Connect with us

Features

ഉയിര്‍ത്തെഴുന്നേല്‍ക്കും വരെ

പച്ചക്കാഴ്ചകളുടെ പകിട്ടായിരുന്ന പുത്തുമല പ്രകൃതിക്കലിയില്‍ പൊട്ടിയടര്‍ന്നിട്ട് ഒരു വര്‍ഷം പിന്നിട്ടു. ഉരുള്‍പൊട്ടലില്‍ പൊലിഞ്ഞ 17 മനുഷ്യജീവനുകളിലൊന്ന് കര്‍ണാടക ചാമ്രപട്ടണം സ്വദേശി അണ്ണയ്യന്റേതായിരുന്നു. തിരച്ചില്‍ അവസാനിച്ചിട്ടും സ്വന്തക്കാരും പരിസരവാസികളും നാടൊഴിഞ്ഞ് പോയിട്ടും അണ്ണയ്യന്റെ പാടിമുറിയില്‍ ഭാര്യ യശോദ ഇപ്പോഴും കാത്തിരിക്കുകയാണ്. കുന്നിറങ്ങാന്‍ നേരം അവസാനമായി അണ്ണയ്യന്‍ പറഞ്ഞ വാക്ക് സത്യമാവുന്നതും കാത്ത്…

Published

on

എഴുത്തും ചിത്രങ്ങളും/കെ.എസ് മുസ്തഫ

2019 ആഗസ്ത് 08
വയനാട് ജില്ലയിലെ മേപ്പാടി പുത്തുമല എസ്റ്റേറ്റില്‍ ദിവസങ്ങളായി തുടരുന്ന തോരാമഴക്ക് കനംകൂടി വന്നു. തിരിമുറിയാത്ത മഴയിലും കലിയൊടുങ്ങാത്ത കാറ്റിലും തേയില തളിര്‍ത്തുനില്‍ക്കുന്ന പച്ചക്കുന്നുകള്‍ ഇളകിത്തുടങ്ങി. ലയങ്ങളില്‍ നിന്ന് സുരക്ഷിസ്ഥാനത്തേക്ക് മാറാന്‍ കഴിയാത്തവര്‍ക്കായി എസ്റ്റേറ്റ് വക സ്റ്റോര്‍ തുറന്ന് കൊടുക്കാന്‍, വര്‍ഷങ്ങളായി എസ്‌റ്റേറ്റില്‍ ജോലി നോക്കുന്ന കര്‍ണാടക സ്വദേശി സ്റ്റോര്‍ കീപ്പര്‍ അണ്ണയ്യനെത്തേടി ആളുകളെത്തി. കുന്നിറക്കം അപകടമാണെന്ന് അറിയാമായിരുന്നിട്ടം അയാള്‍ക്ക് സൂപ്പര്‍വൈസറുടെ നിര്‍ദ്ദേശം അവഗണിക്കാനായില്ല. പുത്തുമലയുടെ ഓരം ചേര്‍ന്ന് കെട്ടിപ്പൊക്കിയ കശ്മീര്‍ കോളനിയിലെ പാടിമുറിയില്‍ നിന്ന് സ്റ്റോര്‍ റൂമിലേക്ക് പോകവേ, എതിര്‍ഭാഗത്ത് നിന്ന് വന്‍മരങ്ങളെയും പാറക്കൂട്ടങ്ങളെയും വഹിച്ച് മലയൊഴുകിവരുന്നത് അണ്ണയ്യന്‍ കണ്ടു. ഒരു നിമിഷം മാത്രം. അറ്റം കാണാത്ത വന്‍മരങ്ങള്‍ക്കും പാറക്കൂട്ടങ്ങള്‍ക്കുമൊപ്പം കുതിച്ചെത്തിയ ചളിമണ്ണ് അണ്ണയ്യനെ പുണര്‍ന്നു. അയാള്‍ക്കൊപ്പം പലയിടങ്ങളില്‍ നിന്നായി 16 മനുഷ്യജീവനുകളും മണ്ണിനടിയിലായി.

2019 ആഗസ്ത് 18
ദുരന്തം നടന്ന് പത്താംനാള്‍ പുത്തമുലയില്‍ നിന്നും ആറു കിലോമീറ്റര്‍ മാറി സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നും ഒരു പുരുഷന്റെ മൃതദേഹം ലഭിച്ചു. തിരിച്ചറിയാന്‍ പാകത്തില്‍ കാര്യമായൊന്നുമില്ലാത്ത, മണ്ണില്‍ പൂണ്ടൊട്ടിയ മനുഷ്യശരീരാവശിഷ്ടങ്ങള്‍. സാധ്യതകള്‍ പ്രകാരം അത് കര്‍ണാടക സ്വദേശിയും പുത്തുമല എസ്റ്റേറ്റിലെ ജീവനക്കാരുനുമായ അണ്ണയ്യന്റെ(54)താണെന്ന് മകന്‍ സുനിലും സഹോദരന്‍ ഗൗരിങ്കനും അധികൃതരെ അറിയിച്ചു. ഇതേത്തുടര്‍ന്ന് സബ്കലക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു.
ഔദ്യോഗിക നടപടിക്രമങ്ങള്‍ക്ക് ശേഷം സന്ധ്യയോടെ മേപ്പാടി മാരിയമ്മന്‍ ക്ഷേത്ര വക ശ്മശാനത്തില്‍ അവസാനവട്ട പൂജകളും പ്രാര്‍ത്ഥനകളും കഴിഞ്ഞ് മൃതദേഹം ചിതയിലേക്കെടുക്കാന്‍ നേരം പൊലീസ് ഓടിയെത്തി. സംസ്‌കാരം നിര്‍ത്തിവെക്കണമെന്നും മൃതദേഹത്തെക്കുറിച്ച് അവകാശവാദവുമായി അപകടത്തില്‍ കാണാതായ തമിഴ്‌നാട് സ്വദേശി ഗൗരീശങ്കറിന്റെ ബന്ധുക്കള്‍ എത്തിയിട്ടുണ്ടെന്നും അണ്ണയ്യന്റെ ബന്ധുക്കളെ പൊലീസ് അറിയിച്ചു. ചിതയില്‍ എണ്ണപടര്‍ന്ന ദേഹം അതോടെ താഴെയിറക്കി. അത് വരെ പ്രാര്‍ത്ഥനകളോടെ അടുത്ത് നിന്ന യശോദ തന്റെ ഭര്‍ത്താവിന്റേതെന്ന് ഉറപ്പിച്ച മൃതദേഹം പൊലീസ് ആംബുലന്‍സിലേക്ക് മാറ്റുന്നത് നിറഞ്ഞുതുളുമ്പിയ കണ്ണുനീരാല്‍ കാഴ്ച മങ്ങിയ മിഴികളോടെ നോക്കി നിന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ മൃതദേഹം ആരുടേതെന്നറിയാന്‍ ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ തീരുമാനമെടുത്തു. ഡി.എന്‍.എ പരിശോധനക്കായി ആഗസ്ത് 19ന് സാമ്പിള്‍ കണ്ണൂരിലെ റീജിയണ്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്കയച്ചു. ആത്മസംഘര്‍ഷങ്ങളുടെ എട്ടുനാളുകള്‍ക്ക് ശേഷം ഫലം വന്നത് ഗൗരിശങ്കറിന്റെ ബന്ധുക്കള്‍ക്ക് അനുകൂലമായായിരുന്നു. നടപടികള്‍ക്ക് ശേഷം മൃതദേഹം ഗൗരിയുടെ ജന്മദേശമായ ഉദുമല്‍പേട്ടിലേക്ക് കൊണ്ടുപോയി. ദിവസങ്ങള്‍ക്കകം തിരച്ചില്‍ അവസാനിപ്പിച്ച് രക്ഷാപ്രവര്‍ത്തകര്‍ പുത്തുമല വിടുകയും ചെയ്തു.

2020 സെപ്തംബര്‍ 08
കശ്മീര്‍ കോളനിയിലെ ഒറ്റമുറിപ്പാടിയില്‍ കഴിയുന്ന യശോദയെത്തേടി ഞങ്ങളെത്തി. പുത്തുമലക്ക് തൊട്ടടുത്ത് ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പണിത ലയങ്ങളിലൊന്നിലാണ് യശോദയിപ്പോഴും താമസിക്കുന്നത്. കല്യാണം കഴിഞ്ഞ് മൂന്നാം നാള്‍ ആദ്യമായി പാര്‍ക്കാനെത്തിയ അതേ പാടിമുറിയില്‍. കുറച്ച് വര്‍ഷങ്ങള്‍ മുമ്പ് വരെ ശബ്ദമുഖരിതമായിരുന്ന ലയങ്ങളില്‍ ഇപ്പോള്‍ ആളനക്കമില്ല. അടുത്ത് താമസിച്ചിരുന്നവരൊക്കെ ലയം വിട്ടു മറ്റിടങ്ങളിലേക്ക് ചേക്കറി. രണ്ട് പാടികള്‍ തകര്‍ന്നുപോവുകയും ചെയ്തു. ലയങ്ങളിലേക്ക് ഇപ്പോഴും റോഡായിട്ടില്ല. കുന്ന് വെട്ടിയൊരുക്കിയ നടവഴി മാത്രം. മഴയൊഴുകിയ വഴികളില്‍ മണല്‍മണ്ണ് അടിഞ്ഞുകൂടിയിരിക്കുന്നു. ചൂരല്‍മലയില്‍ നിന്നെത്തിയ അണ്ണയ്യന്റെ സഹോദരന്‍ ഗൗരിങ്കന് ഒന്നിലധികം തവണ വിളിക്കേണ്ടിവന്നു യശോദ പുറത്തേക്ക് വരാന്‍.
ശോകാര്‍ദ്രമായിരുന്നു അവരുടെ മുഖം. സംസാരിക്കാന്‍ ആദ്യമൊക്കെ മടികാണിച്ചെങ്കിലും അണ്ണയ്യനെക്കുറിച്ച് ചോദിച്ചതോടെ പാതി കന്നടയില്‍ യശോദ മറുപടി പറഞ്ഞ് തുടങ്ങി. കര്‍ണാടകയിലെ ഹാസന്‍ ജില്ലക്കാരാണ് അണ്ണയ്യനും യശോദയും. ചമ്രാപട്ടണം സ്വദേശികള്‍. ദാരിദ്രം നിര്‍ത്തിപ്പൊരിച്ചതോടെ 54 വര്‍ഷങ്ങള്‍ക്ക് മുമ്പ് അണ്ണയ്യന്റെ കുടുംബം വയനാട്ടിലേക്ക് കുടിയേറുകയായിരുന്നു. പുത്തുമലയടിവാരത്തെത്തുമ്പോള്‍ ആറുമാസമായിരുന്നു അണ്ണയ്യന് പ്രായം. അവിടന്നങ്ങോട്ട് അയാള്‍ പുത്തുമലക്കാരനായി. ഇരുപത്തിനാലാം വയസ്സില്‍ കല്യാണം കഴിക്കാന്‍ അണ്ണയ്യന്‍ ഒരിക്കലൂടെ ചാമ്രപട്ടണത്തേക്ക് പോയി. അടുത്ത ഗ്രാമത്തിലെ യശോദയെ താലികെട്ടി. മൂന്ന് ദിവസത്തെ മാത്രം പരിചയമുള്ളൊരു പുരുഷനൊപ്പം ആ 19കാരി പുത്തുമലയിലെ ഒറ്റമുറിപ്പാടിയിലെത്തി. ഭര്‍ത്താവ് ദിവസവും തേയിലത്തോട്ടത്തില്‍ ജോലിക്ക് പോവും. ഭാഷയറിയാത്ത അവള്‍ മലകളെ നോക്കിയും അരിവെച്ചും പാടിയില്‍ കഴിയും. ഇതിനിടെ യശോദ ഗര്‍ഭിണിയായി. ശ്രുതിയുടെയും സുനിലിന്റെയും അമ്മയായി.


വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രം നാട്ടില്‍ പോയിരുന്ന അണ്ണയ്യന്റെ കുടുംബത്തിന് പുത്തമുലയായിരുന്നു ഒന്നാം വീട്. തുഛമായ വരുമാനത്തിലും കുടുംബം സന്തോഷത്തോടെ കഴിഞ്ഞു. മകളെ ബെംഗലൂരുവിലേക്ക് കല്യാണം കഴിച്ചയച്ചു. മകന്‍ എഞ്ചിനീയറിംഗ് പാസായി. ജോലിയിലെ ആത്മാര്‍ത്ഥത കാരണം അണ്ണയ്യനെ സ്‌റ്റോര്‍കീപ്പറായി മാനേജ്‌മെന്റ് നിയമിക്കുകയും ചെയ്തു.
അപകടം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് തൊട്ടേ പുത്തുമലയില്‍ അതിശക്തമായ മഴയായിരുന്നുവെന്ന് യശോദ ഓര്‍ക്കുന്നു. ആഗസ്ത് എട്ടിന് രാവിലെ മുതല്‍ നാട്ടുകാരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാനുള്ള ഓട്ടത്തിലായിരുന്നു അണ്ണയ്യന്‍. ഉച്ചയോടെ വീട്ടിലെത്തി ഭക്ഷണം കഴിച്ചു. മലയിലെവിടെയോ ഉരുള്‍പൊട്ടിയിട്ടുണ്ടെന്നാണ് തോന്നുന്നതെന്നും ഇനി പുറത്തേക്ക് പോകുന്നത് അപകടമാണെന്നും അയാള്‍ ഭാര്യയോട് പറഞ്ഞു. ആരും വിളിക്കാതിരിക്കാന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഉച്ചയുറക്കത്തിനായി കിടന്നു.
അല്‍പം കഴിഞ്ഞതോടെ വീട് മാറാന്‍ കഴിയാതിരുന്ന കുറച്ച് പേര്‍ക്ക് കയറി നില്‍ക്കാന്‍ സ്റ്റോര്‍ റൂമിന്റെ താക്കോല്‍ വാങ്ങാനായി സൂപ്പര്‍വൈസര്‍ പറഞ്ഞയച്ച രണ്ട് മൂന്നുപേര്‍ അണ്ണയ്യനെ തേടി ലയത്തിലെത്തി. താക്കോല്‍ കൊടുത്തയക്കാന്‍ മടിച്ച അണ്ണയ്യന്‍ അവരോടൊപ്പം താഴേക്ക് പോയി. പോവാന്‍ നേരം പിന്തിരിഞ്ഞ് ഭാര്യയോടെ ഉടന്‍ മടങ്ങിവരാമെന്ന് ഉറപ്പിച്ച് പറഞ്ഞു. പക്ഷെ അണ്ണയ്യന്‍ തിരിച്ചുവന്നില്ല.
അപകടം നടന്ന് ദിവസങ്ങളും മാസങ്ങളും പിന്നിട്ടിട്ടും യശോദ ഭര്‍ത്താവിനായി ഇപ്പോഴും പാടിമുറിയില്‍ കാത്തിരിക്കുകയാണ്. സര്‍ക്കാര്‍ സഹായമായ 10 ലക്ഷം രൂപ ലഭിച്ചതോടെ കൂടെയുള്ളവര്‍ സ്വന്തം നാടുകളിലേക്കും സുരക്ഷിതമായ മറ്റിടങ്ങളിലേക്കും മടങ്ങിയിട്ടും യശോദ കര്‍ണാടകത്തിലേക്ക് മടങ്ങാന്‍ കൂട്ടാക്കിയില്ല. ബെംഗലൂരുവിലെ ഭര്‍ത്തൃവീട്ടിലേക്ക് മടങ്ങാന്‍ മകള്‍ കരഞ്ഞുവിളിച്ചിട്ടും പോയില്ല. തന്നോട് ഇപ്പോ വരാമെന്ന് പറഞ്ഞ് പോയ ഭര്‍ത്താവ് എന്നെങ്കിലുമൊരിക്കല്‍ ലയത്തിലേക്ക് തിരികെ വരുമെന്ന് തന്നെ അവരിപ്പോഴും കരുതുന്നു.
‘അണ്ണയ്യനെ കാണാതായിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഇനിയും കാത്തിരിക്കുന്നത് വെറുതെയാണെന്നാണ് അടുത്തുള്ളവരൊക്കെ പറയുന്നത്. എന്നാല്‍ എന്നോട് ഉടന്‍ മടങ്ങിവരാമെന്ന് പറഞ്ഞാണ് അണ്ണയ്യന്‍ പോയത്. നാട്ടുകാരേക്കാള്‍ എനിക്ക് വിശ്വാസം എന്റെ അണ്ണയ്യനേയാണ്’ യശോദ ഞങ്ങളോട് ആവര്‍ത്തിച്ചു.
നേരത്തേ മൂന്ന് കുടുംബങ്ങള്‍ താമസിച്ചിരുന്ന ലയത്തില്‍ ഇപ്പോള്‍ യശോദ ഒറ്റക്കാണ്. ഉപരിപഠനം പൂര്‍ത്തിയാക്കിയിട്ടും മകന് ജോലിയൊന്നും ശരിയാവാത്തതില്‍ അവര്‍ ദു:ഖിതയാണ്. ജോലിയൊന്നുമില്ലാതെ അമ്മയും മകനും എങ്ങനെ കഴിയുമെന്നതിനെക്കുറിച്ച് അവര്‍ക്ക് നിശ്ചയവുമില്ല. എങ്കിലും പുത്തുമല വിടാന്‍ യശോദ ഒരുക്കമല്ല. മേപ്പാടി മാരിയമ്മന്‍ ക്ഷേത്ര ശ്മശാനത്തില്‍ അഛനായി മകന്‍ ചൊല്ലിയ അവസാനപ്രാര്‍ത്ഥനകള്‍ കേട്ട് പുത്തുമലയുടെ ഉള്‍മണ്ണിലെവിടെയോ ഇനിയും മടങ്ങാതെ ഉറങ്ങുന്ന അണ്ണയ്യനെ കാത്തുകഴിയുകയാണ് അവരിപ്പോഴും.
മടങ്ങാന്‍ നേരം നടവഴികള്‍ പാതിയിറങ്ങി ഞങ്ങള്‍ തിരിഞ്ഞ് നോക്കി. അപ്പോഴും യശോദ റോഡില്‍ നിന്ന് വെട്ടിയൊതുക്കിയ മണ്‍വഴിയിലേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു. വെയിലുറക്കുന്നതോടെ അണ്ണയ്യന്‍ ചോറുണ്ണാന്‍ ലയത്തിലേക്ക് ഒരിക്കല്‍ കൂടെ കയറി വന്നാലോ…

 

Features

നാടിനുവെളിച്ചമായ അത്ഭുത പ്രതിഭ

വൈകല്യവും അര്‍ബുദവും ബാധിച്ചപ്പോഴും അതൊന്നും സാരമില്ലെന്ന് പറഞ്ഞ് സാമൂഹിക ജീവിത ശാക്തീകരണ പദ്ധതികള്‍ വിജയകമാരമായി നടപ്പാക്കിയാണ് വെള്ളിലക്കാട് എന്ന കുഗ്രാമത്തില്‍ നിന്ന് ലോകത്തോളം വളര്‍ന്ന റാബിയ കടന്നുപോയിരിക്കുന്നത്.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

അക്ഷരങ്ങളെ ചേര്‍ത്തുവെച്ചു സമൂഹത്തിനു വെളിച്ചം പകര്‍ന്നാണ് പത്മശ്രീ കെ.വി റാബിയ വിടവാങ്ങിയിരിക്കുന്നത്. ജീവിതകാലം മുഴുവന്‍ തന്റെ ചുറ്റും ജ്ഞാനവും ആത്മവിശ്വാസവും പ്രതീക്ഷയും പകര്‍ന്നു നല്‍കി. സംഭവബഹുലമായ ജീവിതമായിരുന്നു അവരുടേത്. കുട്ടിക്കാലത്ത് ഓടിയും ചാടിയും നടന്ന റാബിയ സ്‌കൂള്‍ പഠനകാലത്താണ് പൊടുന്നനെ ശാരിരിക പ്രയാസത്തിലേക്ക് കടന്നത്. തിരൂരങ്ങാടിയിലെ പള്ളിപറമ്പ് നൂറുല്‍ ഹുദ മദ്രസയിലായിരുന്നു ആദ്യ പഠനം. ചന്തപ്പടിയിലെ ജി.എല്‍.പി സ്‌കൂളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസവും തുടങ്ങി. പിന്നീട് തിരുരങ്ങാടി ഗവ ഹൈസ്‌കുളിലായി പഠനം. സഹപാഠികള്‍ക്കൊപ്പം ഉച്ചയൂണിനു വീട്ടിലെത്തുമായിരുന്നു. ഏറെ ദൂരം നടന്നുവേണം വീട്ടി ലെത്താന്‍. ഇതിനിടെ കാലിനു ബാധിച്ച വൈകല്യം പതുക്കെ കുടികൊണ്ടിരുന്നു. അതോടെ ഉച്ചയൂണിനു വീട്ടലെത്താന്‍ കഴിയാതായി. ഉച്ചഭക്ഷണം സ്‌കുളിലേക്കു കൊണ്ടുപോവലായി. പഠിക്കാനുള്ള ആവേശവും ആഗ്രഹവും തിളച്ചുമറിയുന്ന ദിനങ്ങള്‍, എസ്എസ്എല്‍സി ക്ലാസി ലേക്കുള്ള ഒരുക്കത്തിനിടെ കാലിനു വീണ്ടും കലശാലയ വേദന. ഒരു ദിവസം ക്ലാസ് വിട്ടപ്പോള്‍ തിരെ നടക്കാന്‍ കഴിയുന്നില്ല. രണ്ടു കാലുകള്‍ തളര്‍ന്നിരിക്കുന്നു. സഹോദരികളുടെയും സഹപാഠികളുടെയും കഴുത്തിലൂടെ ഇരു കൈകളുമിട്ട് കിലോമീറ്ററോളം നിലം തൊടാതെയാണ് വി ട്ടിലെത്തിയത്.

നടക്കാന്‍ കഴിയാത്തത് റാബിയ വകവെച്ചില്ല. പിതൃസഹോദരന്റെ സഹായത്തോടെ സൈക്കിളിലായിരുന്നു പിന്നീട് സ്‌കൂളിലെത്തിയത്. എസ്എസ്എല്‍സി പരീക്ഷ നല്ല മാര്‍ക്കോടെ വിജയിച്ചു. തുടര്‍ന്ന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ പ്രീഡിഗ്രി. സെക്കന്റ് ഗ്രൂപ്പ് എടുക്കാനായിരുന്നു റാബിയയുടെ ആഗ്രഹം. പക്ഷേ ലാബില്‍ എണീറ്റ് നില്‍ക്കാന്‍ കഴിയാത്തതിനാല്‍ തേര്‍ഡ് ഗ്രൂപ്പ് എടുത്തു. ഓട്ടോ റിക്ഷയിലായിരുന്നു കോളജില്‍ എത്തിയിരുന്നത്. മുകള്‍ നിലയിലേക്ക് കയറാന്‍ കഴിയാത്തതിനാല്‍ കോളജ് അധിക്യതര്‍ ക്ലാസ് താഴെയാക്കി കൊടുത്തു. എളാപ്പമാരുടെ സൈക്കിളിന്റെ സഹായത്തോടെയായി പിന്നെയും യാത്ര. പ്രീഡിഗ്രി പഠന കാലത്ത് കാലിന്റെ വേദനയും തളര്‍ച്ചയും താങ്ങാവുന്നതിലപ്പുറമായി. രണ്ടാം വര്‍ഷ പ്രീഡിഗ്രി പരീക്ഷ സാഹസപ്പെട്ട് എഴുതിയെങ്കിലും ഔപചാരിക വിദ്യാഭ്യാസത്തിന്റെ അവസാനത്തേത് കൂടിയായി അത്. കോളജില്‍ പഠിക്കാന്‍ മനസ്സ് കൊതിച്ചെങ്കിലും വൈകല്യം പ്രതിസന്ധി സൃഷ്ടിച്ചു.

റാബിയ വെറുതെയിരുന്നില്ല. ക്ലാസിലെ പഠനങ്ങള്‍ക്കപ്പുറത്തായി റാബിയയുടെ പഠനം. റാബിയ വായനയുടെ ചിറകിലേറി. മലയാളം, ഇംഗ്ലിഷ്, അറബി പുസ്തകങ്ങള്‍ റാബിയക്ക് സ്വന്തമായിരുന്നു. സാഹിത്യ, ചരിത്ര ഗവേഷണ പുസ്തകങ്ങള്‍ റാബിയ വായിച്ചുകൊണ്ടേയിരുന്നു. അറിവിന്റെ വലിയൊരു ലോകമായി റാബിയ വളര്‍ന്നത് ആരുമറിഞ്ഞില്ല. റേഷന്‍ കടയില്‍ നിന്ന് പിതാവിനു കിട്ടിയിരുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. പ്രാരാബ്ധങ്ങള്‍ക്ക് നടുവിലായിരുന്നു റാബിയ. തന്റെ അറിവ് കുട്ടികള്‍ക്ക് പകരാനായി റാബിയ
ട്യൂഷന്‍ തുടങ്ങി. സമീപത്തെ കുട്ടികളെല്ലാം റാബിയയെ തേടിയെത്തി. അപ്പോഴാണ് കേരളത്തില്‍ സാക്ഷരത യജ്ഞം തുടങ്ങുന്നത്. ഇതില്‍ റാബിയക്ക് ഏറെ താല്‍പ്പര്യം തോന്നി. 1990 ജൂണ്‍ 17ന് ഏഴ് പഠിതാക്കളുമായി റാബിയ സാക്ഷരത ക്ലാസ് തുടങ്ങി. റാബിയയുടെ ക്ലാസില്‍ ചേരാന്‍ പരിസരത്തെ പലരും എത്തി. വീല്‍ ചെയറിലിരുന്ന് അവരുടെ കൈപിടിച്ച് അക്ഷരങ്ങള്‍ ചേര്‍ത്തുവെച്ച് പഠിപ്പിച്ചു. അവരെല്ലാം നന്നായി പഠിച്ചു. അന്നത്തെ മലപ്പുറം ജില്ലാ കലക്ടര്‍ കുരുവിള ജോണ്‍ ഐ.എ.എസ് റാബിയയയുടെ സാക്ഷരത ക്ലാസ് കേട്ടറിഞ്ഞ് വെള്ളിലക്കാട് എത്തി. മികവുറ്റ ക്ലാസ് കണ്ട് കലക്ടര്‍ വിസ്മയം കൊണ്ടു. വെള്ളിലക്കാട് പ്രദേശത്തേക്ക് റോഡില്ലാതെ ഒറ്റപ്പെട്ട് കഴിയുന്നതിലെ പ്രയാസം കലക്ടര്‍ക്ക് മുന്നില്‍ റാബിയ നിരത്തി. തുടര്‍ന്ന് റോഡിനായുള്ള കൂട്ടായ്മ. ഒപ്പം വൈദ്യുതിയും. പ്രദേശത്തേക്ക് റോഡ് വന്നപ്പോള്‍ അതൊരു ആഘോഷമായിരുന്നു. അക്ഷര റോഡ് എന്ന പേരിലായിരുന്നു റോഡ് അറിയപ്പെട്ടതും രേഖയില്‍ സ്ഥാനം പിടിച്ചതും.

റാബിയയുടെ ക്ലാസുകളും വിശേഷങ്ങളും പുറത്തേക്കറിയാന്‍ തുടങ്ങി. മാതൃകാപരമായ സാക്ഷരതാ ക്ലാസ് നടക്കുന്ന തറിഞ്ഞ് കാണാനായി സാക്ഷരതാ ലോകം വന്നുകൊണ്ടിരുന്നു. പ്രദേശത്തുകാരെ പഠിക്കാന്‍ മാത്രമല്ല അവരെ ജീവിതം കരുപ്പിടിപ്പിക്കാന്‍ കുടി റാബിയ ചക്രം ഉന്തുകയായിരുന്നു. പാവപ്പെട്ട മണ്‍പാത്ര തൊഴിലാളികള്‍ നിറഞ്ഞ പ്രദേശമാണ് വെള്ളിലക്കാട്. അവര്‍ക്ക് അക്ഷര അഭ്യാസവും അവരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനും റാബിയ അത്താണിയായി നിന്നു. അക്ഷര സംഘം, മഹിളാസമാജം, വികസന വേദി, വനിതാ വേദി. വിജ്ഞാന വേദി. വിനോദ വേദി, സംസ്‌കാര വേദി തുടങ്ങിയവ റാബിയയുടെ കരുത്തില്‍ പിറന്നു. മഹിളാ സമാജത്തിനു കിഴില്‍ കുടില്‍ വ്യവസായം തുടങ്ങി. തിരുരങ്ങാടി ബ്ലോക്കി ന്റെ സഹായത്തോടെ അക്ഷര കവര്‍ പാക്കേജ് നിര്‍മാണം. ആവശ്യമായ സ്ഥലവും കെട്ടിടം നിര്‍മിക്കാന്‍ തുക പിതാവ് നല്‍കി. മെഡിക്കല്‍ സ്റ്റോറിലേക്ക് ആവശ്യമായ ചെറിയ കവറുകള്‍ നല്‍കുന്ന സഹകരണ സംഘമായി രജിസ്റ്റര്‍ ചെയ്തു. സാക്ഷരതയിലൂടെ ദാരിദ്ര്യ ലഘുകരണവും നടപ്പാക്കി റാബിയ മാതൃക തീര്‍ത്തു. അന്ന് കുടില്‍ വ്യവസായത്തിനു റാബിയക്ക് താങ്ങായി നിന്നത് ചന്ദ്രിക ദിന പത്രമായിരുന്നുവെന്ന് റാബിയ ‘സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്’ എന്ന ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. കിലോ ഒന്നിനു രണ്ടു രൂപ വെച്ച് ചന്ദ്രിക വണ്‍സൈഡ് പ്രിന്റ് പേപ്പര്‍ തന്നു. ഈ സഹായമാണ് പേപ്പര്‍ കവര്‍ കുടില്‍ വ്യവസായത്തിന്റെ മുന്നോട്ടുള്ള പാത സുഗമമാക്കിയത് എന്ന് റാബിയ രേഖപ്പെടുത്തിയിരിക്കുന്നു.

വീടിനോട് ചേര്‍ന്ന് വുമണ്‍സ് ലൈബ്രറിയും തുടങ്ങി. തിരുരങ്ങാടി പഞ്ചായത്ത് ആവശ്യമായ പത്രങ്ങള്‍ നല്‍കി. ഒപ്പം ചലനം എന്ന കൂട്ടായ്മയും റാബിയ ശക്തിപ്പെടുത്തി. ഭിന്നശേഷിക്കാര്‍ക്ക് കരുത്തായി റാബിയ മുന്നില്‍ നിന്നു. ചലനത്തിലൂടെ പ്രസിദ്ധീകരണം ഉള്‍പ്പെടെ വൈവിധ്യ പദ്ധതികള്‍ നടപ്പാക്കി. മികവുറ്റ പ്രവര്‍ത്തനങ്ങള്‍ റാബിയയെ അംഗീകാരങ്ങളിലെത്തിച്ചു. ഡല്‍ഹിയില്‍ നിന്ന് 1994 ജനുവരി 3 ന് ദേശീയ യൂത്ത് അവാര്‍ഡ് റാബിയയെ തേടിയെത്തി. 1995ല്‍ നാലാം ക്ലാസ് പാഠ പുസ്തകത്തില്‍ ഒമ്പതാമത്തെ അധ്യായത്തില്‍ മാര്‍ഗദീപങ്ങള്‍ എന്ന പാഠഭാഗത്ത് റാബിയിയുടെ പേരും ഉള്‍പ്പെട്ടു. വൈകല്യവും അര്‍ബുദവും ബാധിച്ചപ്പോഴും അതൊന്നും സാരമില്ലെന്ന് പറഞ്ഞ് സാമൂഹിക ജീവിത ശാക്തീകരണ പദ്ധതികള്‍ വിജയകമാരമായി നടപ്പാക്കിയാണ് വെള്ളിലക്കാട് എന്ന കുഗ്രാമത്തില്‍ നിന്ന് ലോകത്തോളം വളര്‍ന്ന റാബിയ കടന്നുപോയിരിക്കുന്നത്.

Continue Reading

Features

ഒളവട്ടൂരിലെ ആദ്യവനിതാ ഡോക്ടര്‍ ഹാര്‍വാര്‍ഡിലേക്ക്

Published

on

അശ്‌റഫ് തൂണേരി

കുഞ്ഞു അമീനക്ക് പലരേയും പോലെ ഇന്നതാവണമെന്ന് സ്വപ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. കൊണ്ടോട്ടി, ഒളവട്ടൂര്‍, താഴെചാലില്‍ എം.സി മുഹമ്മദിന്റെയും മറിയം കോണിയകത്തിന്റേയും മകള്‍ മൊറയൂര്‍ വി.എച്ഛ്.എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്ന് മികച്ച മാര്‍ക്കോടെ സയന്‍സില്‍ പ്ലസ്ടു വിജയിച്ചതോടെയാണ് വീട്ടുകാര്‍ക്കും അവള്‍ക്ക് സ്വന്തവും ഡോക്ടറായാല്‍ കൊള്ളാമെന്ന് തോന്നിയത്. ഒളവട്ടൂര്‍ ഹയാത്തുല്‍ ഇസ്‌ലാം ഓര്‍ഫനേജ് യു.പി, ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലാണ് പത്താംതരം വരെ പഠിച്ചത്. പാല ബ്രില്യന്റില്‍ പരിശീലനത്തിന് ശേഷം പാലക്കാട് പി.കെ ദാസ് മെഡിക്കല്‍ കോളെജില്‍ പ്രവേശനം നേടി എം.ബി.ബി.എസ് പൂര്‍ത്തിയാക്കുകയായിരുന്നു. അത് ഒളവട്ടൂര്‍ ഗ്രാമത്തിലെ ആദ്യ വനിതാ ഡോക്ടര്‍ എന്ന പദവിയിലേക്കുള്ള സന്ദര്‍ഭം കൂടിയായി മാറിയത് ചരിത്ര നിയോഗം. ബിരുദം നേടി ആറുമാസം മാത്രമാണ് ആര്‍.എം.ഒ ആയി മഞ്ചേരി കൊരമ്പയില്‍ ആശുപത്രിയില്‍ സേവനമനുഷ്ഠിച്ചത്. പിന്നീടവര്‍ ഇന്ത്യന്‍ ഗ്രാമങ്ങളിലേക്ക് യാത്ര തിരിച്ചു, കമ്മ്യൂണിറ്റി ഹെല്‍ത്‌കെയറില്‍ തന്റേതായ രീതിയില്‍ ശ്രമങ്ങള്‍ നടത്താന്‍. ഇപ്പോഴിതാ ലോകത്തെ മുന്‍നിര സര്‍വ്വകലാശാലയായ ഹാര്‍വാര്‍ഡില്‍ ഉന്നത പഠനത്തിന് പ്രവേശനം നേടി മലയാളികളുടെ അഭിമാനമായി മാറിയിരിക്കുന്നു. ‘മാസ്റ്റേഴ്‌സ് ഓഫ് മെഡിക്കല്‍ സയന്‍സസ് ഇന്‍ ഗ്ലോബല്‍ ഹെല്‍ത് ഡെലിവറി’ എന്ന വിഷയത്തില്‍ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് പി.ജി ചെയ്യാന്‍ ഉടന്‍ അമേരിക്കയിലേക്ക് പറക്കാനിരിക്കുകയാണ് ഡോ.അമീന മുംതാസ്.

കുയി ഭാഷയും എച്ഛ്.ഐ.വി ബാധിതരായ കുട്ടികളും

ഒഡീഷയിലെ കാലഹാന്ദിയിലുള്ള സ്വസ്ഥിയ സ്വരാജ് സൊസൈറ്റിക്ക് കീഴിലായിരുന്നു ഡോ.അമീന 2022-ഫെബ്രുവരി മുതല്‍ 2023 മാര്‍ച്ച് വരെ പ്രവര്‍ത്തിച്ചത്. ഒഡീഷയിലെ പ്രധാന ഗോത്രജനതയായ, ഖോണ്ടുകള്‍ എന്നറിയപ്പെടുന്ന ആദിവാസി ഗോത്രവിഭാഗങ്ങളാണ് കാലഹാന്ദിയില്‍ കൂടുതല്‍. അവര്‍ക്കുള്ള പ്രാഥമിക ചികിത്സയും ആരോഗ്യബോധവത്കരണവുമെല്ലാമാണ് നടത്തിയത്. കുയി എന്ന ഭാഷയാണ് ഇവര്‍ സംസാരിക്കുക. ഒഡിയ ലിപിയില്‍ തന്നെയാണ് എഴുത്ത്. പ്രാദേശിക ആരോഗ്യപ്രവര്‍ത്തകരാണ് കുയി ഭാഷ ഇംഗ്ലീഷിലേക്കോ ഹിന്ദിയിലേക്കോ മൊഴിമാറ്റി ചികിത്സക്ക് ഡോക്ടര്‍മാരെ സഹായിക്കുക. പട്ടിണിയിലൂടെ ഡയബറ്റിക് ആയി മാറിയ രോഗികള്‍ വരെ ഇവിടെയുണ്ട്. പാടത്തും മലയടിവാരങ്ങളിലും പണിയെടുക്കാന്‍ പോവുന്ന ഗോത്ര വിഭാഗങ്ങളിലുള്ള സ്ത്രീകള്‍ ജോലി സ്ഥലത്ത് പോലും പ്രസവിക്കും. ജോലിക്കെത്തുന്നവര്‍ ഇടക്ക് വേദന തോന്നുമ്പോള്‍ പ്രസവിക്കുന്ന സാഹചര്യമാണ്. അതും കുത്തിയിരുന്നാണ് പ്രസവിക്കുക. ഇത്തരം നോര്‍മല്‍ ഡെലിവറി അറ്റന്റ് ചെയ്യാന്‍ പ്രാപ്തരായിക്കും പ്രാദേശിക ആരോഗ്യപ്രവര്‍ത്തകര്‍. സ്വസ്ഥിയ സ്വരാജ് സൊസൈറ്റി നടത്തുന്ന ആശുപത്രിയില്‍ നിന്നും അവര്‍ ബേസിക് നഴ്‌സിംഗ് ഡിപ്ലോമ പരിശീലനം പൂര്‍ത്തിയാക്കുന്നത് ആരോഗ്യ സാക്ഷരത തീരെയില്ലാത്ത ഒരു സമൂഹത്തില്‍ വലിയ കാര്യമാണ്.

2023 മാര്‍ച്ച് മുതല്‍ സപ്തംബര്‍ വരെ മിസോറാമിലായിരുന്നു പ്രവര്‍ത്തനം. ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സിന് കീഴില്‍ സൊകത്താര്‍ എന്ന വില്ലേജില്‍ മ്യാന്‍മറിലെ ആഭ്യന്തര കലാപത്തില്‍ പെട്ട ആളുകളെ ചികിത്സിച്ചു. ആശുപത്രി സൗകര്യങ്ങള്‍ തീരെയില്ലാത്ത ഈ പ്രദേശത്ത് നിന്ന് പട്ടാളക്കാരേയും സാധാരണക്കാരേയും പോരാട്ടത്തിനിറങ്ങിയവരെയുമെല്ലാം മാറി മാറി ചികിത്സിച്ചു. മിസോറാമിന്റെ അതിര്‍ത്തി ഗ്രാമത്തിലായതിനാല്‍ തന്നെ പലപ്പോഴും ബോംബ് പൊട്ടുന്ന ശബ്ദം കേട്ട നാളുകളുണ്ടെന്ന് ഡോ.അമീന ഓര്‍ക്കുന്നു. പിന്നീടാണ് ബീഹാറിലെ പാട്‌നയില്‍ ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സിന് കീഴില്‍ അഡ്വാന്‍സ് എച്ച്.ഐ.വി പ്രൊജക്ടില്‍ ജോലി നോക്കിയത്. 2024 ജൂലൈ അവസാനം വരെ അത് തുടര്‍ന്നു. ഗുരുതര എച്ഛ്.ഐ.വി ബാധിതരായ ആളുകളെയാണ് പരിചരിച്ചത്. പ്രതിരോധി ശേഷി കുറഞ്ഞതിനാല്‍ അത്തരക്കാര്‍ക്ക് പല തരം അണുബാധ വരും. ഇത്തരം രോഗികളെ ചികിത്സിക്കാന്‍ അവിടെയുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ പോലും തയ്യാറാവാത്ത സ്ഥിതിയുണ്ട്. ഇന്ത്യയില്‍ കൂടുതല്‍ എച്ഛ്.ഐ.വി ബാധിതരുള്ള പ്രദേശങ്ങളിലൊന്നാണ് പാട്‌ന. രോഗികളില്‍ ചെറിയ കുട്ടികളും ഏറെയുണ്ട്. മിക്കവാറും അമ്മമാരിലൂടേയാണ് ഇത് പകരുന്നത്. യഥാസമയത്ത് കണ്ടെത്താത്തതും സാമൂഹിക ഭയം മൂലം ചികിത്സക്കാത്തതും പുറത്ത് പറയാത്തതുമായ അനവധി കേസുകള്‍. അഞ്ചു വയസ്സുള്ള കുട്ടി പോലും ഉണ്ടായിരുന്നുവെന്നത് വല്ലാത്ത സങ്കടക്കാഴ്ചയാണെന്ന് ഡോ.അമീന മുംതാസ് ദു:ഖിതയാവുന്നു.

വെര്‍ബല്‍ ഓട്ടോപ്‌സി നടത്തേണ്ടി വന്നപ്പോള്‍

വാക്കാലുള്ള പോസ്റ്റ്മാര്‍ട്ടം ആണ് വെര്‍ബല്‍ ഓട്ടോപ്‌സി. മൃതശരീരമല്ല പകരം മരിച്ചയാളിന്റെ ബന്ധുവോ നാട്ടുകാരോ അയല്‍ക്കാരോ ആയ ആളുകളെ കീറിമുറിച്ച് ചോദ്യം ചെയ്ത് മരണ കാരണം കണ്ടെത്തുന്നു. പോസ്റ്റ്മാര്‍ട്ടത്തിന് സാങ്കേതിക സൗകര്യമില്ലാത്ത ലോകത്തെ പല ഗ്രാമങ്ങളിലും ഇപ്പോഴും വെര്‍ബല്‍ ഓട്ടോപ്‌സി പിന്തുടരുന്നുണ്ട്. ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും പഠന ഭാഗമായി കേള്‍ക്കുന്ന ഈ രീതി കേരളത്തില്‍ അസാധാരണം.
ഒഡീഷയിലെ കാലാഹന്ദിയില്‍ വെച്ച് ഒരു യുവതി മരണപ്പെട്ടതിനെത്തുടര്‍ന്ന് വെര്‍ബല്‍ ഓട്ടോപ്‌സി നടത്താന്‍ നേതൃത്വം നല്‍കേണ്ടി വന്നു ഡോ.അമീനക്ക്. ഡോക്ടര്‍ക്ക് പുറമെ നഴ്‌സ്, ഹെല്‍ത് വര്‍ക്കര്‍ (ജോലി ചെയ്ത സ്വസ്ഥിയ സ്വരാജ് സൊസൈറ്റി മുഖേന പരിശീലനം കിട്ടിയവര്‍. സ്വസ്ഥ്യ സാദി എന്ന പേരില്‍ അറിയപ്പെടും), നാട്ടില്‍ സഹായത്തിനായുള്ള പ്രാദേശിക നിവാസികളായ ഫീല്‍ഡ് ആനിമേറ്റേഴ്‌സ് എന്നിവരായിരുന്നു സംഘത്തില്‍. എല്ലാ ദിവസവും ജോലിക്ക് പോകാറുള്ള യുവതിയാണ് പെട്ടെന്ന് ശരീരവേദനയും പനിയും അനുഭവപ്പെട്ട് മരണത്തിന് കീഴടങ്ങുന്നത്. പനി, ചുമ, അണുബാധ എന്നിവ നേരത്തെ ഉണ്ടായില്ല. രക്തസ്രാവമോ മറ്റു ആഘാതങ്ങളോ ഒന്നുമില്ല. ബന്ധുക്കളും അയല്‍ക്കാരും കുട്ടികളുമായവരോടെല്ലാം വിവരങ്ങള്‍ തേടി. മരിക്കുന്ന തലേദിവസം വെള്ളം കുടിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ആരോ പറഞ്ഞു. അവള്‍ക്ക് ഹൈഡ്രോഫോബിയയും എയറോഫോബിയയും ഉണ്ടെന്ന് മനസ്സിലാക്കി. മരണകാരണം പേവിഷബാധ ആയിരിക്കാം എന്നാണ് നിഗമനത്തിലെത്തിയത്.

രണ്ടു വര്‍ഷത്തെ ഇന്ത്യന്‍ ഗ്രാമങ്ങളിലെ അനുഭവവും ആതുര സേവനരംഗത്തെ ആവശ്യകത മനസ്സിലാക്കി കൂടുതല്‍ എന്തെങ്കിലും ചെയ്യണമെന്ന തോന്നലും ആരോഗ്യരംഗത്തെ ഗവേഷണത്തിലേക്ക് ഡോ.അമീനയെ വഴിതെളിയിക്കുകയായിരുന്നു. അങ്ങിനെയാണ് ഹെല്‍ത്‌കെയര്‍ പ്രോഗ്രാമിന്റെ ഡിസൈനിംഗും ഇംപ്ലിമെന്റേഷനും വിശദമായി മനസ്സിലാക്കാന്‍ ഗ്ലോബല്‍ ഹെല്‍ത് ഡെലിവറിയില്‍ വിശദ പഠനമാവാമെന്നും ആ അന്വേഷണം ഹാര്‍വാര്‍ഡിലും എത്തിച്ചേരുന്നത്. കമ്മ്യൂണിറ്റി മെന്റല്‍ ഹെല്‍ത്ത് മേഖലയില്‍ ഇന്ത്യയില്‍ പലേടങ്ങളിലും പ്രത്യേകിച്ച് കേരളത്തിലും തനിക്ക് ഏറെ ചെയ്യാനുണ്ടെന്ന് വിശ്വസിക്കുന്നു അവര്‍. രോഗ കാരണവും മറ്റും കൃത്യമായി കണ്ടെത്താനുള്ള കാലതാമസം, ഇനി കണ്ടെത്തിയാലും അതിന് ശേഷമുള്ള സ്റ്റിഗ്മയും മാനസികമായി സാമൂഹിക പിന്തുണയില്ലാത്ത ക്രമവുമെല്ലാം നമ്മുടെ ചുറ്റുപാടിലുണ്ട്. ഇത് മാറേണ്ടതുണ്ട്. പഠനം പൂര്‍ത്തിയാക്കി സ്വന്തം നാട്ടില്‍ സമൂഹത്തിന്റെ അടിത്തട്ടിലുള്ളവര്‍ക്കായി വേറിട്ട പരിചരണ രീതികള്‍ കൊണ്ടുവരാമെന്ന മോഹം കൊണ്ടുനടക്കുന്നു ഡോ.അമീന മുംതാസ്. ലോകത്ത് പൊതുജനാരോഗ്യ പഠനത്തിന് ഒന്നാം റാങ്കുള്ള ഒരു സര്‍വ്വകലാശാലയില്‍ പഠിക്കാനാവുമെന്ന് സ്വപ്‌നേപി പോലും നിനക്കാത്ത ഒരാള്‍, തന്റെ ശ്രമകരമായ നീക്കങ്ങൡലൂടെ ആ ഉയരങ്ങളിലേക്കുള്ള പടവുകളിലേക്ക് കയറാനിരിക്കുന്നു. പക്ഷെ താങ്ങാനാവാത്ത ഫീസ് ഇപ്പോഴും നേരിയ തടസ്സമായി മുമ്പിലുണ്ട്. രണ്ടു വര്‍ഷത്തേക്ക് 1 കോടി 41 ലക്ഷം ഇന്ത്യന്‍ രൂപയോളമാണ് (1,68,992 അമേരിക്കന്‍ ഡോളര്‍) മൊത്തം പഠനത്തിനുള്ള തുക. ചില സ്‌കോളര്‍ഷിപ്പിലൂടേയും ലോണിലൂടേയും അഭ്യുദയകാംക്ഷികളുടെ പിന്തുണയാലും സ്റ്റുഡന്‍സ് ലോണിലൂടേയും 1,00,992 ഡോളര്‍ ലഭിച്ചു. രണ്ടു വര്‍ഷത്തേക്ക് ഏകദേശം 57 ലക്ഷം ഇന്ത്യന്‍ രൂപ ഇനിയും വേണം. ഒന്നാം വര്‍ഷത്തെ ഫീസിനത്തില്‍ മാത്രം 10 ലക്ഷത്തോളം രൂപയുടെ കുറവ് ഉണ്ട്. ഈ മാസം അവസാന വാരം അമേരിക്കയിലെത്തി അഡ്മിഷന്‍ എടുക്കേണ്ടതുമാണ്. മലപ്പുറത്തിന്റെ അഭിമാനമായി ഒരു പെണ്‍കുട്ടി ഹാര്‍വാര്‍ഡില്‍ ചേരാനിരിക്കെ, ആ അപൂര്‍വ്വ സന്ദര്‍ഭത്തെ സാമ്പത്തികമായി സഹകരിച്ച് നാം ഏറ്റെടുക്കേണ്ടതുണ്ട്. സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിവുള്ള സംഘടനകളോ ശേഷിയുള്ള വ്യക്തികളോ മലപ്പുറത്തെയും മലയാളത്തേയും ലോകാടിസ്ഥാനത്തില്‍ പ്രതിനിധീകരിക്കുന്ന ആ മിടുക്കിയെ ചേര്‍ത്തുപിടിക്കാന്‍ തയ്യാറാവുമെന്ന് തന്നെയാണ് പ്രതീക്ഷ.

Continue Reading

Features

മക്കയില്‍ സ്റ്റാഫ്നഴ്സ് ഒഴിവുകള്‍; നോര്‍ക്ക-സൗദി MoH റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

മക്ക നഗരത്തിൽ ജോലിചെയ്യാന്‍ താല്‍പര്യമുളള മുസ്ലീം വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക.

Published

on

വിശുദ്ധനഗരമായ മക്കയില്‍ സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മക്ക നഗരത്തിൽ ജോലിചെയ്യാന്‍ താല്‍പര്യമുളള മുസ്ലീം വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. BMT, കാത്ത് ലാബ്, CCU, ജനറൽ കാർഡിയാക്, ICU, ICU ന്യൂറോ, കിഡ്നി ട്രാൻസ്പ്ലാൻറ്, മെഡിക്കൽ & സർജിക്കൽ, ന്യൂറോ സർജിക്കൽ, ഓങ്കോളജി, ഓപ്പറേഷൻ റൂം), കാർഡിയാക്, ന്യൂറോ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍. നഴ്സിങില്‍ ബി.എസ്.സി പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
വിശദമായ CV യും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.‍ഡിയിലേയ്ക്ക് ഫെബ്രുവരി 29 രാവിലെ 11 മണിക്കകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത്ത് കോളശ്ശേരി അറിയിച്ചു.

Continue Reading

Trending