editorial
മറുപടിയില്ലാതെ സി.പി.എം
ധാര്‍ഷ്ട്യവും ധിക്കാരവും അസഹിഷ്ണുതയുമെല്ലാം കൈമുതലാക്കിയ ഒരു ഭരണകൂടത്തിനുണ്ടായ അനിവാര്യമായ പതനമാണിതെന്നത് പാര്‍ട്ടി അണികള്‍പോലും തുറന്നുസമ്മതിച്ചുകൊണ്ടിരിക്കുകയാണ്.
നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ ചരിത്രപരമായ തോല്‍വിയെക്കുറിച്ച് വിശദീകരിക്കാന്‍പോലും കഴിയാതെ സി.പി.എം തകര്‍ന്നുപോയതിന്റെ നഖചിത്രമായിരുന്നു പാര്‍ട്ടി സെക്രട്ടറി ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനം. ധാര്‍ഷ്ട്യവും ധിക്കാരവും അസഹിഷ്ണുതയുമെല്ലാം കൈമുതലാക്കിയ ഒരു ഭരണകൂടത്തിനുണ്ടായ അനിവാര്യമായ പതനമാണിതെന്നത് പാര്‍ട്ടി അണികള്‍പോലും തുറന്നുസമ്മതിച്ചുകൊണ്ടിരിക്കുകയാണ്. നേതാക്കളെന്നോ അണികളെന്നോ വ്യത്യാസമില്ലാതെ സാമൂഹ്യ മാധ്യമങ്ങലിലൂടെ സി.പി.എമ്മുകാര്‍ നടത്തിക്കൊണ്ടിരിക്കുന്ന മുറവിളികള്‍, പാര്‍ട്ടിക്കുണ്ടായ വീഴ്ച്ചയെക്കുറിച്ചും തെറ്റുതിരുത്തലിനെക്കുറിച്ചുമാണ്. എന്നാല്‍ ഫലം പുറത്തുവന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും എന്തുകൊണ്ട് നമ്മള്‍ തോറ്റു എന്ന് ഇപ്പോഴും ബോധ്യമാവാത്ത പാര്‍ട്ടി ശരിക്കും ഉറങ്ങുകയാണോ അതോ ഉറക്കം നടിക്കുകയാണോ എന്ന സംശയത്തിലാണ് സാമാന്യ ജനങ്ങളുള്ളത്. ഇതിലും കനത്തൊരു പ്രഹരം നല്‍കാനില്ലാത്തവിധം ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടും മാധ്യമങ്ങളുടെ മുന്നില്‍ വന്ന് പൊട്ടന്‍കളിക്കുന്ന പാര്‍ട്ടി സെക്രട്ടറി ബംഗാളിനെയും ത്രിപുരയെയും നിരന്തരം ഓര്‍മിപ്പിക്കുകയാണെന്നതാണ് വാസ്തവം.
യഥാര്‍ത്ഥത്തില്‍ എന്തുകൊണ്ട് തോറ്റു എന്ന ചോദ്യത്തിന് പാര്‍ട്ടിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും ഫേസ്ബുക്ക് പേജുകളില്‍ തന്നെ അണികള്‍ വിളിച്ചുപറയുന്നുണ്ട്. സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയുമെല്ലാം ചേര്‍ന്ന് പിണറായി വിജയന് സ്തുതിപാടുന്നതിന് പകരം ആ കമന്റുകളൊന്ന് മനസ്സിരുത്തി വായിക്കാന്‍ നേതൃത്വം തയാറായാല്‍ തന്നെ തോല്‍വിയുടെ കാരണങ്ങള്‍ ബോധ്യപ്പെടും. പാര്‍ട്ടിക്കേറ്റ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് എം.വി ഗോവിന്ദന്‍ സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്നാണ് ഭൂരിഭാഗം പേരും കമന്റുകളിലൂടെ ആവശ്യപ്പെടുന്നത്. നേതൃത്വത്തിന്റെ പിടിപ്പുകേടും ധാര്‍ഷ്ട്യവുമാണ് ഇത്രയും വലിയൊരു ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് ഉണ്ടാകാന്‍ കാരണമെന്നാണ് അണികളുടെ പ്രധാന വിമര്‍ശനം. പയ്യന്നൂരില്‍ നിന്ന് വിജയിച്ച വി. കുഞ്ഞികൃഷ്ണന്‍, തന്റെ പുസ്തകത്തിലൂടെ മാസങ്ങള്‍ക്ക് മുമ്പ് മുന്നറിയിപ്പ് നല്‍കിയതുപോലെ അണികള്‍ നേതൃത്വത്തെ തിരുത്തിയിട്ടും അതു ബോധ്യമായിട്ടില്ലെന്നുമാത്രമല്ല, ജനങ്ങളുടെ മനസ്സിനെയും മനോഭാവത്തെയും കുറിച്ച് സങ്കടപ്പെടുകയാണ് പാര്‍ട്ടിയുടെ സൈദ്ധാന്തികാചാര്യന്‍മാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
അമ്പലപ്പുഴയിലെ ജി. സുധാകരന്റെ വിജയത്തിനുപുറമെ രക്തസാക്ഷികളുടെ ചെഞ്ചോരകൊണ്ട് ചെഞ്ചായംപൂശിയ തളിപ്പറമ്പില്‍ ടി.കെ ഗോവിന്ദനും പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്ണനുമൊന്നും ജനവിധി തേടിയത് നിയമസഭ കാണാനുള്ള ആഗ്രഹംകൊണ്ടിയിരുന്നില്ല. അതു തങ്ങള്‍ പ്രതീക്ഷിച്ചിട്ടുമില്ലെന്ന് തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും ഇരുവരും വ്യക്തമാക്കിയിട്ടുള്ളതുമാണ്. അധികാരത്തിന്റെ ആലസ്യത്തില്‍ വഴിമാറിപ്പോയ പാര്‍ട്ടിയെയും സര്‍ക്കാറിനെയും അണികളെക്കൊണ്ട് തിരുത്തിക്കുക എന്നതുമാത്രമായിരുന്നു ഇരുവരുടെയും ലക്ഷ്യം. അവര്‍ ആ ദൗത്യം ഭംഗിയായി നിര്‍വഹിച്ചപ്പോള്‍ പാര്‍ട്ടിക്ക് അനിവാര്യമായ പരാജയം സംഭവിക്കുകയായിരുന്നു. ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്ക് സമൂഹത്തിന് മനസ്സിലാകുന്ന ഭാഷയില്‍ മറുപടി പറയുന്നതിന് പകരം മടിയില്‍ കനമുള്ളവന്‍ വഴിയില്‍ ഭയക്കുന്നതുപോലെ ആരോപണം ഉന്നയിച്ചവരെ വ്യക്തിഹത്യ ചെയ്യാനും തേജോവധം ചെയ്യുവാനുമായിരുന്നു നേതൃത്വം തയാറായത്. പാര്‍ട്ടിസെക്രട്ടറിക്ക് പകരം ഭാര്യയെ കൊണ്ടുവന്നത് ചോദ്യം ചെയ്തയാള്‍ക്ക് കുലംകുത്തിപട്ടം ചാര്‍ത്തിനല്‍കിയപ്പോള്‍ പാര്‍ട്ടിരക്തസാക്ഷിയുടെ പേരില്‍ പിരിച്ചെടുത്ത പണം അടിച്ചുമാറ്റിയത് ചൂണ്ടിക്കാണച്ചതിന് കള്ളനാക്കിമാറ്റുകയുമായിരുന്നു. എന്നാല്‍ ആരാണു കള്ളനെന്നും ആരാണ് കുലംകുത്തിയെന്നും തുറന്നുപറയുകയാണ് ഇരുമണ്ഡലങ്ങളിലും അണികള്‍ ചെയ്തിരിക്കുന്നത്. എന്നിട്ടും തെറ്റു സമ്മതിക്കാന്‍ തയാറല്ലെന്നാണ് പാര്‍ട്ടിസെക്രട്ടറിയുടെ ഈ ഒളിച്ചുകളിയും വിഴുങ്ങിക്കളിയും വ്യക്തമാക്കുന്നത്.
സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത തിരിച്ചടിയുണ്ടാകുമ്പോള്‍ അതില്‍നിന്ന് മുക്തമാകുന്നതുവരെ മൗനം അവലംഭിക്കുക്കയെന്നത് സാധാരണമാണ്. എന്നാല്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഒറ്റക്ക് നേതൃത്വം നല്‍കുകയും സര്‍ക്കാറിന്റെ മുഖമായി സ്വയം അവതരിക്കുകയും പാര്‍ട്ടിയെയും മുന്നണിയെയുംകൊണ്ട് അങ്ങിനെ അവതരിപ്പിക്കുകയും ചെയ്ത പിണറായി വിജയന്‍ മൗനത്തിന്റെ മാളത്തില്‍ നിന്ന് ഇനിയും പുറത്തുവരാന്‍ തയാറാകാത്തത് സ്വതസിദ്ധമായ ധാര്‍ഷ്ട്യത്തിനും ധിക്കാരത്തിനും തടയിടാന്‍ ഈ ജനവിധിപോലും അപര്യാപ്തമാണെന്നതിന്റെ സൂചനയാണ്. ഏതായാലും ഇക്കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം അധികാര പ്രമത്തതയുടെ ദന്തഗോപുരത്തില്‍ അധിവസിച്ചുകൊണ്ട് ചെയ്തുകൂട്ടിയ മനുഷ്യത്വരഹിതമായ സമീപനങ്ങള്‍ അദ്ദേഹത്തെ വേട്ടയാടുന്നുണ്ടാകുമെന്നതുറപ്പാണ്. ജനാധിപത്യത്തോട് എന്തെങ്കിലും കടപ്പാട് അവശേഷിക്കുന്നുണ്ടെങ്കില്‍ പ്രതിപക്ഷത്തോട് മാത്രമല്ല, സാധാരണക്കാരായ ജനങ്ങളോടും കാണിച്ച ആ മൃഗീയമായ സമീപനത്തിന്റെ പേരില്‍ മാപ്പുപറയാനെങ്കിലും അദ്ദേഹം വാ തുറക്കേണ്ടതുണ്ട്. എന്തുകൊണ്ട് തോറ്റു എന്ന് അണികള്‍ തന്നെ കൃത്യമായി വിശദീകരിച്ചുകൊണ്ടിരിക്കുമ്പോള്‍ അതായിരിക്കും അദ്ദേഹത്തിന് ഉചിതം.
editorial
അതിജീവനത്തിന്റെ വികസനരേഖ
കേരളത്തിന്റെ രാഷ്ട്രീയ ചക്രവാളത്തില്‍ പ്രതീക്ഷയുടെയും പ്രായോഗികതയുടെയും പുതിയൊരു ഉദയസൂര്യനെ അടയാളപ്പെടുത്തുകയാണ് ഐക്യജനാധിപത്യ മുന്നണി(യു.ഡി.എഫ്) പുറത്തിറക്കിയ പ്രകടനപത്രിക.
കേരളത്തിന്റെ രാഷ്ട്രീയ ചക്രവാളത്തില്‍ പ്രതീക്ഷയുടെയും പ്രായോഗികതയുടെയും പുതിയൊരു ഉദയസൂര്യനെ അടയാളപ്പെടുത്തുകയാണ് ഐക്യജനാധിപത്യ മുന്നണി(യു.ഡി.എഫ്) പുറത്തിറക്കിയ പ്രകടനപത്രിക. വെറും വാഗ്ദാനങ്ങളുടെ പെരുമഴയല്ല, മറിച്ച് ഓരോ സാധാരണക്കാരന്റെയും ഉത്കണ്ഠകളെയും സ്വപ്‌നങ്ങളെയും തൊട്ടറിയുന്ന ‘വികസന രൂപരേഖ’യാണ് യു.ഡി.എഫ് പ്രകടനപത്രികയെന്ന് പറയാതെ വയ്യ. വറ്റിവരണ്ട ജനജീവിതത്തിലേക്ക് സാന്ത്വനത്തിന്റെ കുളിര്‍മഴ പെയ്യിക്കാനും, മുരടിച്ചുപോയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം പകരാനുമുള്ള കൃത്യമായ ദിശാബോധം ഈ പത്രികയുടെ ഓരോ വരിയിലുമുണ്ട്.
തിരഞ്ഞെടുപ്പ് ഗോദയില്‍ വാഗ്ദാനങ്ങളുടെ പെരുമഴക്കാലമാണ്. എന്നാല്‍, വെറും വാക്കുകള്‍ക്കപ്പുറം ഒരു ജനതയുടെ അതിജീവനത്തിനുള്ള മാര്‍ഗരേഖയായി മാറുമ്പോഴാണ് ഒരു പ്രകടനപത്രിക അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. കൊച്ചിയില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രകാശനം ചെയ്ത പ്രകടനപത്രിക, വരാനിരിക്കുന്ന അഞ്ച് വര്‍ഷങ്ങളില്‍ കേരളം എങ്ങോട്ട് സഞ്ചരിക്കണം എന്നതിനെക്കുറിച്ചുള്ള കൃത്യമായ ദിശാസൂചികയാണ്. ‘കരുതലും വികസനവും’ എന്ന ഇരട്ടലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി തയ്യാറാക്കിയ പത്രികയില്‍, ആധുനികതയുടെ തിളക്കവും സാധാരണക്കാരന്റെ വിയര്‍പ്പിന്റെ മണവുമുണ്ട്. അക്ഷരങ്ങളില്‍ കോറിയിട്ട വെറും വാക്കുകളല്ല ഇത്, മറിച്ച് സാധാരണക്കാരന്റെ ആകുലതകള്‍ക്കുള്ള മരുന്നാണ്. യു.ഡി.എഫിന്റെ പ്രകടനപത്രികയിലെ ഓരോ വരിയും സ്പര്‍ശിക്കുന്നത് സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരുടെ ജീവിതത്തെയാണ്.
കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പിലാക്കി വിജയിപ്പിച്ച ‘ശക്തി’ പദ്ധതിയുടെ മാതൃകയില്‍, കേരളത്തിലെ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്തത് വിപ്ലവകരമായ നീക്കമാണ്. കോളജ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം നല്‍കുമെന്ന പ്രഖ്യാപനം ഉന്നതവിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. സ്ത്രീ ശാക്തീകരണം എന്നത് പ്രസംഗങ്ങളിലല്ല, മറിച്ച് അവരുടെ ജീവല്‍പ്രശ്‌നങ്ങളിലുള്ള ഇടപെടലാണെന്ന് യു.ഡി.എഫ് അടിവരയിടുന്നു.
തകര്‍ന്നുതരിപ്പണമായ റബ്ബര്‍ കര്‍ഷകന് 300 രൂപ തറവില ഉറപ്പാക്കുമെന്ന പ്രഖ്യാപനം മലയോര മേഖലയ്ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. നെല്ലിനും മറ്റ് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും കൃത്യമായ വില ഉറപ്പാക്കുന്നതിലൂടെ കാര്‍ഷിക മേഖലയിലെ പ്രതിസന്ധിക്ക് അറുതിവരുത്താന്‍ സാധിക്കും. കാര്‍ഷിക സംസ്‌കാരത്തെ വീണ്ടെടുക്കാതെ കേരളത്തിന് മുന്നോട്ടുപോകാനാവില്ലെന്ന തിരിച്ചറിവ് യു.ഡി.എഫ് പ്രകടനപത്രികയിലുടനീളം കാണാം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്മരണാര്‍ത്ഥം പ്രഖ്യാപിച്ച 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, ചികിത്സാച്ചെലവ് താങ്ങാനാവാതെ ഉഴറുന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമാകും.
ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഡയാലിസിസ് നല്‍കുമെന്ന വാഗ്ദാനം ആരോഗ്യരംഗത്തെ ഏറ്റവും വലിയ കാരുണ്യപ്രവൃത്തിയാണ്. ക്ഷേമ പെന്‍ഷനുകള്‍ 3,000 രൂപയായി വര്‍ദ്ധിപ്പിക്കുകയും അത് കുടിശ്ശികയില്ലാതെ ഗുണഭോക്താക്കളുടെ കയ്യിലെത്തിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്യുന്നത് മുതിര്‍ന്ന പൗരന്മാരോടുള്ള നീതിയാണ്. മുതിര്‍ന്നവര്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന പ്രഖ്യാപനം ഭരണരംഗത്തെ പുതിയൊരു മാതൃകയാണ്. കേരളം ഇന്ന് കടന്നുപോകുന്നത് സാമ്പത്തികമായ പ്രതിസന്ധികളിലൂടെയാണ്. ഈ ഘട്ടത്തില്‍ ഖജനാവിന്റെ സ്ഥിതി കൂടി കണക്കിലെടുത്തുകൊണ്ടുള്ള പ്രായോഗികമായ പദ്ധതികളാണ് യു.ഡി.എഫ് മുന്നോട്ടുവെക്കുന്നത്. കടമെടുപ്പ് വികസനമല്ല, മറിച്ച് ഉല്‍പ്പാദനക്ഷമമായ മേഖലകളില്‍ നിക്ഷേപം നടത്തിക്കൊണ്ടുള്ള സുസ്ഥിര വികസനമാണ് ലക്ഷ്യം. ജനാധിപത്യത്തിന്റെ ഉത്സവമായ തിരഞ്ഞെടുപ്പില്‍, ശരിയായ ദിശ തിരഞ്ഞെടുക്കാന്‍ ഈ പ്രകടനപത്രിക ജനങ്ങള്‍ക്ക് കരുത്താകും. വികസനവും സമാധാനവും കൈകോര്‍ക്കുന്ന ഒരു പുതുയുഗ കേരള നിര്‍മ്മിതിക്ക് യു.ഡി.എഫ് പ്രകടനപത്രിക അടിത്തറയാകട്ടെ.
editorial
ന്യൂനപക്ഷ വേട്ടക്ക് മറ്റൊരു നിയമം കൂടി
വിദേശ സംഭാവന നിയന്ത്രണ നിയമത്തില്‍ (എഫ്. സി.ആര്‍.എ) ഭേദഗതി വരുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള മറ്റൊരു കുരുക്കാണ്.
വിദേശ സംഭാവന നിയന്ത്രണ നിയമത്തില്‍ (എഫ്. സി.ആര്‍.എ) ഭേദഗതി വരുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള മറ്റൊരു കുരുക്കാണ്. ‘ദേശീയ സുരക്ഷ’ ഉറപ്പാക്കാനും ‘സുതാര്യത’ വര്‍ധിപ്പിക്കാനുമാണ് നിയമനിര്‍മാണമെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍, ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്ന പൊതുസമൂഹത്തെയും രാജ്യത്തിന്റെ പുരോഗതിയില്‍ നിസ്തുലമായ പങ്ക് വഹിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളെയും ഈ നിയമം മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നു. പതിറ്റാണ്ടുകളായി ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനകളെ പൊടുന്നനെ സംശയനിഴലിലാക്കിയിരിക്കയാണ് നിയമഭേദഗതി.
വിദേശഫണ്ട് ദുരുപയോഗം തടയാന്‍ നിയമങ്ങളുണ്ടായിരിക്കെ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനുള്ള ബോധപൂര്‍വമായ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായ വിദേശ ഇടപെടലുകള്‍ തടയുക എന്നത് ഏതൊരു പരമാധികാര രാഷ്ട്രത്തിന്റെയും അനിവാര്യതയാണ്. എന്നാല്‍, ആ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും സാമൂഹിക സേവനങ്ങളുടെയും ശ്വാസം മുട്ടിക്കപ്പെടുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. ലൈസന്‍സ് പുതുക്കുന്നതിലെ കാലതാമസവും അപ്രതീക്ഷിതമായ റദ്ദാക്കലുകളും വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കും.
പുതിയ വ്യവസ്ഥകള്‍ പ്രകാരം, ഒരു സംഘടനയുടെ എഫ്.സി.ആര്‍.എ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെടുകയോ റദ്ദാക്കപ്പെടുകയോ അല്ലെങ്കില്‍ കൃത്യസമയത്ത് പുതുക്കാന്‍ കഴിയാതിരിക്കുകയോ ചെയ്താല്‍, അതിന്റെ ആസ്തികള്‍ താല്‍ക്കാലികമായോ സ്ഥിരമായോ കണ്ടുകെട്ടാന്‍ സര്‍ക്കാരിന് അധികാരം ലഭിക്കും. പ്രധാനമായും ഇത് പണത്തെ മാത്രമല്ല, ഭൂമി, കെട്ടിടങ്ങള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെയും ബാധിക്കും. അവ ഭാഗികമായി മാത്രം വിദേശഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചതാണെങ്കില്‍ പോലും. പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന പല ന്യൂനപക്ഷ വിദ്യാലയങ്ങള്‍ക്കും ആശുപത്രികള്‍ക്കും ഭരണപരമായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കമ്യൂണിറ്റി ആസ്തികള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നതാണ് ബില്ല്.
ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ ഈ നിയമം സൃഷ്ടിച്ചിരിക്കുന്ന ആശങ്കകള്‍ ഗൗരവതരമാണ്. ഇന്ത്യയുടെ ഉള്‍ഗ്രാമങ്ങളില്‍ പോലും വിദ്യാഭ്യാസവും ചികിത്സയും എത്തിക്കുന്നതില്‍ ഈ സമുദായങ്ങളുടെ കീഴിലുള്ള എന്‍.ജി.ഒകള്‍ വഹിക്കുന്ന പങ്ക് നിഷേധിക്കാനാവില്ല. രാജ്യത്ത് 15,010 സംഘടനകള്‍ക്കാണ് എഫ്.സി.ആര്‍. ഐ ലൈസന്‍സുള്ളത്. ലൈസന്‍സ് കാലാവധി അവസാനിച്ചാല്‍ എന്‍.ജി.ഒകളുടെ വിദേശഫണ്ടും ആസ്തികളും കേന്ദ്ര സര്‍ക്കാരിന് കൈവശപ്പെടുത്താം. എല്ലാ അധികാരവും കേന്ദ്രീകരിച്ചിരിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിലെ ഒരുദ്യോഗസ്ഥന്‍ വിചാരിച്ചാല്‍പോലും ലൈസന്‍സ് പുതുക്കാതിരിക്കാം. പതിനായിരങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന പള്ളിയോ, മറ്റു സ്ഥാപനങ്ങളോ പിടിച്ചെടുക്കാം. മുന്‍കാല പ്രാബല്യത്തോടെ വ്യവസ്ഥ നടപ്പാക്കാമെന്നും ബില്ലിലുണ്ട്.
വിദേശരാജ്യങ്ങളില്‍ കഴിയുന്ന സഭാവിശ്വാസികള്‍ നേര്‍ച്ചയായി നല്‍കുന്ന പണത്തെ സംശയത്തോടെ കാണുന്നത് ശരിയല്ലെന്നാണ് ക്രൈസ്തവ സഭകളുടെ നിലപാട്. രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയാണ് ഇത്തരം ഫണ്ടുകള്‍ ഉപയോഗിക്കുന്നത്. വിദ്യാഭ്യാസ- ആരോഗ്യ- സാമൂഹിക മേഖലകളിലാണ് പണം ചെലവഴിക്കുന്നത്. ചെലവഴിക്കുന്ന ഓരോ പണത്തിനും വ്യക്തമായ കണക്കും രേഖകളുമുണ്ട്. വിദേശ ഫണ്ടുകളെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് ആശുപത്രികളും സ്‌കൂളുകളും തകര്‍ക്കാന്‍ ഈ നിയമം ആയുധമാക്കപ്പെടുമോ എന്ന ഭീതി വ്യാപകമാണ്. പാവപ്പെട്ടവര്‍ക്ക് ലഭിക്കുന്ന സൗജന്യ ചികിത്സയും സ്‌കോളര്‍ഷിപ്പുകളും മുടങ്ങാന്‍ ഈ നിയന്ത്രണങ്ങള്‍ കാരണമാകും.
മത-സാമുദായിക സംഘടനകളുടെയും പ്രതിപക്ഷ കക്ഷികളുടെയും കടുത്ത എതിര്‍പ്പിനിടയിലും ബില്‍ ഇന്ന് പാസാക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ലോക്‌സഭയില്‍ അവതരിപ്പിക്കപ്പെട്ട ബില്‍ ഇന്നത്തെ റിവേഴ്‌സ്ഡ് ലിസ്റ്റ് ഓഫ് ബിസിനസില്‍ ഉള്‍പ്പെടുത്തിയ തോടെയാണ് ബില്‍ ലോക്‌സഭ പാസാക്കുമെന്ന ആശങ്ക ശക്തമായത്. നിര്‍ണായകമായ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ബില്‍ അവതരിപ്പിച്ച സമയവും ഇതിന് മുന്‍പായി കൂടിയാലോചനകള്‍ നടക്കാത്തതും ശ്രദ്ധേയമാണ്. അഞ്ചു സംസ്ഥാനങ്ങളില്‍ നിര്‍ണായക തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ എം.പിമാര്‍ അവരുടെ സംസ്ഥാനങ്ങളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിനില്‍ക്കുന്ന തക്കം നോക്കി പ്രതിപക്ഷ കക്ഷി പ്രതിനിധികളുടെ അഭാവത്തില്‍ നിര്‍ണായക ഭേദഗതികള്‍ ചുട്ടെടുക്കുകയാണ്.
സുതാര്യത കൊണ്ടുവരേണ്ടത് അത്യാവശ്യം തന്നെയാണ്. പക്ഷേ അത് സേവന പ്രവര്‍ത്തനങ്ങളുടെ കുഴിമാടത്തിന് മുകളിലാകരുത്. വിദേശ പണം എവിടെനിന്ന് വരുന്നു, എങ്ങോട്ട് പോകുന്നു എന്ന് നിരീക്ഷിക്കാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ലഭ്യമായിരിക്കെ, കടുത്ത നിയമങ്ങള്‍ വഴി സന്നദ്ധ സംഘടനകളെ തളച്ചിടുന്നത് സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ സംശയനിഴലിലാക്കുന്നു. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരം സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ജനാധിപത്യം എന്നാല്‍ ഭൂരിപക്ഷാധിപത്യം മാത്രമല്ല, മറിച്ച് വിയോജിപ്പുകളെയും വൈവിധ്യമാര്‍ന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളെയും ചേര്‍ത്തുപിടിക്കല്‍ കൂടിയാണ്. ആശങ്കകള്‍ ദൂരീകരിക്കുന്നതിനായി പൊതുസമൂഹവുമായും മത-സാമൂഹിക നേതാക്കളുമായും തുറന്ന ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറാകണം. സുരക്ഷയുടെ പേരില്‍ സേവനത്തിന്റെ വാതിലുകള്‍ അടഞ്ഞുപോകാതിരിക്കട്ടെ.
editorial
അഴിഞ്ഞുവീഴുന്ന പി.ആര്‍ മൂടുപടം
പത്രസമ്മേളനത്തില്‍ പിണറായി വിജയന്‍ ദേശാഭിമാനിയുടെയും കൈരളിയുടെയും പ്രതിനിധികള്‍ക്ക് മാത്രം മറുപടി നല്‍കിയതുമായി ബന്ധപ്പെട്ടാണ് വാക്കേറ്റം ഉണ്ടായത്.
ജനങ്ങളെ കേള്‍ക്കാനും അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിനല്‍കാനും മനസുണ്ടാകുക എന്നതാണ് ഒരു ജനനേതാവിന്റെ ഏറ്റവും പ്രധാനപ്പെട്ട യോഗ്യതകളിലൊന്ന്. കേരളംകണ്ട ജനകീയ നേതാക്കളുടെയെല്ലാം സവിശേഷതയും ഇതായിരുന്നു. സദസ്സില്‍ നിന്നുയരുന്ന ചോദ്യം ഒരാളുടേത് മാത്രമല്ലെന്നും ഒരു ജനവിഭാഗത്തിന്റെ തന്നെ വികാരമാണെന്നും തിരിച്ചറിഞ്ഞുകൊണ്ടാണ് അവര്‍ മറുപടി നല്‍കിയിരുന്നത്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളെയാകട്ടേ ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്റെ അടയാളപ്പെടുത്തലായാണ് അവര്‍ കണ്ടിരുന്നത്.
ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്ന് കേരള വ്യത്യസ്തമാക്കുന്നതും ജനങ്ങളും ജനനേതക്കളും തമ്മിലുള്ള ഈ ബന്ധമാണ്. ഒരു ധന്യപാരമ്പര്യത്തിന്റെ കൈവഴിയെന്നോണം ആ പാരസ്പര്യം അഭംഗുരം നമ്മുടെ നാട്ടില്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയുമാണ്. എന്നാല്‍ ഈ ഗണത്തിലൊന്നും പെടുത്താന്‍ തനിക്ക് ഒട്ടും യോഗ്യതയില്ലെന്ന് അനുദിനം തെളിയിച്ചുകൊണ്ടിരിക്കുകയാണ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വതസിദ്ധമായ ധിക്കാരവും ധാര്‍ഷ്ട്യവും മറച്ചുപിടിക്കാന്‍ കോടികള്‍ ചിലവിഴിച്ച് പി.ആര്‍ കമ്പനികള്‍ കിണഞ്ഞു ശ്രമിച്ചിട്ടും ജനങ്ങളുടെ നികുതിപ്പണം വൃഥാവിലാകുകയല്ലാതെ തനിക്കുമറാന്‍ കഴിയില്ലെന്ന് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ ഇന്നലെ കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയുണ്ടായ സംഭവവികാസങ്ങള്‍ ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വലിയ വാക്കേറ്റം തന്നെ ഉണ്ടാകുന്ന അവസ്ഥയിലെത്തി. പത്രസമ്മേളനത്തില്‍ പിണറായി വിജയന്‍ ദേശാഭിമാനിയുടെയും കൈരളിയുടെയും പ്രതിനിധികള്‍ക്ക് മാത്രം മറുപടി നല്‍കിയതുമായി ബന്ധപ്പെട്ടാണ് വാക്കേറ്റം ഉണ്ടായത്. പാര്‍ട്ടി ചാനലുകളുടെ പ്രതിനിധികള്‍ക്ക് മാത്രം മുഖ്യമന്ത്രി മറുപടി നല്‍കുന്നത് സ്ഥിരം ശൈലിയായി മാറിയിരിക്കുകയാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഇങ്ങനെയാണെങ്കില്‍ വാര്‍ത്താസമ്മേളനം എന്ന പ്രഹസനം നടത്തേണ്ടതില്ലല്ലോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ മുഖ്യമന്ത്രിയോടുള്ള പ്രതികരണം.
മൂന്ന് ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി നല്‍കി ഇന്നത്തെ സമയം കഴിഞ്ഞെന്നും ഇനി നാളെയെന്നും പറഞ്ഞ് എഴുന്നേറ്റ് പോയ പിണറായി വിജയന്റെ നടപടിയാണ് വാര്‍ത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചത്. മാധ്യമപ്രവര്‍ത്തകര്‍ എതിര്‍പ്പ് അറിയിച്ചതിന് പിന്നാലെ തിരികെ എത്തിയെങ്കിലും എസ്.ഡി.പി.ഐ കൂട്ടുകെട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ വീണ്ടും പൊട്ടിത്തെറിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇടുക്കിയില്‍ വെച്ച് തിരഞ്ഞെടുപ്പ് യോഗത്തിനിടെ ‘സഖാവേ ഒരു ചോദ്യംചോദിക്കാനുണ്ട്’ എന്ന് പറഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകനോടുള്ള സമീപനവും സമാനമായിരുന്നു. അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതി എന്നായിരുന്നു അന്നത്തെ മറുപടി.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനിടെ ചരിത്രത്തിലില്ലാത്ത വിധത്തിലുള്ള പൊട്ടിത്തെറിയും കൊഴിഞ്ഞുപോക്കുമെല്ലാമാണ് ഇത്തവണ സി.പി.എമ്മിലുണ്ടായിരുന്നത്. ജി. സുധാകരനുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിക്ക് സംഭവിച്ച ജീര്‍ണതയില്‍ മനംനൊന്ത് ഒന്നിനു പിറകെ ഒന്നായി പാര്‍ട്ടി വിടുകയും മത്സര രംഗത്തിറങ്ങുകയും ചെയ്തപ്പോള്‍ നേതാക്കള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന പാര്‍ലമെന്ററി വ്യാമോഹത്തിന്റെ മകുടോദാഹരണാമായിട്ടായിരുന്നു പിണറായി വിജയന്‍ അതിനെ വ്യാഖ്യാനിച്ചത്. എന്നാല്‍ അധികാരപ്രമത്തത അദ്ദേഹത്തെ എത്രമാത്രം വരിഞ്ഞുമുറുക്കിക്കഴിഞ്ഞു എന്നതിന്റെ ഉദാഹരണമാണ് അദ്ദേഹത്തില്‍ നിന്ന് തുടര്‍ച്ചയായുണ്ടായിക്കൊണ്ടിരിക്കുന്ന വഴിവിട്ട നീക്കങ്ങള്‍.
ഭരണ വിരുദ്ധവികാരം മറ്റാരേക്കാളും മനസിലാക്കിയ പിണറായിയുടെ മാനസിക പിരിമുറുക്കമാണ് നിലംവിട്ടുള്ള ഈ പെരുമാറ്റത്തിലൂടെ പ്രകടമാകുന്നത്. അതോടൊപ്പം ഏതു വിധേനയും അധികാരം നിലനര്‍ത്താനുള്ള വ്യഗ്രതയില്‍ തന്റെ തന്നെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന അന്തര്‍ധാരകള്‍ സമൂഹം തിരിച്ചറിഞ്ഞതിലുള്ള ജാള്യതയില്‍ നിന്നുടലെടുത്ത പ്രതികാരനോഭാവവും അദ്ദേഹത്തെ വേട്ടായിടിക്കൊണ്ടിരിക്കുകയാണ്. ജനവികാരം പൂര്‍ണമായും എതിരാണെന്നതിനാല്‍ സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമങ്ങളിലാണ് ഇടതുപക്ഷത്തിന്റെ ഏക പ്രതീക്ഷ. അതിനായി ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ച് കേരളീയ സമൂഹത്തെ ധ്രുവീകരിക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അപകടകരമായ ഈ പ്രവണത മടിയും മറയുമില്ലാതെ നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ അതേക്കുറിച്ചുള്ള ചോദ്യങ്ങളും അദ്ദേഹത്തെ അസ്വസ്തതപ്പെടുത്തുകയാണ്. അതിന്റെ ഭാഗമാണ് ഉത്തരംമുട്ടുമ്പോള്‍ കുഞ്ഞനംകുത്തുന്ന ഈ സമീപനം.
ഭരണരംഗത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതേ ശൈലി പിന്തുടരുന്ന പിണറായി മാധ്യമങ്ങളോടുള്ള സമീപനത്തിലും മോദിയെ അച്ചട്ട പകര്‍ത്തുകയാണ്. മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ ഭയക്കുന്ന മോദി തന്റെ ഇംഗിതത്തിന് വഴങ്ങുന്ന മാധ്യമങ്ങള്‍ക്ക് മാത്രമേ മുഖംകൊടുക്കാറുള്ളൂ. രാഷ്ട്രീയ കാര്യങ്ങള്‍ പങ്കുവെക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പകരം സെലിബ്രറ്റികളെയാണ് മോദി തിരഞ്ഞെടുക്കാറുള്ളത്. ആഗ്രഹിക്കുന്ന ചോദ്യങ്ങള്‍ക്ക് ആസ്വദിച്ച് മറുപടി നല്‍കിക്കൊണ്ടുള്ള ഒരു വിനോദം മാത്രമാണ് മോദിക്ക് അഭിമുഖമെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനും അതുപകര്‍ത്തിയിരിക്കുകയാണ്. വാര്‍ത്താ സമ്മേളനങ്ങളിലും നേരത്തെ ഒരുക്കിനിര്‍ത്തിയവര്‍ക്കാണ് ഇരുവരും അവസരം നല്‍കാറുള്ളത്. ഒട്ടുമിക്ക മാധ്യമസ്ഥപനങ്ങളുടെയും മേധാവികള്‍ മോദിയുടെ സ്വന്തക്കാരായതിനാല്‍ ഡല്‍ഹിയില്‍ തിരക്കഥകള്‍ക്കൊന്നും മാറ്റമുണ്ടാകാറില്ല. എന്നാല്‍ കേരളത്തില്‍ ജനങ്ങളുടെ സാമാന്യ ബോധത്തെ ചോദ്യംചെയ്യുന്ന ഈ അന്തര്‍നാടകങ്ങളില്‍ സഹികെട്ട മാധ്യമങ്ങള്‍ പ്രതികരിക്കാന്‍ തുടങ്ങിയതിന്റെ അനന്തരഫലമാണ് ഇന്നലെ കൊല്ലം പ്രസ്‌ക്ലബില്‍ കാണാനിടയായത്. ഏതായാലും മുഖ്യമന്ത്രിയുടെയും ഇടതു പക്ഷത്തിന്റെയും തനിനിറം ജനങ്ങളുടെ മുന്നില്‍ അനാവരണം ചെയ്യപ്പെടുന്ന ദിനങ്ങളാണ് വരാനിരിക്കുന്നതെന്നാണ് ഇത്തരം സംഭവങ്ങള്‍ നല്‍കുന്ന സൂചന.
-
main stories2 days agoകോട്ടകള്‍ തകര്‍ത്ത കൊടുങ്കാറ്റ്
-
india2 days agoതമിഴ്നാട്ടില്‍ മത്സരിച്ച രണ്ടു സീറ്റിലും വിജയിച്ച് മുസ്ലിം ലീഗ്
-
kerala3 days agoകേരളത്തില്‍ യുഡിഎഫ് തരംഗം: 102 സീറ്റുകളുമായി മിന്നും വിജയം
-
kerala2 days agoമുസ്ലിം ലീഗിന് ചരിത്ര വിജയം: 27-ല്‍ 22 സീറ്റുകളിലും വിജയക്കൊടി
-
News2 days agoഗതാഗത സുരക്ഷയില്‍ മുന്നിരയിലെത്താന് യുഎഇ; ജിസിസി ട്രാഫിക് വാരാചരണത്തിന് തുടക്കമായി
-
kerala2 days agoഅന്ന് തളിപ്പറമ്പില്‍ എം.വി ഗോവിന്ദനെ വിറപ്പിച്ചു; പിണറായിയെയും ഞെട്ടിച്ച് സ്റ്റാറായി റഷീദ്
-
kerala2 days agoനിയമസഭ കാണാതെ എട്ട് എല്‍ഡിഎഫ് ഘടകകക്ഷികള്‍
-
main stories2 days agoജില്ല തൂത്തുവാരി കണക്ക് തീര്‍ത്തു: മുസ്ലിംലീഗ്

