Connect with us

Video Stories

ബാബരി മസ്ജിദ്: കോടതി വിധി തരുന്ന ശുഭസൂചന

Published

on

രാജ്യത്തിന്റെ സാംസ്‌കാരിക-മതേതര സ്തംഭങ്ങളിലൊന്നായ ഉത്തര്‍പ്രദേശിലെ ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനാകേസില്‍ നിന്ന് മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ അഡ്വാനിയടക്കം 13 പേരെ ഒഴിവാക്കിയതിനെതിരായ ഉന്നത നീതി പീഠത്തിന്റെ പുതിയ ഉത്തരവ് കീഴ്‌കോടതിക്കുള്ള താക്കീതുപോലെ തന്നെ രാജ്യത്തെ മതേതര വിശ്വാസികളെയും രാജ്യസ്‌നേഹികളെയും സംബന്ധിച്ചിടത്തോളം ഏറെ ശുഭോദര്‍ക്കമായ ഒന്നായിരിക്കുന്നു. നീണ്ട ഇരുപത്തഞ്ചു വര്‍ഷത്തിന് ശേഷമാണെങ്കിലും കേസിലെ ഗൂഢാലോചന പുറത്തുവരാനും പ്രതികള്‍ക്ക് പരമാവധി ശിക്ഷലഭിക്കാനും ഈ ഉത്തരവ് ഉപകരിക്കുമെന്നു തന്നെയാണ് പൊതു സമാധാനകാംക്ഷികളായ ഏവരും പ്രതീക്ഷിക്കുന്നത്.
1992 ഡിസംബര്‍ ആറിന് അഞ്ഞൂറ് വര്‍ഷത്തിലധികം പഴക്കമുള്ള ബാബരി മസ്ജിദിന്റെ പൈശാചികമായ ധ്വംസനത്തിന് നേതൃത്വം നല്‍കിയവരില്‍ മുന്നില്‍ രാജ്യത്തെ പ്രമുഖ ബി.ജെ.പി നേതാക്കളായിരുന്നുവെന്ന് അന്നുതന്നെ തെളിഞ്ഞിരുന്നതാണ്. ബാബരി മസ്ജിദിന് വലിയ അകലെയല്ലാതെ സ്ഥാപിച്ച വേദിയില്‍ നിന്ന് അക്രമികളെ പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ പ്രോല്‍സാഹിപ്പിക്കുകയായിരുന്നു ഈ നേതാക്കള്‍. എല്‍.കെ അഡ്വാനിക്കു പുറമെ ബി.ജെ.പി അധ്യക്ഷന്‍ ഡോ. മുരളീമനോഹര്‍ ജോഷി, വി.എച്ച്.പി നേതാവ് അശോക് സിംഗാള്‍, മുന്‍ കേന്ദ്രമന്ത്രി ഉമാഭാരതി, അന്നത്തെ യു.പി മുഖ്യമന്ത്രിയും ഇപ്പോള്‍ രാജസ്ഥാന്‍ ഗവര്‍ണറുമായ കല്യാണ്‍സിങ്, വിനയ് കത്യാര്‍, സാധ്വി ഋതാംബര, ഗിരിരാജ് കിഷോര്‍, വിഷ്ണുഹരി ഡാല്‍മിയ തുടങ്ങിയവര്‍ക്കെതിരെയാണ് അന്നത്തെ അയോധ്യ പൊലീസ് ഗൂഢാലോചനാകുറ്റം ചുമത്തി കേസെടുത്തിരുന്നത്. ശിവസേനാ തലവന്‍ ബാല്‍താക്കറെ പ്രതിയായിരുന്നെങ്കിലും മരണപ്പെട്ടതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. ആര്‍.എസ്.എസ്, വിശ്വഹിന്ദുപരിഷത്ത്, ബജ്‌റംഗ്ദള്‍, ശിവസേന തുടങ്ങിയ സംഘ്പരിവാര്‍ സംഘടനകളുടെ കീഴിലെ കര്‍സേവകരാണ് സംഭവത്തിന് ഉത്തരവാദികളെന്നുകാട്ടി അവര്‍ക്കെതിരെയും അന്നുതന്നെ കേസെടുത്തിരുന്നു. ബാബരി മസ്ജിദ് ധ്വംസനക്കുറ്റം ലഖ്‌നോ കോടതിയിലും ഗൂഢാലോചനാകുറ്റം റായ്ബറേലി കോടതിയിലുമാണ് നടന്നത്. 2010ല്‍ റായ്ബറേലി വിചാരണ കോടതിയാണ് ഗൂഢാലോചനാകുറ്റം റദ്ദാക്കിയത്. ഇതിനെതിരെ സി.ബി.ഐ അലഹബാദ് കോടതിയെ സമീപിച്ചെങ്കിലും 2010 മെയ് 20ന് കീഴ്‌കോടതി വിധി ശരിവെക്കുകയായിരുന്നു. തുടര്‍ന്ന് 2011ല്‍ യു.പി.എ ഭരണകാലത്ത് സി.ബി.ഐ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ ബെഞ്ച് പുതിയ പരാമര്‍ശം പുറപ്പെടുവിച്ചിരിക്കുന്നത്. ലഖ്‌നോവില്‍ പ്രത്യേക കോടതി സ്ഥാപിച്ചതിനെതിരെ നിയമപ്രശ്‌നം ഉന്നയിച്ചായിരുന്നു കോടതിയുടെ വിടുതല്‍. എന്നാല്‍ ഈ കാരണം കേസില്‍ നിന്ന് ഒഴിവാകാന്‍ മതിയായതല്ലെന്ന നിഗമനമാണ് സുപ്രീംകോടതി നടത്തിയിരിക്കുന്നത്. ഈ രീതിയില്‍ സാങ്കേതിക കാരണം പറഞ്ഞ് പ്രതികള്‍ കേസില്‍ നിന്ന് ഒഴിവാക്കപ്പെടരുതെന്ന കോടതിയുടെ പരാമര്‍ശം അന്വേഷണ ഏജന്‍സികള്‍ക്കും കോടതികള്‍ക്കുമുള്ള താക്കീതുകൂടിയായി കാണണം. സമാനമായ വിധിയാണ് അനധികൃത സ്വത്തുകേസില്‍ കണക്കിലെ കൃത്രിമം കൊണ്ട് കുറ്റവിമുക്തമാക്കപ്പെട്ട ജയലളിതയുടെയും ശശികലയുടെയും കാര്യത്തില്‍ അടുത്തിടെ സുപ്രീം കോടതിയില്‍ നിന്നുണ്ടായതും ശശികലക്ക് ജയിലിലേക്ക് തിരിച്ചുപോകേണ്ടിവന്നതും.
പ്രതികള്‍ക്കെതിരെ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ പിനാകിചന്ദ്ര ഘോഷ്, രോഹിന്റണ്‍ നരിമാന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് സി.ബി.ഐയോട് നിര്‍ദേശിച്ചിരിക്കുന്നത്. ഉപപ്രധാനമന്ത്രിയായിരിക്കെയാണ് ലളിതമായ സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി കേസില്‍നിന്ന് അഡ്വാനിയടക്കമുള്ളവരെ ഹൈക്കോടതി ഒഴിവാക്കിയത്. മാത്രമല്ല സി.ബി.ഐ വളരെ വൈകിയാണ് അപ്പീല്‍ സമര്‍പ്പിച്ചതെന്ന അഡ്വാനിയുടെയും മറ്റു അഭിഭാഷകരുടെയും വാദം കോടതി അംഗീകരിച്ചതുമില്ല. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തന്നെ കോടതിയുടെ നിരീക്ഷണത്തെ ശരിവെക്കുകയായിരുന്നു.
ബാബരി മസ്ജിദ് തകര്‍ത്തതും ക്രിമിനല്‍ ഗൂഢാലോചനയും സംബന്ധിച്ച രണ്ടു കേസുകളുടെ വിചാരണ ലഖ്‌നോ വിചാരണക്കോടതിയില്‍ ഒരുമിച്ച് നടത്താവുന്നതാണെന്നും കോടതി സി.ബി.ഐയോട് ആവശ്യപ്പെടുകയുണ്ടായി. മാര്‍ച്ച് 22ന് കേസ് വീണ്ടും കേള്‍ക്കാന്‍ വെച്ചിരിക്കയാണ്. അഡ്വാനിയെയും മറ്റും വിട്ടയച്ചതിനെതിരെ 2015ല്‍ മഹ്മൂദ് അഹമ്മദ്ഹാജി നല്‍കിയ ഹര്‍ജിയെതുടര്‍ന്നാണ് സി.ബി.ഐ കോടതിയിലെത്തിയത്. ബി.ജെ.പി ഭരിക്കുമ്പോള്‍ സി.ബി.ഐ അലസമാകരുതെന്നായിരുന്നു ആ ഗുണകാംക്ഷിയായ വന്ദ്യവയോധികന്റെ അപേക്ഷ.
സമൂഹത്തില്‍ കലഹം പടര്‍ത്തുക, രാജ്യത്തിന്റെ അഖണ്ഡതക്ക് ഹാനികരമാകുന്ന രീതിയില്‍ പ്രസംഗിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഗൂഢാലോചകര്‍ക്കെതിരെ ചാര്‍ത്തപ്പെട്ടിരുന്നത്. ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ കണ്ടാലറിയാത്ത ലക്ഷക്കണക്കിനു പേര്‍ക്കെതിരെ പൊതുസ്ഥലത്ത് നിയമം ലംഘിച്ച് സംഘം ചേരല്‍, കവര്‍ച്ച, കൊലപാതകം, പിടിച്ചുപറി, മറ്റുള്ളവരെ അപായപ്പെടുത്തല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ പത്തു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന നിരവധി കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. പുതിയ ഉത്തരവോടെ രണ്ടുകേസുകളും ഇനി ഒരുമിച്ച് വിചാരണ നടത്താനാവും. എന്നാല്‍ ഗൂഢാലോചനാകേസില്‍ 186 സാക്ഷികളെയും ഇനിയും വിസ്തരിക്കേണ്ടി വരുമെന്ന പ്രതിഭാഗം അഭിഭാഷകന്‍ കെ.കെ വേണുഗോപാലന്റെ വാദത്തിന് കോടതി ചെവി കൊടുത്തിട്ടില്ല.
2010 സെപ്തംബര്‍ 30ന് ബാബരി മസ്ജിദ് നിലനിന്ന സ്ഥലം മുസ്്‌ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കും സന്യാസി സഭയായ നിര്‍മോഹി അഖോരക്കുമായി വീതിച്ചു നല്‍കണമെന്ന അലഹബാദ് ഹൈക്കോടതി വിധിയിന്മേലുള്ള അപ്പീലും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. 2013ല്‍ തല്‍സ്ഥിതി നിലനിര്‍ത്താനുള്ള കോടതി ഉത്തരവും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ നീതിവ്യവസ്ഥയും നീതിപീഠങ്ങളും ക്രമസമാധാനവും ഇതേപടി നിലനില്‍ക്കണമെന്ന് വാദിക്കുന്നവരെ സംബന്ധിച്ചിടത്തോളം കോടതി വിധി നമ്മുടെ ജനാധിപത്യത്തിലുള്ള വിശ്വാസം കൂടുതല്‍ ഉറപ്പിക്കാനുതകുമെന്ന കാര്യത്തില്‍ സംശയമില്ല. കൂട്ടിലടക്കപ്പെട്ട തത്ത എന്ന് സുപ്രീംകോടതിയില്‍ നിന്നുതന്നെ പഴികേട്ട രാജ്യത്തെ ഒന്നാമത്തെ അന്വേഷണ ഏജന്‍സിയാണ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍. സംഭവത്തിലെ ദൃക്‌സാക്ഷിയും എഴുപതുകാരനുമായ ഹാജി മഹ്മൂദിന്റെ സന്ദേഹം ദൂരീകരിക്കപ്പെടുകതന്നെ വേണം. ഇന്ന് രാജ്യം ഭരിക്കുന്നത് ഇതേ ഗൂഢാലോചനക്കാരുടെ അടുത്തയാളുകള്‍ തന്നെയാണ് എന്നത് കേസില്‍ ഇനിയെന്ത് സംഭവിക്കുമെന്ന ആശങ്ക ഉയര്‍ത്തുന്നുമുണ്ട്. ആര്‍.എസ്.എസുകാരനായ പ്രധാനമന്ത്രി ഭരിക്കുന്ന നാട്ടില്‍ നീതിന്യായത്തോടുള്ള പ്രതിബദ്ധത കൊണ്ടുമാത്രമാകും ഈകേസ് ഇനി മുന്നോട്ടുപോകുക. അതുതന്നെ സംഭവിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്‍കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് മുസ്‌ലിം ലീഗാണെന്ന് ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് നന്ദി അറിയിക്കാന്‍ പാണക്കാടെത്തി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഷൗക്കത്തിനിനെ മധുരം നല്‍കി സ്വീകരിച്ചു.

തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് മുസ്‌ലിം ലീഗാണെന്ന് ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. കൂട്ടായ, ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് നിലമ്പൂരിലുണ്ടായതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ഈ വിജയം ആത്മവിശ്വാസം നല്‍കുന്നതാണെന്നും കേരളത്തെ വീണ്ടെടുക്കുന്നതിലേക്കുള്ള പ്രയാണമാണ് നടത്താനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ഒരുമയോടെ കെട്ടിപ്പടുത്ത വിജയമാണ് നിലമ്പൂരിലേതെന്നും കൃത്യമായ, ജനപക്ഷ രാഷ്ട്രീയം മുന്നില്‍വെച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ജനാംഗീകാരം ലഭിച്ചെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. നിയമസഭയില്‍ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ യു.ഡി.എഫിന് പുതിയൊരംഗത്തിന്റെ അധിക കരുത്ത് കൂടി. നിലമ്പൂരിലെ വിഷയങ്ങള്‍ സഭയില്‍ ശക്തമായി ഉന്നയിക്കാനും ആ ജനതക്ക് സുരക്ഷിതത്വം ഉറപ്പ് നല്‍കാനും അവരുടെ ആകുലതകള്‍ പരിഹരിക്കാനും ഷൗക്കത്തിന് സാധിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു.

Continue Reading

kerala

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

Published

on

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയ സംഭവം ഏറെ വിവാദമായിരുന്നു.

മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.

Continue Reading

GULF

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്‌സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

Published

on

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്‌സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര്‍ ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്‍, ഉസ്മാന്‍ എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്‌ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്‌വ തുടങ്ങിയവരും പങ്കെടുത്തു.

ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,

ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്‌സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്‍കി.

Continue Reading

Trending