Connect with us

Video Stories

അയോധ്യ: ആര്‍ക്കിയോളജിക്കല്‍ സര്‍വേയും വിശ്വാസ്യതയും

Published

on

സുഫ്യാന്‍ അബ്ദുസ്സലാം
രാജ്യത്തിന്റെ പരമോന്നത കോടതിയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തെ കുറിച്ചുള്ള അവകാശ തര്‍ക്കവുമായി ബന്ധപ്പെട്ട വാദം കേള്‍ക്കല്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കേസിലെ സുപ്രധാന കക്ഷിയായ രാം ലല്ല വിരാജ്മാന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ: സി. എസ്. വൈദ്യനാഥന്‍ അയോധ്യയില്‍ ബാബരി മസ്ജിദ് നിന്നിരുന്ന സ്ഥലത്ത് നേരത്തെ ക്ഷേത്രമുണ്ടായിരുന്നുവെന്ന് സമര്‍ത്ഥിക്കാനായി പ്രധാനമായും അവലംബിച്ചത് 2003 ലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എ എസ് ഐ) ഉല്ഖനന റിപ്പോര്‍ട്ടിനെയാണ്.
മനുഷ്യരാശിയുടെ ചരിത്രം നിര്‍മ്മിക്കാന്‍ സഹായിക്കുന്ന പ്രാചീന കാലം മുതല്‍ മനുഷ്യവര്‍ഗ്ഗം അവശേഷിപ്പിച്ച ഭൗതികാവശിഷ്ടങ്ങളില്‍ നിന്ന് ഭൂതകാല സംസ്‌കാരങ്ങളെ പഠിക്കുന്ന ശാസ്ത്രത്തെയാണ് ആര്‍ക്കിയോളജി എന്നു വിളിക്കുന്നത്. പക്ഷപാതമോ മുന്‍വിധിയോ ചായ്വോ പ്രത്യേക ലക്ഷ്യങ്ങളോ ഇല്ലാതെ ചരിത്രത്തില്‍ സംഭവിച്ച കാര്യങ്ങളെ പഠനവിധേയമാക്കി പുരാവസ്തുക്കളുടെ കാലം ഗണിച്ച് അതിന്റെ സത്യാവസ്ഥ കൃത്യമായും നിഗമനം നടത്തുകയാണ് ആര്‍ക്കിയോളജി വിദഗ്ദര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. വളരെ സത്യസന്ധമായി നിര്‍വ്വഹിക്കപ്പെടേണ്ട പുരാവസ്തു പരിശോധനകളില്‍ മായം ചേര്‍ക്കപ്പെട്ടുകഴിഞ്ഞാല്‍ അത് ചരിത്രത്തോടുള്ള വഞ്ചനയായിത്തീരും. ജീവിക്കുന്ന സമൂഹത്തോടുള്ള കടുത്ത അപരാധമായി അത് മാറും. അയോദ്ധ്യ വിഷയത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) ചെയ്തത് ഇത്തരമൊരു അപരാധമാണെന്ന് പറയാതെ വയ്യ. കടുത്ത വിവാദങ്ങളില്‍ പെടുന്ന ആദ്യത്തെ എഎസ്ഐ റിപ്പോര്‍ട്ടാണിത്. ഹിന്ദുത്വ ശക്തികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തില്‍ ഊന്നിനിന്നുകൊണ്ടുള്ള ഒരു റിപ്പോര്‍ട്ട് മാത്രമാണിതെന്നും ശാസ്ത്രീയമായ തത്വങ്ങള്‍ വേണ്ടരീതിയില്‍ അവലംബിച്ചുകൊണ്ടല്ല ഇത് തയ്യാറാക്കപ്പെട്ടിട്ടുള്ളത് എന്നുമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.
ബി ജെ പി അധികാരത്തിലിരുന്ന സമയത്ത് 2002 ല്‍ അലഹബാദ് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് അയോധ്യയിലെ 2.77 ഏക്കറിലുള്ള തര്‍ക്കഭൂമിക്ക് താഴെ ഖനനം നടത്താന്‍ എ.എസ്.ഐക്ക് നിര്‍ദേശം നല്‍കി. ഒരു ക്ഷേത്രമോ അതിന്റെ ഘടനയോ ഉണ്ടായിരുന്നോ എന്നും പൊളിച്ചുമാറ്റിയ ശേഷം പള്ളി നിര്‍മ്മിച്ചിട്ടുണ്ടോയെന്നും കണ്ടെത്തുന്നതിനാണ് ഖനനം നടത്താന്‍ നിര്‍ദ്ദേശിച്ചത്. ഗ്രൗണ്ട് പെനെട്രേറ്റിംഗ് സര്‍വേയും (ജിപിആര്‍) ജിയോ റേഡിയോളജിയും ഉപയോഗിച്ച് സര്‍വേ നടത്താനായിരുന്നു കോടതി നിര്‍ദ്ദേശം. സര്‍വ്വേക്ക് വേണ്ടി എ.എസ്.ഐ തെരഞ്ഞെടുത്തത് ദില്ലി ആസ്ഥാനമായിട്ടുള്ള കനേഡിയന്‍ കമ്പനിയായ ടോജോ-വികാസ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിനെയായിരുന്നു. ടോജോ-വികാസിന് ആര്‍ക്കിയോളജിക്കല്‍ സര്‍വേയില്‍ യാതൊരു മുന്‍പരിചയവുമില്ലായിരുന്നു. ഇങ്ങനെയൊരു വിമര്‍ശനമുണ്ടായിരുന്നത് കൊണ്ടുതന്നെ എ എസ് ഐ യുടെ നടപടി സംശയാസ്പദമാണെന്ന നിരീക്ഷണം അന്ന് ശക്തമായിരുന്നു. 2003 ഫിബ്രവരിയില്‍ ഖനനത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ തന്നെ തര്‍ക്കഭൂമിയില്‍ കുഴിച്ചിട്ട ഘടനകളുടെ പാളികളുണ്ടെന്ന് കമ്പനി റിപ്പോര്‍ട്ട് ചെയ്തത് സംശയാസ്പദമായിരുന്നു. പ്രസ്തുത പ്രാഥമിക റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടത്. ജിപിആര്‍ കണ്ടെത്തലുകള്‍ തെളിവായി അംഗീകരിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി സ്റ്റാറ്റ്സ് കോ നിലനിര്‍ത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും കോടതിയില്‍ വാദങ്ങളുയര്‍ന്നിരുന്നു. പക്ഷെ കോടതി എതിര്‍വാദങ്ങള്‍ ആ ഘട്ടത്തില്‍ പരിഗണിച്ചില്ല. അഞ്ച് മാസത്തെ ഖനനത്തിന് ശേഷം ഓഗസ്റ്റ് 22 ന് എ.എസ്.ഐ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
എ എസ് ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സാങ്കേതികവും ചരിത്രപരവുമായ അപാകതകള്‍ ധാരാളം ഉള്ളതായി പ്രശസ്ത ചരിത്രകാരന്മാരായ കെ.എം. ശ്രീമാലി, ഇര്‍ഫാന്‍ ഹബീബ്, ആര്‍എസ് ശര്‍മ, ഡി. മണ്ഡല്‍ തുടങ്ങിയവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. 2003 ഒക്ടോബറില്‍ പുറത്തിറങ്ങിയ ഫ്രണ്ട് ലൈന്‍ വാരികയില്‍ ദല്‍ഹി യൂണിവേഴ്സിറ്റി ചരിത്ര വിഭാഗം തലവന്‍ കൂടിയായിരുന്ന പ്രൊഫ: കെ. എം. ശ്രീമാലി എ എസ് ഐ റിപ്പോര്‍ട്ടിന്റെ ആധികാരികതയെ ചോദ്യം ചെയ്തുകൊണ്ടും ശാസ്ത്രീയതയെ തള്ളിക്കൊണ്ടും ലേഖനമെഴുതുകയുണ്ടായി. ‘ണവശവേലൃ കിറശമി അൃരവമലീഹീ ഴ്യ?’ (ഇന്ത്യന്‍ ആര്‍ക്കിയോളജി എങ്ങോട്ട്?) എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍ പറഞ്ഞ പരാമര്‍ശങ്ങള്‍ക്ക് എ എസ് ഐക്ക് വ്യക്തമായ മറുപടി നല്‍കാന്‍ ഇന്നേ വരെ സാധിച്ചിട്ടില്ല.
പ്രൊഫ: ശ്രീമാലി ഉന്നയിച്ച പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവയാണ്. 1993 ല്‍ സ്റ്റാറ്റസ് കോ നിലനിര്‍ത്തണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശമുണ്ടായിട്ടും അലഹബാദ് കോടതി ഇങ്ങനെയൊരു ഉല്ഖനനത്തിനു നിര്‍ദ്ദേശിച്ചത് ശരിയായ കീഴ്‌വഴക്കമല്ല. പരിശോധന നടന്നത് പുരാവസ്തു കോണില്‍ നിന്നുകൊണ്ടല്ല എന്നും സാങ്കേതികതയുടെ പരിമിതികള്‍ കാരണമുള്ള പൊരുത്തക്കേടുകള്‍ ഉണ്ടാവാമെന്നുമുള്ള കുറ്റസമ്മതങ്ങള്‍ ഉല്ഖനനം നടത്തിയ ടോജോ-വികാസ് കമ്പനിയുടെ റിപ്പോര്‍ട്ടില്‍ തന്നെയുണ്ട്. എന്നിട്ടും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യക്ക് സാങ്കേതിക സഹായം നല്‍കാന്‍ ഇതേ കമ്പനിയെ ഏല്‍പ്പിച്ചത് ദുരൂഹമാണ്. ശാസ്ത്രീയമായ ഒട്ടനവധി പൊരുത്തക്കേടുകള്‍ അദ്ദേഹം ആ ലേഖനത്തില്‍ വിശദമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്.
‘ക്ഷേത്രം പൊളിച്ചു പള്ളി പണിതു’ എന്ന തിയറി സ്ഥാപിച്ചെടുക്കാന്‍ വേണ്ടി 1990 മുതല്‍ തന്നെ വിശ്വ ഹിന്ദു പരിഷത്ത് പുരാവസ്തു വിഭാഗത്തിന്റെ അനുകൂലമായ റിപ്പോര്‍ട്ടിനായി ശ്രമിച്ചുവന്നിട്ടുണ്ട്. പുരാവസ്തു വിഭാഗത്തിന് ഉല്ഖനനം നടത്തണമെങ്കില്‍ ബാബരി മസ്ജിദ് അവിടെ നിന്ന് മാറ്റി സ്ഥാപിക്കണമെന്നായിരുന്നു ആര്‍. എസ്. എസിന്റെ സൈദ്ധാന്തിക ജിഹ്വയായ ‘മന്തനില്‍’ ബി ബി ലാല്‍ എഴുതിയത്. ബി ബി ലാല്‍ 1968 മുതല്‍ 1972 വരെയുള്ള കാലയളവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറലായിരുന്നുവെന്ന കാര്യം കൂടി നാം അറിയേണ്ടതുണ്ട്. എ എസ് ഐ യെ ഒരു ഉപകരണമാക്കി ഉപയോഗിക്കാന്‍ ആര്‍. എസ്. എസ്. ശ്രമിച്ചുവെന്ന കാര്യം വളരെ വ്യക്തമാണ്.
കോടതി ചോദിച്ച ചോദ്യത്തിന് നേര്‍ക്കുനേരെ ഉത്തരം നല്‍കി അവസാനിപ്പിക്കുന്ന രീതിയാണ് റിപ്പോര്‍ട്ടിലുള്ളത്. പള്ളിയുടെ അടിഭാഗത്ത് ക്ഷേത്രാവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഉണ്ടായിരുന്നുവെന്ന് പറയുക മാത്രമല്ല പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണിത ക്ഷേത്രം ബാബ്റി മസ്ജിദ് സ്ഥാപിക്കുന്നതുവരെ അവിടെ ഉണ്ടായിരുന്നു എന്നുപോലും യാതൊരു ചരിത്രബോധവുമില്ലാതെ അമിതാവേശത്തില്‍ റിപ്പോര്‍ട്ട് തട്ടിവിടുകയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് ചരിത്രകാരന്മാര്‍ക്കിടയില്‍ ഇത് വലിയ കോലാഹലമുണ്ടാക്കിയതും. ‘ഹൈക്കോടതിയുടെ അനുമതിയോടെ ഞാന്‍ ഒരു മാസത്തോളം ഖനനം നിരീക്ഷിച്ചുകൊണ്ടിരുന്നു. മനുഷ്യാസ്ഥികൂടങ്ങളും മൃഗങ്ങളുടെ എല്ലുകളും പോലുള്ള വളരെ പ്രധാനപ്പെട്ട കണ്ടെത്തലുകള്‍ എ.എസ്.ഐയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ നിരന്തരമായി പോരാടി. എ.എസ്.ഐ എല്ലാ അതിരുകളും മറികടന്നു. ദല്‍ഹി സുല്‍ത്താന്മാരുടെ കാലഘട്ടത്തിനു മുമ്പ് തര്‍ക്കഭൂമിയില്‍ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന അവരുടെ വാദത്തിന് തെളിവുകളൊന്നുമില്ല.” ദല്‍ഹി യൂണിവേഴ്സിറ്റി ചരിത്രവിഭാഗം പ്രൊഫസര്‍ ആര്‍ സി തകരന്‍ അസന്നിഗ്ധമായി പറഞ്ഞു. (ഫ്രണ്ട് ലൈന്‍, ഒക്ടോബര്‍ 11, 2003).
ഖനന സമയത്ത് സര്‍വ്വേ ടീമിന്റെ കൂടെയുണ്ടായിരുന്ന വിദഗ്ധരില്‍ ഒരാളായിരുന്ന പ്രമുഖ പുരാവസ്തു ഗവേഷകന്‍ പ്രൊഫ: സൂരജ് ബാന്‍ പറയുന്നു: ‘ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ കണ്ടെത്തിയെന്ന് പറയുന്ന കെട്ടിടം ഒരിക്കലും ക്ഷേത്രമാതൃകയിലായിരുന്നില്ല. സങ്കല്‍പ്പങ്ങളെ വലിച്ചു നീട്ടിയാല്‍ പോലും അതിനൊരു ക്ഷേത്രമെന്ന് പറയാനേ സാധിക്കില്ല. അതിന്റെ തറയുടെ മാതൃകയും നിര്‍മ്മാണത്തിനുപയോഗിച്ച വസ്തുക്കളും സുല്‍ത്താന്മാരുടെ കാലഘട്ടത്തിലേതാണെന്നു തറപ്പിച്ചു പറയാന്‍ സാധിക്കും. ആ കാലഘട്ടത്തിലെ പരമ്പരാഗത മുസ്ലിം ആര്‍ക്കിടെക്ച്ചറിന് വേണ്ടി ഉപയോഗിക്കാറുണ്ടായിരുന്ന ലൈം സുര്‍ഖിയാണ് അതിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. കെട്ടിടത്തിന്റെ പ്ലാനാവട്ടെ ബാബരി മസ്ജിദിന്റെ അതെ പ്ലാന്‍ തന്നെയാണ്. അവിടെ നേരത്തെയുണ്ടായിരുന്ന പള്ളി വികസിപ്പിച്ചതാണെന്നേ പറയാന്‍ സാധിക്കൂ.’ 2003 സെപ്റ്റംബര്‍ 16 ഫ്രണ്ട് ലൈന്‍ വാരിക പ്രസിദ്ധീകരിച്ച ‘അതൊരു ക്ഷേത്രമായിരുന്നില്ല’ (ക േംമ െിീ േമ ലോുഹല) എന്ന തലക്കെട്ടില്‍ പാര്‍വതി മേനോന്‍ സൂരജ് ബാനുമായി നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണിത്.
2003 സെപ്റ്റംബര്‍ 8 ലെ ഔട്ട്‌ലുക്ക് വാരിക പ്രസിദ്ധീകരിച്ച ‘ജവമിീോ ീള ളീശൈഹ’െ എന്ന ലേഖനവും ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുണ്ട്. ‘ചില ജ്യാമിതീയ കണക്കുകള്‍ ഉപയോഗിച്ച് ഒരു സാങ്കല്‍പ്പിക ക്ഷേത്രത്തെ നിര്‍മ്മിക്കാനാണ് എ എസ് ഐ റിപ്പോര്‍ട്ട് ശ്രമിക്കുന്നത്. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ഉപയോഗിച്ച് കെട്ടിച്ചമച്ചതാണിത്. ഒരു സ്വത്ത് തര്‍ക്കത്തെ പരിഹരിക്കാന്‍ പുരാവസ്തു സംവാദം എങ്ങനെ ഉപകരിക്കാനാണ്?’ പ്രമുഖ ചരിത്രകാരന്‍ പത്മഭൂഷണ്‍ ഇര്‍ഫാന്‍ ഹബീബ് ഔട്ട്‌ലുക്കിനോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
സഫ്ദര്‍ ഹാഷ്മി മെമ്മോറിയല്‍ ട്രസ്റ്റിലെ (ടഅഒങഅഠ) ലെ റോമിലാ ഥാപ്പര്‍, കെ എന്‍ പണിക്കര്‍ എന്നിവരടക്കമുള്ള 62 അക്കാദമി അംഗങ്ങള്‍ എ എസ് ഐ റിപ്പോര്‍ട്ട് പുരാവസ്തു ഗവേഷകര്‍, പണ്ഡിതര്‍, ചരിത്രകാരന്മാര്‍ എന്നിവരെക്കൊണ്ട് പുനഃപരിശോധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ ‘ആര്‍ക്കിയോളജി വിഭാഗത്തിലെ വര്‍ഗീയതക്കെതിരെ’ (അഴമശിേെ രീാാൗിമഹശമെശേീി ീള മൃരവമലഹീഴ്യ അ രൃശശേൂൗല ീള അടക ൃലുീൃ)േ എന്ന തലക്കെട്ടില്‍ ഒരു പുസ്തകവും അവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എങ്ങനെയൊക്കെയായിരുന്നാലും ഇന്ത്യന്‍ ആര്‍ക്കിയോളജിക്കല്‍ വിഭാഗത്തെ വിലക്കെടുത്ത് സംഘ്പരിവാര്‍ നടത്തിയ ഈ നാടകങ്ങള്‍ വരും ദിവസങ്ങളില്‍ എങ്ങനെയാണ് രാജ്യത്തിന്റെ പരമോന്നത കോടതിയുടെ ഭരണഘടന ബെഞ്ചില്‍ പ്രതിഫലിക്കുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ബാബരി മസ്ജിദ് നിലനിന്നിരുന്ന ‘തര്‍ക്കഭൂമി’ എന്ന് വിളിക്കപ്പെടുന്ന പ്രദേശത്തിന്റെ ഭാഗധേയം നിര്‍ണയിക്കുകയെന്ന കാര്യത്തില്‍ സംശയമില്ല. ബാബരിയുടെ മാത്രമല്ല, സംഘപരിവാര്‍ നോട്ടമിട്ടിരിക്കുന്ന ഒട്ടനവധി പള്ളികളുടെ ഭാവിയും ഇതിനെ ആശ്രയിച്ചിരിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബജറ്റിന് പിന്നാലെ സ്വര്‍ണവിലയില്‍ വന്‍ കുതിച്ചുചാട്ടം; കൂടിയത് 400 രൂപ

ഇന്ന് മാത്രം രണ്ട് തവണയാണ് വില കൂടിയത്

Published

on

കൊച്ചി: ധനമന്ത്രിയുടെ കേന്ദ്രബജറ്റ് അവതരണത്തിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. 400 രൂപയാണ് ഇന്ന് പവന് കൂടിയത്. ഇന്ന് മാത്രം രണ്ട് തവണയാണ് വില കൂടിയത്. രാവിലെ 200 രൂപ കൂടി 42200 രൂപയും ഉച്ചക്ക് വീണ്ടും 200 രൂപ കൂടി 42,400 രൂപയുമായി.

ഗ്രാമിന് രാവിലെ 25 രൂപ വര്‍ധിച്ച് 5275 രൂപയും ഉച്ചക്ക് 25 രൂപകൂടി 5300 രൂപയുമായി. ബജറ്റില്‍ ഇറക്കുമതി ചെയ്യുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് മൂന്ന് ശതമാനം നികുതിയും വര്‍ധിപ്പിച്ചിട്ടുണ്ട്. നേരത്തെ 22% ഉണ്ടായിരുന്ന ഇറക്കുമതി നികുതി 25% ആയാണ് ഉയര്‍ത്തിയത്.

Continue Reading

Video Stories

വൈലിത്തറ ; അറിവിന്റെ നിലാവെളിച്ചം

ആലപ്പുഴയിലെ തീരദേശ ഗ്രാമമായ തൃക്കുന്നപ്പുഴയില്‍ 1930ലായിരുന്നു ജനനം. ഈഴവ സമൂഹം തിങ്ങി പാര്‍ത്ത പ്രദേശത്തെ മുസ്ലിം കുടുംബത്തില്‍ ജനിച്ച വൈലിത്തറയുടെ സഹപാഠികളെല്ലാം ഇതര മതവിശ്വാസികളായിരുന്നു. ഇത് പില്‍ക്കാലത്ത് ഇതര മതവിശ്വാസങ്ങളെ ആഴത്തില്‍ പഠിക്കാന്‍ അദ്ദേഹത്തെ സഹായിച്ചു. പിതാവ് വൈലിത്തറ മുഹമ്മദ് കുഞ്ഞ് മുസ്ലിയാര്‍ മകന്‍ അറിവിന്റെ വിഴിയില്‍ സഞ്ചരിക്കണമെന്ന് അഗ്രഹിച്ചു.

Published

on

നസീര്‍ മണ്ണഞ്ചേരി

ആലപ്പുഴ: പുലരുവോളം നീളുന്ന പ്രഭാഷണ പരമ്പരകള്‍, ഖുര്‍ആനിനൊപ്പം ഭഗവത്ഗീതയും ഉപനിഷത്തുകളും ബൈബിളും വേദികളില്‍ നിറഞ്ഞൊഴുകും. ഇലയനക്കത്തിന്റെ ശബ്ദത്തിന് പോലും ഇടം നല്‍കാതെ സദസ്യര്‍ അറിവിന്റെ നിലാമഴയില്‍ ലയിച്ചു കഴിഞ്ഞിരിക്കും ആരാത്രിയില്‍. ഇടയ്ക്ക് ബര്‍ണാട്ഷായുടെ കവിതകള്‍ കൃത്യമായ ഉച്ചാരണ ശുദ്ധിയോടെ ഉദ്ദരിച്ച് ശ്രോതാക്കളെ അത്ഭുതപ്പെടുത്തും. കേരളത്തിന്റെ പ്രഭാഷണ രംഗത്തെ കുലപതിയായി വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി വാണിരുന്ന കാലത്തെ ഇങ്ങനെ ചുരുക്കി വിവരിക്കാം.
വൈലിത്തറ നിധി പോലെ സൂക്ഷിച്ചു വെച്ചിരുന്ന തന്റെ പ്രഭാഷണ പരമ്പരയെ കുറിച്ച് 1960-80 കാലഘട്ടത്തില്‍ ചന്ദ്രികയുടെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിലുണ്ട് അദ്ദേഹത്തെ ഒരു ജനത എത്രമാത്രമാണ് നെഞ്ചേറ്റിയെന്നതിന്റെ തെളിവ്. ആ പ്രഭാഷണ പരമ്പരകളിലൂടെ ഉയര്‍ന്ന് പൊങ്ങിയ പള്ളിമിനാരങ്ങള്‍ ഇന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണാന്‍ കഴിയും.
തിരുവിതാംകൂറിന്റെ മലയാളത്തനിമയില്‍ പ്രഗല്‍ഭര്‍ വാണിരുന്ന മലബാറിന്റെ പ്രഭാഷണ വേദികളെ വേറിട്ട ശൈലികൊണ്ട് കീഴടക്കിയ മഹാപ്രതിഭയായിരുന്നു വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി. ഇസ്ലാമിക കര്‍മ്മ ശാസ്ത്രത്തിലും മദ്ഹബുകളും അഗാധ ജ്ഞാനമുണ്ടായിരുന്ന അദ്ദേഹം ലളിതമായ ഭാഷയില്‍ കേള്‍വിക്കാര്‍ക്ക് വലിയ അറിവുകള്‍ പകര്‍ന്നു നല്‍കി. കേരളത്തിന് പുറത്ത് ഗള്‍ഫ് രാജ്യങ്ങളിലും തിരക്കുള്ള പ്രഭാഷകനായി അദ്ദേഹം വേഗത്തില്‍ വളര്‍ന്നു. നാട്ടിലേക്ക് ലീവിനെത്തുന്ന പ്രവാസികള്‍ ബന്ധുക്കള്‍ക്ക് സമ്മാനിക്കാനായി കൊണ്ടുവന്നിരുന്നത് വൈലിത്തറയുടെ പ്രഭാഷണ കാസറ്റുകളായിരുന്നു എന്നതിലുണ്ട് നാട്ടിലും ഗല്‍ഫിലും അദ്ദേഹത്തിനുണ്ടായിരുന്ന സ്വീകാര്യത. അറിവായിരുന്നു മുഖമുദ്ര. മരണപ്പെടുന്നതിന് മുമ്പ് വരെ അദ്ദേഹം വായനയ്ക്കായി ജീവിതം മാറ്റിവെച്ചു. വലുപ്പച്ചെറുപ്പമില്ലാതെ ആരില്‍ നിന്നും പുതിയ അറിവുകള്‍ തേടുന്നതിനായി അദ്ദേഹം എന്നും പരിശ്രമിച്ചുകൊണ്ടിരുന്നു. ഓരോ പ്രഭാഷണ പരമ്പരകള്‍ക്ക് പുറപ്പെടുന്നതിന് മുമ്പും ദിവസങ്ങള്‍ നീണ്ട പഠനം നടത്തും. വിഷയത്തില്‍ നിന്നും വഴുതി മാറാതെ ശ്രോതാക്കളെ പിടിച്ചിരുത്തുകയെന്നത് ഏറെ അധ്വാനമുള്ള പ്രവര്‍ത്തിയാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.
ആലപ്പുഴയിലെ തീരദേശ ഗ്രാമമായ തൃക്കുന്നപ്പുഴയില്‍ 1930ലായിരുന്നു ജനനം. ഈഴവ സമൂഹം തിങ്ങി പാര്‍ത്ത പ്രദേശത്തെ മുസ്ലിം കുടുംബത്തില്‍ ജനിച്ച വൈലിത്തറയുടെ സഹപാഠികളെല്ലാം ഇതര മതവിശ്വാസികളായിരുന്നു. ഇത് പില്‍ക്കാലത്ത് ഇതര മതവിശ്വാസങ്ങളെ ആഴത്തില്‍ പഠിക്കാന്‍ അദ്ദേഹത്തെ സഹായിച്ചു. പിതാവ് വൈലിത്തറ മുഹമ്മദ് കുഞ്ഞ് മുസ്ലിയാര്‍ മകന്‍ അറിവിന്റെ വിഴിയില്‍ സഞ്ചരിക്കണമെന്ന് അഗ്രഹിച്ചു. കളത്തിപ്പറമ്പില്‍ മൊയ്തീന്‍കുഞ്ഞ് മുസ്ലിയാര്‍, വേണാട് ഹൈദ്രോസ് മുസ്ലിയാര്‍, ആലി മുസ്ലിയാര്‍, വടുതല കുഞ്ഞുബാവ മുസ്ലിയാര്‍ എന്നിവരായിരുന്നു ആദ്യകാല ഗുരുക്കന്മാര്‍. കുട്ടനാട് തകഴി കുന്നുമ്മ പള്ളിയിലായിരുന്നു ദറസ് പഠനം ആരംഭിച്ചത്. പാപ്പിനപ്പള്ളി മുഹമ്മദ് മുസ്ലിയാരായിരുന്നു അന്ന് മുദരിസ്. തുടര്‍ന്ന് സൂഫിവര്യനുമായ വാഴക്കാടന്‍ മുഹമ്മദ് മുസ്ലിയാരുടെ ദറസിലും ചേര്‍ന്ന് ദറസ് പഠനം നടത്തി. ദറസ് പഠനകാലത്ത് തന്നെ പ്രഭാഷണ രംഗത്ത് കഴിവ് തെളിച്ച അദ്ദേഹത്തിന് 18-ാം വയസില്‍ ജന്മാനാടായ തൃക്കുന്നപ്പുഴയിലെ ജ്ഞാനോദയം വായനശാലയുടെ വാര്‍ഷികത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം ആദ്യ പൊതുപ്രഭാഷണ വേദിയായി. ആത്മവിദ്യാസംഘത്തിന്റെ ആത്മീയ ആചാര്യന്‍ ആര്യഭട്ട സ്വാമിയുടെ അഭിനന്ദനം വേദിയില്‍ വെച്ച് ഏറ്റുവാങ്ങിയത് അഭിമാനത്തോടെ പലപ്പോഴും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതൊരു തുടക്കമായിരുന്നു, കേരളത്തിലൂടനീളമുള്ള പ്രഭാഷണ വേദികള്‍ കീഴടക്കിയ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവിയെന്ന യുവ പ്രഭാഷകന്റെ പിറവി. തുടര്‍ന്ന് സമീപ പ്രദേശമായ താമല്ലാക്കല്‍ പ്രഭാഷണ പരമ്പര തന്നെ നടത്തി. ഹരിപ്പാടിനും ആലപ്പുഴയുടെയും പുറത്തേക്ക് യുവ പ്രഭാഷകന്റെ ഖ്യാതി പടര്‍ന്നത് വളരെ വേഗത്തിലായിരുന്നു. പിന്നീട് മലബാര്‍ അദ്ദേഹത്തെ ഏറ്റെടുക്കുന്നതാണ് കണ്ടത്. ഏഴ് ദിവസത്തെ പ്രഭാഷണ പരമ്പര എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പുറപ്പെടുന്ന വൈലത്തറ ആഴ്ചകള്‍ക്ക് ശേഷവും വീട്ടില്‍ തിരികെ എത്താന്‍ കഴിയാത്ത അവസ്ഥയില്‍ വരെ എത്തി. പരമ്പരയ്ക്ക് അനുവദിച്ച ദിവസം കഴിഞ്ഞിട്ടും പലനാടും അദ്ദേഹത്തെ മടങ്ങാന്‍ അനുവദിക്കാത്ത സഹചര്യം വരെ സംജാതമായി. മലബാറിന്റെ ഹൃദയം കീഴടക്കിയ മുന്നേറിയ അദ്ദേഹം അവിടത്തെ ആത്മീയ രാഷട്രീയ രംഗത്തെ പ്രമുഖരുമായി വേഗത്തില്‍ അടുക്കുകയും ചെയ്തു. പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍, സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ബാഫഖി തങ്ങള്‍, സി.എച്ച് മുഹമ്മദ് കോയ, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ഇ. അഹമ്മദ്, ശംസുല്‍ ഉലമ ഇ. കെ അബൂബക്കര്‍ മുസ്ലിയാര്‍, കണ്ണിയത്ത് അഹമ്മദ് മുസ്ലിയാര്‍ തുടങ്ങി കാലയവനികയിലേക്ക് മറഞ്ഞ മഹാരതന്മാരുമായി അടുത്ത ബന്ധമാണ് അദ്ദേഹം പുലര്‍ത്തിയുരുന്നത്. തന്റെ വിശ്വാസ പ്രമാണങ്ങളെ ഉറക്കെ പറയുമ്പോഴും ഇതര മതവിശ്വാസികളെയും അദ്ദേഹം ചേര്‍ത്ത് നിര്‍ത്തി. അതിനാല്‍ തന്നെ പ്രഭാഷണ വേദികളില്‍ അദ്ദേഹത്തെ കേള്‍ക്കാന്‍ ഇതര മതസ്ഥര്‍ ഒഴുകിയെത്തുമായിരുന്നു. തൃക്കുന്നപ്പുഴയിലെ എസ്.എന്‍.ഡി.പി വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്ന അദ്ദേഹം പെരുന്നാള്‍ ദിവസം ഇതര മതസ്ഥര്‍ക്കായി വീട്ടില്‍ തന്നെ പ്രത്യേക വിരുന്നും ഒരുക്കിയിരുന്നു.

 

Continue Reading

Video Stories

വയനാട് സ്കൂളിൽ 86 കുട്ടികൾക്ക് ഛർദിയും വയറുവേദനയും: ഭക്ഷ്യവിഷബാധയെന്ന് സംശയം

ഇതില്‍ 12 പേരെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

on

വയനാട്ടിലെ സ്‌കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം. ലക്കിടി ജവഹര്‍ നവോദയ സ്‌കൂളിലെ 86 കുട്ടികള്‍ക്ക് ശാരീരിക അസ്വസ്ഥ്യം അനുഭവപ്പെട്ടു.
കുട്ടികളെ എല്ലാവരെയും വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 12 പേരെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്‌കൂളില്‍ താമസിച്ച്‌ പഠിക്കുന്ന കുട്ടികള്‍ക്കാണ് ഇന്നലെ രാത്രി മുതല്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ട 86 കുട്ടികളെ ഉടന്‍ തന്നെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികള്‍ക്ക് എങ്ങനെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത് എന്നത് വ്യക്തമല്ല. ആരോഗ്യവിഭാഗം പരിശോധന ആരംഭിച്ചിട്ടുണ്ട്.

Continue Reading

Trending