മലപ്പുറം: ആര്‍ക്കും പിടിച്ചു കെട്ടാനാവാതെ കോഴി വില കുതിച്ചുയരുന്നു. 240 മുതലാണ് ഒരു കിലോ കോഴി ഇറച്ചിക്ക് ഇന്നലത്തെ വില. ഇനിയും വില കൂടാനാണ് സാധ്യത എന്നാണ് കച്ചവടക്കാര്‍ പറയുന്നത്. മൂന്നാഴ്ച്ചയോളമായി കോഴി വില കുത്തനെ ഉയരുകയാണ്. ഇതോടെ കോഴി ഇറച്ചി ഉപയോഗിച്ചുണ്ടാക്കുന്ന ഭക്ഷ്യസാധനങ്ങള്‍ക്കും വിലകൂടി.
ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്ന കോഴികളുടെ ലഭ്യത കുറവും പുറത്തുനിന്നും ഇറക്കുമതി ചെയ്തിരുന്ന കോഴികളുടെ എണ്ണം കുറഞ്ഞതുമെല്ലാമാണ് കോഴി വില ഈവിധം കുത്തനെ കൂടാനുള്ള കാരണം. ഇതര സംസ്ഥാന ലോബികളാണ് ഇതിന് പിന്നിലെന്ന ആരോപണവും ഉയരുന്നുണ്ട്. ദിനംപ്രതി കോഴിയുടെ വില ഉയരുന്നത് കാരണം സാധാരണക്കാര്‍ കോഴി വാങ്ങാന്‍ മടിക്കുന്നതോടെ കച്ചവടം കുറച്ചതായി ചില്ലറ വില്‍പ്പനക്കാര്‍ പറയുന്നു.
റംസാന്‍ മാസം അടുത്തിരിക്കെ കോഴി വിലയില്‍ ഇനി കാര്യമായ മാറ്റം പ്രതീക്ഷിക്കെണ്ടെന്നും നേരിയ കുറവ് മാത്രമായിരിക്കും സംഭവിക്കുകയെന്നും കച്ചവടക്കാര്‍ പറയുന്നു. കോഴി വില കുത്തനെ കൂടിയതോടെ കച്ചവടം നാലില്‍ ഒന്നായി ചുരുങ്ങി. ലാഭവും കുറഞ്ഞു. വിഷയത്തില്‍ ഇടപെടാതെ സംസ്ഥാന സര്‍ക്കാറും നോക്കുകുത്തിയായിരിക്കുകയാണ്. തോന്നിയ രീതിയിലാണ് കോഴി വില കൂട്ടുന്നത്. സംസ്ഥാനത്തെ കോഴി വിലയെ നിയന്ത്രിക്കുന്നത് ഇന്നും ഇതര സംസ്ഥാന കോഴി ലോബികളാണ് എന്നാണ് ആക്ഷേപം.
സംസ്ഥാനത്തെ അഭ്യന്തര ഉല്‍പാദനം കൂട്ടിയും മറ്റും കുത്തനെയുള്ള വില വര്‍ധനവിന് തടയിടണമെന്നാണ് ആവശ്യം ഉയരുന്നത്. എന്നാല്‍ മൂന്നാഴ്ച്ചയോളമായി കോഴി വില കുത്തനെ ഉയര്‍ന്നിട്ടും സര്‍ക്കാറിന് ഒന്നും തന്നെ ചെയ്യാനായിട്ടില്ല. ഈ അടുത്തൊന്നും ഇത്ര വലിയ വില വര്‍ധനവ് ഇത്രയും കാലം നീണ്ടു നിന്നിട്ടില്ല. വില കുത്തനെ കൂടിയാലും ഒരാഴ്ച്ചക്കകം തന്നെ കുറയാറാണ് പതിവ്. എന്നാല്‍ ഇത് മൂന്നാഴ്ച്ചയോളമായി വില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.