kerala

യുവതിയെ രാത്രിയില്‍ കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി

By webdesk18

December 29, 2025

രാത്രിയില്‍ യാത്രയ്ക്കിടെ യുവതിയെ കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. 18 രൂപ ടിക്കറ്റ് എടുത്ത യുവതിക്ക് യഥാസമയം ഗൂഗിള്‍ പേ വര്‍ക്ക് ചെയ്യാത്തതാണ് ബസ്സില്‍ നിന്ന് ഇറക്കിവിടാന്‍ കാരണമെന്നാണ് പറയുന്നത്. സംഭവത്തില്‍ പരാതിയുമായി യുവതി രംഗത്ത് എത്തി.രണ്ടര കിലോമീറ്ററോളം നടന്ന ശേഷമാണ് യുവതി വീട്ടിലെത്തിയത്.

26ാം തീയതി രാത്രി 9 മണിക്കായിരുന്നു സംഭവം. വെള്ളറട സ്വദേശിയും , കുന്നത്തുകാലിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയുമായ ദിവ്യ ആണ് പരാതി നല്‍കിയത്. യുവതി 18 രൂപയുടെ ടിക്കറ്റ് എടുത്ത് ഗൂഗിള്‍ പേ ഉപയോഗിച്ചെങ്കിലും സെര്‍വര്‍ തകരാര്‍ കാരണം യഥാക്രമം ഇടപാട് നടത്താന്‍ കഴിഞ്ഞില്ല. ഇതില്‍ പ്രകോപിതനായ കണ്ടക്ടര്‍ തോലടിയില്‍ ഇറക്കിവിടുകയായിരുന്നു എന്നാണ് പരാതി.

‘സര്‍വറിന്റെ തകരാറാണെന്നും, അല്പസമയത്തിനകം കാശ് അയക്കാന്‍ കഴിയുമെന്നും പറഞ്ഞിരുന്നു. ഇല്ലെങ്കില്‍ സര്‍വീസ് അവസാനിപ്പിക്കുന്ന വെള്ളറടയില്‍ ഇറങ്ങേണ്ട തനിക്ക് അവിടെനിന്നും കാശ് തരപ്പെടുത്തി നല്‍കാന്‍ കഴിയും എന്നും കണ്ടക്ടറോട് പറഞ്ഞു. എന്നാല്‍ കണ്ടക്ടര്‍ ഇതിന് വഴങ്ങിയില്ല. ഇത്തരം തട്ടിപ്പുകാരെ തനിക്കറിയാമെന്നും, ബസ്സില്‍ നിന്ന് ഇറങ്ങെടീ എന്ന് ആക്രോശിച്ചുകൊണ്ട് ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു’ ദിവ്യയുടെ പരാതിയില്‍ പറയുന്നു.

തെരുവു വിളക്കുകള്‍ പോലും ഇല്ലാത്ത തോലടിയില്‍ നില്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് തോന്നിയതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ വിവരമറിയിച്ച ശേഷം രണ്ടര കിലോമീറ്റര്‍ നടക്കുകയായിരുന്നുവെന്നും ദിവ്യ പറഞ്ഞു. കെഎസ്ആര്‍ടിസി ബസിലെ സ്ഥിരം യാത്രകയായ ദിവ്യ പലപ്പോഴും ഗൂഗിള്‍ പേ ഉപയോഗിച്ച് തന്നെയാണ് ടിക്കറ്റുകള്‍ എടുക്കാറുള്ളത്. സംഭവത്തില്‍ യുവതി വകുപ്പ് മന്ത്രിക്കും, വെള്ളറട സ്റ്റേഷന്‍ മാസ്റ്റര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ദിവ്യയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും വകുപ്പുതല അന്വേഷണം നടത്തുമെന്നും ഡിപ്പോ അധികൃതര്‍ വ്യക്തമാക്കി.