ദില്ലി: ഇന്‍ഡിഗോ പ്രതിസന്ധിയില്‍ വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം പ്രാബല്യത്തില്‍. വിമാനക്കമ്പനിയുടെ സര്‍വീസുകള്‍ വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍. 10 ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കണം എന്നുള്ളതായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശം. ഡിസംബര്‍ ആദ്യമുള്ള 2008 സര്‍വീസുകള്‍ 1879 സര്‍വീസുകളായി ചുരുക്കി.
ബെംഗളൂരുവില്‍ നിന്നാണ് ഏറ്റവുമധികം സര്‍വീസുകള്‍ കുറച്ചത്; 52 സര്‍വീസുകള്‍. നിലവില്‍ വെട്ടിക്കുറച്ചിരിക്കുന്നത് ദൈര്‍ഘ്യം കുറഞ്ഞ സര്‍വീസുകളാണ്. അന്വേഷണ റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍ നടപടികളും വൈകില്ലെന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം
കേന്ദ്ര വ്യോമയാനമന്ത്രി റാം മോഹന്‍ നായിഡു പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ ഇന്‍ഡിഗോയ്‌ക്കെതിരെ ഗുരുതര കണ്ടെത്തലുകളുണ്ടെന്നാണ് സൂചന. സിഇഒ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കും കനത്ത പിഴ ചുമത്താനും നിര്‍ദേശിച്ചുള്ള റിപ്പോര്‍ട്ടാണ് ഡിജിസിഎ സമര്‍പ്പിച്ചതെന്നാണ് വിവരം.