താമരശ്ശേരി: ചുരം റോഡിനോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പ്രധിഷേധിച്ച് മുന്‍ എം.എല്‍.എ. സി. മോയിന്‍കുട്ടി അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കുന്നു. ജനുവരി മൂന്നിന് അടിവാരത്ത് സമരം ആരംഭിക്കും. ആയിരക്കണക്കിന് വാഹനങ്ങളും യാത്രക്കാരും നിത്യേന ഗതാഗതക്കുരുക്കില്‍ പെട്ടിട്ടും സര്‍ക്കാര്‍ അടിയന്തര നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ടാറിംഗ് ഇളകി വന്‍കുഴികള്‍ രൂപപ്പെട്ട ചുരത്തില്‍ മണിക്കൂറുകളാണ് ഗതാഗത തടസം . അമിതഭാരംകയറ്റിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും ഫലപ്രദമല്ല. ട്രാഫിക് നിയന്ത്രിക്കുന്നതിന് ആവശ്യത്തിന് പൊലീസിനെ നിയമിക്കുന്നില്ല. വളവുകള്‍ വീതി കൂട്ടാന്‍ വനഭൂമി ലഭ്യമാക്കാന്‍ മുന്‍ സര്‍ക്കാര്‍ അനുമതി ലഭ്യമാക്കിയെങ്കിലും തുടര്‍നടപടി മുടങ്ങി. ദേശീയ പാത, ഗതാഗതം, വനം, പൊലീസ് തുടങ്ങിയ വകുപ്പുകള്‍ക്കിടയില്‍ നടപടികള്‍ സംബന്ധിച്ച് ഏകോപനമില്ല. മുന്‍ സര്‍ക്കാറിന്റെ കാലത്തെ നടപടികളും മാതൃകകളും പിന്‍തുടര്‍ന്നാല്‍ മാത്രം പരിഹരിക്കാവുന്നതേയുള്ളൂ ചുരത്തിലെ പ്രശ്‌നങ്ങള്‍. ഇപ്പോള്‍ കലക്ടര്‍ പ്രഖ്യപിച്ച അറ്റകുറ്റപ്പണിക്കുപോലും ദുരന്ത നിവാരണത്തുനുള്ള അടിയന്തിര ഫണ്ട് വകയിരുത്തേണ്ടി വന്നു എന്നുള്ളത് ലജ്ജാകരമാണ്. സ്ഥലം എം.എല്‍.എ. യെ എവിടെയും കാണാനില്ലെന്നും മോയിന്‍കുട്ടി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മുഖ്യമന്ത്രി തന്നെ വകുപ്പ് മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് അപ്പപ്പോള്‍ നടപടികള്‍ കൈകൊണ്ടു. വണ്‍വേ രീതിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി .അടിവാരത്ത് പോലീസ് ഔട്ട് പോസ്റ്റും അനുവദിച്ചു. കേടായ വാഹനങ്ങള്‍ നീക്കാന്‍ ക്രൈനും നല്‍കി. ടൂറിസം വകുപ്പ് വ്യൂ പോയിന്റ് മനോഹരമാക്കി. ഇതെല്ലാം ഇപ്പോള്‍ കുത്തഴിഞ്ഞ നിലയില്‍ കിടക്കുന്നു.ചുരം അതീവ സുരക്ഷാ ഭീഷണി നേരിടുകയാണ്. 2009 ല്‍ ചുരം സന്ദര്‍ശിച്ച ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശപ്രകാരം യാതൊരുവിധ സുരക്ഷാ നടപടികളും ഇത് വരെ കൈകൊണ്ടിട്ടില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം ഇടപെട്ട് ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം ഉണ്ടാക്കണം. മലയിടിച്ചിലും ഉരുള്‍പൊട്ടല്‍ ഭീഷണിയും നേരിടുന്ന ചുരത്തിന്റെ സംരക്ഷണത്തിന് സുരക്ഷാ നടപടികള്‍ പ്രഖ്യാപിക്കണം. വിഷയങ്ങള്‍ സര്‍ക്കാ ര്‍ ഗൗരവപൂര്‍വ്വം പരിഗണിക്കുന്നത് വരെ ബഹുജനപിന്തുണയോടെ സമരം തുടരുമെന്നും അദ്ധേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. നന്ദകുമാര്‍, ജില്ലാ പഞ്ചായത്ത അംഗം വി.ഡി. ജോസഫ് ,വി.കെ. ഹുസൈന്‍കുട്ടി, ഷാഫി വളഞ്ഞപാറ, പി.സി മാത്യു, അഡ്വ.പി.സി നജീബ് എന്നിവരും പങ്കെടുത്തു.
Be the first to write a comment.