അട്ടപ്പാടി മധു കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എവിടെയെന്ന് കോടതി. മണ്ണാര്‍ക്കാട് പ്രത്യേക കോടതിയാണ് ചോദ്യമുന്നയിച്ചത്. കേസ് ഇന്ന് പരിഗണിച്ചപ്പോള്‍ മധുവിനായി ആരും ഹാജറായില്ല.കേസില്‍ നിന്നും ഒഴിയാന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നേരത്തെ കത്ത് നല്‍കിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച വിടി രഘുനാഥാണ് സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ച് കത്ത് നല്‍കിയത്. നിലവില്‍ കേസ് ഫെബ്രുവരി 26 ലേക്ക് മാറ്റി

2018 ഫെബ്രുവരി 22നാണ് കേരളത്തെ മൊത്തം ഞെട്ടിച്ചുകൊണ്ട് മധുവിന്റെ കൊലപാതകം നടന്നത്. മാനസികാസ്വാസ്ഥ്യമുള്ള അട്ടപ്പാടിയിലെ യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് ഒരുക്കൂട്ടം ആളുകള്‍ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം പ്രചരിച്ചതോടെയാണ് സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നത്.