Connect with us

News

പ്രഷര്‍ വാഷറില്‍ നിന്ന് ഷോക്കേറ്റ് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു

ബുധനാഴ്ച ഉച്ചയ്ക്കു 12 മണിയോടെയായിരുന്നു അപകടം

Published

on

കോഴിക്കോട്: പ്രഷര്‍ വാഷര്‍ മെഷീനില്‍ നിന്ന് വൈദ്യുതി ഷോക്കേറ്റ് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. കാക്കൂര്‍ പാവണ്ടൂര്‍ മഞ്ചപ്പാറക്കല്‍ അഭിജിത്ത് (17) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്.

പാവണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ അഭിജിത്ത്, വീട്ടുവളപ്പില്‍ പ്രഷര്‍ വാഷര്‍ മെഷീന്‍ ഉപയോഗിച്ച് നിലം കഴുകുന്നതിനിടെയാണ് വൈദ്യുതി ഷോക്കേറ്റ് വീണത്. ബോധരഹിതനായി കിടക്കുന്നത് സമീപവാസിയാണ് കണ്ടത്. ഉടന്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം അഭിജിത്തിനെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തുടര്‍ന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. മഞ്ചപ്പാറക്കല്‍ ചാത്തുവിന്റെയും ഷിജിയുടെയും മകനാണ് അഭിജിത്ത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

അമേരിക്ക-ഇറാന്‍ ആണവ ചര്‍ച്ച നാളെ മസ്‌കറ്റില്‍; സംഘര്‍ഷങ്ങള്‍ക്കിടെ നിര്‍ണായക കൂടിക്കാഴ്ച

തുര്‍ക്കിയുമായല്ല, നേരിട്ട് ഇറാനിയന്‍ പ്രതിനിധികളുമായാണ് ആണവ ചര്‍ച്ച നടത്തുകയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

Published

on

By

മസ്‌കറ്റ്: ഇറാനും അമേരിക്കയും തമ്മിലുള്ള നിര്‍ണായക ആണവ ചര്‍ച്ച നാളെ ഒമാന്റെ തലസ്ഥാനമായ മസ്‌കറ്റില്‍ നടക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചി അറിയിച്ചു. തുര്‍ക്കിയില്‍ നടത്താനിരുന്ന ചര്‍ച്ച മസ്‌കറ്റിലേക്ക് മാറ്റണമെന്ന ഇറാന്റെ നിര്‍ദേശം അമേരിക്ക അംഗീകരിച്ചതോടെയാണ് ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയത്.

ഇറാനുമായി നിര്‍ണായക ചര്‍ച്ചകള്‍ നടക്കുമെന്ന് വൈറ്റ് ഹൗസും സ്ഥിരീകരിച്ചു. തുര്‍ക്കിയുമായല്ല, നേരിട്ട് ഇറാനിയന്‍ പ്രതിനിധികളുമായാണ് ആണവ ചര്‍ച്ച നടത്തുകയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

അമേരിക്കന്‍ വിമാനവാഹിനിക്കപ്പലിനെ ലക്ഷ്യമാക്കി എത്തിയ ഇറാന്റെ ഡ്രോണ്‍ അമേരിക്കന്‍ സൈന്യം വെടിവച്ചിടുകയും, അമേരിക്കന്‍ പതാകയുള്ള കെമിക്കല്‍ ടാങ്കര്‍ പിടിച്ചെടുക്കുമെന്ന് ഇറാനിലെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് ഭീഷണി മുഴക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ചര്‍ച്ചകള്‍ നടക്കുമോ എന്ന കാര്യത്തില്‍ സംശയം നിലനിന്നിരുന്നു. ഈ സംഘര്‍ഷാവസ്ഥയ്ക്കിടെയാണ് ചര്‍ച്ച സ്ഥിരീകരിച്ചിരിക്കുന്നത്.

ആണവ വിഷയത്തിന് പുറമെ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതി, മേഖലയിലെ പ്രോക്‌സി സംഘടനകള്‍ക്ക് ഇറാന്‍ നല്‍കുന്ന പിന്തുണ, ഇറാനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ എന്നിവയും ചര്‍ച്ചയില്‍ ഉള്‍പ്പെടാമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചു.

നിര്‍ണായക ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ ഒമാനിലെ സഹോദരങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായി വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചി പ്രതികരിച്ചു.

ഇറാനില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ഭരണകൂടം ശ്രമിച്ചാല്‍ അമേരിക്ക തിരിച്ചടി നല്‍കുമെന്ന് വാഷിംഗ്ടണ്‍ ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് അമേരിക്കഇറാന്‍ സംഘര്‍ഷം കൂടുതല്‍ വഷളായത്. ഈ സാഹചര്യത്തിലാണ് ഇരുരാജ്യങ്ങളും ചര്‍ച്ചാ മേശയിലേക്കെത്തുന്നത്.

 

Continue Reading

News

നിപയ്ക്കെതിരെ പ്രതീക്ഷയുണര്‍ത്തി ജപ്പാന്‍; പുതിയ വാക്സിന്‍ ഏപ്രിലില്‍ മനുഷ്യരില്‍ പരീക്ഷണം, ഒന്നാംഘട്ടത്തില്‍ 60 പേര്‍

ടോക്യോ സര്‍വകലാശാലയിലെ ഗവേഷകരാണ് വാക്സിന്‍ വികസിപ്പിച്ചത്.

Published

on

By

ടോക്യോ: മാരകമായ നിപ വൈറസിനെതിരെ വാക്സിന്‍ വികസിപ്പിച്ച് ജപ്പാന്‍ ക്ലിനിക്കല്‍ പരീക്ഷണത്തിന് ഒരുങ്ങുന്നു. ടോക്യോ സര്‍വകലാശാലയിലെ ഗവേഷകരാണ് വാക്സിന്‍ വികസിപ്പിച്ചത്. വരുന്ന ഏപ്രില്‍ മാസത്തോടെ മനുഷ്യരില്‍ ക്ലിനിക്കല്‍ ട്രയല്‍ ആരംഭിക്കുമെന്നാണ് ജപ്പാനിലെ നിക്കെയ് ഏഷ്യ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബെല്‍ജിയത്തിലാണ് മനുഷ്യരിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിക്കുക. ഒന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി 60 പേരെയാണ് ഉള്‍പ്പെടുത്തുന്നത്. രണ്ടാംഘട്ട ക്ലിനിക്കല്‍ ട്രയലില്‍ 18 മുതല്‍ 55 വയസുവരെ പ്രായമുള്ള 300 പേര്‍ പങ്കാളികളാകും.

നിലവില്‍ നിപ വൈറസിനെ പ്രതിരോധിക്കാന്‍ ലൈസന്‍സുള്ള വാക്സിനോ പ്രത്യേക ചികിത്സയോ ലഭ്യമല്ല. നിപ വൈറസിന്റെ ജനിതക ഘടകങ്ങളുടെ ഒരു ഭാഗം മീസില്‍സ് വൈറസിലേക്ക് ചേര്‍ത്താണ് പുതിയ വാക്സിന്‍ വികസിപ്പിച്ചതെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.

മനുഷ്യ ശരീരത്തില്‍ വാക്സിന്‍ പ്രവേശിക്കുമ്പോള്‍ നിപ വൈറസിന് സമാനമായ ആന്റിജന്‍ പ്രോട്ടീന്‍ ഉത്പാദിപ്പിക്കപ്പെടും. ഇതിലൂടെ യഥാര്‍ത്ഥ വൈറസിനെ തിരിച്ചറിയാന്‍ പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കാനും രോഗതീവ്രത കുറയ്ക്കാനും രോഗത്തെ പ്രതിരോധിക്കാനും കഴിയുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.

എലികളില്‍ നടത്തിയ മുന്‍ പരീക്ഷണങ്ങളില്‍ വാക്സിന്റെ ഫലപ്രാപ്തിയും സുരക്ഷയും തെളിയിച്ചതായി വാക്സിന്‍ വികസിപ്പിച്ച ഗവേഷകര്‍ അറിയിച്ചു.

ജനുവരിയില്‍ പശ്ചിമബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജപ്പാനില്‍ നിന്നുള്ള വാക്സിന്‍ പരീക്ഷണ വാര്‍ത്ത പുറത്തുവരുന്നത്. പശ്ചിമബംഗാളില്‍ സ്ഥിരീകരിച്ച രണ്ട് കേസുകളുമായി സമ്പര്‍ക്കത്തില്‍ വന്ന 196 പേരുടെ പരിശോധനാഫലം നെഗറ്റീവായിരുന്നു.

മൃഗങ്ങളില്‍ നിന്നു മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പടരുന്ന നിപ വൈറസ് കേരളത്തില്‍ ആദ്യമായി മനുഷ്യരില്‍ സ്ഥിരീകരിച്ചത് 2018-ല്‍ കോഴിക്കോട് പേരാമ്പ്രയിലാണ്. ഇതുവരെ കേരളത്തില്‍ 21 പേര്‍ നിപ ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്.

തൊണ്ട, മൂക്ക് എന്നിവയില്‍ നിന്നുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്‌പൈനല്‍ ഫ്‌ലൂയിഡ് എന്നിവയില്‍ നിന്ന് റിയല്‍ ടൈം പോളിമറൈസ് ചെയിന്‍ റിയാക്ഷന്‍ (ഞഠജഇഞ) പരിശോധനയിലൂടെയാണ് നിപ വൈറസിനെ തിരിച്ചറിയുന്നത്. എലിസ (ഋഘകടഅ) പരിശോധനയിലൂടെയും രോഗനിര്‍ണയം സാധ്യമാണ്. മരണസാധ്യത കൂടുതലുള്ള വൈറസായതിനാല്‍ നിപയെ അതീവ ജാഗ്രതയോടെയാണ് നേരിടേണ്ടതെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നിപ രോഗലക്ഷണങ്ങള്‍

വൈറസ് ശരീരത്തില്‍ പ്രവേശിച്ചതിന് ശേഷം രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ സാധാരണയായി 4 മുതല്‍ 14 ദിവസം വരെയെടുക്കും. ചിലപ്പോള്‍ ഇത് 21 ദിവസം വരെയാകാനും സാധ്യതയുണ്ട്.

പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി കാണപ്പെടാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കോമ അവസ്ഥയിലേക്കെത്താനുള്ള സാധ്യതയുമുണ്ട്.

തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാകാനും ശ്വാസകോശത്തെ ബാധിക്കാനും നിപ വൈറസിന് സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

Continue Reading

News

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണന്‍ പോറ്റിയെ പൂട്ടാന്‍ ഇഡി; ജാമ്യം ലഭിച്ചാല്‍ ഉടന്‍ ചോദ്യം ചെയ്യും

ഇന്ന് ജാമ്യം കിട്ടിയാൽ ഇന്ന് തന്നെ പോറ്റിയ്ക്ക് സമൻസ് അയയ്ക്കും. ചോദ്യം ചെയ്യലിന് പോറ്റിയെ വിളിച്ചു വരുത്താനുള്ള സമൻസ് തയാറാക്കി വെച്ചിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ.

Published

on

By

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). നിലവില്‍ കസ്റ്റഡിയില്‍ ഉള്ള പോറ്റിക്ക് ഇന്ന് ജാമ്യം ലഭിക്കുന്ന പക്ഷം, ഉടന്‍ തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമന്‍സ് നല്‍കാനാണ് ഇഡിയുടെ തീരുമാനം.

ജാമ്യം നേടി പുറത്തിറങ്ങിയാലുടന്‍ പോറ്റിയെ ചോദ്യം ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറെടുത്തിരിക്കുന്നത്. ഇതിനായി സമന്‍സ് ഇതിനകം തന്നെ തയാറാക്കിയതായി ഇഡി റിപ്പോര്‍ട്ടുകള്‍ അറിയിച്ചു. കോടതി ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ, അനുകൂല ഉത്തരവ് വന്നാല്‍ അതേ ദിവസം തന്നെ സമന്‍സ് അയക്കും.

സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍, സ്വര്‍ണത്തിന്റെ ഉറവിടം, ഇടനിലക്കാര്‍ എന്നിവയെ കുറിച്ച് വിശദമായി ചോദ്യം ചെയ്യാനാണ് ഇഡിയുടെ പദ്ധതി. കേസില്‍ കൂടുതല്‍ അറസ്റ്റുകളും നടപടികളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

 

Continue Reading

Trending