Connect with us

Film

കേരള സ്റ്റോറി 2: ടീസര്‍ പിന്‍വലിക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ച് നിര്‍മ്മാതാക്കള്‍

സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ, ടീസര്‍ പിന്‍വലിക്കാന്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് നിര്‍ദ്ദേശിച്ചിരുന്നു.

Published

on

കൊച്ചി: വിവാദ ചലച്ചിത്രം ‘കേരള സ്റ്റോറി 2’-ന്റെ ടീസര്‍ പിന്‍വലിക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ച് നിര്‍മ്മാതാക്കള്‍. സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ, ടീസര്‍ പിന്‍വലിക്കാന്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് മറുപടിയായാണ് ടീസര്‍ പിന്‍വലിക്കാന്‍ തയ്യാറാണെന്ന് നിര്‍മ്മാതാക്കള്‍ കോടതിയില്‍ വ്യക്തമാക്കിയത്.

കേരളത്തെയും ജനങ്ങളെയും മോശമായി ചിത്രീകരിക്കുന്നുവെന്നും സമൂഹത്തില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ സിനിമ കാരണമാകുമെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. അതേസമയം വ്യക്തത വരുത്തുന്നതിനായി കോടതി നാളെ വൈകിട്ട് സിനിമ കണ്ട ശേഷം പ്രദര്‍ശനാനുമതി സംബന്ധിച്ച അന്തിമ തീരുമാനം എടുക്കും. കൊച്ചിയില്‍ സിനിമയുടെ പ്രദര്‍ശനം ഒരുക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേരളം മതേതരത്വത്തിന്റെ നാടാണെന്നും സൗഹാര്‍ദ്ദപരമായാണ് എല്ലാവരും ഇവിടെ ജീവിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ഇതിന് അസ്വസ്ഥതയുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

സാധാരണഗതിയില്‍ സിനിമകളുടെ പ്രദര്‍ശനത്തില്‍ ഇടപെടാറില്ലെങ്കിലും ‘കേരള സ്റ്റോറി’ എന്ന പേര് നല്‍കിയത് സംബന്ധിച്ച ആശങ്കകള്‍ അവഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം സിനിമ യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന നിര്‍മ്മാതാക്കളുടെ വാദം പരിശോധിക്കും. ഉള്ളടക്കം വസ്തുതാവിരുദ്ധമെങ്കില്‍ ഇടപെടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

ഹിന്ദു പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗവും ഇന്ത്യ ഉടന്‍ ഇസ്ലാമിക് സ്റ്റേറ്റായി മാറുമെന്ന പരാമര്‍ശവും ടീസറില്‍ ഉള്‍പ്പെടുത്തിയത് പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘കേരള സ്റ്റോറി 2’ പ്രൊമോഷനില്‍ വിവാദം; ഇരകളെന്ന് അവകാശപ്പെട്ട് വേദിയിലെത്തിച്ചത് 37 ഉത്തരേന്ത്യന്‍ സ്ത്രീകളെ

ഒരാള്‍ പോലും കേരളത്തില്‍ നിന്നല്ല

Published

on

വസ്തുതാവിരുദ്ധമായ ഉള്ളടക്കത്തിന്റെ പേരില്‍ വിമര്‍ശനം ഏറ്റുവാങ്ങിയ ‘കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ പ്രമോഷന്‍ പരിപാടിയും വിവാദമാകുന്നു. ന്യൂഡല്‍ഹിയില്‍ നടന്ന പ്രമോഷന്‍ ചടങ്ങില്‍ ‘ലവ് ജിഹാദ്’ ഇരകളെന്ന് അവകാശപ്പെടുന്ന 37 സ്ത്രീകളെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിച്ച് അണിയറപ്രവര്‍ത്തകര്‍. എന്നാല്‍ ഇവരില്‍ ഒരാള്‍ പോലും കേരളത്തില്‍ നിന്നുള്ളവരല്ല എന്ന വസ്തുത പുറത്തുവന്നതോടെ പരിപാടി വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

പ്രമോഷനെത്തിയ 37 സ്ത്രീകളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു. സിനിമയുടെ പേര് ‘കേരള സ്റ്റോറി’ എന്നായിട്ടും കേരളത്തില്‍ നിന്നുള്ള ഇരകള്‍ എന്തുകൊണ്ട് ഇല്ല എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ നിര്‍മാതാവിനോ സംവിധായകനോ സാധിച്ചില്ല. കേരളത്തില്‍ നിന്നുള്ള ഇരകളുടെ വീഡിയോകള്‍ യൂട്യൂബില്‍ ലഭ്യമാണെന്നായിരുന്നു നിര്‍മാതാവിന്റെ മറുപടി. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചതോടെ അണിയറപ്രവര്‍ത്തകര്‍ പത്രസമ്മേളനം പാതിവഴിയില്‍ ഉപേക്ഷിച്ച് ഇറങ്ങിപ്പോയി.

രാജ്യത്ത് ‘ലവ് ജിഹാദ്’ നടക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ മുന്‍പ് വ്യക്തമാക്കിയിട്ടുള്ള കാര്യമാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചടങ്ങില്‍ ഉന്നയിച്ചു. എന്നാല്‍ ലവ് ജിഹാദ് കേരളത്തില്‍ തുടങ്ങി മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചതിനെ കുറിച്ചാണ് രണ്ടാം ഭാഗം പറയുന്നതെന്നായിരുന്നു സംവിധായകന്റെ വാദം.

ട്രെയിലറിലെ വിദ്വേഷപരമായ രംഗങ്ങള്‍ക്കെതിരെ ഇതിനോടകം തന്നെ കേരളത്തിനകത്ത് വലിയ വിമര്‍ശനം ഉയരുന്നുണ്ട്. ഹിന്ദു പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് ബീഫ് കഴിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങള്‍ സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുമെന്നായിരുന്നു പ്രധാന വിമര്‍ശനം.

അതേസമയം ചടങ്ങിലെത്തിയ സ്ത്രീകള്‍ യഥാര്‍ത്ഥ ഇരകളല്ലെന്നും സിനിമയുടെ പ്രചാരണത്തിനായി കെട്ടിച്ചമച്ച കഥകളാണെന്നും സമൂഹ മാധ്യമത്തില്‍ ഉള്‍പ്പെടെ ആരോപണങ്ങള്‍ ശക്തമാണ്.

 

Continue Reading

Film

‘അഭിപ്രായം പറഞ്ഞതിന് പുറത്താക്കി; ആത്മാഭിമാനത്തിന് മുറിവേറ്റു’: സര്‍ക്കാരിനെതിരെ തുറന്നടിച്ച് പ്രേംകുമാര്‍

ഒരു കലാകാരന് അഭിപ്രായസ്വാതന്ത്ര്യം പോലുമില്ലേ എന്നും അദ്ദേഹം ചോദിച്ചു.

Published

on

തിരുവനന്തപുരം: സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞതിന്റെ പേരിലാണ് തന്നെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കിയതെന്ന് നടന്‍ പ്രേംകുമാര്‍. ഇത് തന്റെ ആത്മാഭിമാനത്തിന് വലിയ മുറിവേല്‍പ്പിച്ചെന്നും പ്രേംകുമാര്‍ പറഞ്ഞു. തന്നെ പുറത്താക്കിയ വിവരം ഔദ്യോഗികമായി അറിയിച്ചില്ലെന്നും പത്രമാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഒരു കലാകാരന് അഭിപ്രായസ്വാതന്ത്ര്യം പോലുമില്ലേ എന്നും അദ്ദേഹം ചോദിച്ചു.

ആശാ വര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് ഒരു അനൗദ്യോഗിക യോഗത്തില്‍ താന്‍ നടത്തിയ പരാമര്‍ശമാണ് നടപടിക്ക് കാരണമായതെന്നും പ്രേംകുമാര്‍ പറഞ്ഞു.

‘ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നം പെട്ടെന്ന് പരിഹരിക്കണമെന്നും സമരം നീണ്ടുപോകുന്നത് ഉചിതമല്ലെന്നുമാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ കൂടെയുണ്ടായിരുന്നവര്‍ തന്നെ ഇത് ചോര്‍ത്തി നല്‍കി സര്‍ക്കാരിനെതിരെ വ്യാഖ്യാനിക്കുകയായിരുന്നു,’ പ്രേംകുമാര്‍ വിശദീകരിച്ചു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന്റെ തലേന്നാണ് മാറ്റിയതെന്നും ഒരു വിശദീകരണം പോലും ചോദിച്ചില്ലെന്നും പ്രേംകുമാര്‍ പറഞ്ഞു. ഒരു സാധാരണ ജോലിക്കാരനെ മാറ്റുമ്പോള്‍ പോലും കാണിക്കുന്ന മിനിമം മാന്യത സര്‍ക്കാര്‍ കാട്ടിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

നിലവില്‍ താന്‍ രാഷ്ട്രീയമായി സ്വതന്ത്രനാണെന്നും എന്നാല്‍ വര്‍ഗീയതയെ ചെറുക്കാന്‍ കോണ്‍ഗ്രസ് നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണെന്നും പ്രേംകുമാര്‍ വ്യക്തമാക്കി.

 

Continue Reading

Film

‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍’; രേഖ രതീഷിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ

യൂട്യൂബര്‍മാരുടെ സൈബര്‍ ആക്രമണത്തിനെതിരെ സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ച നടി രേഖ രതീഷിനെ പരിഹസിച്ച് കലാമണ്ഡലം സത്യഭാമ.

Published

on

കൊച്ചി: യൂട്യൂബര്‍മാരുടെ സൈബര്‍ ആക്രമണത്തിനെതിരെ സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ച നടി രേഖ രതീഷിനെ പരിഹസിച്ച് കലാമണ്ഡലം സത്യഭാമ. ഒരു കൂട്ടം യൂട്യൂബേഴ്സ് കാരണം കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനു കാരണം ഇവരായിരിക്കുമെന്നും രേഖ കഴിഞ്ഞ ദിവസം വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്ന് രേഖ രതീഷ് വീഡിയോയിലൂടെ വെളിപ്പെടുത്തി.

കഴിഞ്ഞ മൂന്ന് മാസമായി ഒരു കൂട്ടം യൂട്യൂബര്‍മാര്‍ മോശം തലക്കെട്ടുകളോടെ തന്നെക്കുറിച്ച് വീഡിയോകള്‍ ഇടുന്നുണ്ട്. കഴിഞ്ഞ ഒന്‍പത് മാസമായി ജോലിയില്ലാതെ ഫ്‌ലാറ്റില്‍ കുട്ടിയോടൊപ്പം കഴിയുകയാണെന്നും ഈ സാഹചര്യത്തില്‍ ഇത്തരം വ്യക്തിഹത്യകള്‍ താങ്ങാന്‍ കഴിയില്ലെന്നും താരം പറയുന്നു.
ജീവിക്കാന്‍ അനുവദിക്കാത്ത തരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടപടി എടുക്കണമെന്നും, തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ഈ യൂട്യൂബര്‍മാരാണെന്നും രേഖ പറഞ്ഞു.

രേഖയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് കലാമണ്ഡലം സത്യഭാമ ഫേസ്ബുക്കിലൂടെ രൂക്ഷമായ ഭാഷയില്‍ രംഗത്തുവന്നത്. ‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍’ എന്ന തലക്കെട്ടോടെയാണ് സത്യഭാമ കുറിപ്പ് പങ്കിട്ടത്. പബ്ലിക് ഫിഗര്‍ ആയതുകൊണ്ടാണ് ഇത്രയും ടെന്‍ഷന്‍ അനുഭവപ്പെടുന്നതെന്നും, കുറച്ചുനാള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാതെ ഇരുന്നാല്‍ എല്ലാം ശരിയാകുമെന്നും സത്യഭാമ പരിഹാസരൂപേണ പറയുന്നുണ്ട്.

സീരിയല്‍ രംഗത്തെ നിരവധി പേര്‍ ഇത്തരം യൂട്യൂബ് ചാനലുകള്‍ക്കെതിരെ നേരത്തെയും രംഗത്തെത്തിയിട്ടുണ്ട്.

 

Continue Reading

Trending