സി.പി.എം ഓഫീസുകള്‍ ബലാല്‍സംഗങ്ങളുടെ കേന്ദ്രങ്ങളായി മാറി: രമേശ് ചെന്നിത്തല

കാസര്‍കോട്: ചെര്‍പ്പുള്ളശ്ശേരിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസില്‍ വച്ച് യുവതിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വാര്‍ത്ത പുറത്തുവന്നതോടെ പാര്‍ട്ടിക്കെതിതെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ സി.പി.എം ഓഫീസുകള്‍ ബലാത്സംഗങ്ങളുടെ കേന്ദ്രങ്ങളായി മാറിയെന്ന് ചെന്നിത്തല ആരോപിച്ചു. ഇക്കാര്യം പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്. തിരുവല്ലയിലും ഓച്ചിറയിലും ഇപ്പോള്‍ പാലക്കാട്ടും ഇത് ആവര്‍ത്തിക്കുകയാണ്. കേരളത്തില്‍ സ്ത്രീ സുരക്ഷ ഇപ്പോള്‍ അപകടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.ഡി.എഫിന്റെ സീറ്റ് കുറക്കാന്‍ എല്‍.ഡി.എഫും ബി.ജെ.പിയും ചേര്‍ന്ന് പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതിനെ തുടര്‍ന്നാണ് കോലീബി സഖ്യമെന്ന കോടിയേരിയുടെ പ്രസ്താവന പുറത്തുവന്നത്. എന്നാല്‍ അരിയാഹാരം കഴിക്കുന്നവര്‍ ഇത് വിശ്വസിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ ഇരുപതു സീറ്റും നേടുന്ന രീതിയിലാണ് യു.ഡി.എഫ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ കാസര്‍കോട്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.