News
യുവ ഡോക്ടര്‍മാര്‍ നടുറോഡില്‍ ബ്ലേഡും സ്ട്രോയും ആയുധമാക്കി ജീവന് രക്ഷിക്കാന്‍ ശ്രമിച്ച യുവാവ് മരിച്ചു
പത്താനാപുരം സ്വദേശി വി.ഡി. ലിനു ആണ് ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങിയത്.
കൊച്ചി: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് റോഡരികില്‍ മരണത്തോട് മല്ലിട്ട യുവാവിന് മൂന്ന് യുവ ഡോക്ടര്‍മാര്‍ നല്കിയ അടിയന്തര ചികിത്സയുണ്ടായിരുന്നിട്ടും ജീവന് രക്ഷിക്കാനായില്ല. പത്താനാപുരം സ്വദേശി വി.ഡി. ലിനു (40) ആണ് ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങിയത്.
ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു എറണാകുളം ഉദയംപേരൂര്‍ വലിയകുളത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം നടന്നത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതില്‍ ലിനുവിനാണ് ഏറ്റവും ഗുരുതരമായ പരിക്കുകള്‍ ഉണ്ടായത്. അമിതമായി രക്തം വാര്‍ന്നും ശ്വാസം എടുക്കാന്‍ കഴിയാത്ത അവസ്ഥയിലുമായിരുന്നു അദ്ദേഹം.
അപകടസ്ഥലത്തിലൂടെ യാത്ര ചെയ്യുകയായിരുന്ന ഡോക്ടര്‍മാരാണ് ലിനുവിന് അടിയന്തര വൈദ്യസഹായം നല്‍കിയത്. എറണാകുളം ഇന്ദിരാഗാന്ധി ആശുപത്രിയിലെ ഡോ. തോമസ് പീറ്റര്‍, ഓര്യയിലെ ഡോ. ദിദിയ, കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോവാസ്കുലര്‍ തൊറാസിക് സര്ജന് ഡോ. മനൂപ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
മൊബൈല്‍ ഫ്ളാഷ് ലൈറ്റുകളുടെ വെളിച്ചത്തില്‍, നാട്ടുകാര്‍ എത്തിച്ച ബ്ലേഡും പ്ലാസ്റ്റിക് സ്ട്രോയും ഉപയോഗിച്ച് ലിനുവിന്റെ കഴുത്തില്‍ ചെറിയ മുറിവുണ്ടാക്കി ശ്വാസനാളത്തിലേക്ക് സ്ട്രോ കടത്തിയാണ് ഡോക്ടര്‍മാര്‍ ശ്വാസം വീണ്ടെടുക്കാന്‍ ശ്രമിച്ചത്. പൊലീസുകാരും ആംബുലന്‍സ് ഡ്രൈവര്‍മാരും രക്ഷാപ്രവര്‍ത്തനത്തിന് ഒപ്പം നിന്നു.
തുടര്‍ന്ന് ലിനുവിനെ ഉടന്‍ തന്നെ എറണാകുളത്തെ ആശുപത്രിയിലെത്തിച്ചു. ‘എങ്ങനെയെങ്കിലും യുവാവിന്റെ ശ്വാസം വീണ്ടെടുത്ത് ആശുപത്രിയിലെത്തിച്ച് ജീവന് രക്ഷിക്കണമെന്നതായിരുന്നു ആ സമയത്ത് മനസിലുണ്ടായിരുന്നത്,’ എന്ന് ഡോ. തോമസ് പിന്നീട് പ്രതികരിച്ചു. ഭാര്യയോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അപകടം കണ്ടതെന്നും, പ്രാഥമിക ശുശ്രൂഷ നല്‍കാനാണ് കാറിനിന്ന് ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
അവിടെ ഡോ. മനൂപും ഉണ്ടായിരുന്നതോടെ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്നും വ്യക്തമാക്കി. യുവ ഡോക്ടര്‍മാരുടെ ധൈര്യവും മനുഷ്യസ്നേഹവും സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കം നിരവധി പേര് ഡോക്ടര്‍മാരെ അഭിനന്ദിച്ച് പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ എല്ലാ പ്രാര്‍ത്ഥനകളെയും വിഫലമാക്കി, ഇന്നലെ ഉച്ചയോടെയാണ് ലിനു മരണത്തിന് കീഴടങ്ങിയത്.
kerala
കോട്ടയം മെഡിക്കല്‍ കോളജില്‍ തറയില്‍ പാകിയിരുന്ന ടൈലുകള്‍ പൊട്ടിത്തെറിച്ചു
ആശുപത്രിയിലെ ഒപി വിഭാഗത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന 18ാം വാര്‍ഡായ ഇഎന്‍ടി വിഭാഗത്തിലാണ് സംഭവം.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തറയില്‍ പാകിയിരുന്ന ടൈലുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതായി പരാതി. ഇന്നലെ രാത്രി പത്തരയോടെയാണു സംഭവം. ആശുപത്രിയിലെ ഒപി വിഭാഗത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന 18ാം വാര്‍ഡായ ഇഎന്‍ടി വിഭാഗത്തിലാണ് സംഭവം. ഈ സമയത്ത് ഇരുപതോളം രോഗികളും ഇവരുടെ കൂട്ടിരിപ്പുകാരും വാര്‍ഡില്‍ ഉണ്ടായിരുന്നു.
ശബ്ദം കേട്ട് പരിഭ്രാന്തരായ രോഗികളും കൂട്ടിരിപ്പുകാരും പുറത്തേക്കോടി. വിവരം അറിഞ്ഞെത്തിയ സെക്യൂരിറ്റി ജീവനക്കാര്‍ ഇവരെ ഒപി വിഭാഗത്തിലെ സുരക്ഷിതമായ ഇടങ്ങളിലേക്കു മാറ്റി. കെട്ടിടത്തിനു തകരാര്‍ ഇല്ലെന്നാണ് പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ പരിശോധനകള്‍ നടന്നു വരികയാണ്. 18ാം വാര്‍ഡ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. പുതിയ സര്‍ജിക്കല്‍ ബ്ലോക്കിലേക്ക് ഇവിടത്തെ രോഗികളെ ഉടന്‍ തന്നെ മാറ്റാനായിരുന്നു തീരുമാനം. ഇവിടെ 1975 കാലഘട്ടത്തില്‍ നിര്‍മിച്ച മൂന്നു കെട്ടിടങ്ങളില്‍ ഒന്നാണ് ഒപി ബ്ലോക്ക്. ഇതിനൊപ്പം നിര്‍മിച്ചിരുന്ന സര്‍ജിക്കല്‍ ബ്ലോക്കിലെ കെട്ടിടം ഇടിഞ്ഞാണ് കഴിഞ്ഞ ജൂലൈ 3ന് ഒരാള്‍ മരിച്ചത്. ആ കെട്ടിടം, പൊളിക്കുന്നതിനുവേണ്ടി അടച്ചിട്ടിരിക്കുകയാണ്. ആര്‍എംഒ ഡോ. സാം ക്രിസ്റ്റി മാമ്മന്‍ രാത്രി സ്ഥലത്തെത്തി രോഗികളെ മാറ്റുന്നതിനു നേതൃത്വം നല്കി.
News
ഡോണള്‍ഡ് ട്രംപ് ബലാത്സംഗം നടത്തിയതായി എപ്സ്റ്റീന് രേഖ; ഗുരുതര പരാമര്‍ശങ്ങള്‍
രേഖകളിലെ പരാമര്‍ശങ്ങളെ പൂര്‍ണമായും തള്ളുകയാണ് യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ്. 30,000ത്തോളം രേഖകളാണ് എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവിട്ടത്. അതില്‍ ട്രംപിനെതിരായ സ്ഫോടനാത്മകമായ ചില പരാമര്‍ശങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബലാത്സംഗം നടത്തിയതായി എപ്സ്റ്റീന് രേഖ. എന്നാല്‍, ആരോപണം നിഷേധിച്ച് യു.എസ് നീതിന്യായ വകുപ്പ് രംഗത്തെത്തിയിരുന്നു. അസത്യമായ ആരോപണമാണ് പ്രചരിക്കുന്നതെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി. വെരിഫൈ ചെയ്യാന്‍ സാധിക്കാത്ത ആരോപണമെന്ന രീതിയിലാണ് ട്രംപിനെതിരായ ബലാത്സംഗ ആരോപണം എപ്സ്റ്റീനില്‍ ഉള്‍പ്പെട്ടത്.
കഴിഞ്ഞ ദിവസം എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ യു.എസ് നീതിന്യായ വകുപ്പ് പുറത്ത് വിട്ടിരുന്നു. ഇതില്‍ ഫെഡറല്‍ അന്വേഷണസംഘങ്ങള്‍ക്ക് നല്കിയ മൊഴികളും ഉള്‍പ്പെട്ടിരുന്നതിലാണ് ട്രംപിനെതിരായ ആരോപണം ഉള്‍പ്പെടുന്നത്. ട്രംപും എപ്സ്റ്റീനും ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം. ഇതുസംബന്ധിച്ച് ഒരു ലിമോസിന് ഡ്രൈവര്‍, യുവതിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ട്രംപും എപ്സ്റ്റീനും തമ്മില്‍ ചര്‍ച്ച നടത്തുന്നത് താന്‍ കേട്ടുവെന്ന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഈ മൊഴികളില്‍ എഫ്.ബി.ഐ തുടര്‍ പരിശോധന നടത്തിയോയെന്ന് വ്യക്തമല്ല.
പക്ഷേ രേഖകളിലെ പരാമര്‍ശങ്ങളെ പൂര്‍ണമായും തള്ളുകയാണ് യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ്. 30,000ത്തോളം രേഖകളാണ് എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവിട്ടത്. അതില്‍ ട്രംപിനെതിരായ സ്ഫോടനാത്മകമായ ചില പരാമര്‍ശങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. 2020 തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് ഈ രേഖകള്‍ എഫ്.ബി.ഐക്ക് മുമ്പാകെ സമര്‍പ്പിക്കപ്പെട്ടത്. ഇത് പൂര്‍ണമായും വ്യാജമാണെന്ന് യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.
kerala
ശബരിമല സ്വര്‍ണക്കൊള്ള; വ്യവസായി ഡി. മണിയെ തേടി എസ്.ഐ.ടി സംഘം ചെന്നൈയില്‍
2019 ലും 20 ലുമായി 4 പഞ്ചലോഹ വിഗ്രഹങ്ങള്‍ ശബരിമലയില്‍ നിന്ന് കടത്തിയെന്നായിരുന്നു ഡി മണിയുടെ മൊഴി.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പഞ്ചലോഹ വിഗ്രഹം വാങ്ങിയതായി ആരോപണം ഉയര്‍ന്ന ഡി മണിയെ തേടി എസ് ഐ ടി ചെന്നൈയില്‍. രണ്ടു ദിവസത്തിനകം ഡി മണിയെ ചോദ്യം ചെയ്തേക്കും. 2019 ലും 20 ലുമായി 4 പഞ്ചലോഹ വിഗ്രഹങ്ങള്‍ ശബരിമലയില്‍ നിന്ന് കടത്തിയെന്നായിരുന്നു ഡി മണിയുടെ മൊഴി.
രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പ്രത്യേക അന്വേഷണസംഘം വ്യവസായിയെ ചോദ്യം ചെയ്തത്. ഉണ്ണികൃഷ്ണന് പോറ്റി ഇടനിലക്കാരനാണെന്നും, വിഗ്രഹങ്ങള്‍ വാങ്ങിയത് ‘ഡി മണി’ എന്നറിയപ്പെടുന്ന ചെന്നൈ സ്വദേശിയായ വ്യവസായി ആണെന്നും ചെന്നിത്തല ആരോപിച്ചിരുന്ന.
വിഗ്രഹങ്ങള്‍ കടത്തിയതിന്റെ പണം കൈപ്പറ്റിയത് ശബരിമലയുമായി ബന്ധമുള്ള ഉന്നതനെന്നും വ്യവസായി മൊഴി നല്കി. ദുബൈ കേന്ദ്രീകരിച്ചാണ് മണിയുടെ സാമ്പത്തിക ഇടപാടുകള്‍. പഞ്ചലോഹ വിഗ്രഹങ്ങള്‍ക്ക് പണം നല്‍കിയത് തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ചാണ്. മണി വിമാനമാര്‍ഗം തിരുവനന്തപുരത്തെത്തിയായിരുന്നു ഇടപാടുകള്‍.
അതേസമയം കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കെ.പി ശങ്കര്‍ദാസും എന്‍.വിജയകുമാറും കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. എ.പത്മകുമാര്‍ പ്രസിഡന്റായിരുന്ന ബോര്‍ഡില്‍ ഇരുവരും അംഗങ്ങളായിരുന്നു. കേസില്‍ ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ശങ്കര്‍ദാസിലേക്കും വിജയകുമാറിലേക്കും അന്വേഷണം എത്താത്തതില്‍ എസ്ഐടിയെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. അറസ്റ്റിന് സാധ്യത തെളിഞ്ഞതോടെയാണ് ഇരുവരുടെയും മുന്‍കൂര്‍ ജാമ്യ നീക്കം.
-
kerala2 days agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala17 hours agoകൊച്ചി നഗരസഭ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ പ്രഖ്യാപിച്ചു
-
kerala2 days agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
-
kerala3 days agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala3 days agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala3 days agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്
-
india3 days agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
-
News13 hours agoഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ വെടിവെപ്പ്: 24 മണിക്കൂറിനിടെ 12 പേര് കൊല്ലപ്പെട്ടു
