News
ചാറ്റ് ജി.പി.ടിയിൽ പരസ്യങ്ങൾ ഉൾപ്പെടുത്തും; സൗജന്യ ഉപയോക്താക്കൾക്ക് മാത്രം, പ്രീമിയം പ്ലാനുകൾക്ക് ഒഴിവ്
കമ്പനിയുടെ സി.ഇ.ഒ സാം ആൾട്ട്മാൻ ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കൾ ആശ്രയിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ് പ്ലാറ്റ്ഫോമായ ചാറ്റ് ജി.പി.ടിയിൽ പരസ്യങ്ങൾ ഉൾപ്പെടുത്താൻ ഓപ്പൺ എ.ഐ തീരുമാനം. കമ്പനിയുടെ സി.ഇ.ഒ സാം ആൾട്ട്മാൻ ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
വരുമാന മാർഗങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെയും എ.ഐ സേവനങ്ങളുടെ ഉയർന്ന പ്രവർത്തനച്ചെലവ് നിയന്ത്രിക്കുന്നതിന്റെയും ഭാഗമായാണ് ഈ നീക്കം. ആദ്യഘട്ടത്തിൽ സൗജന്യ ഉപയോക്താക്കൾക്കും കുറഞ്ഞ നിരക്കിലുള്ള ‘ചാറ്റ് ജി.പി.ടി ഗോ’ സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ ഉപയോഗിക്കുന്നവർക്കുമാണ് പരസ്യങ്ങൾ കാണിക്കുക. അതേസമയം, പ്ലസ്, പ്രോ, എന്റർപ്രൈസ് എന്നീ പ്രീമിയം പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക് പരസ്യങ്ങൾ ഉണ്ടാകില്ലെന്ന് ഓപ്പൺ എ.ഐ വ്യക്തമാക്കി.
ചാറ്റ് ജി.പി.ടിയുടെ മറുപടികളുടെ അവസാന ഭാഗത്ത് ‘സ്പോൺസേഡ്’ എന്ന വ്യക്തമായ അടയാളത്തോടെയാണ് പരസ്യങ്ങൾ പ്രത്യക്ഷപ്പെടുക. പരസ്യങ്ങൾ ചാറ്റ് ജി.പി.ടിയുടെ യഥാർത്ഥ മറുപടികളെ സ്വാധീനിക്കില്ലെന്നും ഉപയോക്താക്കളുമായുള്ള സംഭാഷണങ്ങൾ പരസ്യദാതാക്കളുമായി പങ്കുവെയ്ക്കില്ലെന്നും സാം ആൾട്ട്മാൻ ഉറപ്പുനൽകി.
ഇൻസ്റ്റാഗ്രാമിലെ പരസ്യ സംവിധാനം ഉദാഹരണമായി ചൂണ്ടിക്കാട്ടിയ ആൾട്ട്മാൻ, ഉപയോക്താക്കളെ അലട്ടാത്തതും പ്രയോജനകരവുമായ പരസ്യങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി. സ്വകാര്യതക്കും സുരക്ഷയ്ക്കും പരമാവധി മുൻഗണന നൽകുമെന്നും കമ്പനി അറിയിച്ചു.
18 വയസ്സിന് താഴെയുള്ളവർക്ക് പരസ്യങ്ങൾ കാണിക്കില്ല. ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, മാനസികാരോഗ്യം, രാഷ്ട്രീയം തുടങ്ങിയ സെൻസിറ്റീവ് മേഖലകളിൽ പരസ്യങ്ങൾ അനുവദിക്കുകയുമില്ല. ചാറ്റ് ജി.പി.ടി പോലുള്ള വൻ എ.ഐ മോഡലുകൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ വലിയ ചെലവുകൾ കണക്കിലെടുത്താണ് പരസ്യ വരുമാനം പുതിയ മാർഗമായി ഓപ്പൺ എ.ഐ സ്വീകരിക്കുന്നതെന്നാണ് വിലയിരുത്തൽ.
News
മാഞ്ചസ്റ്റർ ഡെർബിക്കൊപ്പം ഇന്ന് വമ്പൻ മത്സരദിനം; പ്രീമിയർ ലീഗിൽ ചെൽസി, ടോട്ടനം, ആർസനൽ, ലിവർപൂൾ കളത്തിലേക്ക്
ചെൽസി, ടോട്ടനം, ആർസനൽ, ലിവർപൂൾ, ഫുള്ഹാം എന്നീ പ്രമുഖ ടീമുകളും ഇന്ന് മത്സരത്തിനിറങ്ങും. ലാലിഗയിൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡും ഇന്ന് കളത്തിലുണ്ട്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ ഡെർബിയാണ് ഇന്നത്തെ പ്രധാന ആകർഷണമെങ്കിലും, ചെൽസി, ടോട്ടനം, ആർസനൽ, ലിവർപൂൾ, ഫുള്ഹാം എന്നീ പ്രമുഖ ടീമുകളും ഇന്ന് മത്സരത്തിനിറങ്ങും. ലാലിഗയിൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡും ഇന്ന് കളത്തിലുണ്ട്.
ഇന്ത്യൻ സമയം രാത്രി 8.30ന് ടോട്ടനം, ലിവർപൂൾ, ചെൽസി, ഫുള്ഹാം എന്നീ ടീമുകളുടെ മത്സരങ്ങളാണ് നടക്കുക. രാത്രി 11 മണിക്ക് ആർസനൽ–നോട്ടിങ്ഹാം ഫോറസ്റ്റ് മത്സരവും നടക്കും.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസി ബ്രെന്റ്ഫോർഡിനെ നേരിടും. ലിവർപൂൾ ബേൺലിയെയും, ടോട്ടനം വെസ്റ്റ് ഹാമിനെയും, ക്രിസ്റ്റൽ പാലസ് സണ്ടർലാൻഡിനെയും, ഫുള്ഹാം ലീഡ്സ് യുണൈറ്റഡിനെയും നേരിടും.
21 മത്സരങ്ങളിൽ നിന്ന് 49 പോയിന്റ് നേടിയ ആർസനൽ ലീഗ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. 35 പോയിന്റുള്ള ലിവർപൂൾ നാലാം സ്ഥാനത്തും, 31 പോയിന്റുള്ള ചെൽസി എട്ടാം സ്ഥാനത്തും, 27 പോയിന്റുള്ള ടോട്ടനം പതിനാലാം സ്ഥാനത്തുമാണ്.
അതേസമയം, സ്പാനിഷ് ലീഗായ ലാലിഗയിൽ ഇന്ന് റയൽ മാഡ്രിഡും ലവന്റെും തമ്മിലുള്ള മത്സരം നടക്കും. ഇന്ത്യൻ സമയം വൈകിട്ട് 6.30നാണ് ഈ മത്സരം ആരംഭിക്കുക.
kerala
ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 80 വർഷം കഠിനതടവും 1.6 ലക്ഷം രൂപ പിഴയും
മലപ്പുറം വഴിക്കടവ് സ്വദേശി എൻ.പി. സുരേഷ് ബാബു (ഉണ്ണിക്കുട്ടൻ)നെയാണ് നിലമ്പൂർ അതിവേഗ സ്‌പെഷൽ കോടതി ശിക്ഷിച്ചത്.
മലപ്പുറത്ത് ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 80 വർഷം കഠിന തടവും 1.6 ലക്ഷം രൂപ പിഴയും വിധിച്ചു. മലപ്പുറം വഴിക്കടവ് സ്വദേശി എൻ.പി. സുരേഷ് ബാബു (ഉണ്ണിക്കുട്ടൻ)നെയാണ് നിലമ്പൂർ അതിവേഗ സ്‌പെഷൽ കോടതി ശിക്ഷിച്ചത്.
2023 ഡിസംബറും 2024 ഫെബ്രുവരിയുമായ കാലയളവുകളിൽ അതിജീവിതയുടെ വീട്ടിൽ അതിക്രമിച്ചു കയറി പ്രതി കുട്ടിയെ ബലാത്സംഗം ചെയ്തതായാണ് കേസ്. കുറ്റം തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കോടതി കടുത്ത ശിക്ഷ വിധിച്ചത്.
News
ഇന്ത്യാ ഓപ്പൺ ബാഡ്മിന്റൺ: ഡൽഹിയിലെ മോശം സാഹചര്യങ്ങൾക്കെതിരെ വീണ്ടും വിമർശനവുമായി ഡെൻമാർക്ക് താരം മിയ ബ്ലിച്ച്ഫെൽഡ്
മത്സര വേദിയിലെ സാഹചര്യം ‘അസ്വീകാര്യവും ഒട്ടും പ്രൊഫഷണലല്ലാത്തതും’ ആണെന്ന് അവർ തുറന്നടിച്ചു.
ന്യൂഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യാ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലെ അനാരോഗ്യകരമായ സാഹചര്യങ്ങൾക്കെതിരെ വീണ്ടും വിമർശനവുമായി ഡെൻമാർക്ക് താരം മിയ ബ്ലിച്ച്ഫെൽഡ്. മത്സര വേദിയിലെ സാഹചര്യം ‘അസ്വീകാര്യവും ഒട്ടും പ്രൊഫഷണലല്ലാത്തതും’ ആണെന്ന് അവർ തുറന്നടിച്ചു.
‘ഇവിടെ ഒരു ലോക ചാമ്പ്യൻഷിപ്പ് എങ്ങനെ നടത്താൻ കഴിയുമെന്ന് മനസിലാക്കാൻ തന്നെ ബുദ്ധിമുട്ടാണ്’ എന്നായിരുന്നു ബ്ലിച്ച്ഫെൽഡിന്റെ പ്രതികരണം. കളി നടക്കുന്ന വേദിയിലെ മോശം സാഹചര്യം ചൂണ്ടിക്കാട്ടിയാണ് അവർ വിമർശനം ഉന്നയിച്ചത്.
കടുത്ത വായുമലിനീകരണം, സ്റ്റാൻഡുകളിൽ കുരങ്ങുകളുടെ സാന്നിധ്യം, പക്ഷി കാഷ്ഠം മൂലം മത്സരം തടസ്സപ്പെടുന്ന സാഹചര്യം തുടങ്ങിയ നിരവധി പ്രശ്‌നങ്ങളാണ് താരങ്ങൾ ഉന്നയിക്കുന്നത്. ആഗസ്റ്റിൽ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കാനിരിക്കുന്ന ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആദ്യമായി നടക്കുന്ന സൂപ്പർ 750 ടൂർണമെന്റിന്റെ ഉദ്ഘാടന ദിവസത്തിൽ തന്നെ ലോക 20-ാം നമ്പർ താരമായ ബ്ലിച്ച്ഫെൽഡ് ഈ വിമർശനം ഉന്നയിച്ചിരുന്നു.
ഡൽഹിയിലെ ഗുരുതരമായ വായുമലിനീകരണം ചൂണ്ടിക്കാട്ടി ലോക മൂന്നാം നമ്പർ താരം ആൻഡേഴ്‌സ് ആന്റൺസെൻ ടൂർണമെന്റിൽ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് ബ്ലിച്ച്ഫെൽഡിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റും ശ്രദ്ധേയമായത്.
‘ഇന്ത്യയിലെ കഴിഞ്ഞ കുറച്ച് ദിവസങ്ങൾ വളരെ കഠിനമായിരുന്നു. പ്രതീക്ഷിച്ചതിലും മോശം. വീണ്ടും ഏറ്റവും മോശം അവസ്ഥയ്ക്ക് ഞാൻ തയ്യാറായിരുന്നു. എന്നാൽ ചുറ്റുമുള്ള സാഹചര്യം അസ്വീകാര്യവും ഒട്ടും പ്രൊഫഷണലല്ലാത്തതുമാണ്’ എന്ന് ബ്ലിച്ച്ഫെൽഡ് കുറിച്ചു.
‘കോർട്ടിനകത്തും പുറത്തും മികച്ച പ്രകടനത്തിനായാണ് ഞങ്ങൾ ഇവിടെ എത്തുന്നത്. പക്ഷേ, ഈ സാഹചര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഏറെ ബുദ്ധിമുട്ടാണ്. സൂപ്പർ 750 വേൾഡ് ടൂർ ഇവന്റിൽ പങ്കെടുക്കുന്ന എല്ലാവരും സമ്മർദ്ദത്തിലും നിരാശയിലുമാണ്. ഇത് തമാശയോ ന്യായമോ അല്ല’ എന്നും അവർ വ്യക്തമാക്കി.
അതേസമയം, ഇതേ കാരണത്താൽ ആൻഡേഴ്‌സ് ആന്റൺസെൻ തുടർച്ചയായ മൂന്നാം വർഷവും ഇന്ത്യ ഓപ്പൺ ഒഴിവാക്കി. നാല് തവണ ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവായ ആന്റൺസെൻ, ടൂർണമെന്റിൽ നിന്ന് പിന്മാറിയതിന് ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ 5,000 ഡോളർ പിഴ ചുമത്തിയതായും വെളിപ്പെടുത്തി.
‘തുടർച്ചയായ മൂന്നാം വർഷവും ഇന്ത്യ ഓപ്പണിൽ നിന്ന് പിന്മാറിയതിൽ പലർക്കും സംശയമുണ്ട്. ഡൽഹിയിലെ കടുത്ത മലിനീകരണം കാരണം ഇത് ഇപ്പോൾ ഒരു ബാഡ്മിന്റൺ ടൂർണമെന്റ് നടത്താൻ അനുയോജ്യമായ സ്ഥലമെന്ന് ഞാൻ കരുതുന്നില്ല’ എന്നും ആൻഡേഴ്‌സ് ആന്റൺസെൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
-
kerala2 days agoഓട്ടൻതുള്ളലിൽ എ ഗ്രേഡ് നേടി വൈശാഖി അശോക്
-
kerala2 days agoശബരിമല സ്വർണക്കൊള്ള: രണ്ടാം കേസിലും തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തി
-
kerala2 days agoവീണയിൽ എ ഗ്രേഡ് നേടി അരുന്ധതി എസ്
-
india2 days agoഅറബിക്കടലിൽ പാകിസ്താൻ മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്തു; ഒമ്പത് പേർ കസ്റ്റഡിയിൽ
-
News22 hours agoകാനഡ–ചൈന വ്യാപാര ബന്ധങ്ങള്‍ക്ക് പുതുജീവന്‍; താരിഫുകള്‍ കുറച്ചു
-
kerala22 hours agoവൈദികനെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍
-
kerala2 days agoഎറണാകുളം തെരുവുനായ ആക്രമണം; എട്ട് പേർക്ക് കടിയേറ്റു
-
Film3 days agoമോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ചിത്രം ‘ദൃശ്യം 3’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
