ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ആസ്പത്രി വാസത്തിന്റെ ദൃശ്യങ്ങള്‍ വി. കെ ശശികലയുടെ കൈകളിലെന്ന് എഐഎഡിഎംകെ നേതാവ് ടി.ടി.വി ദിനകരന്‍. ശശികലമാത്രമാണ് ഈ ദൃശ്യങ്ങള്‍ കൈവശം വച്ചിരിക്കുന്നത്. ആസ്പത്രിയില്‍ വച്ച് ജയലളിതയുടെ നിര്‍ദേശപ്രകാരം ദൃശ്യങ്ങള്‍ ശശികല സൂക്ഷിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും ജയലളിതയെ ജനറല്‍ വാര്‍ഡിലേക്ക് മാറ്റിയപ്പോഴാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. നൈറ്റി ധരിച്ചിരിക്കുന്നതിനാല്‍ വീഡിയോ പുറത്തു പോകരുതെന്ന് ജയലളിത നിര്‍ദേശിക്കുകയായിരുന്നു. മരണത്തില്‍ ഇന്റര്‍പോള്‍ വന്ന് അന്വേഷിച്ചാലും ആശങ്കപെടേണ്ട കാര്യമില്ല. അപ്പോളോ ആസ്പത്രിയിലെ മറ്റൊരു മുറിയിലാണ് ശശികല താമസിച്ചിരുന്നത്. ഡോക്ടര്‍മാരുടെ അനുവാദത്തോടെ ഒരിക്കല്‍ മാത്രമാണ് ജയലളിതയെ സന്ദര്‍ശിച്ചതെന്നും ദിനകരന്‍ പറഞ്ഞു.
ജയലളിത ആസ്പത്രിയില്‍ ഇഡലി കഴിച്ചു കൊണ്ടിരിക്കുന്നതായി കണ്ടെന്ന വെളിപ്പെടുത്തല്‍ കളവായിരുന്നുവെന്ന് കഴിഞ്ഞ ദിവസം വനംമന്ത്രി ശ്രീനിവാസന്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ പ്രതിപക്ഷ കക്ഷികള്‍ മരണത്തിനു പിന്നിലെ ദുരൂഹത പുറത്തുവരാന്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സമര രംഗത്താണ്.