india

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ ആര്‍.എസ്.എസ് ആസ്ഥാനവും സന്ദര്‍ശിച്ചു

By sreenitha

January 13, 2026

ന്യൂഡല്‍ഹി: ബി.ജെ.പിയ്ക്ക് പിന്നാലെ ആര്‍.എസ്.എസ് ആസ്ഥാനവും സന്ദര്‍ശിച്ച് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സി.പി.സി) പ്രതിനിധി സംഘം. ഡല്‍ഹി കേശവ് കുഞ്ചിലെ ആര്‍.എസ്.എസ് ആസ്ഥാനത്തിലെത്തിയ സംഘം ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹോസബാലെയുമായി ഏകദേശം ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച നടത്തി.

സണ്‍ ഹൈയാന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം തിങ്കളാഴ്ച ബി.ജെ.പി ആസ്ഥാനത്ത് ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍.എസ്.എസ് സന്ദര്‍ശനം.

സംഭവത്തെ തുടര്‍ന്ന് ബി.ജെ.പിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ‘സൗമ്യമായ കീഴടങ്ങല്‍’ എന്നാണ് ബി.ജെ.പിയുടെ നിലപാടിനെ കോണ്‍ഗ്രസ് പരിഹസിച്ചത്. ചൈനീസ് പ്രതിനിധികളുമായി കോണ്‍ഗ്രസ് കൂടിക്കാഴ്ച നടത്തുമ്പോള്‍ ചോദ്യം ചെയ്യുന്ന പതിവ് ബി.ജെ.പിക്കുണ്ടെന്നും, എന്നാല്‍ ഇപ്പോഴത്തെ സ്വന്തം കൂടിക്കാഴ്ചകളില്‍ എന്താണ് ചര്‍ച്ച ചെയ്തതെന്ന് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആവശ്യപ്പെട്ടു.

ചൈനയുമായുള്ള ഇടപാടുകളില്‍ ബി.ജെ.പി കാപട്യം കാണിക്കുകയാണെന്നും, അതിര്‍ത്തി ലംഘനങ്ങള്‍ പോലുള്ള ഗൗരവ വിഷയങ്ങള്‍ ഈ കൂടിക്കാഴ്ചകളില്‍ ചര്‍ച്ച ചെയ്തുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ചൈനയോടുള്ള നയത്തില്‍ സര്‍ക്കാര്‍ പൂര്‍ണ സുതാര്യതയും ഉത്തരവാദിത്തവും പുലര്‍ത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

2020ലെ ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം ഇന്ത്യചൈന ബന്ധങ്ങളില്‍ നിലനിന്നിരുന്ന അസ്വാരസ്യം മാറുന്നതിന്റെ സൂചനയായാണ് ഈ ഉയര്‍ന്നതലത്തിലുള്ള പാര്‍ട്ടിതല കൂടിക്കാഴ്ചകളെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 2024 ഒക്ടോബറില്‍ റഷ്യയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ കിഴക്കന്‍ ലഡാക്കില്‍ സൈനിക പിന്മാറ്റവും നയതന്ത്ര ചര്‍ച്ചകളും പുനരാരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ സന്ദര്‍ശനം.