ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപ് ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ദുബൈയില്‍ പോകാന്‍ പാസ്‌പോര്‍ട്ട് മടക്കി നല്‍കണമെന്നാണ് ദിലീപിന്റെ ആവശ്യം. തന്റെ പുതിയ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനു വേണ്ടിയാണ് ദുബൈയില്‍ പോകുന്നതെന്നും ദിലീപ് ഹൈക്കോടതിയെ അറിയിച്ചു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റസ്റ്റോറന്റിന്റെ ദുബൈ ശാഖയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഈ മാസം 29നാണ് ഉദ്ഘാടന ചടങ്ങ്. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി ദിലീപ് പാസ്‌പോര്‍ട്ട് അങ്കമാലി കോടതിയില്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു. 85 ദിവസത്തെ റിമാന്റിനൊടുവില്‍ കഴിഞ്ഞമാസമാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം. പാസ്പോര്‍ട്ട് മജിസ്ട്രേട്ട് കോടതിയില്‍ കെട്ടിവെക്കണം എന്നായിരുന്നു ഒന്നാമത്തെ ഉപാധി. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ദിലീപിനെ കഴിഞ്ഞ ദിവസം അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.