരിക്കും. ഈ ഏകാന്തയാത്രകളാണ് ദൂരങ്ങള്‍ താണ്ടാന്‍ കുട്ടിക്കാലംതൊട്ടേ ധൈര്യം പകര്‍ന്നത്.
മഞ്ചേരി ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ നാട്ടില്‍ വിമോചന സമരത്തിന്റെ കാറ്റ് മൂളുകയായിരുന്നു. വെടിവെപ്പും മരണങ്ങളും. എങ്ങും പിക്കറ്റിങ്ങും അറസ്റ്റും ജയിലും. പൊലീസ് ഭീകരതയുടെ കാലം. നേതാക്കന്മാരുടെ പ്രസംഗങ്ങള്‍ കേട്ടും ബാപ്പ കൊണ്ടുവരുന്ന ചന്ദ്രിക വായിച്ചും വിമോചന സമരാവേശം തലക്കുകയറി. 1959 ജൂലൈ. സ്‌കൂളില്‍നിന്നിറങ്ങി നേരെ മഞ്ചേരിയിലെ താലൂക്കാപ്പീസിനു മുന്നിലെ പിക്കറ്റിങ്ങില്‍ ചേര്‍ന്നു. തൃക്കലങ്ങോട്ടെ നേതാവ് ചാത്തോലി ബാപ്പുട്ടി ഹാജിയുടെ അടുത്താണ് നിന്നത്. ഹസ്സന്‍കുട്ടികുരിക്കളും ബാപ്പു കുരിക്കളും നീലാമ്പ്ര മരക്കാര്‍ ഹാജിയും കുഞ്ഞാപ്പു കുരിക്കളുമൊക്കെയുണ്ട് മുന്നില്‍തന്നെ. നല്ല മഴയും. കോളറില്‍ പിടിച്ചുവലിക്കുന്നതാരാണെന്നു നോക്കുമ്പോള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ്. ‘പോടാ സ്‌കൂളിലേക്ക്, ഈ വഴിക്കെങ്ങാനും കണ്ടാല്‍ കാല്‍മുട്ട് ഞാന്‍ അടിച്ചുപൊട്ടിക്കും’ എന്ന് ഓടിച്ചുവിട്ടു.
സ്‌കൂളില്‍ പഠിക്കുമ്പോള്‍തന്നെ തൃക്കലങ്ങോട് വായനശാലയില്‍ സ്ഥിരമായി പോകും. മലയാളം പഠിപ്പിച്ചിരുന്ന രാമകൃഷ്ണന്‍ മാഷാണ് പ്രോത്സാഹിപ്പിച്ചത്. സ്‌കൂളില്‍നിന്ന് ഡിറ്റക്ടീവ് നോവലുകള്‍ തരും. അതു വായനയെ രസകരമാക്കി. ഇതില്‍ ഒതുങ്ങരുതെന്നും കഥയും കവിതയുമൊക്കെ ശീലിക്കണമെന്നും മാഷ് ഉപദേശിക്കും. അങ്ങിനെ ഡിറ്റക്ടീവില്‍നിന്ന് ഗൗരവ വായനയിലേക്ക് തിരിഞ്ഞു. ഹൈസ്‌കൂള്‍ പഠനകാലത്ത് തന്നെ കാറല്‍മാര്‍ക്‌സ് എഴുതിയ ദാസ്‌ക്യാപിറ്റല്‍ (മൂലധനം) തുടങ്ങിയ കൃതികള്‍ വായിച്ചു. സങ്കീര്‍ണമായ ഭാഷയും പ്രയോഗങ്ങളും ആശയങ്ങളുമുള്ള കൃതികള്‍ ആദ്യമൊന്നും വഴങ്ങിയിരുന്നില്ല. പക്ഷേ അതിന്മേല്‍തന്നെ കൂടിയപ്പോള്‍ എളുപ്പമായി. എസ്.എസ്.എല്‍.സി കഴിഞ്ഞപ്പോള്‍ തുടര്‍പഠനത്തിന് അമ്മാവന്‍ (പൂക്കോയ തങ്ങള്‍ ആക്കോട്) അഹമ്മദാബാദിലേക്കു ക്ഷണിച്ചു. അവിടെ മിര്‍സാപൂരില്‍ ഹോട്ടല്‍ നടത്തുകയാണ്. മക്കളില്ല. ഭേദപ്പെട്ട സൗകര്യങ്ങളുണ്ട്. ഗാന്ധിജിയുടെ നാട് കാണാം. പല ദേശങ്ങളില്‍ ചുറ്റിയടിക്കാം. ഗുജറാത്തിലേക്കുള്ള ക്ഷണം വേഗം സ്വീകരിച്ചു. ഉമ്മാക്ക് ദൂരെ അയക്കാന്‍ മടിയായിരുന്നു. എന്നാലും മറ്റുള്ളവരൊക്കെ പറഞ്ഞപ്പോള്‍ സമ്മതമായി. ഗുജറാത്ത് യൂണിവേഴ്‌സിറ്റിയില്‍ പ്രീ യൂണിവേഴ്‌സിറ്റി കഴിഞ്ഞ് ദേശായി മെഡിക്കല്‍ കോളജില്‍ ഹോമിയോപ്പതിക്ക് ചേര്‍ന്നു. അതിനിടെ അമ്മാവന്‍ മരിച്ചു. മക്കളില്ലാത്തതിനാല്‍ സ്വത്തുക്കളൊക്കെ ചിലര്‍ കൈവശപ്പെടുത്തി. പഠനം തുടര്‍ന്നുപോകാന്‍ സാമ്പത്തികം പ്രതിബന്ധമായി. ഭക്ഷണം കഴിക്കാന്‍ കാശ് വേണം. മലയാളത്തിനുപുറമെ ഇംഗ്ലീഷ്, ഹിന്ദി, ഉര്‍ദുഭാഷകള്‍ അറിയാം. ഗുജറാത്തി വായിക്കും. ഇതുകൊണ്ടൊക്കെ പിടിച്ചുനില്‍ക്കാനാവുമോ എന്ന് ശങ്കിച്ചിരിക്കുകയാണ്. ഇന്ത്യന്‍ എക്‌സ്പ്രസ് അഹമ്മദാബാദ് എഡിഷന്‍ തുടങ്ങുന്ന സമയമാണത്. ചെറിയൊരു ശ്രമത്തില്‍ അവിടെ റിപ്പോര്‍ട്ടറായി നിയമനം കിട്ടി. പത്രപ്രവര്‍ത്തന ജീവിതത്തിന്റെ സമാരംഭം. അതിനിടെ മുംബൈയിലെ ബോറിവെല്ലിയിലുള്ള പാര്‍ക് ഡേവിസ് മരുന്ന് കമ്പനിയില്‍ ക്യാപ്‌സ്യൂള്‍ സെക്ഷനില്‍ ജോലി ലഭിച്ചു. തരക്കേടില്ലാത്ത ശമ്പളം. മുംബൈ മലാഡില്‍ താമസം. ഗുജറാത്തിലെ മുസ്‌ലിംകള്‍ പൊതുവെ ഗുജറാത്തി സംസാരിക്കില്ല. മഹാരാഷ്ട്രയില്‍ മറാഠിയുടെ കാര്യവും ഇതുപോലെ തന്നെ. ഇന്ത്യയിലെ മുസ്‌ലിം പൊതുഭാഷയായി ഉര്‍ദു നില്‍ക്കുകയാണ്.
1971ല്‍ മുംബൈ വിട്ട് നാട്ടില്‍ തിരിച്ചെത്തി. ഒരു വ്യാഴവട്ടക്കാലം കേരളം വിട്ട് അന്യദേശങ്ങളില്‍ കഴിഞ്ഞു. അത് ഉത്തര പൂര്‍വേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുസ്‌ലിം അവസ്ഥ, ദലിതരുടെ ദുരിതം, ചേരികളുടെ കണ്ണീര്‍, നഗര-ഗ്രാമങ്ങള്‍ തമ്മിലെ അഗാധമായ അന്തരം, മതവും ജാതിയും മനുഷ്യനെ പിടികൂടിയതിന്റെ ഭീകരക്കാഴ്ചകള്‍, ജാതിയില്‍ താഴ്ന്നവന്റെ വിധി, കുരുതികള്‍, അന്ധവിശ്വാസങ്ങള്‍, പട്ടിണി, സമ്പത്ത്, അധോലോകങ്ങളുടെ കുടിപ്പക, മതംനോക്കാതെ പരസ്പരം തണലേകുന്ന മനുഷ്യപ്പറ്റുള്ള ദൃശ്യങ്ങള്‍, മഹാഗ്രന്ഥങ്ങളുള്ള വായനശാലകള്‍, തത്വജ്ഞാനികള്‍, സൂഫികള്‍, സന്യാസിമാര്‍, മഹാപണ്ഡിതര്‍, വിപ്ലവനേതാക്കള്‍, വന്‍പ്രക്ഷോഭങ്ങള്‍, മനുഷ്യര്‍ക്കിടയിലെ മതിലുകള്‍ എല്ലാം നടന്നു കണ്ടും അറിഞ്ഞുംപോന്ന കാലമായിരുന്നു അത്. ഒറ്റപുസ്തകത്തിലെന്നപോലെ ഇന്ത്യയെ അടുത്തുകണ്ടനുഭവിച്ച ആ ദേശാടനത്തില്‍ നിന്നാണ് എം.ഐ തങ്ങള്‍ എന്ന കൂസലില്ലായ്മ പിറക്കുന്നത്.
ജോലിയായപ്പോള്‍ മുംബൈയിലെ വിലാസത്തില്‍ ചന്ദ്രിക വരുത്തിതുടങ്ങിയിരുന്നു. തപാലില്‍ മൂന്നാം ദിവസം കിട്ടും. വാര്‍ത്തകളും ഉന്നത നേതാക്കളുടെയും പ്രമുഖ എഴുത്തുകാരുടെയും ലേഖനങ്ങളും വഴി നാട്ടിലെ രാഷ്ട്രീയത്തിന്റെ ദൈനംദിന ചലനങ്ങള്‍ ഉള്ളില്‍ ആവേശം നിറച്ചിരുന്നു. വീട്ടില്‍നിന്നുള്ള നിരന്തര കത്തുകളും നാട്ടിലെ രാഷ്ട്രീയവുമെല്ലാം ചേര്‍ന്ന പ്രലോഭനങ്ങളാണ് ദേശാടനം നിര്‍ത്തി തിരികെയെത്തിച്ചത്.
സീതിസാഹിബിന്റെയും സി.എച്ചിന്റെയുമൊക്കെ പൊതുയോഗ പ്രസംഗങ്ങള്‍ തന്നെ ഓരോ പഠനക്ലാസുകളായിരുന്നു. തൃക്കലങ്ങോട് മദ്രസാങ്കണത്തില്‍ സീതിസാഹിബ് പ്രസംഗിക്കുന്നു. നര്‍മംകലര്‍ത്താതെ, വസ്തുതകള്‍ മാത്രം പറഞ്ഞ് മണിക്കൂറുകളുടെ ആ വാഗ്പ്രവാഹം ആളുകളെ പിടിച്ചുനിര്‍ത്തുകയാണ്. 1956ല്‍ സി.എച്ച് മുഹമ്മദ്‌കോയ സാഹിബ് തൃക്കലങ്ങോട്ട് പ്രസംഗിച്ചപ്പോള്‍ ബുഡാപെസ്റ്റ് റേഡിയോയും ഇമ്രിനാഗിയെയുമൊക്കെ ഉദ്ധരിച്ച് കത്തിക്കയറുകയാണ്. നന്നേ മെലിഞ്ഞ, കറുത്ത തൊപ്പിയണിഞ്ഞ സുമുഖനായ യുവാവ്. ആ താളത്തില്‍ ഞങ്ങള്‍ കേട്ടുനിന്നു. പക്ഷേ അതില്‍പറഞ്ഞ പേരുകള്‍ പലതും ഞങ്ങള്‍ക്കു പുതുമയായിരുന്നു. പിന്നീട് പഠിച്ചു ഹംഗറിയില്‍ കമ്യൂണിസ്റ്റുകാര്‍ക്കെതിരെ പ്രതിവിപ്ലവമുണ്ടാക്കിയ ഇമ്രിനാഗിയെക്കുറിച്ചാണ് അന്നേദിവസം റേഡിയോ വാര്‍ത്തകേട്ട് സി.എച്ച് സവിസ്തരം ഗ്രാമീണരോട് പ്രസംഗിക്കുന്നതെന്ന്. അത് പഠിപ്പിക്കുന്നത്, മൈക്കിനു മുന്നില്‍ നില്‍ക്കുന്നവര്‍ ‘പ്രസംഗം’ എന്ന ഉത്തരവാദിത്തത്തിന്റെ ഗൗരവമറിയാതെ പോകരുതെന്നാണ്. 1971ല്‍ നാട്ടിലെത്തിയ ഉടന്‍, തൃക്കലങ്ങോട് പഞ്ചായത്ത് യൂത്ത്‌ലീഗ് അഡ്‌ഹോക് കമ്മിറ്റിയുടെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അന്ന് സംസ്ഥാനത്ത് മുസ്‌ലിം യൂത്ത്‌ലീഗ് എന്ന പുതിയ പോഷക ഘടകം വ്യവസ്ഥാപിതമായി രൂപവല്‍ക്കരിച്ചു തുടങ്ങുകയാണ്. ആദ്യമായി ചെയ്ത പൊതുപ്രസംഗം അലിഗഡ് യൂണിവേഴ്‌സിറ്റി ദേശസാല്‍ക്കരണ ബില്ലിനെതിരായ പ്രക്ഷോഭത്തില്‍ 1972ല്‍ തൃക്കലങ്ങോട് നടത്തിയതാണ്. നാലു വര്‍ഷത്തോളം കാരക്കുന്നില്‍ ഹോമിയോ ക്ലിനിക് നടത്തിക്കൊണ്ടിരിക്കെയാണ് 1975ല്‍ ചന്ദ്രിക പത്രാധിപസമിതിയില്‍ ചേരുന്നത്. എം.കെ മുഹമ്മദ് സാലിം മൗലവി നടത്തിയിരുന്ന ജിഹാദ് വാരികയിലായിരുന്നു ആദ്യലേഖനമെഴുതിയത്. ജനസംഘത്തിന്റെ ഭാരതവത്കരണ മുദ്രാവാക്യത്തിനെതിരെ ‘ഭാരതവത്കരിക്കേണ്ടത് ആരെ’ എന്ന തുടര്‍ലേഖനം. പി.കെ കോഡൂര്‍ പ്രസിദ്ധീകരിച്ചിരുന്ന മലപ്പുറം ടൈംസിലും ചില കുറിപ്പുകള്‍ വന്നു. ചന്ദ്രിക പൗരപംക്തിയില്‍ പ്രസിദ്ധീകരിച്ച കത്തിലെ രാഷ്ട്രീയ വിമര്‍ശനമാണ് ദിനപത്രത്തിലെ ആദ്യയെഴുത്ത്.
പി.പി കമ്മു സാഹിബിന്റെ സാരഥ്യത്തിലുള്ള മാപ്പിളനാട് ആയിരുന്നു തുറന്നെഴുത്തിന് വേദിയായത്. വിമര്‍ശനം എത്ര നിശിതമായാലും കമ്മു സാഹിബ് ഇടപെടില്ല. സര്‍വ രാഷ്ട്രീയകാര്യങ്ങളും മാപ്പിള നാട് ചര്‍ച്ച ചെയ്തു. സംഘടനക്കുള്ളിലെ വിമര്‍ശനങ്ങള്‍ക്കും കുറവുണ്ടായില്ല. മാപ്പിളനാട് ഒരു കാലഘട്ടത്തിലെ മുസ്‌ലിം രാഷ്ട്രീയത്തിലെ ആശയപ്പോരാട്ടങ്ങള്‍ക്ക് തുടക്കമിട്ട ദൈ്വവാരികയാണ്. ചന്ദ്രിക വിട്ടുവന്ന ഇടവേളയില്‍ മാപ്പിളനാട് പത്രാധിപത്യത്തില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചു. പല ലക്കങ്ങളിലും എം.ഐ തങ്ങളുടെ ഭിന്ന നാമങ്ങളാല്‍ മാപ്പിള നാടിന്റെ മുഴുവന്‍ പേജുകളും സമൃദ്ധമായി. എം.ഐ തങ്ങള്‍, മാരേങ്ങലത്ത്, മിറ്റ്, നിരീക്ഷകന്‍, എം.ഐ തുടങ്ങി പല അപരനാമങ്ങളില്‍ ഗഹനമായ ലേഖനങ്ങള്‍. ഒറ്റയിരിപ്പില്‍ റഫറന്‍സില്ലാതെ എത്ര ലേഖനങ്ങളുമെഴുതാനുള്ള കോപ്പുണ്ടായിരുന്നു ആ മരുന്നറയില്‍.
ശബാബിലും പിന്നീട് വര്‍ത്തമാനം എക്‌സിക്യൂട്ടീവ് എഡിറ്ററായപ്പോഴും ലേഖനങ്ങള്‍ പ്രവഹിച്ചു. 2007ല്‍ ചന്ദ്രികയുടെ പത്രാധിപരായി തിരിച്ചെത്തി. വീണ്ടും തന്റെ സ്വതന്ത്ര ജീവിതത്തിലേക്ക് മടങ്ങി. പക്ഷേ എഴുത്തും പ്രഭാഷണവും മുടങ്ങിയില്ല. ചന്ദ്രിക പത്രാധിപസമിതിയിലെ പ്രധാന എഴുത്തുകാരില്‍ പലരും 70കളിലെ പാര്‍ട്ടിയിലെ ഭിന്നതയില്‍ മറുപക്ഷം ചേര്‍ന്നുനില്‍ക്കുമ്പോഴാണ് ചന്ദ്രിക ഡയറക്ടര്‍ കൂടിയായ കെ.കെ.എസ് തങ്ങള്‍ എം.ഐ തങ്ങളെ മലപ്പുറം ജില്ലാ മുസ്‌ലിംലീഗ് ഓഫീസിലേക്ക് വിളിപ്പിക്കുന്നത്. പി. സീതി ഹാജിയുമുണ്ട്. ചന്ദ്രികയില്‍ ചേരണമെന്ന് നിര്‍ദേശം. ”ഹോമിയോ ഡിസ്‌പെന്‍സറി നടത്തുന്നുണ്ട്. അത് പെട്ടെന്നു നിര്‍ത്തിപ്പോരാനാവില്ലെന്ന്” ക്ഷമാപണം. പോരാത്തതിന് തുടക്കത്തില്‍ ചന്ദ്രികയില്‍ ലഭിക്കാനിടയുള്ള പ്രതിമാസ ശമ്പളം 200 രൂപ. തനിക്ക് ഡിസ്‌പെന്‍സറിയില്‍നിന്നു ഒരു ദിവസം കിട്ടുന്നതും അതേ തുക. അതൊക്കെ നഷ്ടപ്പെടുത്താനുള്ള വിഷമവും അറിയിച്ചു. സമുദായത്തിനു നേട്ടങ്ങളുണ്ടാക്കാന്‍ നമ്മള്‍ ചിലതൊക്കെ നഷ്ടപ്പെടുത്തേണ്ടിവരുമെന്നായിരുന്നു കെ.കെ.എസിന്റെ മറുപടി. അതുതന്നെ തീരുമാനവും. നന്നായി പ്രവര്‍ത്തിക്കുന്ന ഡിസ്‌പെന്‍സറി കൈവിട്ട് ചന്ദ്രികയില്‍ ചേര്‍ന്നു. സി.എച്ച് മുഖ്യപത്രാധിപര്‍, വി.സി അബൂബക്കര്‍ സാഹിബ് പത്രാധിപര്‍, പി.എ മുഹമ്മദ്‌കോയ, കുട്ട്യാലി സാഹിബ് എന്നിവര്‍ ഉപനായകര്‍. മേച്ചേരിയും കാനേഷും ടി.സിയും സി.കെ താനൂരും നടക്കാവുമെല്ലാമുണ്ട്. ലേഖനമെഴുത്ത് പതിവാക്കി. ഇഎം.എസും മേച്ചേരിയും തമ്മില്‍ നടന്ന ലേഖനയുദ്ധം. മേച്ചേരിക്കു മറുപടി ചന്ദ്രികയില്‍ തന്നെ ഇ.എം.എസ് എഴുതി. അതിനു മറുപടി തയ്യാറാക്കാന്‍ മേച്ചേരി ആവശ്യപ്പെട്ടു. ആവശ്യമായ രേഖകള്‍ തരാം, മേച്ചേരി തന്നെ മറുപടിയെഴുതണമെന്ന് ശട്ടംകെട്ടി. അങ്കത്തിന്റെ അവസാനം മറ്റൊരാള്‍ കയറുന്നത് ശരിയല്ലെന്നു മേച്ചേരിയോട് പറഞ്ഞു. ലേഖന രൂപത്തിലാണ് രേഖകള്‍ അയച്ചുകൊടുത്തത്. പക്ഷേ, പിറ്റേന്ന് മേച്ചേരി അത് എം.ഐ തങ്ങള്‍ എന്നു പേരുവെച്ചുതന്നെ പ്രസിദ്ധീകരിച്ചു.
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുംബൈയില്‍ ചേര്‍ന്ന ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ് പാക്കിസ്താന്‍ ആവശ്യം പ്രമേയമായി അംഗീകരിച്ചെന്നായിരുന്നു രേഖവെച്ചുള്ള മറുപടി. ഇല്ലെന്നായിരുന്നു നേരത്തെ നമ്പൂതിരിപ്പാടിന്റെ വാദം. ഇ.എം.എസ് അതോടെ സംവാദത്തില്‍നിന്നു പിന്മാറി. റഹീംമേച്ചേരിയുടെ ബൗദ്ധിക സത്യസന്ധതക്ക് തെളിവായിരുന്നു ആ ലേഖനത്തിലെ പേര്. സ്വന്തം പേരില്‍ വെക്കാമായിരുന്നതാണ്. അതിന് എം.ഐ തങ്ങള്‍ അനുവാദം നല്‍കിയതുമാണ്.
പ്രത്യയശാസ്ത്ര പഠനം എന്ന നിലയിലാണ് കമ്യൂണിസ്റ്റ് വിമര്‍ശനങ്ങള്‍ എഴുതിത്തുടങ്ങിയത്. പിന്നീടത് നന്നായി പഠിച്ചു. ഒരര്‍ത്ഥത്തില്‍ ഗവേഷണം തന്നെ എന്നു പറയാം. 1980കളില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ ‘മാര്‍ക്‌സിസം എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നു’ എന്ന തലക്കെട്ടിലെ സംവാദത്തില്‍ എം.ഐ തങ്ങളുടെ വിഷയാവതരണം കേട്ട് വേദിയിലുണ്ടായിരുന്ന പി. പരമേശ്വരന്‍ പ്രസംഗത്തില്‍ പറഞ്ഞു: ഇത്രയും ഗഹനമായൊരു മാര്‍ക്‌സിസ്റ്റ് വിമര്‍ശനപഠനം മലയാളത്തില്‍ ആദ്യമായി കേള്‍ക്കുകയാണെന്ന്.
എന്‍.വി അബ്ദുസ്സലാം മൗലവിയാണ് രാഷ്ട്രീയത്തില്‍ തനിക്ക് ഗുരു എന്ന് എം.ഐ തങ്ങള്‍. ചന്ദ്രികയില്‍നിന്നു നാട്ടിലേക്കുള്ള പ്രതിവാര യാത്രകള്‍ അരീക്കോട് വഴിയാക്കും. അബ്ദുസ്സലാം മൗലവിയുമായുള്ള നീണ്ട കൂടിക്കാഴ്ചകള്‍ക്ക്. അത്രയും അറിവുകള്‍ നിറഞ്ഞുനില്‍ക്കുന്ന സാഗരമാണത്. തന്റെ വ്യക്തിത്വം രൂപപ്പെടുത്തിയതില്‍ മൗലവിയുടെ സ്വാധീനം അപരിമേയമാണ്.
സി.എച്ച് ആണ് തന്റെ സമസ്ത ജീവിതത്തിലെയും പ്രചോദന കേന്ദ്രമെന്നും. എഴുത്തില്‍, പ്രസംഗത്തില്‍, ചിന്തയില്‍ സി.എച്ച് സ്വാധീനിച്ചിരിക്കുകയാണ്. സി.എച്ച് ഒരു പാഠപുസ്തകമാണ്. ഏറ്റവും ചെറിയവനെ ഏറ്റവും നന്നായി പരിഗണിക്കും. മുഖം നോക്കാതെ ഗുണദോഷിക്കും. ഏതൊരു കാര്യത്തിന്റെ പ്രത്യാഘാതവും ചൂണ്ടിക്കാട്ടും. അദ്ദേഹത്തിന്റെ പ്രചോദനത്താല്‍ വളര്‍ന്നുവന്ന നൂറുകണക്കിനു പ്രതിഭകളുണ്ട്. ഓരോ സംസാരത്തിലും ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എങ്ങനെയിരിക്കണമെന്ന മാര്‍ഗനിര്‍ദേശമായിരിക്കും. അങ്ങനൊരാള്‍ വേറെയില്ല.
ഉത്തരേന്ത്യന്‍ യാത്രകളുടെ കെട്ടഴിച്ചുവെച്ച് ചന്ദ്രികയില്‍ സ്ഥിരമായ കാലം. പാക്കിസ്താനില്‍ വ്യാപാരിയായിരുന്ന സഹോദരീഭര്‍ത്താവ് സി.കെ മുഹമ്മദ്മൗലവിയുടെ ഒരു കത്ത് കിട്ടി. പാക്കിസ്താനിലേക്ക് ഒരു സന്ദര്‍ശനത്തിനു ക്ഷണിച്ചുകൊണ്ട്. അദ്ദേഹവും നല്ല വായനാപ്രിയനായതുകൊണ്ട് മികച്ച ഉര്‍ദു പുസ്തകങ്ങളെക്കുറിച്ചും പറഞ്ഞു. മുഗള്‍ ഭരണത്തിന്റെ ശേഷിപ്പുകള്‍ പലതുമുള്ള ലാഹോറും മറ്റും ഒന്നു ചുറ്റിയടിക്കാം. നല്ല കുറെ ചരിത്രപുസ്തകങ്ങളും തരപ്പെടുത്താമെന്ന് മോഹം. ആദ്യ വിദേശയാത്രയുടെ കമ്പത്തില്‍ യൗവനസഹജമായ ആവേശത്തോടെ ലീവിനപേക്ഷിച്ച് ചീഫ് എഡിറ്ററുടെ കാബിനില്‍ സി.എച്ചിനെ ചെന്നുകണ്ടു. എടുത്തടിച്ചപോലെ പറഞ്ഞു: ‘ഇതിനു ലീവ് തരാന്‍ പറ്റില്ല’. യാത്ര തടസ്സപ്പെട്ടതിലെ നൈരാശ്യവുമായിരിക്കുമ്പോള്‍ സി.എച്ച് വിളിപ്പിച്ചു. ലീവനുവദിക്കാത്തതില്‍ വിഷമം തോന്നിയോ എന്നു ചോദിച്ചു. എന്നിട്ടു പറഞ്ഞു: ”ഉത്തരവാദപ്പെട്ട മുസ്‌ലിംലീഗ് പ്രവര്‍ത്തകരാരും പാക്കിസ്താനില്‍ പോകരുത്. ഞാന്‍ പല ലോകരാഷ്ട്രങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. പക്ഷേ പാക്കിസ്താനില്‍ പോയിട്ടില്ല. നമ്മുടെ രാജ്യത്തിന്റെ ഔദ്യോഗിക ആവശ്യത്തിനായല്ലാതെ പാക്കിസ്താനിലേക്കു പോകരുതെന്ന് ഖാഇദെമില്ലത്ത് വിലക്കിയിട്ടുണ്ട്. ഖാഇദേമില്ലത്തിന്റെ ഈ നിലപാട് നിരാകരിക്കുക എന്നു പറഞ്ഞാല്‍ മുസ്‌ലിംലീഗിന്റെ തത്വത്തിനെതിരാവുക എന്നാണ്. അങ്ങനെയുള്ളവര്‍ക്ക് പിന്നെ മുസ്‌ലിംലീഗില്‍ തുടരാനുമാവില്ല.”
സി.എച്ചിയന്‍ പാഠങ്ങളില്‍നിന്നാണ് എം.ഐ തന്റെ നിലപാടുകളുടെ വായ്ത്തല മൂര്‍ച്ചകൂട്ടിയത്. തനിക്കുശരിയെന്നു തോന്നിയത് ആര്‍ജവത്തോടെ തുറന്നുപറഞ്ഞത്. എം.ഐ തങ്ങളുടെ വ്രതശുദ്ധിയുള്ള നിലപാടുകള്‍ക്ക് തന്റെ കാലത്തെ സാരഥികളായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും അതിനാല്‍തന്നെ കാത്‌കൊടുക്കുകയും ചെയ്തു.
മദ്രസയും പള്ളിദര്‍സുമായി കഴിഞ്ഞ ബാല്യംതൊട്ട് അപൂര്‍വ ഗ്രന്ഥശേഖരങ്ങള്‍ തേടിയുള്ള യാത്രകള്‍ വരെ പിതാവ് കുഞ്ഞിക്കോയ തങ്ങള്‍ നല്‍കിയ വെളിച്ചം എം.ഐ തങ്ങളിലെ കൃത്യനിഷ്ഠയുള്ള വിശ്വാസിയെ രൂപകല്‍പ്പന ചെയ്തു. മുസ്‌ലിം യൂത്ത്‌ലീഗിന്റെ നവരാഷ്ട്രീയ സംസ്‌കാര മുഖങ്ങളായ ചരല്‍ക്കുന്നിലെ ശില്പശാലയിലും ഫലസ്തീന്‍ അഫ്ഗാന്‍ ഐക്യദാര്‍ഢ്യങ്ങളിലും പരശ്ശതം സംഘടനാപദ്ധതികളിലും തങ്ങള്‍ പ്രത്യയശാസ്ത്രപരമായ അടിത്തറയൊരുക്കി. ഭാഷാ സമരം, ശരീഅത്ത് വിവാദം, സംവരണം, നിരീശ്വര പ്രചാരണം തുടങ്ങി മാര്‍ക്‌സിസ്റ്റ് കേന്ദ്രീകൃതവും ബാബരി മസ്ജിദ്, പൗരത്വ പ്രശ്‌നം, ഏകദേശീയത, പൊതു സിവില്‍കോഡ് തുടങ്ങി ഫാസിസ്റ്റ് കേന്ദ്രീകൃതവുമായ ആക്രമണങ്ങളുടെ കുന്തമുനകളെ ചെറുക്കാനും പുരോഗതിയുടെ പടവുകള്‍ തകര്‍ക്കുന്ന തീവ്രവാദത്തിന്റെ വലയില്‍ കുരുങ്ങാതെ സമുദായത്തെ മുഖ്യധാരയില്‍ ചുവടുറപ്പിച്ചുനിര്‍ത്തുന്നതിനും ചിന്താ ബന്ധുരമായ പദ്ധതികളും ആശയ പ്രതിരോധത്തിന്റെ കോട്ടകളും തീര്‍ത്ത ഈ സൈദ്ധാന്തികന്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ചരിത്രമുടനീളം കൊണ്ടാടപ്പെടും.
പ്രതിസന്ധികളില്‍ തളരാത്ത നേതൃനിരയെ വാര്‍ത്തെടുക്കാന്‍ ഭാവിയുടെ ആകാശങ്ങളില്‍ ഹരിതപതാക ഉയര്‍ന്നുപറക്കാന്‍ എം.ഐ തങ്ങള്‍ നല്‍കിയത് സ്വന്തം ജീവിതം തന്നെയാണ്. 1973ല്‍ സഹയാത്രയാരംഭിച്ച ഭാര്യ ശരീഫ ശറഫുന്നിസ, മക്കള്‍ ശരീഫ നജ്മുന്നിസ, ശരീഫ സബാഹത്തുന്നിസ, സയ്യിദ് ഇന്‍തിഖാബ് ആലം, സയ്യിദ് അമീന്‍ അഹ്‌സന്‍, സയ്യിദ് മുഹമ്മദ് അല്‍ത്വാഫ്, സയ്യിദ് മുജ്തബ വസീം എന്നിവരെ സ്‌നേഹിച്ചത്‌പോലെ, ചിലപ്പോള്‍ അതിലുമേറെ സമുദായത്തെയും മുസ്‌ലിംലീഗിനെയും സ്‌നേഹിച്ചു എം.ഐ തങ്ങള്‍. ആയിരക്കണക്കിനു പ്രഭാഷണങ്ങളും പരസഹസ്രം പഠനങ്ങളും നിരവധി ഗ്രന്ഥങ്ങളും സമുദായത്തിന് സമ്മാനമായി തന്നു. പകരമൊന്നും തിരിച്ചെടുത്തില്ല. മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് എന്ന പദവി തന്നെ അടിച്ചേല്‍പ്പിക്കപ്പെട്ടപോലെയേയുള്ളൂ ആ ശിരസ്സില്‍.
എം.ഐ തങ്ങള്‍ തന്നെ ഓര്‍മിപ്പിക്കാറുള്ള ആ ഇഖ്ബാല്‍ കവിത ചേര്‍ക്കാം. ‘മഞ്ഞു തുള്ളിയെ മഹാസമുദ്രം മാടിവിളിച്ചു. വാ, എന്റെ മടിത്തട്ടില്‍ നിനക്ക് ഞാനഭയം നല്‍കാം. മഞ്ഞുതുള്ളി പ്രതിവചിച്ചു. ഇല്ല ചുട്ടുപഴുത്ത മണലില്‍ വീണു നശിക്കുന്നതാണ് നിന്നില്‍ ലയിച്ച് ഇല്ലാതാകുന്നതിനെക്കാള്‍ എനിക്കിഷ്ടം’.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending