ചെന്നൈ: മസിനഗുഡിയിലെ സംഭവത്തിന്റെ ഞെട്ടല്‍ വിട്ടുമാറുംമുന്‍പ് തമിഴ്‌നാട്ടില്‍ വീണ്ടും ആനയോട് ക്രൂരത. മുന്‍കാലുകള്‍ ചങ്ങല കൊണ്ട് ചേര്‍ത്ത് കെട്ടിയതിനെ തുടര്‍ന്ന് നടക്കാന്‍ പോലും കഴിയാത്ത ആനയെ പാപ്പാന്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

തിരുനെല്‍വേലിയിലാണ് സംഭവം. അമ്പലങ്ങളില്‍ ഉത്സവത്തിന് എഴുന്നള്ളിക്കുകയും തടിമില്ലില്‍ പണിക്ക് നിര്‍ത്തുകയും ചെയ്തിരുന്ന ആനയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. മുന്‍കാലുകള്‍ ചങ്ങല കൊണ്ട് ചേര്‍ത്ത് കെട്ടിയതിനാല്‍ ഇതിന് നടക്കാന്‍ സാധിച്ചിരുന്നില്ല. മദപ്പാട് ഉള്ളപ്പോള്‍ ആനകളുടെ മുന്‍കാലുകള്‍ ചങ്ങല കൊണ്ട് ബന്ധിക്കുന്നത് പതിവാണ്. എന്നാല്‍ കാഴ്ചയില്‍ യാതൊരു കുഴപ്പവുമില്ലാത്ത ആനയോട് കാണിച്ച ക്രൂരതയ്‌ക്കെതിരെ പ്രതിഷേധം പുകയുകയാണ്.

തിരുനെല്‍വേലി മോഹനന്‍ എന്നാണ് ആനയുടെ പേരെന്നാണ് റിപ്പോര്‍ട്ടുകള്‍. നടക്കാന്‍ പോലും കഴിയാത്ത ആനയെ പാപ്പാന്‍ നിരന്തരം തോട്ടി കൊണ്ട് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ ഡിഎഫ്ഒയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.