ഇന്ത്യന്‍ സംഗീതത്തിന് ആഗോള കേളീ ശൈലി ഉണ്ടാക്കിക്കൊടുത്ത പ്രസിദ്ധനാണ് സംഗീതജ്ഞനായ എആര്‍ റഹ്മാന്‍. തന്റെ 54ാം പിറന്നാളിന്റെ നിറവിലാണ് അദ്ദേഹമിന്ന്. എ ആര്‍ റഹ്മാന്റെ സംഗീതം പോലെ തന്നെ പ്രസിദ്ധമാണ് അദ്ദേഹത്തിന്റെ ജീവിത കഥയും. ആര്‍കെ ശേഖറിന്റെ ദലീപ് കുമാര്‍ എന്ന മകന്‍ എആര്‍ റഹ്മാന്‍ ആയ കഥ പല വേദികളില്‍ അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. ആര്‍ക്കും പ്രചോദനമാകുന്ന ജീവിതമാണ് അദ്ദേഹത്തിന്റേത്.

സംഗീതം കഴിഞ്ഞാല്‍ റഹ്മാന്‍ ഏറ്റവും അധികം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത് ഇസ്‌ലാമിലേക്കുള്ള മതംമാറ്റത്തിന്റെ പേരിലായിരുന്നു. അച്ഛന്റെ മരണ ശേഷമാണ് ഇസ്‌ലാമിലെത്തുന്നത്. തന്റെ ആദ്യ ഹിറ്റ് ചിത്രമായ ‘റോജ’യുടെ റിലീസിന് മുന്നെ ആയിരുന്നു അത്. അന്ന് റഹ്മാന് 23 വയസാണ്. മാതാവായ കസ്തൂരിയും സഹോദരങ്ങളും റഹ്മാനൊപ്പം ഇസ്‌ലാം സ്വീകരിച്ചു.

ഇസ്‌ലാം സ്വീകരിച്ച ശേഷം മാതാവായ കരീമാ ബീഗമാണ് റഹ്മാന്‍ എന്ന പേര് വെക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചത്. നോട്ട്‌സ് ഓഫ് എ ഡ്രീം എന്ന റഹ്മാന്റെ ആത്മകഥാപരമായ പുസ്തകത്തില്‍ ഇക്കാര്യത്തെ പറ്റി അദ്ദേഹം പറയുന്നുണ്ട്.

എന്നാല്‍ താന്‍ വിശ്വസിക്കുന്ന മതത്തെ മറ്റുള്ളവരിലേക്ക് അടിച്ചേല്‍പിക്കാന്‍ ഒരു കാലത്തും അദ്ദേഹം ശ്രമിച്ചിരുന്നില്ല. ഹിന്ദുസ്ഥാന്‍ ടൈംസ് ബ്രഞ്ചിന് നല്‍കിയ അഭിമുഖത്തിലാണ് റഹ്മാന്‍ തന്റെ മതപരിവര്‍ത്തനത്തെ കുറിച്ച് വിശദമായി സംസാരിച്ചത്. ‘നിങ്ങള്‍ക്ക് ഒന്നും അടിച്ചേല്‍പ്പിക്കാനാകില്ല. ചരിത്രം ബോറായതു കൊണ്ട് ഇകണോമിക്‌സോ സയന്‍സോ എടുത്തോളൂ എന്ന് നിങ്ങളുടെ മകനോടോ മകളോടോ പറയാന്‍ ആകില്ല. അത് വ്യക്തിരമായ ഇഷ്ടമാണ്’ മതം അടിച്ചേല്‍പ്പിക്കുന്നതിനെ കുറിച്ച് റഹ്മാന്‍ പറഞ്ഞു.

ഒരുപാട് പേര്‍ എന്നോട് ഇസ്ലാം മതം സ്വീകരിച്ചാന്‍ ജീവിതത്തില്‍ ഉയര്‍ച്ചകള്‍ ഉണ്ടാകുമോ എന്ന് ചോദിച്ചിട്ടുണ്ട്. ഇത് ഒരിക്കലും ഇസ്ലാം മതം സ്വീകരിക്കുക എന്നതല്ല. മറിച്ച് നമുക്ക് വിശ്വസിക്കാനുള്ള ഒരു ഇടം ഉണ്ടാവുക എന്നതാണ്. വളരെ വിശിഷ്ടമായ പല കാര്യങ്ങളും എനിക്കും അമ്മയ്ക്കും സൂഫികള്‍ പറഞ്ഞു തന്നിട്ടുണ്ട്. പക്ഷെ എല്ലാ മതത്തിലും അത്തരത്തിലുള്ള ശ്രേഷ്ടമായ കാര്യങ്ങളുണ്ട്. ഞങ്ങള്‍ തെരഞ്ഞെടുത്തത് ഇതാണ്. അതില്‍ ഞങ്ങള്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. പ്രാര്‍ത്ഥന എന്നത് എനിക്ക് വളരെ സമാധാനം നല്‍കുന്ന ഒന്നാണ്. മറ്റ് വിശ്വാസങ്ങളിലും ഇതെല്ലാം ഉണ്ടാകും. എന്നാല്‍ എനിക്ക് ഇതിലാണ് വിശ്വാസം-റഹ്മാന്‍ പറഞ്ഞു.

നേരത്തെ മകള്‍ ഖദീജ ബര്‍ഖ ധരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിലും റഹ്മാന്‍ പ്രതികരിച്ചിരുന്നു. സ്ത്രീയായിരുന്നു എങ്കില്‍ താനും ബുര്‍ഖ ധരിക്കുമായിരുന്നു. അവര്‍ അതില്‍ സ്വാതന്ത്ര്യം കണ്ടെത്തുന്നു. അത് അവരുടെ ഇഷ്ടമാണ് എന്നാണ് റഹ്മാന്‍ പറഞ്ഞിരുന്നത്.