തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ബുധനാഴ്ച തൃശൂരില്‍ തുടക്കമാകും. ജനുവരി 14 മുതല്‍ 18 വരെ 25 വേദികളിലായി 250 ഇനങ്ങളില്‍ 15,000 കലാപ്രതിഭകള്‍ മാറ്റുരക്കും. 14ന് രാവിലെ 10ന് തേക്കിന്‍കാട് മൈതാനിയിലെ എക്‌സിബിഷന്‍ ഗ്രൗണ്ടിലെ പ്രത്യേക പന്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പതാക ഉയര്‍ത്തുന്നതോടെ കലോത്സവത്തിന് ഔദ്യോഗിക തുടക്കമാകും. പാണ്ടിമേളവും, 64ാം കലോത്സവത്തെ സൂചിപ്പിച്ച് 64 വിദ്യാര്‍ഥികള്‍ അണിനിരക്കുന്ന കുടമാറ്റവും നടക്കും. മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. സ്വാഗതസംഘം ചെയര്‍മാന്‍കൂടിയായ റവന്യൂ മന്ത്രി കെ. രാജന്‍ സ്വാഗതം പറയും.
‘ഉത്തരവാദിത്ത കലോത്സവം’ എന്നതാണ് ഇത്തവണത്തെ കലോത്സവത്തിന്റെ ആപ്തവാക്യം. ബി.കെ. ഹരിനാരായണനാണ് സ്വാഗതഗാനം ചിട്ടപ്പെടുത്തിയത്. കലാമണ്ഡലത്തിന്റെ നേതൃത്വത്തില്‍ സ്വാഗതഗാനം അവതരിപ്പിക്കും. തീം സോങ് പാലക്കാട് പൊറ്റശ്ശേരി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഒരുക്കിയിട്ടുള്ളത്.
ഹരിതചട്ടം പാലിച്ചാകും കലോത്സവം നടക്കുക.