Connect with us

News

കുട്ടികളിലെ കാന്‍സര്‍ വര്‍ധിക്കുന്നു; ലക്ഷണങ്ങളും കാരണങ്ങളും അറിയാം

കുട്ടികളിലെ കാന്‍സറുകളുടെ വലിയൊരു വിഭാഗം പൂര്‍ണമായി ഭേദമാക്കാന്‍ കഴിയുന്നവയാണ് എന്നതാണ് പ്രധാന സന്ദേശം.

Published

on

മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ കാന്‍സര്‍ കേസുകള്‍ കുറവാണെങ്കിലും ലോകമെമ്പാടും ഇതിന്റെ എണ്ണം വര്‍ധിച്ചു വരുന്നതായി കാണുന്നു. കുട്ടികളില്‍ കൂടുതലായി കാണപ്പെടുന്നത് രക്താര്‍ബുദങ്ങളാണ്. പ്രത്യേകിച്ച് ലുക്കീമിയയും ലിംഫോമയും പ്രധാന സ്ഥാനത്താണ്. ഇതിന് പുറമെ വൃക്കയെ ബാധിക്കുന്ന വില്‍ംസ് ട്യൂമര്‍, അഡ്രിനല്‍ ഗ്രന്ഥി ഉള്‍പ്പെടെ നാഡീബന്ധിത ഭാഗങ്ങളെ ബാധിക്കുന്ന ന്യൂറോബ്ലാസ്റ്റോമ, എല്ലുകളും മസിലുകളും ബാധിക്കുന്ന സാര്‍ക്കോമ എന്നിവയും കുട്ടികളില്‍ കണ്ടുവരുന്ന കാന്‍സറുകളാണ്.

രക്താര്‍ബുദങ്ങളില്‍ ഹീമോഗ്ലോബിന്‍ കുറയുന്നതുമൂലം വിളര്‍ച്ചയും ക്ഷീണവും ഉണ്ടാകാം. വിട്ടുമാറാത്ത പനി, പ്ലേറ്റ്‌ലെറ്റുകള്‍ കുറയുന്നതിനാല്‍ മൂക്കില്‍ നിന്ന് രക്തസ്രാവം, തൊലിയില്‍ ബ്ലീഡിംഗ് പാടുകള്‍ തുടങ്ങിയ ലക്ഷണങ്ങളും കാണാം. സാധാരണ ബ്ലഡ് ടെസ്റ്റുകള്‍, ബ്ലഡ് കൗണ്ട്, പെരിഫറല്‍ സ്മിയര്‍ തുടങ്ങിയ ലളിതമായ പരിശോധനകള്‍ വഴി ഇവ കണ്ടെത്താന്‍ കഴിയും. മറ്റ് അവയവങ്ങളിലെ സോളിഡ് ട്യൂമറുകള്‍ സാധാരണയായി ശരീരത്തില്‍ മുഴകളായി പ്രകടമാകുന്നു. വലുതാകുന്ന മുഴകള്‍ വേദനയോ ചുറ്റുപാടുമുള്ള അവയവങ്ങള്‍ക്ക് സമ്മര്‍ദ്ദമോ ഉണ്ടാക്കാം. സ്‌കാനിംഗ് പരിശോധനകള്‍ക്കു ശേഷം ബയോപ്‌സി നടത്തി കാന്‍സര്‍ സ്ഥിരീകരിക്കുന്നു. തുടര്‍ന്ന് സ്റ്റേജിംഗ് പരിശോധനകള്‍ നടത്തി ചികിത്സാ മാര്‍ഗ്ഗം തീരുമാനിക്കും.

കുട്ടികളില്‍ കാന്‍സറിന്റെ പ്രധാന കാരണം ജനിതക മാറ്റങ്ങളാണ്. എന്നാല്‍ ഇത് പാരമ്പര്യമെന്നര്‍ത്ഥമല്ല. 10 ശതമാനത്തില്‍ താഴെ കേസുകളില്‍ മാത്രമാണ് പാരമ്പര്യ ഘടകം കണ്ടെത്തുന്നത്. ബാക്കിയുള്ളവയില്‍ ജനിതക മാറ്റങ്ങള്‍ക്ക് വ്യക്തമായ കാരണം കണ്ടെത്താന്‍ കഴിയാത്തതാണ് യാഥാര്‍ത്ഥ്യം. മുതിര്‍ന്നവരില്‍ പോലെ പുകവലി, മദ്യപാനം, ജീവിതശൈലി തുടങ്ങിയ കാരണങ്ങള്‍ കുട്ടികളില്‍ ബാധകമല്ല. കുടുംബത്തിലെ ഒരു കുട്ടിക്ക് കാന്‍സര്‍ ഉണ്ടെന്ന കാരണംകൊണ്ട് മറ്റൊരു കുട്ടിക്കും നിര്‍ബന്ധമായും ഉണ്ടാകുമെന്നില്ല.

ചികിത്സയില്‍ രക്താര്‍ബുദങ്ങള്‍ക്ക് പ്രധാനമായും കീമോതെറാപ്പിയാണ് ഉപയോഗിക്കുന്നത്. ഇന്‍ജക്ഷനുകളായോ ഗുളികകളായോ മരുന്നുകള്‍ നല്‍കാം. സോളിഡ് ട്യൂമറുകള്‍ക്ക് കീമോതെറാപ്പിക്കൊപ്പം ശസ്ത്രക്രിയയും ചിലപ്പോള്‍ റേഡിയേഷനും ആവശ്യമായി വരാം. വളരെ ചെറുപ്പമുള്ള കുട്ടികളില്‍ റേഡിയേഷന്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കും, വളര്‍ച്ചയെ ബാധിക്കാതിരിക്കാനാണ് ഇത്.

കുട്ടികളിലെ കാന്‍സറുകളുടെ വലിയൊരു വിഭാഗം പൂര്‍ണമായി ഭേദമാക്കാന്‍ കഴിയുന്നവയാണ് എന്നതാണ് പ്രധാന സന്ദേശം. അതിനാല്‍ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വൈകാതെ പരിശോധന നടത്തുകയും ആവശ്യമായാല്‍ പീഡിയാട്രിക് ഓങ്കോളജിസ്റ്റിനെ സമീപിക്കുകയും വേണം. നേരത്തെ കണ്ടെത്തിയാല്‍ ഫലപ്രദമായ ചികിത്സ നല്‍കാന്‍ സാധിക്കും.

കാന്‍സര്‍ രോഗിയായ അമ്മ മുലയൂട്ടിയാല്‍ കുഞ്ഞിന് കാന്‍സര്‍ പകരുമോ എന്ന സംശയം പലര്‍ക്കുമുണ്ട്. ഒരു തരത്തിലുള്ള കാന്‍സറും ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരില്ല. എന്നാല്‍ അമ്മ കീമോതെറാപ്പി ചികിത്സയില്‍ ആണെങ്കില്‍ ചില മരുന്നുകള്‍ മുലപ്പാല്‍ വഴി കുഞ്ഞിലേക്ക് എത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ മുലയൂട്ടുന്നതിന് മുമ്പ് ചികിത്സിക്കുന്ന ഡോക്ടറോട് നിര്‍ബന്ധമായും ആശയവിനിമയം നടത്തണം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

കാഞ്ഞങ്ങാട് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമം; പിന്നാലെ ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍

സംഭവത്തില്‍ ഹോസ്ദുര്‍ഗ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Published

on

By

കാസര്‍കോട്: കാഞ്ഞങ്ങാട് കടപ്പുറം ബാവനഗര്‍ ഇല്യാസ് നഗറില്‍ ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇബ്രാഹിം (62) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഭാര്യ മറിയം (55) മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. മറിയത്തിന്റെ തലയ്ക്കാണ് വെട്ടേറ്റത്. നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോള്‍ ഇബ്രാഹിം വീട്ടില്‍ നിന്ന് ഇറങ്ങി ഓടിയതായി പറയുന്നു. വീടിനകത്ത് രക്തത്തില്‍ കുളിച്ച നിലയിലാണ് മറിയത്തെ കണ്ടെത്തിയത്. ആദ്യം സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവത്തിന് പിന്നാലെ കാണാതായിരുന്ന ഇബ്രാഹിം വീട്ടിനടുത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുടുംബവഴക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഹോസ്ദുര്‍ഗ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

News

ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം; അമ്പയറിന് ദാരുണാന്ത്യം, കളിക്കാര്‍ക്ക് പരിക്ക്

ഗ്രൗണ്ടിലേക്ക് ഇരച്ചെത്തിയ തേനീച്ചക്കൂട്ടം കളിക്കാരേയും അമ്പയര്‍മാരേയും ആക്രമിക്കുകയായിരുന്നു.

Published

on

By

കാണ്‍പൂര്‍: ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ അമ്പയറിന് ദാരുണാന്ത്യം. കളിക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബുധനാഴ്ച വൈകീട്ടാണ് സംഭവം. കാണ്‍പൂര്‍ സ്വദേശിയായ മാണിക് ഗുപ്തയാണ് തേനീച്ചയാക്രമണത്തില്‍ മരിച്ചത്.

കാണ്‍പൂര്‍ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന മത്സരത്തിനിടെയാണ് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. ഗ്രൗണ്ടിലേക്ക് ഇരച്ചെത്തിയ തേനീച്ചക്കൂട്ടം കളിക്കാരേയും അമ്പയര്‍മാരേയും ആക്രമിക്കുകയായിരുന്നു. തേനീച്ചയുടെ കുത്തില്‍ നിന്ന് രക്ഷപ്പെടാനായി പലരും ഓടി രക്ഷപ്പെട്ടെങ്കിലും തലയിലും മുഖത്തും തേനീച്ച കുത്തേറ്റ മാണിക് ഗുപ്ത ഗ്രൗണ്ടില്‍ തന്നെ കുഴഞ്ഞ് വീഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന മറ്റൊരു അമ്പയര്‍ക്കും 15 ലേറെ കളിക്കാര്‍ക്കും തേനീച്ച ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ മാണിക് ഗുപ്തയെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കാണ്‍പൂരിലെ ലാല ലജ്പത് റായ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മണിക് സര്‍ക്കാറിന്റെ മരണം കാണ്‍പൂര്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എസ്എന്‍ സിംഗ് സ്ഥിരീകരിച്ചിട്ടുണ്ട്.

 

Continue Reading

News

ജയലക്ഷ്മി സില്‍ക്‌സിലുണ്ടായ തീപിടിത്തം; കാരണം ഇതുവരെ കണ്ടെത്താനായില്ല, റിപ്പോര്‍ട്ട് കലക്ടര്‍ക്ക ഇന്ന് കൈമാറും

കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് പ്രാഥമിക കണ്ടെത്തല്‍.

Published

on

By

കോഴിക്കോട്: ജയലക്ഷ്മി സില്‍ക്‌സ് സ്ഥാപനത്തില്‍ ഉണ്ടായ വന്‍ തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഫയര്‍ഫോഴ്സ് പരിശോധനാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് പ്രാഥമിക കണ്ടെത്തല്‍. വിശദമായ റിപ്പോര്‍ട്ട് ഇന്ന് കലക്ടര്‍ക്ക് കൈമാറും.

തീപിടിത്തത്തില്‍ ഏകദേശം 50 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഥാപന മാനേജരുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ജയലക്ഷ്മി സില്‍ക്‌സിന്റെ രണ്ടും മൂന്നും നിലകളിലായിരുന്നു തീ വ്യാപിച്ചത്. വൈകിട്ട് ആറുമണിയോടെ പുക ഉയരുന്നത് കണ്ടതോടെ ഉപഭോക്താക്കളും ജീവനക്കാരും ഉടന്‍ പുറത്തേക്ക് ഒഴിഞ്ഞു. തുടര്‍ന്ന് ഫയര്‍ഫോഴ്സിന്റെ അഞ്ച് യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തീ നിയന്ത്രണാതീതമായതോടെ കരിപ്പൂര്‍ എയര്‍പോര്‍ട്ട് നിന്നുമുള്ള അത്യാധുനിക ഫയര്‍ എഞ്ചിനുകളും എത്തിച്ചു.

കെട്ടിടത്തിലെ ഫയര്‍ സേഫ്റ്റി സംവിധാനം കൃത്യമായി പ്രവര്‍ത്തിച്ചിരുന്നുവെന്നും ഫയര്‍ഫോഴ്സ് നേരത്തെ വ്യക്തമാക്കിയിരുന്നു. റമദാനും വിഷു വിപണിയും ലക്ഷ്യമിട്ട് വന്‍തോതില്‍ വസ്ത്രങ്ങള്‍ ഗോഡൗണില്‍ സംഭരിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. 2023 ഏപ്രിലിലും സ്ഥാപനത്തില്‍ തീപിടിത്തം ഉണ്ടായിരുന്നതാണ്.
സംഭവത്തില്‍ വിശദാന്വേഷണം പുരോഗമിക്കുകയാണ്.

 

Continue Reading

Trending