kerala

കിളിമാനൂരില്‍ ദമ്പതികളുടെ അപകട മരണം; കേസില്‍ ആദ്യ അറസ്റ്റ്

By webdesk17

January 22, 2026

തിരുവനന്തപുരം കിളിമാനൂരില്‍ രജിത് -അംബിക ദമ്പതികള്‍ അപകടത്തില്‍പ്പെട്ട് മരിച്ച സംഭവത്തില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. നെയ്യാറ്റിന്‍കര സ്വദേശി ആദര്‍ശാണ് അറസ്റ്റിലായത്. അപകടത്തിനു കാരണമായ വാഹനം ഓടിച്ചയാളെ ഒളിവില്‍ പോകാന്‍ സഹായിച്ച ആളാണ് ആദര്‍ശ്. കേസിലെ രണ്ടാം പ്രതിയാക്കിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം അപകടം ഉണ്ടാക്കിയ പ്രതികളെ ഇതുവരെ പൊലീസിന് പിടികൂടാന്‍ സാധിച്ചിട്ടില്ല. പ്രതികള്‍ തമിഴ്നാട്ടില്‍ ഒളിവിലാണെന്നാണ് സൂചന. ഇവര്‍ക്കായി അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു.

ജനുവരി നാലിനാണ് പാപ്പാല ജംഗ്ഷനില്‍ മഹീന്ദ്ര ഥാര്‍ വാഹനം കുന്നുമ്മല്‍ സ്വദേശികളായ രഞ്ജിത്ത് അംബിക ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ച് അപകടം ഉണ്ടായത്. അംബിക അപകടത്തിന് മൂന്നു ദിവസത്തിനു ശേഷവും രജിത്ത് കഴിഞ്ഞ ദിവസവും മരിച്ചു. വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ക്കെതിരെ കേസെടുക്കാതെ പൊലീസ് ഒത്തു കളിക്കുന്നത് ആരോപിച്ച് രജിത്തിന്റെ മൃതദേഹവുമായി കിളിമാനൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ വലിയ പ്രതിഷേധം ബന്ധുക്കള്‍ സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തെ തുടര്‍ന്നാണ് വര്‍ക്കല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം കേസന്വേഷണം ആരംഭിച്ചത്.