india

മുസ്‌ലിം ലീഗ് ലയനം ചോദ്യം ചെയ്ത് നൽകിയ ഹരജി ഡൽഹി ഹൈക്കോടതി തള്ളി

By webdesk14

February 25, 2026

ന്യൂ ഡൽഹി: ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗും കേരള സ്റ്റേറ്റ് മുസ്‌ലിം ലീഗും തമ്മിൽ 2011 ലുണ്ടായ ലയനം ചോദ്യം ചെയ്തുകൊണ്ട് ദാവൂദ് മിയാൻ ഖാൻ നൽകിയ ഹരജി ഡൽഹി ഹൈക്കോടതി തള്ളി. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ലയനം നിയമ വിരുദ്ധമാണെന്നും അതിനാൽ റദ്ദ് ചെയ്യണമെന്നും പറഞ്ഞ് മിയാൻ ഖാൻ ഡൽഹി ഹൈക്കോടതിക്കു നൽകിയ ഹരജിയാണ് അന്തിമ വാദം കേട്ട ഹൈകോടതി തള്ളിയത്.

2011ൽ ഡൽഹിയിലെ കോൺസ്റ്റിട്യുഷൻ ക്ലബ്ബിൽ നടന്ന ലയന സമ്മേളനത്തിൽ പങ്കെടുത്തവരിൽ രണ്ട് വ്യത്യസ്ത പാർട്ടികളിൽ ഒരേസമയം അംഗങ്ങളായാവരാണെന്നും ലയന പ്രമേയത്തിൽ ഒപ്പുവച്ച ഇ. അഹമ്മദ് ഉൾപ്പടെയുള്ളവർ യഥാർത്ഥത്തിൽ ഐയുഎംഎൽ മെമ്പർ ആയിരുന്നില്ല എന്നും അതിനാൽ ലയനം നിയമ വിരുദ്ധമാണെന്നുമായിരിന്നു ദാവൂദ് മിയാൻ ഖാന്റെ പ്രധാന ആരോപണം. അതോടൊപ്പം ഐയുഎംഎൽ എന്ന ദേശീയ പാർട്ടിയെ സംസ്ഥാന പാർട്ടിയായി തരം താഴ്ത്തുന്നതാണ് ലയന പ്രക്രിയയെന്നും അദ്ദേഹം ഹരജിയിൽ ആരോപിച്ചു.

എന്നാൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിനുവേണ്ടി ഹാജരായ സുപ്രിം കോടതി അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും അഡ്വ. മർസൂക്ക് ബാഫക്കിയും ദാവൂദ് മിയാൻ ഖാനെ 2003ൽ പാർട്ടിയിൽ നിന്നും പുറത്താക്കിയതാണെന്നും അങ്ങനെയൊരാൾക്ക് ഹരജി നൽകാൻ പോലും അവകാശമില്ലെന്നും കോടതിയെ അറിയിച്ചു.

ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗും കേരള സംസ്ഥാന മുസ്‌ലിം ലീഗും തമ്മിലുള്ള ലയനം വ്യത്യസ്ത പാർട്ടികൾ തമ്മിലുള്ളതല്ലെന്നും മറിച്ച് ഒരേ ആശയം പിന്തുടരുന്ന പാർട്ടിയുടെ രണ്ട് വ്യത്യസത ഘടകങ്ങളുടെ ഏകോപനമായിരുന്നു എന്നുമായിരിന്നു ഐയുഎംഎലിന്റെ വാദം.

മുസ്‌ലിം ലീഗിന്റെ വാദം അംഗീകരിച്ച ഡൽഹി ഹൈക്കോടതി ദാവൂദ് മിയാൻ ഖാന് ഹരജി നൽകാൻ അവകാശമില്ലെന്ന് കണ്ടെത്തി ഹരജി തള്ളുകയായിരിന്നു.

അതേസമയം വളരെ സൂക്ഷമമായ രീതിയിൽ ലയനത്തിന്റെ എല്ലാ രേഖകളും പരിശോധിച്ച ശേഷമാണ് ലയനം അംഗീകരിച്ചതെന്ന് ഇലക്ഷൻ കമ്മീഷനുവേണ്ടി ഹാജരായ സിദ്ധാർഥ് വശിഷ്ട് ഹൈ കോടതിയെ അറിയിച്ചു.

മുസ്‌ലിം ലീഗിനുവേണ്ടി അഭിഭാഷകരായ ഹാരിസ് ബീരാൻ, മർസൂഖ് ബാഫഖി എന്നിവരും ദാവൂദ് മിയാൻ ഖാന് വേണ്ടി മുതിർന്ന അഭിഭാഷകനായ സഞ്ജയ് ഘോഷ്, ഇലക്ഷൻ കമ്മീഷനുവേണ്ടി സിദ്ധാർഥ് വശിഷ്ട് എന്നിവർ ഹാജരായി. ഡൽഹി ഹൈക്കോടതിയിൽ ജസ്റ്റിസ് അമിത് ബൻസലാണ് വിധി പ്രസ്താവിച്ചത്.