കണ്ണൂര്‍: കൗണ്‍സലിംഗിനായി എത്തിയ പതിനേഴുകാരിയെ വീട്ടില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മോട്ടിവേഷന്‍ സ്പീക്കറുമായ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍.മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടില്‍ കെ.സി. ഷാജു (59)വിനെയാണ് മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രിന്‍സിപ്പലായി വിരമിച്ച ശേഷം ഷാജു ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സലിംഗ് സംസ്ഥാന ഫാക്കല്‍റ്റിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. വിദ്യാഭ്യാസ വകുപ്പിന് വേണ്ടി ബോധവല്‍ക്കരണ ക്ലാസുകളും എടുത്തിരുന്നു.
പതിനേഴുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ഇയാള്‍ക്കെതിരെ മുന്‍പും സമാനമായ പരാതികള്‍ ഉണ്ടായിരുന്നുവെന്ന വിവരമുണ്ട്. പതിനേഴുകാരിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് നടത്തിയത്.
സമൂഹമാധ്യമങ്ങളില്‍ സ്ഥിരമായി മോട്ടിവേഷണല്‍ വീഡിയോകള്‍ പങ്കുവെച്ചിരുന്ന ഇയാള്‍ ‘മാസ്റ്റര്‍ ട്രെയിനര്‍’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. സൈക്കോളജിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, ലൈഫ് സ്‌കില്‍ ട്രെയ്നര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു.
പ്രതിയെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.