X
    Categories: indiaNews

മിസ്റ്റര്‍ മോദി, ചൈനയെ പറയാന്‍ നിങ്ങളിങ്ങനെ പേടിക്കല്ലേ; അതിര്‍ത്തി വിഷയത്തില്‍ മറുപടിയുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി വിഷയം ലോകസഭയില്‍ ചര്‍ച്ചയായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. ഇന്ത്യ-ചൈന അതിര്‍ത്തി വിഷയം സംബന്ധിച്ച് ലോക്സഭയില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രസ്താവന നടത്തിയതിന് പിന്നാലെയായിരുന്നു പാര്‍ലമെന്റിലില്ലാത്ത രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിലൂടെയുള്ള മറുപടി.

ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് മോദി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പ്രതിരോധമന്ത്രിയുടെ പ്രസ്താവനയോടെ വ്യക്തമായതായി രാഹുല്‍ പരിഹസിച്ചു.

‘ചൈനീസ് കയ്യേറ്റത്തില്‍ മോദി ജി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാണ്.
നമ്മുടെ രാജ്യം എല്ലായ്‌പ്പോഴും ഇന്ത്യന്‍ സൈന്യത്തോടൊപ്പമുണ്ട്, നിലനില്‍ക്കും.
എന്നാല്‍ മിസ്റ്റര്‍, മോദി,
നിങ്ങള്‍ എപ്പോഴാണ് ചൈനയ്ക്കെതിരെ നിലകൊള്ളുക?
എപ്പോഴാണ് ചൈനയില്‍ നിന്ന് നമ്മുടെ രാജ്യത്തിന്റെ ഭൂമി തിരിച്ചുപിടിക്കുക?
ചൈനയുടെ പേര് നല്‍കാന്‍ ഭയപ്പെടരുത്, രാഹുല്‍ ട്വീറ്റ് ചെയ്തു.

ചൈന വിഷയത്തില്‍ പ്രത്യേക ചര്‍ച്ച വേണമെന്ന പ്രതിപക്ഷ കക്ഷികളുടെ ശക്തമായ ആവശ്യത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിരോധമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയത്. ഇന്ത്യ, ചൈന അതിര്‍ത്തി പ്രശ്‌നം പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. ഇതുവരെ, പരസ്പരം സ്വീകാര്യമായ ഒരു പരിഹാരവും ഉണ്ടായിട്ടില്ല. ഇന്ത്യയുമായുള്ള അതിര്‍ത്തിയില്‍ ചൈന വിയോജിപ്പുണ്ട്. അതിര്‍ത്തിയിലെ സാധാരണയുള്ള വിന്യാസം ചൈന അംഗീകരിക്കുന്നില്ല. സ്ഥിതിഗതികള്‍ ഏകപക്ഷീയമായി മാറ്റാനുള്ള ചൈനയുടെ ശ്രമങ്ങള്‍ ഉഭയകക്ഷി കരാറുകളുടെ ലംഘനമാണ്. ചൈനീസ് സൈനികരുടെ അക്രമം മുന്‍കാല കരാറുകളുടെ ലംഘനമാണെന്നുമാണ് രാജ്‌നാഥ് സിങ് വ്യക്തമാക്കിയത്. എന്നാല്‍, രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനായി നമ്മള്‍ സൈനിക വിന്യാസങ്ങള്‍ പ്രദേശത്ത് സംവിധാനപ്പെടുത്തിയിട്ടുണ്ടെന്നും ഏത് സാഹചര്യത്തെയും നേരിടാന്‍ നമ്മള്‍ തയ്യാറാണെന്നും രാജ്‌നാഥ് സിങ് ഉറപ്പ് നല്‍കി.

അതേസമയം, ഇന്ത്യ – ചൈന വിഷയത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെ ലോക്സഭയില്‍നിന്ന് കോണ്‍ഗ്രസ് ഇറങ്ങിപ്പോയി. ലഡാക്ക് സംഘര്‍ഷത്തേക്കുറിച്ചുള്ള ചര്‍ച്ചകളില്‍നിന്ന് മോദി സര്‍ക്കാര്‍ ഓടിയൊളിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

യാഥാര്‍ഥ നിയന്ത്രണ രേഖയിലെ സ്ഥിതിഗതികള്‍ ശാന്തമാണെന്നാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നതെങ്കില്‍ പിന്നെ ചര്‍ച്ചയില്‍നിന്ന് ഓടിയൊളിക്കുന്നത് എന്തിനാണെന്ന് കോണ്‍ഗ്രസ് ചോദിച്ചു. ഇതേക്കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസ് എംപിമാരെ അനുവദിക്കുന്നില്ലെന്നും പാര്‍ട്ടി ആരോപിച്ചു. പലകാര്യങ്ങളിലും വ്യക്തത വരേണ്ടതുണ്ട്. എന്നാല്‍, സംസാരിക്കാന്‍പോലും സ്പീക്കര്‍ അനുവദിക്കുന്നില്ല. ലഡാക്ക് വിഷയത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യപ്പെട്ടുള്ള സമ്മര്‍ദ്ദം തുടരും. ഇത്തരം ചര്‍ച്ചകള്‍ മുമ്പ് നടന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ്  നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ചൂണ്ടിക്കാട്ടി. 1962 ലെ യുദ്ധ സമയത്ത് അതേക്കുറിച്ച് ചര്‍ച്ച നടത്തണമെന്ന് അടല്‍ ബിഹാരി വാജ്‌പേയി ആവശ്യപ്പെട്ടു. അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു പാര്‍ലമെന്റില്‍ രണ്ട് ദിവസത്തെ ചര്‍ച്ച നടത്താമെന്ന് സമ്മതിക്കുകയാണ് ചെയ്തതെന്ന് ചൗധരി പറഞ്ഞു.

chandrika: