Connect with us

kerala

ഹരിപ്പാട് ആശുപത്രിയില്‍ ഡയാലിസിസ് ചെയ്ത രണ്ടുപേര്‍ മരിച്ച സംഭവം; മന്ത്രി റിപ്പോര്‍ട്ട് തേടി

രമേശ് ചെന്നിത്തല എംഎല്‍എ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.

Published

on

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ചെയ്ത രണ്ടുപേര്‍ മരിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രമേശ് ചെന്നിത്തല എംഎല്‍എ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ ഡയാലിസിസ് യൂണിറ്റ് താല്‍ക്കാലികമായി അടച്ചു. ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ഓട്ടോറിക്ഷാ ഡ്രൈവറായ കായംകുളം പുതുക്കാട് വടക്കതില്‍ മജീദ് (53), പച്ചക്കറി വ്യാപാരിയായ വെട്ടുവേനി ചാക്കനാട്ട് രാമചന്ദ്രന്‍ (60) എന്നിവരാണ് ഡയാലിസിസിനെ തുടര്‍ന്ന് മരിച്ചത്.

കഴിഞ്ഞ മാസം 29 നാണ് സംഭവം. അന്ന് ഡയാലിസിസിന് വിധേയരായ ആറുപേര്‍ക്കാണ്, ഡയാലിസിസിനിടെ അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവര്‍ക്ക് വിറയലും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. തുടര്‍ന്ന് മജീദിനെയും മറ്റൊരാളെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലും, രാമചന്ദ്രനെ തട്ടാരമ്പലത്തെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മജീദ് 30 ന് രാത്രിയും, രാമചന്ദ്രന്‍ ഇന്നലെ രാവിലെയുമാണ് മരിച്ചത്.

ഡയാലിസിസിനിടെ അണുബാധയുണ്ടായതാണ് മരണകാരണമെന്ന് രാമചന്ദ്രന്റെ കുടുംബം ആരോപിച്ചു. രക്തത്തില്‍ അണുബാധ ഉണ്ടായിരുന്നെന്ന് തട്ടാരമ്പലത്തെ ആശുപത്രി അധികൃതര്‍ അറിയിച്ചെന്നും ബന്ധുക്കള്‍ പറഞ്ഞു.ഡയാലിസിസ് യൂണിറ്റ് അണുവിമുക്തമാണെന്നാണ് ഹരിപ്പാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് പറയുന്നത്. സംശയത്തെ തുടര്‍ന്ന് ആശുപത്രിയിലെ ഡയാലിസിസ് ഉപകരണങ്ങളും വെള്ളവും ഉള്‍പ്പെടെ പരിശോധിച്ചിട്ടുണ്ട്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും

അടുത്തയാഴ്ച വീണ്ടും നോട്ടീസ് നല്‍കാനാണ് തീരുമാനം.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യാന്‍ എസ്‌ഐടി. അടുത്തയാഴ്ച വീണ്ടും നോട്ടീസ് നല്‍കാനാണ് തീരുമാനം. ദേവസ്വം ഭരണസമിതിയുടെ തീരുമാനത്തില്‍ വ്യക്തത തേടും. സ്വര്‍ണപ്പാളികള്‍ കൊടുത്തുവിടുന്നത് സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. ഭരണസമിതിയിലെ മറ്റ് അംഗങ്ങളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും.

അതേസമയം, മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിന്റെയും മൊഴിയില്‍ എസ്‌ഐടി വിശദമായ പരിശോധന നടത്തിയേക്കും. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം സ്വര്‍ണപ്പാളികള്‍ കൊടുത്തു വിടുന്നതില്‍ ദേവസ്വം വകുപ്പിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ല എന്നാണ് കടകംപള്ളി മൊഴി നല്‍കിയിരുന്നത്.

എന്നാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പരിചയമുണ്ടെന്ന് കടകംപള്ളി സമ്മതിക്കുന്നുണ്ട്. എന്നാല്‍ താന്‍ സാമ്പത്തിക ഇടപാടുകള്‍ പോറ്റിയുമായി നടത്തിയിട്ടില്ലെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിട്ടുള്ളത്. സ്വര്‍ണപ്പാളികള്‍ കൊടുത്തുവിട്ടതില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല എന്നാണ് പി.എസ് പ്രശാന്ത് നല്‍കിയിരിക്കുന്ന മൊഴി.

 

Continue Reading

kerala

മലയാളി വൈദികന്റെ അറസ്റ്റ്; ‘അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നത്’; പ്രധാനമന്ത്രിക്ക് കത്തയച്ച് വി.ഡി സതീശന്‍

മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനത്തെക്കുറിച്ച് ഗൗരവമായ ആശങ്കകള്‍ ഉയര്‍ത്തുകയാണെന്നും വി ഡി സതീശന്‍

Published

on

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ക്രിസ്മസ് പ്രാര്‍ഥന യോഗത്തിനിടെ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനെയും ഭാര്യയെയും ഉള്‍പ്പെടെ ആറു പേരെ അറസ്റ്റു ചെയ്ത സംഭവത്തില്‍ പ്രധാനമന്ത്രിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സംഭവം അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനത്തെക്കുറിച്ച് ഗൗരവമായ ആശങ്കകള്‍ ഉയര്‍ത്തുകയാണെന്നും വി ഡി സതീശന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

സമാധാനപരമായ പ്രാര്‍ഥനായോഗം നടത്തിയതിന് വ്യക്തികളെ അറസ്റ്റ് ചെയ്യുന്നത് ഭരണഘടനവിരുദ്ധവും നമ്മുടെ ജനാധിപത്യ, മതേതര മൂല്യങ്ങളുടെ ചൈതന്യത്തിനെതിരുമാണ്. വിഷയത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.

ക്രിസ്മസ് ആഘോഷത്തിനിടെ മതപരിവര്‍ത്തനം ആരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പൊലീസിന് കൈമാറിയ മലയാളി വൈദികനെയും കുടുംബത്തെയുമാണ് അറസ്റ്റ് ചെയ്തത്. സി.എസ്.ഐ സൗത്ത് കേരള ഡയോസിസ് നാഗ്പൂര്‍ മിഷനിലെ വൈദികനായ ഫാ. സുധീര്‍, അദ്ദേഹത്തിന്റെ ഭാര്യ ജാസ്മിന്‍ എന്നിവരുള്‍പ്പെടെ 12 പേരാണ് ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിലായത്.

തിരുവനന്തപുരം ജില്ലയിലെ അമരവിള സ്വദേശിയായ ഫാ. സുധീര്‍ അഞ്ച് വര്‍ഷമായി മഹാരാഷ്ട്രയില്‍ സേവനമനുഷ്ഠിച്ചു വരികയാണ്. അറസ്റ്റിലായ ബാക്കി പത്തു പേര്‍ മഹാരാഷ്ട്ര സ്വദേശികളാണ്. ഫാ. സുധീര്‍, ഭാര്യ ജാസ്മിന്‍ എന്നിവര്‍ക്കും പ്രദേശവാസികളായ ആറു പേര്‍ക്ക് ബുധനാഴ്ച കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ചൊവ്വാഴ്ച രാത്രി നാഗ്പുര്‍, അമരാവതി തഹസിലിലെ സിന്‍ഗോഡിയിലുള്ള ഒരു വീട്ടില്‍ പ്രാര്‍ഥന നടക്കുന്നതിനിടെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടയുകയും സംഘര്‍ഷാവസ്ഥയുണ്ടാക്കി പൊലീസിന് കൈമാറുകയുമായിരുന്നു.

Continue Reading

kerala

താമരശ്ശേരിയില്‍ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ തീപ്പിടിത്തം; പ്ലാന്റും കെട്ടിടവും കത്തിനശിച്ചു

ഫാക്ടറിയില്‍ തൊഴിലാളികള്‍ ആരുമില്ലാത്ത സമയത്താണ് തീപ്പിടത്തമുണ്ടായത്

Published

on

കോഴിക്കോട്: താമരശ്ശേരിക്ക് സമീപം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം. പ്ലാന്റും കെട്ടിടവും പിക്കപ്പ് വാനും കത്തിനശിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം.

ഫാക്ടറിയില്‍ തൊഴിലാളികള്‍ ആരുമില്ലാത്ത സമയത്താണ് തീപ്പിടത്തമുണ്ടായത്. ഫാക്ടറിയിലെ മാലിന്യക്കൂമ്പാരത്തിന് തീപ്പിടിച്ചു എന്നാണ് സംശയിക്കുന്നത്. ഓഫീസ് ഉള്‍പ്പെടുന്ന മൂന്നു നില കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. അഗ്‌നിശമനാ സേനാംഗങ്ങള്‍ എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീ നിയന്ത്രണവിധേയമാണെന്നാണ് അഗ്‌നിരക്ഷാസേന അധികൃതര്‍ അറിയിക്കുന്നത്.

അതേസമയം തൊട്ടടുത്തുള്ള കെട്ടിടത്തിലും തീപ്പിടിച്ചിട്ടുണ്ട്. തീപ്പിടിച്ചത് എങ്ങനെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി റോഡില്‍ നിന്നും ആരോ പൊട്ടിച്ച പടക്കം പ്ലാന്റിലേക്ക് തെറിച്ച് വീണതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പ്ലാന്റിനു മുന്നില്‍ വെച്ച് പടക്കം പൊട്ടിച്ചതായി സമീപത്തു താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളും പറഞ്ഞു. വിശദമായ പരിശോധനകള്‍ക്ക് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരുകയുള്ളൂ.

നിലവില്‍ ആറ് ഫയര്‍ ഫോഴ്സ് യൂണിറ്റുകളാണ് സ്ഥലത്തുള്ളത്. സമീപപ്രദേശങ്ങളായ താമരശ്ശേരി, ഈങ്ങാപ്പുഴ എന്നിവിടങ്ങളിലൊന്നും ഫയര്‍‌സ്റ്റേഷന്‍ ഇല്ലാത്തതാണ് തീപ്പിടത്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. ഇരുപതില്‍ അധികം കിലോമീറ്റര്‍ അകലെയുള്ള മുക്കം, നരിക്കുനി എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ ഫോഴ്‌സ് വാഹനങ്ങള്‍ എത്താന്‍ മുക്കാല്‍ മണിക്കൂറില്‍ അധികം സമയമെടുത്തു.

 

Continue Reading

Trending