മുംബൈ: പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴില്‍ വരുന്ന കോവിഡ് വാക്‌സിന്‍ എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഉടന്‍ നല്‍കിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കുന്നത് വൈകുമെന്നാണ് സൂചന.

18നും 65 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. 18 വയസിന് താഴെയുള്ളവരിലും 65 വയസിന് മുകളില്‍ ഉള്ളവരിലും ക്ലിനിക്കല്‍ ട്രയല്‍ നടത്തിയിട്ടില്ല എന്നതാണ് ഇതിന് കാരണം.

കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് രണ്ടാഴ്ചയ്ക്കുള്ളില്‍ അനുമതി തേടുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാര്‍ പൂനാവാലയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രസര്‍ക്കാര്‍ എത്ര വാക്‌സിന്‍ ഡോസ് വാങ്ങുമെന്ന കാര്യത്തില്‍ കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം 2021 ജൂലൈയോടുകൂടി 300-400 ദശലക്ഷം ഡോസ് വാക്‌സിന്‍ വാങ്ങുമെന്നാണ് സൂചനയെന്ന് അറിയിച്ചു.