ലണ്ടന്‍: ബ്രിട്ടീഷ് തലസ്ഥാന നഗരിയായ ലണ്ടനെ നടുക്കി വീണ്ടും ഭീകരാക്രമണം. രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ നാലു ദിവസം മാത്രം ശേഷിക്കെയാണ്, ചാവേര്‍ വേഷത്തിലെത്തിയ ഭീകരര്‍ നഗരത്തെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയത്.
വാഹനംകൊണ്ട് ഇടിച്ചുവീഴ്ത്തിയും കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചുമായിരുന്നു ആക്രമണം. ഏഴു പേര്‍ മരിക്കുകയും 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു. ഒരു ഇന്ത്യക്കാരനും പരിക്കേറ്റവരില്‍ ഉള്‍പ്പെടും. ഇയാളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് അറസ്റ്റു ചെയ്തു. അക്രമികളില്‍ ഒരാളുടെ ഉടമസ്ഥതയിലുള്ള ലണ്ടന്‍ നഗരത്തിലെ ഫഌറ്റില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ അറസ്റ്റിലായത്. പ്രാദേശിക സമയം ശനിയാഴ്ച രാത്രി 10 മണിയോടെ പ്രസിദ്ധമായ ലണ്ടന്‍ ബ്രിഡ്ജിനു സമീപം ജനത്തിരക്കേറിയ ബറോ മാര്‍ക്കറ്റിലാണ് ആക്രമണം നടന്നത്.

വെള്ള വാനിലെത്തിയ മൂന്നംഗ സംഘം കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റുകയാണ് ആദ്യം ചെയ്തത്. തൊട്ടു പിന്നാലെ വാനില്‍നിന്നിറങ്ങിയ അക്രമികള്‍ ഊരിപ്പിടിച്ച കത്തിയുമായി കണ്ണില്‍ കണ്ടവരെയെല്ലാം കുത്തിവീഴ്ത്തി. സ്‌ഫോടക വസ്തുകള്‍ നിറച്ചതുപോലുള്ള ജാക്കറ്റ് ധരിച്ച് ചാവേറുകളെന്ന് തോന്നിക്കും വിധമാണ് അക്രമികള്‍ എത്തിയത്. അതുകൊണ്ടുതന്നെ അക്രമികളെ തടയാന്‍ ആരും മുന്നോട്ടു വന്നില്ല. ജനക്കൂട്ടം ഭയചകിതരായി നാലുപാടും ചിതറിയോടി. സമീപത്തെ റസ്റ്റാറന്റുകളിലും ബാറുകളിലും കയറിയും സംഘം ആക്രമണം തുടര്‍ന്നു. വിവരമറിഞ്ഞ ഉടന്‍ തന്നെ മെട്രോപോളിറ്റന്‍ പൊലീസ് സ്ഥലത്ത് കുതിച്ചെത്തി. എട്ടു മിനുട്ടിനകം മൂന്ന് ആക്രമകിളേയും സായുധരായ പൊലീസ് സംഘം വെടിവെച്ചു വീഴ്ത്തിയതായി മെട്രോപോളിറ്റന്‍ പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ മാര്‍ക് റോളി പറഞ്ഞു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അക്രമികള്‍ ധരിച്ചിരുന്ന ചാവേര്‍ വേഷങ്ങള്‍ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയത്. ഭീകരാക്രമണമാണ് നടന്നതെന്ന് സ്ഥിരീകരിച്ച പൊലീസ്, വിശദമായ അന്വേഷണം ആരംഭിച്ചതായും വ്യക്തമാക്കി. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പൊലീസിലെ ഒരു ഉദ്യോഗസ്ഥനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.