india

ലൈംഗികാതിക്രമത്തിന് ഇരയായവരുടെ വിവരങ്ങള്‍ രേഖകളില്‍ വെളിപ്പെടുത്തരുത്: പോലീസിനോട് ഡല്‍ഹി ഹൈക്കോടതി

By Lubna Sherin K P

January 26, 2026

ന്യൂഡല്‍ഹി: ലൈംഗിക അതിക്രമങ്ങളെ അതിജീവിച്ചവരുടെ പേര്, മാതാപിതാക്കളുടെ വിവരങ്ങള്‍, മേല്‍വിലാസം എന്നിവ കോടതികളില്‍ സമര്‍പ്പിക്കുന്ന ഒരു രേഖയിലോ റിപ്പോര്‍ട്ടിലോ വെളിപ്പെടുത്താന്‍ പാടില്ലെന്ന് ഡല്‍ഹി ഹൈക്കോടതി നഗര പോലീസിന് നിര്‍ദ്ദേശം നല്‍കി. അതിജീവിച്ചവരുടെ സ്വകാര്യത സംരക്ഷിക്കുന്ന നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ എല്ലാ എസ്.എച്ച്.ഒമാര്‍ക്കും (SHO) അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് ജസ്റ്റിസ് സ്വര്‍ണ്ണ കാന്ത ശര്‍മ്മ ഡല്‍ഹി പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടു.

ഒരു പോക്‌സോ (POCSO) കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ അതിജീവിതയുടെ പേര് പരാമര്‍ശിച്ചത് കോടതി ഗൗരവത്തോടെ നിരീക്ഷിച്ചു.

‘തന്റെ പരിധിയിലുള്ള എല്ലാ എസ്.എച്ച്.ഒമാരെയും ബോധവല്‍ക്കരിക്കാന്‍ ബന്ധപ്പെട്ട ഏരിയയിലെ ഡി.സി.പിക്ക് നിര്‍ദ്ദേശം നല്‍കുന്നു. ലൈംഗിക അതിക്രമത്തിന് ഇരയായ വ്യക്തിയുടെ പേരോ മേല്‍വിലാസമോ കോടതിയില്‍ ഫയല്‍ ചെയ്യുന്ന ഒരു രേഖയിലും വെളിപ്പെടുത്തുന്നില്ലെന്ന് അദ്ദേഹം ഉറപ്പാക്കണം,’ ജനുവരി 14-ലെ ഉത്തരവില്‍ കോടതി വ്യക്തമാക്കി.

2021-ല്‍ 12-13 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കബളിപ്പിച്ചു കൊണ്ടുപോയി പീഡിപ്പിച്ചു എന്നതാണ് കേസ്. പെണ്‍കുട്ടിയെ ഒരു മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചുവെന്നും പിന്നീട് വീട്ടുകാര്‍ കുട്ടിയെ കണ്ടെത്തി രക്ഷപ്പെടുത്തിയെന്നുമാണ് പരാതി. എന്നാല്‍ കുട്ടിയുടെ അമ്മയുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നും, ഇതിലുള്ള വിരോധം കാരണം കുട്ടിയെക്കൊണ്ട് കള്ളക്കേസ് കൊടുപ്പിച്ചതാണെന്നുമാണ് പ്രതി വാദിച്ചത്. കൂടാതെ കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്ന കാലമായതിനാല്‍ കുറ്റകൃത്യം നടക്കാന്‍ സാധ്യതയില്ലെന്നും പ്രതിഭാഗം അവകാശപ്പെട്ടു.

എന്നാല്‍ ഈ വാദങ്ങള്‍ കോടതി തള്ളി. പാന്‍ഡെമിക് കാലമായതുകൊണ്ട് മാത്രം കുറ്റകൃത്യം നടക്കില്ലെന്ന് പറയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. പെണ്‍കുട്ടി തന്റെ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെന്നും അതിന് അര്‍ഹമായ പ്രാധാന്യം നല്‍കണമെന്നും കോടതി പറഞ്ഞു.

‘താന്‍ വിശ്വസിക്കുകയും ‘ചാച്ച’ (അങ്കിള്‍) എന്ന് വിളിക്കുകയും ചെയ്ത, പിതൃതുല്യനായ ഒരാളാണ് തന്നെ പീഡിപ്പിച്ചത് എന്ന് പെണ്‍കുട്ടി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അമ്മയുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റങ്ങള്‍ ഒരു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊഴിയെ സംശയിക്കാന്‍ കാരണമാകുന്നില്ല. ഒരു കുട്ടി നേരിട്ട അതിക്രമത്തിന്റെ ഗൗരവം മൂന്നാമതൊരാളുടെ പെരുമാറ്റം വെച്ച് വിലയിരുത്താനാകില്ല,’ കോടതി നിരീക്ഷിച്ചു.

ഈ കാരണങ്ങളാല്‍ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.