Video Stories
പ്രാര്‍ത്ഥനകളുടെ ഇസ്‌ലാമിക മനശ്ശാസ്ത്രം

എ.എ വഹാബ്
അത്ഭുതങ്ങളുടെ മഹാകലവറയാണ് മനുഷ്യമനസ്സ്. വികാര വിചാരങ്ങളും ആഗ്രഹാഭിലാഷങ്ങളും താല്‍പര്യങ്ങളും ചിന്തകളും ആശയങ്ങളും ആദ്യം രൂപം കൊള്ളുന്നതവിടെയാണ്. അഭിലാഷ പൂര്‍ത്തീകരണത്തിനുള്ള പ്രാര്‍ത്ഥനകളും അവിടെത്തന്നെ ഉദയം ചെയ്യുന്നു. ഓരോരുത്തരുടെയും വിജ്ഞാനത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രാര്‍ത്ഥന രൂപം പ്രാപിക്കുന്നത്. സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന് ഉത്തമമായത് ആശിക്കാനും അല്ലാഹുവിന്റെ സഹായം തേടാനുമാണ് പ്രവാചകന്‍ (സ) കല്‍പിച്ചിട്ടുള്ളത്. അബൂഹുറൈറയില്‍ നിന്ന് ഇമാം മുസ്‌ലിം നിവേദനം ചെയ്ത പ്രസിദ്ധമായ ഹദീസില്‍ ഇങ്ങനെ കാണാം: നബി (സ) പറഞ്ഞു. ‘ബലഹീനനായ വിശ്വാസിയേക്കാള്‍ ശക്തനായ സത്യവിശ്വാസിയാണ് ഏറ്റവും ഉത്തമനും. അല്ലാഹുവിന് അധികം ഇഷ്ടമുള്ളവനും. ഇരുകൂട്ടരും നല്ലവന്‍ തന്നെയാണ്. നിനക്ക് പ്രയോജനകരമായത് ആശിക്കുകയും അല്ലാഹുവിനോട് സഹായം അപേക്ഷിക്കുകയും ചെയ്യുക. നീ അശക്തനാവരുത്. നിനക്ക് വല്ല ആപത്തും നേരിട്ടാല്‍ ഞാന്‍ ഇന്നത് ചെയ്തിരുന്നെങ്കില്‍ ഇന്നത് ഉണ്ടാകുമായിരുന്നു എന്ന് നീ പറയരുത്. മറിച്ച്, അല്ലാഹുവിന്റെ ഉദ്ദേശം പുലര്‍ന്നു, അവന്‍ ഉദ്ദേശിച്ചത് അവന്‍ ചെയ്തു എന്ന് നീ പറയുക. കാരണം ഇത്തരം സന്ദര്‍ഭങ്ങളില്‍ ‘എങ്കില്‍’ എന്ന പദം ഉപയോഗിച്ചു കൊണ്ടുള്ള പ്രയോഗവും ചിന്തയും നിന്റെ മനസ്സില്‍ പൈശാചിക പ്രവര്‍ത്തനങ്ങള്‍ക്ക് വഴി തുറക്കുന്നതാണ്’
ആവശ്യപൂര്‍ത്തീകരണത്തിന് അല്ലാഹുവിന്റെ സഹായം തേടലാണല്ലോ പ്രാര്‍ത്ഥന, ആരാധനയുടെ സത്തയാണ് പ്രാര്‍ത്ഥന, സത്യവിശ്വാസിയുടെ ആയുധമാണ്. ദീനിന്റെ തൂണാണ്. ആകാശ ഭൂമികളുടെ പ്രകാശമാണ്. പ്രാര്‍ത്ഥന തന്നെയാണ് ആരാധന എന്നൊക്കെ പ്രവാചകന്‍ അരുളിയിട്ടുണ്ട്. അല്ലാഹു അക്കാര്യം അടിവരയിട്ടു പറയുന്നു: ‘നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു, നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ, ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ് (വിശുദ്ധ ഖുര്‍ആന്‍ 40 :60). ആരെങ്കിലും അല്ലാഹുവിനോട് ചോദിച്ചില്ലെങ്കില്‍ അവന്‍ കോപിക്കും എന്ന് പ്രവാചകന്‍ ഒരിക്കല്‍ പറയുകയുണ്ടായി. ”പറയുക: നിങ്ങളുടെ പ്രാര്‍ത്ഥനയില്ലെങ്കില്‍ എന്റെ രക്ഷിതാവ് നിങ്ങള്‍ക്ക് എന്ത് പരിഗണന നല്‍കാനാണ്” (25:77) എന്ന് പ്രഖ്യാപിക്കാന്‍ അല്ലാഹു നബി (സ)യോട് കല്‍പിച്ചിരിക്കുന്നു.
പ്രാര്‍ത്ഥനകള്‍ അല്ലാഹു തന്നെ പഠിപ്പിച്ചതാണ്. ആദമും ഹവ്വയും ആദ്യപാപം ചെയ്തപ്പോള്‍ അവരെ അല്ലാഹു പിടികൂടി. എന്തു ചെയ്യണമെന്നറിയാതെ അവന്‍ കുഴങ്ങി. ‘അനന്തരം ആദം തന്റെ രക്ഷിതാവില്‍ നിന്ന് ചില വചനങ്ങള്‍ പഠിച്ചു. അങ്ങനെ പശ്ചാത്തപിച്ചു. ആദമിന് അല്ലാഹു പാപമോചനം നല്‍കി. അവന്‍ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമാണ്’ (2:37). അതാണ് രേഖപ്പെടുത്തപ്പെട്ട മനുഷ്യന്റെ ആദ്യ പ്രാര്‍ത്ഥന. അതിപ്രകാരമായിരുന്നു ‘അവര്‍ രണ്ടു പേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തു തരികയും കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും (7: 23) അല്ലാഹുവിന്റെ പ്രതിനിധിയായി ഭൂമിയില്‍ അധിവസിക്കാന്‍ വന്ന മനുഷ്യന്‍ ചെയ്യുന്ന ഏത് അക്രമവും ആത്മദ്രോഹമാണ്. അതിന് അവനെ പ്രേരിപ്പിക്കുന്നത് മനുഷ്യന്റെ ആജന്മശത്രുവായ പിശാചിന്റെ ദുഷ്‌പ്രേരണകളും. മനുഷ്യമനസ്സ് അല്ലാഹുവിന്റെ ശ്രദ്ധ വിട്ടാല്‍ അവന്റെ അടുത്ത കൂട്ടാളി പിശാചായിരിക്കും എന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്. പിശാചിന്റെ ദുര്‍ബോധനത്തില്‍ അകപ്പെടാതിരിക്കാന്‍ മനുഷ്യന്‍ എല്ലാ ചലനങ്ങളിലും ദൈവസ്മരണ നിലനിര്‍ത്താന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്നതാണ് ജീവിതത്തിന്റെ വിജയത്തിന്നാധാരം എന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്.
ഒരാളിന്റെ ദിനമാരംഭിക്കുന്നത് പ്രഭാതത്തില്‍ ഉറക്കമെഴുന്നേല്‍ക്കുന്നതിലൂടെയാണല്ലോ. ഉണര്‍ന്നാലുടന്‍ ‘അല്‍ഹംദുലില്ലാ അഹ്‌യാനാ ബഅ്ദമാ അമാതനാ വഇലൈഹിന്നുഷൂര്‍ (മരിച്ചതിന് ശേഷം ഞങ്ങളെ ജീവിപ്പിച്ച അല്ലാഹുവിന്നാണ് സര്‍വ്വസ്തുതിയും. അവനിലേക്ക് തന്നെയാണ് ഞങ്ങളുടെ മടക്കവും) ഉണര്‍ന്നാല്‍ സാധാരണയായി മനുഷ്യന്റെ അടുത്ത നടപടി ബാത്ത് റൂമില്‍ പോകലാണല്ലോ. അങ്ങോട്ട് പ്രവേശിക്കുമ്പോള്‍ എല്ലാ ചീത്തകളില്‍ നിന്നും പൈശാചികതകളില്‍ നിന്നും അല്ലാഹുവിനോട് കാവല്‍ തേടാനാണ് സത്യവിശ്വാസി പഠിപ്പിക്കപ്പെട്ടിട്ടുള്ളത്. പുറത്തുവന്നാല്‍ പ്രധാനപ്പെട്ട രണ്ടു പ്രാര്‍ത്ഥനകളാണ് നബി(സ) പഠിപ്പിച്ചത്. ‘നിന്നോട് ഞാന്‍ മാപ്പപേക്ഷിക്കുന്നു, എന്നില്‍ നിന്ന് എല്ലാ ബുദ്ധിമുട്ടുകളും പോക്കുകയും എന്നെ സുഖപ്പെടുത്തുകയും ചെയ്ത അല്ലാഹുവിനാണ് സര്‍വസ്തുതിയും. മറ്റൊന്ന്: അല്ലാഹു കാപട്യത്തില്‍ നിന്ന് എന്റെ ഹൃദയത്തെ ശുദ്ധമാക്കുകയും നീചമായ പ്രവൃത്തികളില്‍ നിന്ന് എന്റെ ഗുഹ്യസ്ഥാനത്തെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ!! വസ്ത്രം ധരിക്കുമ്പോള്‍ ‘ഈ വസ്ത്രം എന്നെ ധരിപ്പിക്കുകയും എന്റെ പരിശ്രമവും ശക്തിയും കൂടാതെ ഇതെനിക്ക് നല്‍കുകയും ചെയ്ത അല്ലാഹുവിനാകുന്നു സര്‍വസ്തുതിയും. കണ്ണാടിയില്‍ നോക്കുമ്പോള്‍ ‘അല്ലാഹുവേ നീ എന്റെ ബാഹ്യരൂപത്തെ സൗന്ദര്യമുള്ളതാക്കിയതു പോലെ എന്റെ സ്വഭാവത്തെയും വിശിഷ്ടമാക്കേണമേ’ എന്നു പറയണം. ആഹാരം കാണുമ്പോള്‍ തന്നെ അല്ലാഹു നല്‍കിയ ആ ഭക്ഷണത്തില്‍ അവന്റെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിച്ചു കൊണ്ട് അവന്റെ നാമം ഉച്ചരിച്ച് ഭക്ഷിക്കണം. കഴിച്ചു കഴിഞ്ഞാല്‍ ഞങ്ങളെ തീറ്റിക്കുകയും കുടിപ്പിക്കുകയും അനുസരണയുള്ളവരുടെ കൂട്ടത്തിലാക്കുകയും ചെയ്ത അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും എന്നാണ് പറയേണ്ടത്.
പുറത്തിറങ്ങുമ്പോള്‍, വാഹനം കയറുമ്പോള്‍, ബാങ്കു കേള്‍ക്കുമ്പോള്‍, വുളു എടുക്കുമ്പോഴും അതിനു ശേഷവും, പള്ളിയില്‍ പ്രവേശിക്കുമ്പോള്‍, പുറത്തു വരുമ്പോള്‍, അങ്ങാടിയില്‍ പ്രവേശിക്കുമ്പോള്‍, മറ്റുള്ളവരെ കണ്ടുമുട്ടുമ്പോള്‍ എന്നു തുടങ്ങി സത്യവിശ്വാസിയുടെ സകല ചലനങ്ങളിലും ദൈവസ്മരണയും പ്രാര്‍ത്ഥനയും ഉള്‍ക്കൊള്ളിക്കാന്‍ പഠിപ്പിക്കപ്പെട്ടിരിക്കുന്നു. നമുക്കെല്ലാവര്‍ക്കും അറിയുന്ന കാര്യങ്ങളാണിതെല്ലാം. അശ്രദ്ധ കൊണ്ട് അതിന്റെ ഗൗരവവും പ്രാധാന്യവും നേട്ടങ്ങളും നാം അറിയാതെ പോവുകയാണ്. കുറച്ചു ദിവസം ഇക്കാര്യങ്ങളൊക്കെ ഗൗരവമായി ശ്രദ്ധയോടെ അര്‍ത്ഥം ഗ്രഹിച്ചു ചെയ്തു നോക്കൂ. നമ്മുടെ ജീവിതം തന്നെ അപ്പാടെ മാറുന്നതായി നമുക്ക് അനുഭവപ്പെടും. കാര്യങ്ങളൊക്കെ പ്രത്യക്ഷത്തില്‍ നമ്മളാണ് ചെയ്യുന്നതെങ്കിലും അല്ലാഹു ചെയ്തുതരുന്നു എന്ന പ്രകൃതി യാഥാര്‍ത്ഥ്യമാണ് ആ പ്രാര്‍ത്ഥനകളിലൂടെ നാം പ്രഖ്യാപിക്കുന്നത്. സ്വന്തം നിസ്സഹായത ബോധ്യപ്പെട്ട് അല്ലാഹുവിന്റെ കഴിവും ശക്തിയും അറിഞ്ഞും ഏറ്റുപറഞ്ഞും എല്ലാ ചലനങ്ങളും അല്ലാഹുവിലേക്ക് ചേര്‍ത്ത് അവനില്‍ മാത്രം അഭയം തേടുന്ന ഒരു മനസ്സ് മനുഷ്യനുണ്ടാക്കുവാനാണ് ഇതെല്ലാം പഠിപ്പിക്കപ്പെട്ടത്. താന്‍പോരിമയും അഹങ്കാരവും പൊങ്ങച്ചവും പെരുമയും ഒക്കെ വിട പറഞ്ഞ ശുദ്ധമായ മനസ്സിന്റെ ഉടമയായി സത്യവിശ്വാസിയെ നിലനിര്‍ത്താന്‍ ഉതകുന്നതാണ് പഠിപ്പിക്കപ്പെട്ട എല്ലാ ഓരോ പ്രാര്‍ത്ഥനകളും. കാര്യങ്ങള്‍ എല്ലാം അല്ലാഹുവില്‍ ഏല്‍പ്പിക്കുമ്പോള്‍ മനുഷ്യന്‍ ഭാരരഹിതനാവുന്നു. ഏത് പ്രയാസത്തിലും അവന് അല്ലാഹുവിനെ രക്ഷകനായി കാണാന്‍ കഴിയും. അതു നല്‍കുന്ന മനോബലം നിസ്സീമമാണ്. ജീവിതപ്രശ്‌നങ്ങളുടെ പ്രതിസന്ധികളുടെ മുന്നില്‍ സത്യവിശ്വാസി ഒരിക്കലും പതറിപ്പോകാതിരിക്കാന്‍ പ്രാര്‍ത്ഥനകള്‍ അവനെ പ്രാപ്തനാക്കുന്നു. ‘നീ ഒരിക്കലും അശക്തനാവരുത്’ എന്ന് പ്രവാചകന്‍ പറഞ്ഞത് ഇവിടെ പ്രത്യേകം സ്മരണീയമാണ്. സര്‍വ്വതും അറിയുന്ന, എല്ലാത്തിനും കഴിവുള്ള കരുണാമയനായ ഒരു സംരക്ഷകന്‍ തനിക്കുണ്ടെന്ന ഉത്തമബോധ്യത്തോടെ ജീവിതത്തിന്റെ ഓരോ ചലനങ്ങളിലും മുന്നോട്ടുപോകുന്ന സത്യവിശ്വാസിയുടെ മനോബലം എത്ര ശക്തമായിരിക്കും. പ്രാര്‍ത്ഥനയുടെ സമൂര്‍ത്തഭാവം നമസ്‌കാരമാണ്. സ്വന്തം ജീവിതവും മരണവും മറ്റെല്ലാ വണക്കങ്ങളും ലോകരക്ഷിതാവായ അല്ലാഹുവിനാണെന്ന ഉത്തമബോധ്യ പ്രഖ്യാപനമാണ് നമസ്‌കാരത്തിന്റെ ആമുഖത്തില്‍ തന്നെയുള്ളത്. ആ ബോധ്യത്തോടെ വേണം സത്യവിശ്വാസി കരുണാമയനോട് നേര്‍മാര്‍ഗം ചോദിക്കാന്‍ എന്നു പഠിപ്പിക്കുന്നു. നിരന്തര നമസ്‌കാരത്തിലൂടെ ഹൃദയാന്തരത്തില്‍ ആഴത്തില്‍ വേരൂന്നുന്ന ഈ ബോധ്യം മനുഷ്യനെ ഏറെ ശുഭാപ്തി വിശ്വാസിയാക്കും. അതവന്റെ എല്ലാ ജീവിത ചലനങ്ങളിലും പ്രകടമാവും. ഇതനുസരിച്ച് നാമോരോരുത്തരും എവിടെ നില്‍ക്കുന്നുവെന്ന് വിശകലനം ചെയ്യുന്നത് ഉത്തമമായിരിക്കും.
Video Stories
കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം
പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

ഇടുക്കി കട്ടപ്പനയില്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം. പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് അപകടം. സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളിലേക്ക് കയറിയ അതേ സമയം, ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നിന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി.
ലിഫ്റ്റ് വെട്ടിപ്പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റില്‍ തലയിടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.
News
യമാല്‍ ബാഴ്സയില്‍ തുടരും; ക്ലബ്ബുമായി കരാര്‍ പുതുക്കി
ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും.

ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി കരാര്‍ പുതുക്കി 17 കാരന്‍ ലാമിന്‍ യമാല്‍. ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും. സീസണ്‍ അവസാനിക്കവേയാണ് കാറ്റാലന്‍ ക്ലബ്ബുമായി ആറുവര്‍ഷത്തെക്ക് പുതിയ കരാറിലേക്കെത്തിയത്.
2023ല്‍ 15ാം വയസ്സിലാണ് യമാല്‍ ബാഴ്സയിലേക്ക് ചുവടുവെക്കുന്നത്. ലാ ലിഗയില്‍ 55 മത്സരങ്ങളില്‍നിന്നായി 18 ഗോളുകളും 25 അസിസ്റ്റുകളുമാണ് താരം നേടിയെടുത്തത്. ഹാന്‍സി ഫല്‍ക്ക് പരിശീലകനായി ചുമതലയെറ്റ ആദ്യ സീസണില്‍ തന്നെ ലാ ലിഗ, കോപ ഡെല്‍ റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ നേടി ടീം ശക്തി പ്രാപിച്ചു. ഈ ടീമുകളില്‍ തന്നെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും യമാലിന് സ്വന്തമാണ്.
ജൂലൈയില്‍ 18 വയസ്സ് പൂര്‍ത്തിയാകുന്ന യമാല്‍ ബാഴ്സയ്ക്കായി 100 മത്സരങ്ങള്‍ കളിക്കുന്ന പ്രായം കുറഞ്ഞ കായികതാരം കൂടിയാണ്. വ്യത്യസ്ത ചാമ്പ്യന്‍ഷിപ്പുകളിലായി 115 മത്സരങ്ങളില്‍ നിന്ന് 25 ഗോളുകളാണ് യമാല്‍ നേടിയത്. സ്പെയിന് ദേശീയ ടീമിനായി 19 മത്സരങ്ങള്‍ കളിച്ചു. 2024 യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയ സ്പെയിന്‍ ദേശിയ ടീമിലും അംഗമായിരിന്നു. ഇത്തവണത്തെ ബാലന്‍ ഡി യോര്‍ സാധ്യത പട്ടികയിലും യമാല്‍ മുന്നിലുണ്ട്.
ക്ലബ് പ്രസിഡന്റ ജൊവാന്‍ ലപോര്‍ട്ട, സ്പോര്‍ട്ടിങ് ഡയറക്ടര്‍ ഡെകോ എന്നിവരുടെ സാന്നിധ്യത്തിലാണ് യമാല്‍ ക്ലബുമായുള്ള കരാര്‍ പുതുക്കിയത്.
film
രാജ്യസഭയിലേക്ക് കമല്‍ ഹാസന്‍; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം
തീരുമാനം ഡിഎംകെയുമായുള്ള ധാരണയില്‍

കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്. കമല്‍ ഹാസനെ പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മക്കള്‍ നീതി മയ്യം പ്രഖ്യാപിച്ചു. ഡിഎംകെ പിന്തുണയോടെയാണ് കമല്‍ ഹാസന്‍ രാജ്യസഭയിലേക്കെത്തുന്നത്.
രാജ്യസഭയില്‍ ഒഴിവുവന്ന എട്ട് സീറ്റുകളിലേക്കാണ് ജൂണ്‍ 19-ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്നുതന്നെയായിരിക്കും വോട്ടെണ്ണലും നടക്കുക. തമിഴ്നാട്ടിലെ ആറ് സീറ്റുകളില്‍ നാലെണ്ണം ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിക്കായിരിക്കും ലഭിക്കുക. ഇതില്‍ ഒരു സീറ്റിലേക്കാണ് കമല്‍ഹാസന്‍ എത്തുക.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ചര്‍ച്ചകള്‍ക്കിടെ ഭരണകക്ഷിയായ ഡിഎംകെ എംഎന്‍എമ്മിന് ഒരു രാജ്യസഭാ സീറ്റ് അനുവദിച്ചിരുന്നു. എംഎന്‍എം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല, പകരം രാജ്യസഭാ സീറ്റ് നല്‍കുകയായിരുന്നു.
നിര്‍വാഹക സമിതി അംഗങ്ങള്‍ ഡിഎംകെയുടെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണയും കമല്‍ ഹാസന് തേടി.
-
film3 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
kerala3 days ago
കരുവന്നൂര്‍ കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു, 3 സിപിഎം മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികള്‍
-
india3 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala2 days ago
ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു
-
kerala2 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് സുരേഷിന് പങ്ക് വ്യക്തമാക്കി ഹൈക്കോടതി
-
kerala3 days ago
കപ്പലപകടം; കണ്ടെയ്നറുകള്‍ കൊല്ലത്തെയും ആലപ്പുഴയിലെയും തീരത്തടിയുന്നു; ജാഗ്രത പാലിക്കണമെന്ന് പൊലീസ്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ‘യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും’; സണ്ണി ജോസഫ്