Connect with us

Video Stories

സാമുദായിക രാഷ്ട്രീയവും സംവരണവും

Published

on

അനൂപ് വി.ആര്‍

കുറച്ചുദിവസങ്ങള്‍ക്കു മുന്‍പ് അഴിക്കോട് തെരഞ്ഞെടുപ്പ് കേസില്‍ ഒരു വിധിയുണ്ടായി. അത് മുസ് ലിം ലീഗിന്റെ മെമ്പര്‍ കൂടിയായ കെ എം ഷാജിയെ അയോഗ്യനാക്കുന്ന വിധിയായിരുന്നു. കേരളത്തില്‍ ഒരു തെരഞ്ഞെടുപ്പ് കേസില്‍ ആരെങ്കിലും ജയിക്കുന്നതോ തോല്‍ക്കുന്നതോ അയോഗ്യത കല്‍പ്പിക്കുന്നതോ ഒരു പുതിയ കാര്യമൊന്നുമല്ല. അതില്‍ നിന്നൊക്കെ ആ കേസിനെ വ്യതിരിക്തമാക്കിയ ഘടകം ആ സന്ദര്‍ഭത്തില്‍ മുസ്‌ലിം ലീഗിനെതിരേ ഉയര്‍ന്നുവന്ന കുപ്രചാരണങ്ങള്‍ തന്നെയാണ്. ആ വിധി വന്നയുടനെ കേസുകൊടുത്ത സ്ഥാനാര്‍ഥി കൂടിയായ നികേഷ്‌കുമാര്‍ പറഞ്ഞത്, കേസിനെ കുറിച്ച് മാത്രമായിരുന്നില്ല, മറിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയായി നിലനില്‍ക്കാനുള്ള ലീഗിന്റെ അര്‍ഹതയെ തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു. ഒരു സാമുദായിക പാര്‍ട്ടിയും ഒരു മതേതര പാര്‍ട്ടിയും തമ്മില്‍ മത്സരിക്കുമ്പോള്‍ എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നതിന്റെ അര്‍ത്ഥം വ്യക്തമായിരുന്നു. അതിന്റെ കൂട്ടത്തില്‍ ചില കുത്തക മണ്ഡലങ്ങളിലെങ്കിലും ശരിയായ തരത്തിലുള്ള മത്സരം നടക്കുന്നില്ല എന്നും പറഞ്ഞു. അതിന്റെ വ്യംഗ്യം മലപ്പുറത്ത് ലീഗ് സ്ഥിരമായി ജയിക്കുന്ന മണ്ഡലങ്ങളിലെ ജനവിധി തന്നെയായിരുന്നു. അത് മുസ്‌ലിം ലീഗിനെതിരായി ഒരു ആരോപണവും അതില്‍കവിഞ്ഞ് ഒരു കുറ്റപത്രവും കൂടിയായിരുന്നു. സിപിഎം കൂടി സംഘടിതമായി ആവര്‍ത്തിച്ച ആ പ്രചാരണത്തിന്റെ സാരം ലീഗ് സാമുദായിക രാഷ്ട്രീയ പാര്‍ട്ടിയാണ്, അതുയര്‍ത്തുന്ന സാമുദായിക രാഷ്ട്രീയം അത്യന്തം അപകടം പിടിച്ചതുമാണ് എന്നുള്ളതാണ്. എന്നാല്‍ സത്യത്തില്‍ സാമുദായിക രാഷ്ട്രീയം കേരളത്തിന്റെ ചരിത്രത്തില്‍ നിര്‍വഹിച്ച വലിയ റോളിനെ തന്നെയാണ് ഇവര്‍ ബോധപൂര്‍വം നിഷേധിക്കുന്നത്. മലയാളി മെമ്മോറിയലും ഈഴവ മെമ്മോറിയലുമാണ് അതിന്റെ നാഴികക്കല്ലുകള്‍. മലയാളി മെമ്മോറിയല്‍ പരദേശി ബ്രാഹ്മണര്‍ കൈയടക്കി വെച്ചിരുന്ന സക്കാര്‍ സര്‍വിസില്‍ മുഴുവന്‍ തദ്ദേശീയരായ ജനവിഭാഗങ്ങള്‍ക്കും ജോലി പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനുള്ള പ്രക്ഷോഭമായിരുന്നെങ്കില്‍ ഈഴവ മെമ്മോറിയല്‍ അതിനുശേഷവും പരിഹരിക്കപ്പെടാതെ പോയ അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രാതിനിധ്യ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള ഈഴവ മുസ്‌ലിമാദി പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ സഖ്യം നടത്തിയ സമരമായിരുന്നു.
അടിച്ചമര്‍ത്തപ്പെട്ടു വീണുകിടന്നിരുന്ന സ്വത്വസമുദായങ്ങള്‍ എഴുന്നേറ്റു നില്‍ക്കാനും പിന്നീട് നടന്നും ഓടിയും അധികാര പങ്കാളിത്തത്തില്‍ അര്‍ഹമായ വിഹിതങ്ങള്‍ പിടിച്ചുപറ്റാനും ശ്രമിച്ചതിന്റെ ചരിത്രം തന്നെയാണ് നമ്മുടെ സാമുദായിക രാഷ്ട്രീയത്തിന്റെ ചരിത്രം. ആ ചരിത്രത്തിന്റെ തന്നെ പിന്തുടര്‍ച്ചയും ആ ചരിത്രത്തെ തന്നെ മുന്നോട്ടു കൊണ്ടുപോകലുമാണ് മുസ്‌ലിം ലീഗ് ചെയ്തത്. എന്നാല്‍ അത്തരം അവകാശ പോരാട്ടങ്ങളെയൊക്കെ പാടെ തിരസ്‌കരിച്ചുകൊണ്ട് കേരളം സൃഷ്ടിച്ചത് പരശുരാമനാണ് എന്ന പഴയ മിത്തിന്റെ സ്ഥാനത്ത് പുതിയ കേരളം സൃഷ്ടിച്ചത് ഇഎംഎസ് ആണെന്ന കൂടുതല്‍ പ്രബലമായ ഒരു മിത്തിനെ സൃഷ്ടിക്കുകയാണ് ഇവിടുത്തെ ഇടതുപക്ഷം ചെയ്തത്. സത്യത്തില്‍ സ്വത്വ സാമുദായിക രാഷ്ട്രീയത്തെ മുഴുവന്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നവരുടെ ആദ്യത്തെ സര്‍ക്കാര്‍ തന്നെ സാമുദായിക ധ്രുവീകരണത്തിന്റെ സൃഷ്ടിയാണ് എന്നുള്ളതാണ് യാഥാര്‍ഥ്യം. 1957ലെ ഇഎംഎസ് സര്‍ക്കാര്‍ അധികാരത്തിലേറാന്‍ ഇടയായ സാഹചര്യത്തെ കുറിച്ച് തോപ്പില്‍ ഭാസിയുടെയും ജി. ജനാര്‍ദ്ദന കുറുപ്പിന്റെയും ആത്മകഥയില്‍ തന്നെ പറയുന്നുണ്ട്. അന്നു കേരളത്തിലെ കോണ്‍ഗ്രസ് ക്രിസ്ത്യന്‍ കോണ്‍ഗ്രസായി മാറിയെന്ന സാമുദായിക ആരോപണമുന്നയിച്ച് അന്നത്തെ കോണ്‍ഗ്രസ് നേതൃത്വവുമായി അകന്നുകഴിയുകയായിരുന്ന മന്നത്ത് പത്മനാഭനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയായിരുന്ന എംഎന്‍ ഗോവിന്ദന്‍ നായര്‍ അങ്ങോട്ടുപോയി കാണുകയായിരുന്നു. അന്ന് മന്നം എം എനോട് പറഞ്ഞത്; നിങ്ങള്‍ നിര്‍ത്തിയ സ്ഥാനാര്‍ഥികളില്‍ കൊള്ളാവുന്ന ചില നായര്‍ സ്ഥാനാര്‍ഥികളുണ്ടെന്നും അവര്‍ ജയിച്ചുവരുമെന്നുമായിരുന്നു. അന്നത്തെ ആ ജയിച്ച നായര്‍ സ്ഥാനാര്‍ഥികളും അതിന്റെ കൂട്ടത്തില്‍ മത, സമുദായ കക്ഷികളുടെ പിന്തുണയോടെ ജയിച്ച എ.ആര്‍ മേനോന്‍ ഉള്‍പ്പെടെയുള്ളവരും കൂടി ഉള്‍ച്ചേര്‍ന്നതാണ് ആദ്യത്തെ ഇഎംഎസ് മന്ത്രസഭ. അന്ന് ആ മന്ത്രിസഭയുടെ കാലത്തുതന്നെയാണ് ഇഎംഎസ് സാമ്പത്തിക സംവരണ വാദവുമായി മുന്നോട്ടുവന്നത് എന്നത് കേവലം യാദൃച്ഛികമല്ല.
ഇന്ത്യയിലാദ്യമായി സാമ്പത്തിക സംവരണത്തിനു സൈദ്ധാന്തിക ന്യായീകരണം ചമച്ചതും സാമൂഹിക സ്വീകാര്യത നേടിക്കൊടുത്തതും സംഘ്പരിവാറിന് മുന്‍പേ ഇഎംഎസ് ആയിരുന്നുവെന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്. അതേ ഇഎംഎസിന്റെ പിന്മുറക്കാരനായ പിണറായി വിജയനാണ് 10 ശതമാനം അധിക മുന്നാക്ക സംവരണം എന്നത് പ്രയോഗവല്‍ക്കരിച്ചുകൊണ്ട് സംഘ്പരിവാറിനു മാതൃക കാട്ടിയത്. ആ സമയത്ത് ഇതുപോലെ ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയുമോ എന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഫേസ്ബുക്ക് ചലഞ്ചാണ് ഇപ്പോള്‍ സംഘ്പരിവാര്‍ സര്‍ക്കാരിന്റെ നടപടിയിലൂടെ സാക്ഷാല്‍ക്കരിക്കപ്പെട്ടത്. ഇഎംഎസിന്റെ സര്‍ക്കാര്‍ സംവരണനീക്കം ആദ്യം അവതരിപ്പിക്കുകയും പിന്നീട് അതു മുന്നോട്ടുവെക്കുകയും ചെയ്ത സന്ദര്‍ഭങ്ങളിലൊക്കെ അതിനെ ഏറ്റവും വീറോടെ എതിര്‍ത്തത് സാക്ഷാല്‍ സിഎച്ച് മുഹമ്മദ് കോയ ആയിരുന്നെങ്കില്‍ ഇന്ന്, ഇപ്പോള്‍ ഇന്ത്യന്‍ പാര്‍ലമെന്റിനകത്ത് ആ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിഞ്ഞുവെന്നതില്‍ ഒരു പാര്‍ട്ടി എന്നുള്ള നിലയില്‍ മുസ്‌ലിം ലീഗിനു എക്കാലവും അഭിമാനിക്കാം.
മണ്ഡല്‍ കമ്മിഷന്‍കാല സോഷ്യലിസ്റ്റുകളുടെയും അംബേദ്കറൈറ്റുകളുടെയും ഈ വിഷയത്തിലുള്ള സമ്പൂര്‍ണ നിശബ്ദത സമ്പൂര്‍ണ കീഴടങ്ങലായി മാറുന്നതും ശ്രദ്ധേയമാണ്. ഇവിടെയാണ് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ നിലപാട് ഒരു രജതരേഖയായി മാറുന്നത്.
ലീഗിനെയും അതിന്റെ സാമുദായിക രാഷ്ട്രീയത്തെയും ഒക്കെ സൈബര്‍സ്പേസിലടക്കം പരിഹാസത്തോടെ നേരിടുന്ന ഇടതുപുരോഗമന രാഷ്ട്രീയത്തിനുള്ള മുഖടച്ചുള്ള മറുപടി തന്നെയാണ് ഈ നിലപാട്. മുത്വലാഖ് ബില്ലിന്റെ സമയത്ത് പി.കെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയവര്‍ സംവരണ മണ്ഡലത്തില്‍നിന്ന് ജയിച്ച് സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്ന എ.കെ ബാലന്റെ കാര്യത്തില്‍ എന്തുപറയും എന്ന ചോദ്യം അവശേഷിക്കുന്നു. ഇഎംഎസിന്റെ മുഖത്തുനോക്കി നിങ്ങളുടെ പൂണൂല്‍ പുറത്തല്ല, അകത്താണ് എന്ന് പറയുകയാണ് സംവരണ പ്രശനത്തിലടക്കം സി.എച്ച് മുഹമ്മദ് കോയ ചെയ്തത്. അതേ ഇഎംഎസിന്റെ പൂണൂല്‍ ഇന്നത്തെ സംവരണ ബില്ലായി ഇന്ത്യയുടെ കുറുകെ കിടക്കുന്ന സന്ദര്‍ഭത്തില്‍ പാര്‍ലമെന്റില്‍ പഴയ പാരമ്പര്യത്തിന്റെ തുടര്‍ച്ചയായി പ്രതിരോധിക്കുകയാണ് ലീഗ് മെംബര്‍മാര്‍ ചെയ്തത്. തീര്‍ച്ചയായും ഈ തോല്‍വിയില്‍ ലീഗിന് അഭിമാനിക്കാം.
(സ്റ്റേറ്റ് സെക്രട്ടറി, രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍)

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending