kerala

ദീപക് ആത്മഹത്യ കേസ്; ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ വിധി ജനുവരി 27ന്

By sreenitha

January 24, 2026

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസില്‍ വാദം പൂര്‍ത്തിയായി. പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ ജനുവരി 27ന് ചൊവ്വാഴ്ച വിധി പറയും. കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

ഷിംജിത നിരപരാധിയാണെന്നും കേസില്‍ മനഃപൂര്‍വമായ കുറ്റകൃത്യം നടന്നിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ ടി.പി. ജുനൈദ് കോടതിയില്‍ വാദിച്ചു. എന്നാല്‍ ദീപകിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ഷിംജിതയുടെ മനഃപൂര്‍വ പ്രവര്‍ത്തനങ്ങളാണെന്നായിരുന്നു വാദിഭാഗം അഭിഭാഷകന്‍ കെ.പി. രാജഗോപാലന്റെ വാദം. കേസ് സെഷന്‍സ് കോടതിയുടെ അധികാര പരിധിയില്‍ വരുന്നതായതിനാല്‍ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിന് മറുപടിയായി, വിചാരണ സെഷന്‍സ് കോടതിയില്‍ നടക്കുമെന്ന കാരണത്താല്‍ മാത്രം ജാമ്യാപേക്ഷ താഴത്തെ കോടതിയില്‍ പരിഗണിക്കരുതെന്ന നിയമതടസം നിലവിലില്ലെന്ന് ടി.പി. ജുനൈദ് വ്യക്തമാക്കി.

ഇതിനിടെ ഷിംജിതക്കെതിരെ മറ്റൊരു പരാതി കൂടി ഉയര്‍ന്നിട്ടുണ്ട്. ഷിംജിത വീഡിയോ ചിത്രീകരിച്ച ബസിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയാണ് കണ്ണൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. തന്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നാണ് പരാതി. പരാതിയുടെ വിശദാംശങ്ങള്‍ തേടി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കു വിവരാവകാശ അപേക്ഷ നല്‍കിയതായി ദീപകിന്റെ ബന്ധു സനീഷ് അറിയിച്ചു.