തൊഴിലാളി വര്‍ഗത്തിന്റെ മുടിചൂടാമന്നന്മാരെന്നും സാമൂഹിക നീതിയുടെ അപ്പോസ്തലന്മാരെന്നുമൊക്കെ ഘോരഘോരം വാദിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെയും വിശിഷ്യാ കേരളത്തിലെയും കമ്യൂണിസ്റ്റുകാരില്‍നിന്ന് തീര്‍ത്തും പ്രതീക്ഷിച്ചതായില്ല എറണാകുളം ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രതിലോമകരമായ രണ്ടു സംഭവങ്ങള്‍. ഒന്ന് റവന്യൂഭൂമി ക്ഷേത്ര സമിതിക്കാര്‍ കയ്യേറിയെന്ന് ആരോപിച്ച് പ്രതിഷേധത്തിനിറങ്ങിയ ദലിത് അവകാശ പ്രവര്‍ത്തകരോടുള്ള ചിലരുടെ സമീപനത്തിന്റെ രൂപത്തിലായിരുന്നെങ്കില്‍, മറ്റേത് ഒരു കലാകാരനോട് മരണശേഷം കാട്ടിക്കൂട്ടിയ നിന്ദയുടെയും നന്ദികേടിന്റെയും രൂപത്തിലാണെന്ന വ്യത്യാസം മാത്രമേയുള്ളൂ. രണ്ടിലും തെളിഞ്ഞത് പണ്ടേ നാം തള്ളിക്കളഞ്ഞുവെന്ന് അവകാശപ്പെട്ടിരുന്ന ജാതീയമായ ഉച്ചനീചത്വങ്ങളുടെ തിരിച്ചുവരവായിരുന്നു. അതിന് അരുനിന്നതാകട്ടെ പലരും പുരോഗമനപരമെന്ന് തെറ്റിദ്ധരിക്കപ്പെട്ട കമ്യൂണിസ്റ്റുകളുടെയും പ്രത്യേകിച്ച് സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായ ദലിത് അവകാശങ്ങളോടുള്ള പുത്തന്‍ മനോഭാവമാണ്.
എറണാകുളം കോലഞ്ചേരി വടയമ്പാടിയില്‍ ഞായറാഴ്ച ദലിത് ആത്മാഭിമാന സംഗമത്തിനായി എത്തിയ നിരവധി ദലിത് പ്രവര്‍ത്തകരെയാണ് സംഘര്‍ഷത്തിന് ശ്രമിച്ചുവെന്നുകാട്ടി പൊലീസ് നരനായാട്ട് നടത്തിയതും അറസ്റ്റ്‌ചെയ്ത് ജയിലിലടച്ചതും. ഇവരില്‍ പലരും സമരത്തില്‍ പങ്കെടുക്കുക പോലും ചെയ്യാത്തവരുമായിരുന്നു. ഇവിടുത്തെ സംഘ്പരിവാറുകാരാണ് പൊലീസിനെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിച്ചതെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. മാധ്യമ പ്രവര്‍ത്തകരെ പോലും സംഘ്പരിവാറുകാര്‍ ആക്രമിക്കുകയുണ്ടായി. വടയമ്പാടിയിലെ പൊതുമൈതാനം പതിറ്റാണ്ടുകളായി കോളനിയുടെ പരിസരത്തുള്ള ദലിത് കുടുംബങ്ങളടക്കമുള്ളവര്‍ ഉപയോഗിച്ചുവരുന്നതായിരുന്നു. പൊടുന്നനെയാണ് ഭജനമഠം ഭാരവാഹികള്‍ മതില്‍കെട്ടി മൈതാനം കൈക്കലാക്കിയതും സംഭവം ജാതിമതിലായി വിശേഷിപ്പിക്കപ്പെട്ടതും സമരത്തിന് വഴിവെച്ചതും. സമരത്തെതുടര്‍ന്ന് മതില്‍ പൊളിച്ചുനീക്കാന്‍ തയ്യാറായത് ശുഭ സൂചനയായിരുന്നു. ഇക്കാര്യത്തില്‍ ജില്ലാകല്കടര്‍ ചര്‍ച്ചക്കു വിളിച്ച് ഒത്തുതീര്‍പ്പിലെത്തിച്ചതായും പറയുന്നു. എന്നാല്‍ ഞായറാഴ്ച ഇവിടെ ആത്മാഭിമാന സംഗമത്തിനെത്തിയവരെ ഹിന്ദു മുന്നണിക്കാര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇതില്‍ ഒരുപക്ഷം ചേര്‍ന്നുകൊണ്ട് ദലിത്‌സംഘടനാപ്രവര്‍ത്തകരെ മാത്രം തിരഞ്ഞുപിടിച്ച് മര്‍ദിച്ചതും മാധ്യമ പ്രവര്‍ത്തകരെയടക്കം അറസ്റ്റ് ചെയ്തതും പൊലീസിന്റെ തെറ്റായ നടപടിയായി. അക്രമം നടത്തിയവരെ ഒന്നു തൊടാന്‍ പോലും പൊലീസ് തയ്യാറായില്ലെന്നത് ദുരൂഹമാണ്. സ്ഥലത്തെ പ്രമുഖ കക്ഷിയായ സി.പി.എമ്മിനും വിരോധം ദലിത് സമരക്കാരോടായിരുന്നുവെന്നാണ് സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പൊതുജനത്തെ ബോധ്യപ്പെടുത്തിയത്. സി.പി.എമ്മും ഇടതുപക്ഷവും പറഞ്ഞുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ പോരാട്ടവും വര്‍ഗീയ വിരുദ്ധതയുമൊക്കെ എങ്ങനെ എറണാകുളത്ത് മാത്രം പോയ്മറഞ്ഞു.
കലാകാരനായ അശാന്തനുമായി ബന്ധപ്പെട്ട ദര്‍ബാള്‍ ഹാള്‍ സംഭവത്തില്‍ നാലാംദിവസം ഏതാനും പേരെ അറസ്റ്റ് ചെയ്‌തെങ്കിലും അത് പക്ഷേ ചടങ്ങു തീര്‍ക്കല്‍ മാത്രമായി. കഴിഞ്ഞ ബുധനാഴ്ചയാണ് വി.കെ മഹേഷ് എന്ന അശാന്തന്‍ ഹൃദയസംബന്ധമായ അസുഖത്തെതുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ അന്ത്യശ്വാസം വലിച്ചത്. ദര്‍ബാള്‍ഹാള്‍ ഗാലറിയുടെ സമീപത്തേക്ക് അശാന്തന്റെ മൃതശരീരം എത്തിക്കാനാനുവദിക്കാത്തവിധം പ്രശ്‌നങ്ങളുണ്ടാക്കുകയും ഒടുവില്‍ ഗാലറിയുടെ വരാന്തയില്‍ പൊതുദര്‍ശനത്തിന് വെക്കാന്‍ ഇടയായതും കേരളത്തിന്റെ കലാസാഹിത്യ പാരമ്പര്യത്തിനും പുരോഗമന ചിന്താഗതികള്‍ക്കും ഒട്ടും നിരക്കുന്നതായില്ല. മൃതശരീരം എത്തുമ്പോള്‍ സമീപത്തെ എറണാകുളത്തപ്പന്‍ ക്ഷേത്രത്തില്‍ നടതുറന്നിരിക്കുകയായിരുന്നുവത്രെ. മൃതശരീരത്തിന്റെ സാന്നിധ്യം അശുദ്ധിക്കും ദൈവ കോപത്തിനും ഇടയാക്കുമെന്നായിരുന്നു ചിലരുടെ വാദമുഖങ്ങള്‍. ചരമവാര്‍ത്ത അറിയിച്ചുകൊണ്ടുള്ള #ക്‌സ്‌ബോര്‍ഡ് കീറിയെറിയാനും പന്തല്‍ തകര്‍ക്കാനുംവരെ ഏതാനും പേര്‍ തയ്യാറായി. ആചാരാനുഷ്ഠാനങ്ങള്‍ ഏത് ആരാധാനാലയത്തിന്റേതായാലും പാലിക്കപ്പെടണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. എന്നാല്‍ അത് ഒരു മൃതശരീരത്തിനോടുള്ള വിവേചനമെന്ന് വരുന്നത് തികച്ചും അനഭിലഷണീയമാണെന്നേ വിശേഷിപ്പിക്കാനാകൂ. സത്യത്തില്‍ ഏതാനും ചിലരുടെ ഇംഗിതത്തിന് പൊലീസും ഭരണകൂടവും അരു നിന്നുകൊടുക്കുകയാണെന്നുവേണം കരുതാന്‍. ഇതേ ആര്‍ട്ട് ഗാലറിയില്‍ ഭിന്ന ലിംഗക്കാരുടെ ഒരു പരിപാടി നടത്തിയപ്പോഴും അവിടെ മല്‍സ്യമാംസാദികള്‍ വിളമ്പരുതെന്നും ഇവരില്‍ ചിലര്‍ ആജ്ഞാപിച്ചിരുന്നതായി പറയുന്നുണ്ട്. ഒരു ദലിതനായിപ്പോയതാണ് അശാന്തന്റെ മൃതശരീരത്തോട് ഈ നിന്ദയും നന്ദികേടും കാട്ടാന്‍ പ്രേരിപ്പിച്ചതെന്ന ആരോപണം സത്യമെങ്കില്‍, അത്യന്തം ഗൗരവത്തോടെ മാത്രമേ കാണാനാകൂ.
മനുഷ്യനെ മനുഷ്യനായി കാണാതിരിക്കുകയും ഭിന്നങ്ങളായ ജാതി മതാചാരങ്ങളുടെ പേരില്‍ അവരെ വിഭജിച്ച് മാറ്റിനിര്‍ത്തുന്നതും അടിപ്പിക്കുന്നതുമൊക്കെ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കേരളത്തില്‍ തുടരുന്നുവെന്നത് ചെറിയ വാര്‍ത്തയാവില്ല. ഈ പ്രവണത ഒരു നിലക്കും അനുവദിച്ചുകൂടാ. സമൂഹത്തിലെ ദുഷ്ട ശക്തികള്‍ ഇവ മുതലാക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നുണ്ടെന്ന കാര്യവും ഉത്തരവാദിത്തപ്പെട്ടവര്‍ മറന്നുപോകരുത്. അതനുവദിച്ചാല്‍ ഗുരുവും അയ്യങ്കാളിയും ദേശീയ പ്രസ്ഥാനക്കാരും മുസ്്‌ലിംകളും ദലിതുകളുമൊക്കെ ചേര്‍ന്ന് കെട്ടിപ്പൊക്കിയെടുത്ത കേരളത്തിന്റെ സ്വച്ഛസിംഹാസനം ഇടിഞ്ഞുവീഴും. ഒരു കമ്യൂണിസ്റ്റ് ഭരണകൂടം ഒരുനിലക്കും അതിന് ചൂട്ടുപിടിച്ചുകൊടുത്തുകൂടാ. ഹിന്ദുത്വ രാഷ്ട്രീയം രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കുമെതിരെ കാട്ടാള നൃത്തം ചവിട്ടുന്ന പതിതകാലം. പക്ഷേ അടുത്തിടെയായി സംസ്ഥാനത്ത് നടന്നുവരുന്ന വര്‍ഗീയത അഴിഞ്ഞാടുന്ന വിവിധ സംഭവങ്ങളിന്മേലുള്ള ഭരണകൂടത്തിന്റെ നിലപാടും നടപടികളും സന്ദേഹം ജനിപ്പിച്ചിരിക്കുന്നു. ഉച്ചനീചത്വങ്ങളുടെ മനുകാലത്തേക്ക് നാടിനെയാകെ റാഞ്ചിക്കൊണ്ടുപോകാനുള്ള ഏതു പരിശ്രമത്തെയും എല്ലാ ജനാധിപത്യ ശക്തികളും ഒരുമിച്ചുചെന്ന് അറബിക്കടലിലെറിയുകതന്നെ വേണം. അതോ കനയ്യയും രോഹിത് വെമുലയും ഉനയും ഭീമകൊരേഗാവും ബീഹാറില്‍ മൃതദേഹവുമായി കിലോമീറ്ററുകള്‍ നടന്ന മാഞ്ചിയും ഒന്നും ഇനിയും നമുക്ക് പാഠമാകുന്നില്ലെന്നുണ്ടോ. കോടികളുടെ കച്ചവട ഇടപാടുകളില്‍ മയങ്ങി മതി മറന്നിരിക്കുന്ന ആധുനിക ഇടതുമേലാളന്മാര്‍ക്ക് ഇതൊന്നും വിഷയമല്ലെന്നുവന്നോ?