News

ജയലക്ഷ്മി സില്‍ക്‌സിലുണ്ടായ തീപിടിത്തം; കാരണം ഇതുവരെ കണ്ടെത്താനായില്ല, റിപ്പോര്‍ട്ട് കലക്ടര്‍ക്ക ഇന്ന് കൈമാറും

By Manya

February 19, 2026

കോഴിക്കോട്: ജയലക്ഷ്മി സില്‍ക്‌സ് സ്ഥാപനത്തില്‍ ഉണ്ടായ വന്‍ തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഫയര്‍ഫോഴ്സ് പരിശോധനാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് പ്രാഥമിക കണ്ടെത്തല്‍. വിശദമായ റിപ്പോര്‍ട്ട് ഇന്ന് കലക്ടര്‍ക്ക് കൈമാറും.

തീപിടിത്തത്തില്‍ ഏകദേശം 50 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഥാപന മാനേജരുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ജയലക്ഷ്മി സില്‍ക്‌സിന്റെ രണ്ടും മൂന്നും നിലകളിലായിരുന്നു തീ വ്യാപിച്ചത്. വൈകിട്ട് ആറുമണിയോടെ പുക ഉയരുന്നത് കണ്ടതോടെ ഉപഭോക്താക്കളും ജീവനക്കാരും ഉടന്‍ പുറത്തേക്ക് ഒഴിഞ്ഞു. തുടര്‍ന്ന് ഫയര്‍ഫോഴ്സിന്റെ അഞ്ച് യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തീ നിയന്ത്രണാതീതമായതോടെ കരിപ്പൂര്‍ എയര്‍പോര്‍ട്ട് നിന്നുമുള്ള അത്യാധുനിക ഫയര്‍ എഞ്ചിനുകളും എത്തിച്ചു.

കെട്ടിടത്തിലെ ഫയര്‍ സേഫ്റ്റി സംവിധാനം കൃത്യമായി പ്രവര്‍ത്തിച്ചിരുന്നുവെന്നും ഫയര്‍ഫോഴ്സ് നേരത്തെ വ്യക്തമാക്കിയിരുന്നു. റമദാനും വിഷു വിപണിയും ലക്ഷ്യമിട്ട് വന്‍തോതില്‍ വസ്ത്രങ്ങള്‍ ഗോഡൗണില്‍ സംഭരിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. 2023 ഏപ്രിലിലും സ്ഥാപനത്തില്‍ തീപിടിത്തം ഉണ്ടായിരുന്നതാണ്. സംഭവത്തില്‍ വിശദാന്വേഷണം പുരോഗമിക്കുകയാണ്.