News

കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; കാക്കയിൽ രോഗം കണ്ടെത്തി

By webdesk17

January 18, 2026

കണ്ണൂർ: കണ്ണൂർ ജില്ലയിലെ ഇരിട്ടി എടക്കാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. ചത്ത നിലയിൽ കണ്ടെത്തിയ കാക്കയുടെ സാമ്പിളുകൾ പരിശോധിച്ചതിൽ രോഗബാധ ഉറപ്പായതായി അധികൃതർ അറിയിച്ചു. നിലവിൽ വളർത്തുപക്ഷികളിൽ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ലെന്നും, അതിനാൽ പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചിട്ടുണ്ട്. രോഗം പടരുന്നത് തടയുന്നതിനായി ആരോഗ്യ–വെറ്ററിനറി വിഭാഗങ്ങൾ നിരീക്ഷണം ശക്തമാക്കി. പൊതുജനങ്ങൾ ചത്തതോ അസുഖലക്ഷണങ്ങൾ കാണിക്കുന്നതോ ആയ പക്ഷികളെ സ്പർശിക്കരുതെന്നും, ഇത്തരമൊരു സംഭവം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണമെന്നും നിർദേശം നൽകി. സ്ഥിതിഗതികൾ വിലയിരുത്താൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.