സിനിമാതിയറ്ററുകളില്‍ ഓരോ പ്രദര്‍ശനങ്ങള്‍ക്ക് മുമ്പും ദേശീയഗാനം ആലപിക്കണമെന്നത് നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി ഇന്നലെ നിര്‍ണായക വിധി പ്രസ്താവിച്ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഇറക്കിയ ഉത്തരവിലെ ഹര്‍ജി പരിഗണിക്കുന്ന വേളയിലാണ് സുപ്രീംകോടതി ഇങ്ങനെയൊരു വിധി പ്രസ്താവത്തിലെത്തിയത്. ദേശീയ ഗാനം ആലപിക്കണോയെന്നത് തിയറ്റര്‍ ഉടമകള്‍ക്ക് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സിനിമ പ്രദര്‍ശനത്തിന് മുമ്പ് രാജ്യത്തെ എല്ലാ തിയറ്ററുകളിലും ദേശീയ ഗാനം ആലപിക്കണമെന്നും അപ്പോള്‍ ആളുകള്‍ എഴുന്നേറ്റ് നിന്ന് ആദരിക്കണമെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ്. എന്നാല്‍ ഈ നിലപാടില്‍ മാറ്റം വരുത്തുന്നതായി കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. തല്‍ക്കാലം സിനിമാശാലകളില്‍ ദേശീയഗാനം വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്. ഈ അവസരത്തിലാണ് സുപ്രീം കോടതി ഇങ്ങനെയൊരു വിധി പുറപ്പെടുവിച്ചത്.
തീവ്ര ദേശീയതയുടെ കാലത്ത് ദേശീയ ഗാനവും ഫാസിസ്റ്റ് ശക്തികള്‍ ആയുധമാക്കിയ വേളയിലാണ് സുപ്രീം കോടതിയില്‍ നിന്ന് ഇത്തരത്തിലൊരു വിധി വരുന്നത്. തിയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന് നേരത്തെ സുപ്രീം കോടതി തന്നെ ഉത്തരവിട്ടിരുന്നു. എന്നാല്‍ പിന്നീട് സുപ്രീംകോടതി സ്വന്തം നിലപാട് മാറ്റിയിരുന്നു. ദേശീയഗാനത്തോടുള്ള ആദരത്തില്‍ മാതൃരാജ്യത്തോടുള്ള സ്‌നേഹവും ബഹുമാനവുമാണ് പ്രതിഫലിക്കുന്നതെന്ന് 2016 നവംബറിലെ വിധിയിലാണ് സുപ്രീംകോടതി പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23ന് ഇതേ കോടതി തന്നെ സ്വന്തം നിലപാടിനെ നിശിതമായി വിമര്‍ശിച്ചു. ‘ദേശഭക്തി നെറ്റിയില്‍ ഒട്ടിച്ചു നടക്കേണ്ടതല്ല. നാളെ മുതല്‍ തിയറ്ററില്‍ ടീ ഷര്‍ട്ടും ഷോര്‍ട്‌സും ഇടരുതെന്നും ഇട്ടാല്‍ അത് ദേശീയഗാനത്തെ അപമാനിക്കലാകുമെന്നും പറഞ്ഞാല്‍ ഈ സദാചാര പൊലീസിങ് എവിടെ ചെന്ന് നില്‍ക്കും?’ എന്നാണ് കോടതി അന്ന് ചോദിച്ചത്. ഉത്തരവിന്റെ നിര്‍ബന്ധിത സ്വഭാവം ഒഴിവാക്കണമെന്നും അന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ വൈവിധ്യമുള്ള രാജ്യമാണെന്നും ഏകരൂപം സാധ്യമാക്കാന്‍ സിനിമാതിയറ്ററുകളില്‍ ദേശീയഗാനം ആലപിക്കണമെന്നുമാണ് സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ കെ.കെ വേണുഗോപാല്‍ അന്ന് മറുപടി നല്‍കിയത്. ഈ നിലപാടാണ് കഴിഞ്ഞദിവസം സര്‍ക്കാര്‍ തിരുത്തിയത്. ഉത്തരവ് തല്‍ക്കാലം മരവിപ്പിക്കണമെന്നും ദേശീയഗാനം ആലപിക്കുന്നത് സംബന്ധിച്ച് ആറ് മാസത്തിനകം മാര്‍ഗരേഖയുണ്ടാക്കാന്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നുമാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്.
തിയറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാണെന്ന ഉത്തരവിനെത്തുടര്‍ന്ന് നിരവധി പ്രശ്‌നങ്ങളാണ് തലപൊക്കിയത്. തീവ്ര ദേശീയവാദികള്‍ അവസരം മുതലെടുത്തു. ദേശീയ വികാരം തങ്ങള്‍ക്കു മാത്രമേ ഉള്ളുവെന്ന തരത്തിലായിരുന്നു അവരുടെ പെരുമാറ്റം. ന്യൂനപക്ഷങ്ങളുള്‍പെടെ തങ്ങള്‍ ശത്രുക്കളായി പ്രഖ്യാപിച്ചവരെയെല്ലാം സംശയദൃഷ്ടിയോടെ കാണാനും അവരെ ഉപദ്രവിക്കാനുള്ള അവസരമായി വിനിയോഗിക്കാനും തുടങ്ങി. ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റു നിന്നില്ലെന്ന് പറഞ്ഞ് തിയറ്ററുകളില്‍ നിന്ന് ആളുകളെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി. രാജ്യാന്തര ചലച്ചിത്ര മേളയില്‍ ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചുവെന്നാരോപിച്ച് പ്രതിനിധികളെ അറസ്റ്റ് ചെയ്ത സംഭവം നടന്നത് കേരളത്തിലാണ്. 12 ഡെലിഗേറ്റുകളെയാണ് ചലച്ചിത്രമേളയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനെ ചോദ്യം ചെയ്ത ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന് സംഘ്പരിവാര ശക്തികളില്‍ നിന്ന് ഏറെ പഴി കേള്‍ക്കേണ്ടിയും വന്നു. മൂവാറ്റുപുഴയിലെ ഐസക് മരിയ തിയേറ്ററില്‍ ദേശീയഗാന സമയത്ത്് എഴുന്നേറ്റ് നിന്നില്ലെന്ന് പറഞ്ഞ് രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഹൈദരാബാദിലെ സെക്കന്തരാബാദില്‍ കശ്മീര്‍ സ്വദേശികളായ മൂന്നു പേര്‍ അറസ്റ്റിലായി. തിയേറ്ററില്‍ ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേല്‍ക്കാത്തവരെ കൈയ്യേറ്റം ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ ഉള്‍പ്പെടെയാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ അരങ്ങേറിയത്. രോഗാവസ്ഥയിലുള്ളവരെ പോലും ഇത്തരക്കാര്‍ വെറുതെവിട്ടിരുന്നില്ല.
ദേശഭക്തി വളരെ കുലീനമായ വികാരമാണ്, ഒരു മനുഷ്യനു തോന്നാവുന്ന പ്രതിബദ്ധതയില്‍ ഏറ്റവും തെളിമയാര്‍ന്നതാണത്. ദേശഭക്തി ഏതെങ്കിലുമൊരു സമുദായത്തിന്റെ കുത്തകയല്ല, അതിപ്പോള്‍ ആ സമുദായം ഭൂരിപക്ഷമാണെങ്കിലും അല്ലെങ്കിലും. അത് അധികാരത്തിലിരിക്കുന്നവരുടെ കുത്തകയുമല്ല. കാവി ചുറ്റിയാല്‍ താനേ വരുന്ന ഒന്നല്ല ദേശഭക്തി; ന്യൂനപക്ഷങ്ങളെ ആക്രമിച്ചാലും അത് കിട്ടില്ല. അതൊരുതരത്തിലും ഒരു കക്ഷിരാഷ്ട്രീയ വിഷയമല്ല. ദേശഭക്തി എന്നാല്‍ രാജ്യത്തിന്റെ ക്ഷേമവും ഐക്യവും സുരക്ഷയും സംബന്ധിച്ച കളങ്കമില്ലാത്ത ശ്രദ്ധയാണ്. ആരെയും നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കേണ്ടതല്ല ദേശസ്‌നേഹം. മറ്റുള്ളവരുടെമേല്‍ രാജ്യസ്‌നേഹം അടിച്ചേല്‍പ്പിക്കുന്നവര്‍ യഥാര്‍ത്ഥ രാജ്യസ്‌നേഹികളുമല്ല. ദേശീയ വികാരം മനസ്സില്‍നിന്ന് വരേണ്ടതാണ്. തന്റെ സ്വന്തം രാജ്യമെന്ന വികാരം ഉള്ളില്‍ നിന്ന് ഉയര്‍ന്നുവരുമ്പോഴേ യഥാര്‍ത്ഥ രാജ്യ സ്‌നേഹി ഉദയം ചെയ്യു. ഈ യാഥാര്‍ത്ഥ്യമാണ് എല്ലാവര്‍ക്കുമുണ്ടാകേണ്ടത്.
എന്നാല്‍ തീവ്രദേശീയതയുടെ വക്താക്കള്‍ കുളം കലക്കുന്നത് അവര്‍ക്ക് മീന്‍ പിടിക്കാനാണ്. രാഷ്ട്രീയ ലക്ഷ്യം മാത്രമാണവര്‍ക്കുള്ളത്. അത് നിറവേറ്റാനുള്ള യാത്രയില്‍ രാജ്യവും അതിലെ ജനങ്ങളും മൂല്യങ്ങളുമൊന്നും വിഷയമേയല്ല. പൂര്‍വസൂരികള്‍ നിര്‍മ്മിച്ചെടുത്ത മഹത്തായ മൂല്യങ്ങള്‍ തകര്‍ന്നാലും ലക്ഷ്യ സാക്ഷാത്കാരത്തിനായി അവര്‍ കലഹിച്ചുകൊണ്ടേയിരിക്കും. ദേശീയതയും ദേശഭക്തിയുമെല്ലാം അതിനവര്‍ സ്വീകരിക്കും. അവരുടെ ഗൂഢ ലക്ഷ്യം മനസ്സിലാക്കി രാജ്യത്തെ അതിന്റെ മഹത്തായ പാരമ്പര്യത്തോടെ നിലനിര്‍ത്താനാണ് മതേതരവാദികള്‍ ശ്രമിക്കേണ്ടത്. സംഘ്പരിവാരം സൃഷ്ടിച്ചെടുക്കുന്ന വഴിയില്‍ തട്ടി വീഴാതിരിക്കാനാണ് ശ്രമിക്കേണ്ടത്. രാജ്യം നിലനിന്നാലേ രാജ്യ സ്‌നേഹം നിലനിര്‍ത്താനാകൂ. ദേശീയവികാരവും മാതൃരാജ്യ സ്‌നേഹവുമെല്ലാം എല്ലാവര്‍ക്കുമുണ്ടെന്ന സത്യം തിരിച്ചറിഞ്ഞ് രാജ്യത്തെ ജനങ്ങളെ ഒറ്റക്കെട്ടായി കാണാനുള്ള മനസ്സ് സംജാതമാകുമ്പോഴേ യഥാര്‍ത്ഥ രാജ്യസ്‌നേഹം കൈവരികയുള്ളുവെന്ന തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ടാകണം.
Be the first to write a comment.