Connect with us

News

കാഞ്ഞങ്ങാട് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമം; പിന്നാലെ ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍

സംഭവത്തില്‍ ഹോസ്ദുര്‍ഗ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Published

on

കാസര്‍കോട്: കാഞ്ഞങ്ങാട് കടപ്പുറം ബാവനഗര്‍ ഇല്യാസ് നഗറില്‍ ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇബ്രാഹിം (62) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഭാര്യ മറിയം (55) മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. മറിയത്തിന്റെ തലയ്ക്കാണ് വെട്ടേറ്റത്. നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോള്‍ ഇബ്രാഹിം വീട്ടില്‍ നിന്ന് ഇറങ്ങി ഓടിയതായി പറയുന്നു. വീടിനകത്ത് രക്തത്തില്‍ കുളിച്ച നിലയിലാണ് മറിയത്തെ കണ്ടെത്തിയത്. ആദ്യം സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവത്തിന് പിന്നാലെ കാണാതായിരുന്ന ഇബ്രാഹിം വീട്ടിനടുത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുടുംബവഴക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഹോസ്ദുര്‍ഗ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

News

ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം; അമ്പയറിന് ദാരുണാന്ത്യം, കളിക്കാര്‍ക്ക് പരിക്ക്

ഗ്രൗണ്ടിലേക്ക് ഇരച്ചെത്തിയ തേനീച്ചക്കൂട്ടം കളിക്കാരേയും അമ്പയര്‍മാരേയും ആക്രമിക്കുകയായിരുന്നു.

Published

on

By

കാണ്‍പൂര്‍: ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ അമ്പയറിന് ദാരുണാന്ത്യം. കളിക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബുധനാഴ്ച വൈകീട്ടാണ് സംഭവം. കാണ്‍പൂര്‍ സ്വദേശിയായ മാണിക് ഗുപ്തയാണ് തേനീച്ചയാക്രമണത്തില്‍ മരിച്ചത്.

കാണ്‍പൂര്‍ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന മത്സരത്തിനിടെയാണ് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. ഗ്രൗണ്ടിലേക്ക് ഇരച്ചെത്തിയ തേനീച്ചക്കൂട്ടം കളിക്കാരേയും അമ്പയര്‍മാരേയും ആക്രമിക്കുകയായിരുന്നു. തേനീച്ചയുടെ കുത്തില്‍ നിന്ന് രക്ഷപ്പെടാനായി പലരും ഓടി രക്ഷപ്പെട്ടെങ്കിലും തലയിലും മുഖത്തും തേനീച്ച കുത്തേറ്റ മാണിക് ഗുപ്ത ഗ്രൗണ്ടില്‍ തന്നെ കുഴഞ്ഞ് വീഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന മറ്റൊരു അമ്പയര്‍ക്കും 15 ലേറെ കളിക്കാര്‍ക്കും തേനീച്ച ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ മാണിക് ഗുപ്തയെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കാണ്‍പൂരിലെ ലാല ലജ്പത് റായ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മണിക് സര്‍ക്കാറിന്റെ മരണം കാണ്‍പൂര്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എസ്എന്‍ സിംഗ് സ്ഥിരീകരിച്ചിട്ടുണ്ട്.

 

Continue Reading

News

ജയലക്ഷ്മി സില്‍ക്‌സിലുണ്ടായ തീപിടിത്തം; കാരണം ഇതുവരെ കണ്ടെത്താനായില്ല, റിപ്പോര്‍ട്ട് കലക്ടര്‍ക്ക ഇന്ന് കൈമാറും

കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് പ്രാഥമിക കണ്ടെത്തല്‍.

Published

on

By

കോഴിക്കോട്: ജയലക്ഷ്മി സില്‍ക്‌സ് സ്ഥാപനത്തില്‍ ഉണ്ടായ വന്‍ തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഫയര്‍ഫോഴ്സ് പരിശോധനാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് പ്രാഥമിക കണ്ടെത്തല്‍. വിശദമായ റിപ്പോര്‍ട്ട് ഇന്ന് കലക്ടര്‍ക്ക് കൈമാറും.

തീപിടിത്തത്തില്‍ ഏകദേശം 50 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഥാപന മാനേജരുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ജയലക്ഷ്മി സില്‍ക്‌സിന്റെ രണ്ടും മൂന്നും നിലകളിലായിരുന്നു തീ വ്യാപിച്ചത്. വൈകിട്ട് ആറുമണിയോടെ പുക ഉയരുന്നത് കണ്ടതോടെ ഉപഭോക്താക്കളും ജീവനക്കാരും ഉടന്‍ പുറത്തേക്ക് ഒഴിഞ്ഞു. തുടര്‍ന്ന് ഫയര്‍ഫോഴ്സിന്റെ അഞ്ച് യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തീ നിയന്ത്രണാതീതമായതോടെ കരിപ്പൂര്‍ എയര്‍പോര്‍ട്ട് നിന്നുമുള്ള അത്യാധുനിക ഫയര്‍ എഞ്ചിനുകളും എത്തിച്ചു.

കെട്ടിടത്തിലെ ഫയര്‍ സേഫ്റ്റി സംവിധാനം കൃത്യമായി പ്രവര്‍ത്തിച്ചിരുന്നുവെന്നും ഫയര്‍ഫോഴ്സ് നേരത്തെ വ്യക്തമാക്കിയിരുന്നു. റമദാനും വിഷു വിപണിയും ലക്ഷ്യമിട്ട് വന്‍തോതില്‍ വസ്ത്രങ്ങള്‍ ഗോഡൗണില്‍ സംഭരിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. 2023 ഏപ്രിലിലും സ്ഥാപനത്തില്‍ തീപിടിത്തം ഉണ്ടായിരുന്നതാണ്.
സംഭവത്തില്‍ വിശദാന്വേഷണം പുരോഗമിക്കുകയാണ്.

 

Continue Reading

News

വിഴിഞ്ഞത്തെ രണ്ട്‌പേരുടെ മരണത്തിനു പിന്നില്‍ ഭക്ഷ്യവിഷബാധ കണ്ടെത്താനായില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

മരണത്തിന് പിന്നില്‍ ഭക്ഷ്യവിഷബാധയില്ലെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍

Published

on

By

തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് കടല്‍വിഭവം കഴിച്ചതിന് പിന്നാലെ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. മരണത്തിന് പിന്നില്‍ ഭക്ഷ്യവിഷബാധയില്ലെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. മരിച്ചവര്‍ കഴിച്ച അതേ ഭക്ഷണം അതേ ദിവസം ഏകദേശം ഇരുന്നൂറുപേര്‍ കൂടി കഴിച്ചിരുന്നുവെന്നും മറ്റ് ആരിലും ആരോഗ്യപ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വകുപ്പ് വ്യക്തമാക്കുന്നു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചിട്ടില്ല. മരിച്ചവര്‍ക്ക് കടല്‍വിഭവങ്ങളോട് അലര്‍ജി ഉണ്ടായിരിക്കാമെന്നാണ് ബന്ധുക്കളുടെ മൊഴി. ഇവര്‍ കഴിച്ച ഭക്ഷണത്തിന്റെ പത്ത് സാമ്പിളുകള്‍ പരിശോധനയ്ക്കായി കൊച്ചിയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്.

ഭക്ഷ്യസുരക്ഷ വകുപ്പിന്റെ അംഗീകാരമുള്ള ഹോട്ടലില്‍ നിന്നാണ് ഭക്ഷണം വാങ്ങിയതെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ലാബ് പരിശോധനാഫലം ലഭിച്ചശേഷം അന്തിമ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് സമര്‍പ്പിക്കും.

നിലമേല്‍ പ്ലാച്ചിയോട് കുന്നില്‍ വീട്ടില്‍ റഷീദ ബീവി (58)യും മരുമകന്‍ ഷാജി (48)യും ആണ് മരിച്ചത്. റഷീദ ബീവിയുടെ മകള്‍ സജി മോള്‍ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിഴിഞ്ഞത്തെ ഒരു റസ്റ്റോറന്റില്‍ നിന്ന് മീന്‍ വിഭവങ്ങള്‍ കഴിച്ച അഞ്ചംഗ സംഘം മടങ്ങും വഴി ദേഹാസ്വാസ്ഥ്യവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു.

ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്ന് ഹോട്ടല്‍ പൊലീസ് ഇടപെട്ട് താല്‍ക്കാലികമായി അടപ്പിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

Continue Reading

Trending