Article
സമസ്ത ശതാബ്ദിയുടെ വെളിച്ചത്തില്‍
മതത്തിന്റെ പേരില്‍ സ്വയം നിര്‍മിച്ചെടുത്ത ഏതെങ്കിലും പുതിയ ആശയവാദമോ ഐഡിയോളജിയോ സമസ്തയ്ക്കില്ല.
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
മുസ്ലിം ജനസാമാന്യത്തിന്റെ ആത്മീയ നേതൃത്വമായി നൂറാം വര്‍ഷത്തിലേക്ക് കടക്കുകയാണ് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ. 1926 ജൂണ്‍ 26ന് കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് രൂപംകൊണ്ട ഈ പണ്ഡിതസഭ, സ്നേഹത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ഇസ്ലാമിക ജീവിതക്രമത്തിന്റെ കരുത്താര്‍ന്ന പ്രതീകമാണ്. മതത്തിന്റെ പേരില്‍ സ്വയം നിര്‍മിച്ചെടുത്ത ഏതെങ്കിലും പുതിയ ആശയവാദമോ ഐഡിയോളജിയോ സമസ്തയ്ക്കില്ല. മറിച്ച്, ലോകത്തെ മുസ്ലിം മഹാഭൂരിപക്ഷം നൂറ്റാണ്ടുകളായി സ്വീകരിക്കുകയും അനുസരിക്കുകയും ചെയ്തുവന്ന വിശുദ്ധ പാരമ്പര്യ ഇസ്ലാമിന്റെ നയനിലപാടുകളും സമീപനരീതികളും അതേ തനിമയോടെ സംരക്ഷിച്ചുനിര്‍ത്തുക എന്ന ദൗത്യമാണ് സമസ്ത ഏറ്റെടുത്തിരിക്കുന്നത്. ഒരു നൂറ്റാണ്ടുകാലമായി കേരളത്തില്‍ സമസ്ത നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ഈ ദൗത്യം, മതകാര്യങ്ങളില്‍ കൃത്യവും കണിശവുമായ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ തന്നെ, ഓരോ ഇടപെടലും സാമൂഹിക സമാധാനത്തെയും സാംസ്കാരിക സുതാര്യതയെയും സ്പര്‍ശിക്കുന്നതാണ്.
കേരളത്തിലെ ഇസ്ലാമിന്റെയും മുസ്ലിം സമൂഹത്തിന്റെയും ചരിത്രം, പ്രവാചകകാലത്തോളം പഴക്കമുള്ളതാണെന്നതാണ് ചരിത്രസൂചനകള്‍ നല്കുന്ന ദൃഢമായ സന്ദേശം. അങ്ങനെയെത്തിയ മതബോധം, അതിന്റെ തനിമയും വിശുദ്ധിയും ചോര്‍ന്നുപോകാതെ തലമുറകളിലൂടെ കൈമാറപ്പെടുന്നതില്‍, ഓരോ കാലഘട്ടത്തിലെയും കേരളീയ പണ്ഡിതന്മാര് അത്യന്തം ജാഗ്രത പുലര്‍ത്തി. ഇതിനിടയില്‍, മുസ്ലിം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാലാനുസൃതമായി പുതിയ ചിന്താപ്രസ്ഥാനങ്ങളും വ്യാഖ്യാനധാരകളും ഉയര്‍ന്നുവന്നു. അവ പലപ്പോഴും കടുത്ത വിവാദങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിവച്ചു. അത്തരം ഭിന്നതകള്‍ കേരളത്തെ ബാധിക്കാതിരിക്കാന്‍, ഇവിടുത്തെ പണ്ഡിത മഹത്തുക്കള്‍ അതീവ ജാഗ്രതയോടെ കോട്ടകെട്ടി നിന്നു. എന്നാല്‍, ഈ സുദീര്‍ഘമായ സംരക്ഷണപരമ്പരയെ വെല്ലുവിളിച്ചുകൊണ്ട്, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വഹാബിസം പോലുള്ള ചില ചിന്താപ്രസ്ഥാനങ്ങള്‍ കേരള മുസ്ലിം സമൂഹത്തിലേക്കും നുഴഞ്ഞുകയറാന്‍ തുടങ്ങി. പാരമ്പര്യ വിശ്വാസങ്ങളെയും ആത്മീയാചാരങ്ങളെയും ചോദ്യം ചെയ്യുന്ന ഈ പ്രവണതകള്‍, സമൂഹത്തില്‍ ആശയകുഴപ്പത്തിനും വിഭജനത്തിനും വഴിയൊരുക്കുമെന്ന തിരിച്ചറിവ് പണ്ഡിതന്മാര്ക്ക് വ്യക്തമായിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ്, വിശുദ്ധ പാരമ്പര്യ ഇസ്ലാമിന്റെ ആദര്‍ശങ്ങളും സമീപനങ്ങളും സംരക്ഷിക്കുവാന്‍ പണ്ഡിതര്‍ ഒരുമിച്ചു രംഗത്തിറങ്ങുകയും അതിന്റെ ഫലമായി സമസ്ത കേരള ജംഇയ്യതുല്‍ ഉലമ രൂപംകൊള്ളുകയും ചെയ്തത്.
ആ ദൗത്യത്തില്‍ സമസ്ത പൂര്‍ണമായി വിജയിച്ചു എന്നുതന്നെ പറയാം. ഈ നാട്ടിലെ മഹാഭൂരിപക്ഷം വരുന്ന മുസ്ലിംകളും മതകാര്യങ്ങളില്‍ സമസ്തയുടെ ഉപദേശനിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തു. ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍, സമസ്ത കേരളത്തിന്റെ മതചരിത്രത്തിലെ ഒരു സംഘടന മാത്രമല്ല; പാരമ്പര്യവും സമാധാനവും ഉത്തരവാദിത്വവും ചേര്‍ന്ന് രൂപംകൊണ്ട ഒരു ജീവിക്കുന്ന പൈതൃകമായി നിലകൊള്ളുകയാണ്. ആദര്‍ശ സംരക്ഷണത്തെ പ്രസ്ഥാനത്തിന്റെ പ്രാഥമിക ദൗത്യമായി കാണുമ്പോഴും ഈ നാടിന്റെയും സമൂഹത്തിന്റെയും മുസ്ലിം സമുദായത്തിന്റെയും സമഗ്ര പുരോഗതിയെ ഒരിക്കലും അവഗണിക്കാത്ത സംഘടനയാണ് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ. സമൂഹത്തിലെ ദുര്‍ബരെ ചേര്‍ത്തുപിടിച്ച് സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഇക്കാലയളവില്‍ സമസ്ത ചെയ്തത്. നിരവധി സഹായ കൈമാറ്റങ്ങളിലൂടെ പലരുടെയും കണ്ണീരൊപ്പാനും ആശ്രയമാവാനും സാധിച്ചിട്ടുണ്ട്.
1934ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സമസ്തയുടെ ഭരണഘടനയില്‍, സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വ്യക്തമായും കൃത്യമായും രേഖപ്പെടുത്തിയിട്ടുണ്ട്. അതിലെ അഞ്ചാമത്തെ വകുപ്പ് സമസ്തയുടെ സാമൂഹികദര്‍ശനത്തെ സമഗ്രമായി പ്രതിഫലിപ്പിക്കുന്നതാണ്.
അതില്‍ പറയുന്നത് ഇപ്രകാരമാണ്: ‘മുസ്ലിം സമുദായത്തിന്റെ പൊതുവായ ഗുണത്തിനും സമുദായ മധ്യേ ഉണ്ടായിക്കൊണ്ടിരിക്കുന്ന അധര്‍മം, അനൈക്യം, അരാജകത്വം, അന്ധവിശ്വാസം മുതലായവയെ നശിപ്പിച്ച്, സമുദായത്തിന്റെയും മതത്തിന്റെയും അഭിവൃദ്ധിക്കും ഗുണത്തിനും വേണ്ടി പരിശ്രമിക്കുക’. ഈ ഒരു വകുപ്പില്‍തന്നെ, സമുദായ പുരോഗതിയുമായി ബന്ധപ്പെട്ട എല്ലാ അംശങ്ങളും സംക്ഷിപ്തമായി അടങ്ങിയിട്ടുണ്ട്. മതപരമായ ശുദ്ധിയും സാമൂഹിക ഐക്യവും നൈതികബോധവും ബൗദ്ധിക ജാഗ്രതയും ഇവയെല്ലാം സമസ്ത അതിന്റെ ദൗത്യത്തിന്റെ ഭാഗമാക്കി. അതുകൊണ്ടുതന്നെ, കാലാകാലങ്ങളില്‍ സമുദായ ഐക്യത്തെയും വിശ്വാസഘടനയെയും തകര്‍ക്കാന്‍ ഇടയാക്കുന്ന വിവിധ ചിന്താപ്രസ്ഥാനങ്ങള്‍ക്കെതിരേ സമസ്ത പണ്ഡിതന്മാര് ശക്തമായ നിലപാട് സ്വീകരിച്ചു. വഹാബിസം, ഖാദിയാനിസം, മൗദൂദിസം, തബ്ലീഗിസം, ചേകന്നൂരിസം, കപട സൂഫിസം തുടങ്ങിയ പ്രവണതകള്‍ക്കെതിരേ സമസ്ത രംഗത്തിറങ്ങിയത്, വ്യക്തിപരമായ വിരോധത്തിനോ സംഘടനാതാല്‍പര്യങ്ങള്‍ക്കോ വേണ്ടിയല്ല. മറിച്ച്, അവ സമുദായത്തിന്റെ ആത്മീയാടിത്തറയെ ദുര്‍ബലപ്പെടുത്തുകയും ഐക്യവും കെട്ടുറപ്പും തകര്‍ക്കുകയും ചെയ്യുന്ന ചിന്താധാരകളാണെന്ന ഗൗരവമായ തിരിച്ചറിവില്‍ നിന്നാണ് ആ പ്രതിരോധം രൂപപ്പെട്ടത്.
അതേസമയം, ആദര്‍ശവിഷയങ്ങളില്‍ ഇങ്ങനെ കണിശമായ സമീപനം സ്വീകരിച്ചിരുന്നെങ്കിലും സമുദായത്തിന്റെ അവകാശസംരക്ഷണവുമായി ബന്ധപ്പെട്ട പൊതുവിഷയങ്ങളില്‍, വിഷയാധിഷ്ഠിതമായി എല്ലാവരോടും സഹകരിക്കാന്‍ സമസ്ത എപ്പോഴും തയാറായിരുന്നു. 1985 ലെ ശരീഅത്ത് വിവാദം ഇതിന് ഏറ്റവും മനോഹരവും ചരിത്രപ്രാധാന്യമുള്ളതുമായ ഉദാഹരണമാണ്. ഇന്ത്യന്‍ ഭരണഘടന അനുവദിച്ച മുസ്ലിം വ്യക്തിനിയമത്തെ പതുക്കെ ദുര്‍ബലപ്പെടുത്താനും ഇല്ലാതാക്കാനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ശ്രമങ്ങള്‍ ശക്തമായപ്പോള്‍, അതിനെതിരേ മുസ്ലിം ബഹുജന പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു. കേരളത്തില്‍ ആ പ്രക്ഷോഭങ്ങള്‍ക്ക് ദിശയും നേതൃത്വവും നല്കിയതാകട്ടെ, സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ അന്നത്തെ കാര്യദര്‍ശിയായിരുന്ന ശൈഖുനാ ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്ലിയാര് ആയിരുന്നു. ഇതര സമുദായങ്ങളുമായി സൗഹൃദത്തിലും സഹിഷ്ണുതയിലും സഹവര്‍ത്തിത്വത്തിലും ജീവിക്കണമെന്ന വിശുദ്ധ പാരമ്പര്യ ഇസ്ലാമിന്റെ നിലപാട് ജീവിതതലത്തില്‍ ഉറച്ചുനിന്ന സംഘടനയാണ് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ. സാമുദായിക ബന്ധങ്ങളെ തകര്‍ക്കുന്ന ഏത് ചെറുനീക്കമായാലുംഅത് അകത്തുനിന്നായാലും പുറത്തുനിന്നായാലുംസമസ്ത ഒരിക്കലും അംഗീകരിച്ചില്ല.
സമൂഹങ്ങള്‍ക്കിടയിലെ വിശ്വാസവും സൗഹൃദവും സമാധാനവും തകര്‍ക്കാനുള്ള ശ്രമങ്ങളെ, അത്യന്തം ജാഗ്രതയോടെയും കണിശതയോടെയും തന്നെയാണ് സമസ്ത പ്രതിരോധിച്ചത്. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് രൂപപ്പെട്ട വികാരാഭിമുഖമായ അന്തരീക്ഷത്തെ ചൂഷണം ചെയ്ത് രംഗത്തുവന്ന വിവിധ കക്ഷികളെ, സമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദം തകരാതിരിക്കാന്‍ സമസ്ത തുടക്കത്തിലേ നിയന്ത്രിച്ചുനിര്‍ത്തി. തീവ്രവാദ ആശയങ്ങളുള്ള സംഘടനകളെ തിരിച്ചറിഞ്ഞ് പ്രതിരോധിച്ചതിനൊപ്പം രാജ്യത്തെ സൗഹൃദത്തിനും സമാധാനത്തിനും വിള്ളലുണ്ടാക്കുന്ന ഓരോ ചലനങ്ങളെയും എതിര്‍ക്കാന്‍ എന്നും മുന്നണിയിലുണ്ടായിരുന്നു.
1921 ലെ മലബാര്‍ കലാപത്തിനു ശേഷമുള്ള കാലഘട്ടം, രാഷ്ട്രീയ അസ്ഥിരതയും സാമൂഹിക അനിശ്ചിതത്വവും നിറഞ്ഞ ഒരു ഘട്ടമായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍, വികാരാഭിമുഖമായ നിയമവിരുദ്ധ പോരാട്ടങ്ങളിലേക്കും അനാവശ്യ വിപ്ലവങ്ങളിലേക്കും സമൂഹം വഴുതിപ്പോകാതിരിക്കാനും മുസ്ലിം സമുദായത്തിന് സുരക്ഷിതത്വബോധവും ആത്മവിശ്വാസവും നല്‍കാനും സമസ്ത ധൈര്യപൂര്‍വം മുന്നിട്ടിറങ്ങി. അരാജകമാര്‍ഗത്തിലേക്ക് നീങ്ങരുതെന്നും മാന്യവും ഉത്തരവാദിത്വവുമുള്ള മാര്‍ഗങ്ങളിലൂടെയാണ് അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതെന്നും സമസ്ത നിരന്തരം ആഹ്വാനം ചെയ്തു. അതേസമയം, സമുദായത്തിന്റെ അവകാശങ്ങളെയും അധികാരങ്ങളെയും കവര്‍ന്നെടുക്കാന്‍ ഭരണകൂടങ്ങള്‍ ശ്രമിച്ചപ്പോള്‍, അതിനെതിരേ മൗനമായി നില്‍ക്കാനും സമസ്ത തയാറായില്ല. 1929 ല്‍ വിവാഹപ്രായവുമായി ബന്ധപ്പെട്ട് ബ്രിട്ടിഷ് സര്‍ക്കാര്‍ കൊണ്ടുവന്ന സാരദാ ആക്ട് ഇതിന് ആദ്യകാല ഉദാഹരണങ്ങളില്‍ ഒന്നായിരുന്നു. മതവും ലൗകികതയും തമ്മില്‍ ഏറ്റുമുട്ടാതെ, പരസ്പരം പൂരകങ്ങളായി നിലനില്‍ക്കുന്ന വിദ്യാഭ്യാസ സംവിധാനങ്ങളിലൂടെ സമുദായത്തിന്റെ സമഗ്ര പുരോഗതി സാധ്യമാക്കുക എന്നതാണ് സമസ്തയുടെ ഏറ്റവും വലിയ സംഭാവനകളിലൊന്ന്. ഈ ദര്‍ശനം സമസ്തയുടെ ഭരണഘടനയില്‍ തന്നെ വ്യക്തമായി പ്രതിഫലിക്കുന്നു. അതിലെ ഡി. വകുപ്പ് പറയുന്നത് ഇപ്രകാരമാണ്: ‘മതവിദ്യാഭ്യാസത്തെ പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനു പുറമേ, മതവിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഹാനി തട്ടാത്ത വിധത്തിലുള്ള ലൗകിക വിദ്യാഭ്യാസ വിഷയങ്ങളിലും വേണ്ടത് ചെയ്യുക’.
ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍, 1928 ല്‍ തന്നെ താനൂര്‍ ഇസ്ലാഹുല് ഉലൂമില്‍ മലയാളം, ഉറുദു, ഇംഗ്ലീഷ് ഭാഷകള്‍ പഠിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് സര്‍ക്കാര്‍ അധികൃതരോട് ആവശ്യപ്പെട്ടത് സമസ്തയായിരുന്നു. 1933 മാര്‍ച്ച് അഞ്ചിന് ഫറോക്കില്‍ ചേര്‍ന്ന സമസ്തയുടെ ആറാം സമ്മേളനം, മലബാറില്‍ മത–വൈജ്ഞാനിക കേന്ദ്രങ്ങളെ കൂടുതല്‍ സജീവമാക്കാന്‍ സമൂഹത്തോട് ശക്തമായി ആഹ്വാനം ചെയ്തു. ഈ ശ്രമങ്ങളുടെ ക്രമബദ്ധമായ തുടര്‍ച്ചയായാണ് 1951 ല്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് രൂപംകൊണ്ടത്. ഇന്ന്, ലോകത്ത് തന്നെ അപൂര്‍വമായ ഒരു മാതൃകയായി, ഈ വിദ്യാഭ്യാസ സംവിധാനം ആയിരക്കണക്കിന് കുട്ടികള്‍ക്ക് മതബോധവും നൈതിക അടിത്തറയും നല്കി മുന്നേറുകയാണ്. ഇന്ന് കേരളത്തില്‍ 6000 ലധികം മഹല്ലുകളും പതിനൊന്നായിരത്തിലധികം മദ്രസകളും നിരവധി അറബി കോളജുകളും പള്ളിദര്‍സുകളും സമസ്തയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്കും, മലയാളികള്‍ തിങ്ങി താമസിക്കുന്ന ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും സമസ്തയുടെ പ്രവര്‍ത്തനം വ്യാപിച്ചു. അടുത്ത കാലത്ത്, ഉത്തരേന്ത്യയിലെ സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്ക്കുന്ന പ്രദേശങ്ങളില്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും സാമൂഹിക നവോത്ഥാന സംരംഭങ്ങളും ആരംഭിച്ചുകൊണ്ട്, സമസ്ത തന്റെ ദൗത്യപരിധി കൂടുതല്‍ വിശാലമാക്കുകയും ചെയ്യുന്നു. നൂറ്റാണ്ടിന്റെ നിറസാന്നിധ്യമായി ജ്വലിച്ചു നിന്ന് സമസ്തയുടെ ഈ വെളിച്ചം അടുത്ത നൂറ്റാണ്ടിലേക്കും അടുത്ത തലമുറകളിലേക്കും എത്തേണ്ടതുണ്ട്. നമ്മുടെ പരിസരങ്ങളിലുള്ള പ്രദേശങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കേണ്ടതുണ്ട്. അതിനായി നമുക്ക് ഒത്തൊരുമിച്ച് മുന്നേറാം.
Article
പാത്രം കഴുകുന്ന പാര്‍ട്ടി സെക്രട്ടറി
കെ.എം അബ്ദുല്‍ ഗഫൂര്‍
തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ വന്ന തിരുത്തല്‍ നടപടികള്‍ ചെന്നെത്തി നില്‍ക്കുന്നത് പാര്‍ട്ടി സെക്രട്ടറിയുടെ പാത്രം കഴുകുന്ന ദൃശ്യത്തിലാണ്. ആ കാഴ്ചയെ ട്രോളുന്നവരെ സ്ത്രീ വിരുദ്ധരും പുരുഷ മേധാവികളും ആക്കുന്ന തിരക്കിലാണ് പാര്‍ട്ടിയിലെ സോഷ്യല്‍ മീഡിയ അണികള്‍. ഒരു ട്രോളിനെ മറ്റൊരു ട്രോള്‍ കൊണ്ട് തടുക്കാം. എന്നാല്‍ ഒരു യാഥാര്‍ഥ്യത്തെ ഒരുപാട് ട്രോളുകള്‍ കൊണ്ടും തടുക്കാനാവില്ല എന്ന തിരിച്ചറിവ് ഇല്ലാതെപോയതാണ് ആ പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.
തോല്‍വിയില്‍ നിന്ന് കരകയറാനും അടുത്ത അഞ്ചു വര്‍ഷം തുടരാനും വീട് കയറാന്‍ നിര്‍ദ്ദേശിച്ചത്കൊണ്ട് പ്രത്യേകിച്ച് കാര്യം ഉണ്ടാവുമെന്ന് തോന്നുന്നില്ല. അല്ലെങ്കിലും ഭരണ നേട്ടങ്ങള്‍ പറഞ്ഞു പഠിപ്പിക്കേണ്ട ഒന്നല്ലല്ലോ. അനുഭവിച്ച് അറിയേണ്ടതല്ലേ. പറയാന്‍ ഒന്നും ഇല്ലാത്തത് കൊണ്ടു കൂടിയാവണം പാര്‍ട്ടി സെക്രട്ടറി പാത്രം കഴുകി സമയം കളഞ്ഞത്. കേരളം ഇന്ന് നേരിടുന്ന സാമ്പത്തികവും സാമൂഹ്യവുമായ നിരവധി പ്രശ്നങ്ങള്‍ ഉണ്ട്. അവയില്‍ ഏതെങ്കിലും ഒന്നിന് പരിഹാരമായി എന്ന് പറയാന്‍ വീട് കയറുന്ന സഖാക്കള്‍ക്ക് ആവുകയുമില്ല.
രാഷ്ട്രീയക്കാരന് ഗൃഹസമ്പര്‍ക്കം എന്നത് ഒരു സാധാരണ പ്രക്രിക ആണ്. അത് നഷ്ടപ്പെട്ട് പോയി എന്ന ചെറിയ അറിവ് പാര്‍ട്ടിക്ക് കിട്ടിയിട്ടുണ്ട്. പക്ഷേ അതിന് വീട് കയറല്‍ മാത്രം പ്രതിവിധിയാ വുമോ. പഴയ കാലത്ത് പ്രമേഹ രോഗികള്‍ക്ക് വൈദ്യന് നിശ്ചയിച്ചിരുന്ന ചികിത്സ പശുവിനെ വളര്‍ത്തല്‍ ആയിരുന്നത്രെ. പശുവിനെ വളര്‍ത്തിയാല്‍ എങ്ങനെ പ്രമേഹം ഭേദമാവും എന്ന ചോദ്യം അന്നാരെങ്കിലും ചോദിച്ചിരുന്നോ എന്നറിയില്ല. പക്ഷേ, അതിലൊരു യുക്തി ഉണ്ട് എന്ന് പിന്നീട് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. വ്യായാമക്കുറവ് ആണ് പ്രമേഹത്തിന്റെ കാരണങ്ങളില്‍ പ്രധാനമെന്നതിനാല്‍ പശുവിനെ വളര്‍ത്തുന്നയാള്‍ പുലര്‍ച്ചെ എഴുന്നേറ്റ് അതിന് വേണ്ടി ചെയ്യുന്ന ശാരീരിക അധ്വാനം ഫലം ചെയ്യുമെന്ന്. പശുവിനെ തീറ്റാന്‍ ഉള്ള നടപ്പ് ഒരു വ്യായാമം ആയാല്‍ അത്രയും ആയി. എന്നാല്‍ പശു തൊഴുത്തില്‍തന്നെ നിന്ന് തിന്നാലോ. സി.പി.എമ്മിന്റെ പശു തൊഴുത്തില്‍ തന്നെയാണ് നില്‍ക്കുന്നത്. ഇപ്പോള്‍ ഉള്ള സൂക്കേടിന് ഇതൊരു പരിഹാരം അല്ലെന്ന് അണികള്‍ക്ക് അറിയാം. അധികാരം മുകളില്‍ എടുത്ത പണിക്ക് ഞങ്ങള്‍ വെയില് കൊള്ളണോ എന്നാണ് അവരുടെ ചിന്ത. സുഖമായത് സോഷ്യല്‍ മീഡിയയിലെ പണിയാണ്. ‘പശു ഏട്ടിലെ പുല്ല് തിന്നോട്ടെ’ എന്നാണ് അവരും ആലോചിക്കുന്നത്.
എം.എ ബേബി പാത്രം കഴുകുന്ന അന്നാണ് പിണറായി വിജയന് ലെനിന്റെ ഓര്‍മ്മദിനത്തിന്റെ പോസ്റ്റ് ഫേസ്ബുക്കില്‍ കുറിച്ചത്. വ്ലാഡിമിര്‍ ലെനിനെ അല്ലാതെ നാട്ടില്‍ മരണപ്പെട്ട നേതാക്കളെ ആരെയും ഓര്‍ക്കാന്‍ അദ്ദേഹത്തിന് ധൈര്യം വരില്ല. എങ്ങാനും ഓര്‍ത്താല്‍ അണികളും അവരെ ഓര്‍ക്കും. ഒരു താരതമ്യം വരും. അങ്ങനെ ഓര്‍ത്താല്‍ അല്പം കമ്യൂണിസവും മാര്‍ക്സിസവും ബുദ്ധിയില്‍ ബാക്കിയുള്ള അണികള്‍ ഇപ്പോള്‍ ഉള്ളവരെ എടുത്ത് കിണറ്റില്‍ ഇട്ടാലോ എന്ന പേടിയും നേതാക്കള്‍ക്കുണ്ടാവും. നല്ല അധ്വാനമുള്ള പണിയെടുത്ത് ഉണ്ടാക്കിയ പാര്‍ട്ടിയാണ് ഇതെന്ന് ആളുകള്‍ അറിയാതിരിക്കാന്‍ നല്ലത് വര്‍ഗീയതയെ കൂട്ട് പിടിക്കലും മുറ്റമടിയും പാത്രം കഴുകലും തന്നെയാണ്. അധികാരത്തിന്റെ കാലിനിടയില്‍ കൈതിരുകി ഉറങ്ങിയവര്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത അധ്വാനമാണത്.
‘ഇ.എം ശങ്കരന് നമ്പൂതിരിപ്പാടിനെപ്പറ്റി നിങ്ങള്‍ കേട്ടിട്ടില്ലേ?’ ‘ഇല്ല’ ‘എ.കെ ഗോപാലനെപ്പറ്റി കേട്ടു കാണുമല്ലോ?’ ‘ഇല്ല’ സിക്കുകാരന് തലപ്പാവഴിച്ചു യൂണിഫോമഴിച്ചു ഉറക്കുകുപ്പായമണിഞ്ഞു. ‘ഉറങ്ങു മൂഢാത്മാവേ, ഞാന്‍ മനസ്സാ പറഞ്ഞു.. മൂഢാത്മാവല്ലാത്ത ഞാനും എന്റെ അറിവുകളുടെ ഉള്‍നിലാവില്‍ കിടന്നുറങ്ങി….’ പുതിയ ചോദ്യങ്ങളല്ല. പഴയതാണ്. ഒരു സിന്ദൂരപൊട്ടിന്റെ ഓര്‍മ്മ എന്ന ലേഖനത്തില്‍ ഒ.വി വിജയന് തന്റെ ഓര്‍മ്മകള്‍ എഴുതിയതാണ്. ലോകത്ത് ജനാധിപത്യത്തില്‍ നിലവില്‍ വന്ന ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരം ഏറ്റെടുക്കുന്ന അഭിമാനകരമായ മുഹൂര്‍ത്തം പങ്കിടാന്‍ തഞ്ചാവൂരില്‍ നിന്ന് പാലക്കാട്ടേക്കുള്ള തീവണ്ടി യാത്രയിലാണ് വിജയന്. കമ്പാര്‍ട്ട്മെന്റിലെ ആകെ ഉണ്ടായിരുന്ന എന്‍.സി.സി ഓഫീസര്‍ ആയ സിഖുകാരനോട് തന്റെ പാര്‍ട്ടി അധികാരത്തില്‍ എത്തിയതിന്റെ സന്തോഷം പങ്കിട്ടു സംസാരിക്കുകയാണ്. എ.കെ.ജിയെ അറിയാത്ത, ഇ.എം.എസിനെ അറിയാത്ത ഈ മനുഷ്യന് എന്തൊരു മൂഢാത്മാവ് എന്ന് ഞാന്‍ ചിന്തിച്ചു പോയിട്ടുണ്ട് എന്നാണ് വിജയന് പറയുന്നത്. അറിഞ്ഞോ അറിയാതെയോ അവരെയെല്ലാം മറന്ന് പോയ ‘മൂഢാത്മാക്കളാണ്’ ഇന്ന് പാര്‍ട്ടിയെ നയിക്കുന്നത് എന്നതാണ് വസ്തുത. ആ യാത്ര മീനാക്ഷിപുരം കടന്ന് കൊല്ലങ്കോടിനോട് അടുക്കുമ്പോള്‍ ഒ.വി വിജയന് കാണുന്ന കാഴ്ചയുണ്ട്. വിജയന് ആ ദൃശ്യം എഴുതുന്നത് ഇങ്ങനെയാണ്. ‘ഒരു കൊച്ചു കുടിലിന്റെ തൊടികയില്‍, ഒരു പുളിമരത്തില്‍ ഞാത്തി കെട്ടിയ ഒരു ചെങ്കൊടി. ഈ സിന്ദൂരപ്പൊട്ടിനെ ഞാന്‍ സിഖുകാരനുമായി പങ്കിട്ടില്ല’.
മലയാളി മറ്റാര്‍ക്കും പങ്കിടാതെ ഉള്ളില്‍ ഒളിപ്പിച്ചുവെച്ച ഒരു വികാരം തന്നെയായിരുന്നു മാര്‍ക്സിസ്റ്റ് പാര്‍ട്ടി. പ്രത്യയശാസ്ത്രപരമായ എതിര്‍പ്പുകള്‍ക്കിടയിലും പാര്‍ട്ടി എന്ന ഒറ്റവാക്ക് മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്നതില്‍ ചെന്നെത്തിയിരുന്നു. പുളിമരത്തില്‍ ഞാത്തി കെട്ടാതെ ഉള്ളില്‍ അകത്ത് ഉയര്‍ത്തി കെട്ടിയ കൊടികള്‍ പാറുന്ന ചെറിയ കുടിലുകള്‍ക്കകത്ത് ഒളിച്ചിരുന്നും അന്തിയുറങ്ങിയും പാര്‍ട്ടി ഉണ്ടാക്കിയ മനുഷ്യരെ/ നേതാക്കളെ ഒരു പഞ്ചാബിക്ക് അറിയാതെ പോയത് പോലും എത്ര വലിയ തെറ്റാണെന്ന് ആ കാലത്തെ വിപ്ലവ എഴുത്തുകള്‍ നടത്തിയ വിജയന് പോലും തോന്നിയിട്ടുണ്ട്. പുതിയ വിപ്ലവകാരികള്‍ ബോധപൂര്‍വം അതൊക്കെ മറക്കാന്‍ ശ്രമിക്കുകയാണ്. പത്രവും റേഡിയോയും കാണുക പോലും ചെയ്യാത്ത കുടിലുകളില്‍ മനുഷ്യര്‍ അവരെ തിരിച്ചറിഞ്ഞിരുന്നു. ആവരുടെ ആശയങ്ങള്‍ അടക്കം അവരെ സ്വീകരിച്ചിരുന്നു. പാതിരാത്രിയില്‍ ഒളിവില്‍ പാര്‍ക്കാന്‍ വരുന്ന ആളെ തിരിച്ചറിയാന്‍ രണ്ടോ മൂന്നോ അക്ഷരങ്ങള്‍ മാത്രം മതിയാവുമായിരുന്നു. നിങ്ങളെന്തിനാണ് ഒളിവില്‍ എന്ന് അവര്‍ ചോദിച്ചില്ല. ഉള്ള ഒറ്റപാത്രം അവര്‍ക്കായി മാത്രം മാറ്റി വെച്ചു. അവര്‍ കാവലിരുന്നു. ആ പാര്‍ട്ടിയുടെ സഖാക്കളാണ് ‘ഞങ്ങളെ അറിയില്ലേ’ എന്ന് ചോദിച്ച് വീട് കയറുന്നത്. ‘ഞങ്ങളെന്താണ് ചെയ്യുന്നതെന്ന് നിങ്ങളെന്താണ് മനസ്സിലാക്കാത്തത്’ എന്ന് ചോദിച്ചു വിയര്‍ക്കുന്നത്.
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് നൂറ് വയസ്സ് തികഞ്ഞത് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരം കൈയാളുമ്പോള്‍ ആണ്. പാര്‍ട്ടി എന്ന വാക്കിനപ്പുറം ഒന്നാം പിണറായി രണ്ടാം പിണറായി എന്നാണല്ലോ ഈ കാലത്തെ അവര്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. അങ്ങനെ പറയുമ്പോള്‍ 2020 രണ്ടാം പിണറായി കാലമാണ്. 1917 ലെ ഒക്ടോബര്‍ വിപ്ലവത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് താഷ്കന്റില്‍ 1920 ല്‍ രൂപീകരണം നടക്കുന്നത്. ഒരു ആശയത്തിന് നൂറാണ്ട് തികയുമ്പോള്‍ അതിന്റെ വക്താക്കള്‍ നേതാക്കള്‍ അതിനെ എങ്ങനെ കൊണ്ടുനടക്കുന്നു എന്നും അണികളെങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുമുള്ള പുതിയ വായനയാണ് സോഷ്യല്‍ മീഡിയയില്‍ കാണുന്നത്.
ഇന്ത്യയിലൊട്ടാകെ ഈ ആശയത്തിന്റെ തകര്‍ച്ചയെകുറിച്ചുള്ള ചര്‍ച്ച അല്പം വിശദമായി പറയേണ്ടതാണ്. ഇന്നത്തെ വാര്‍ത്തകള്‍ക്ക് അനുസരിച്ച് ചുരുക്കി പറഞ്ഞാല്‍, അധികാരം പോയപ്പോള്‍ ആരുടെയും അടുക്കളയില്‍ കയറി പാത്രം കഴുകാന്‍ പോവാതെ, പാര്‍ട്ടി ഓഫീസ് പൂട്ടാന്‍ പോലും നില്‍ക്കാതെ അവര്‍ മറ്റ് മേച്ചില്‍ സ്ഥലങ്ങള്‍ തേടി പോയി. അധികാരം കിട്ടിയപ്പോള്‍ അടിസ്ഥാന വര്‍ഗത്തെ മറന്നാല്‍, അധികാരം പോയാല്‍ പാര്‍ട്ടി ഓഫീസിന്റെ പൂട്ട് പോലും തിരയാന്‍ ആളെ കിട്ടില്ല എന്നതിന്റെ തെളിവാണത്. ‘ഇനി അഞ്ചു കൊല്ലം കൂടി’ എന്ന ഒരൊറ്റ ലക്ഷമേ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് മുന്നില്‍ ഉള്ളൂ എന്ന രീതിയിലാണ് പുതിയ നയപരീക്ഷണങ്ങള്‍. മൂന്നാം പിണറായി വന്നാലും ഇല്ലെങ്കിലും ഈ പാര്‍ട്ടിക്ക് സാധ്യതകളുണ്ട്. അതിന് ദീര്‍ഘവീക്ഷണം ഉള്ള നേതൃത്വമാണ് വേണ്ടത്. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി സ്വയം കോമാളി ആവുകയും അഖിലേന്ത്യാ സെക്രട്ടറിയെ കോമാളി ആക്കുകയും ചെയ്യുന്ന ഒരു സര്‍ക്കസ് കൂടാരമായി മാറിയിരിക്കുന്നു കേരളത്തിലെ സി.പി.എം. കേരളത്തില്‍ ബി.ജെ.പിയുടെ വളര്‍ച്ച തടയാനും അധികാരം നിലനിര്‍ത്താനും മികച്ച ബി.ജെ.പി ആവുകയെന്ന ആശയം ആരുടെ തലയില്‍ മുളച്ചതാണെങ്കിലും അത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അന്തകവിത്താണ്. രണ്ട് പതിറ്റാണ്ട് മുമ്പ് വരെ കേരളത്തിന്റെ പൊതുമനസ്സില്‍ ഒരു കമ്യൂണിസ്റ്റ്/റിബല്‍ ഉണ്ടായിരുന്നു. അതിനെ മയക്കി കിടത്തിയത് അമേരിക്കന്‍ സാമ്രാജ്യത്വമാണെന്ന് പറഞ്ഞു തടിതപ്പാനാവില്ല. അത് അധികാര മോഹം തന്നെ ആയിരുന്നു. അപ്പോള്‍ ചേക്കേറിയ അതിഥികളും നല്ല പങ്ക് വായിച്ചിട്ടുണ്ട്.
ബംഗാളില്‍ മൂന്ന് പതിറ്റാണ്ട് പാര്‍ട്ടി അധികാരത്തില്‍ നിന്നത് ഇത്രമാത്രം വിവരസാങ്കേതിക വളരാത്ത കാലത്തായിരുന്നു. അപ്പപ്പോള്‍ വിവരം കിട്ടുന്ന കിട്ടിയത് വിഡ്ഢിത്തമാണെങ്കിലും വിവരമാണെങ്കിലും സൂക്ഷിച്ച് വെക്കുന്ന, സ്വന്തമായി ആര്‍ക്കൈവ് ഉള്ള പുതിയ കമ്യൂണിറ്റിയില്‍ പിടിച്ചു നില്ക്കാന് പാടാണ്. തിരുവനന്തപുരത്തും പാലക്കാടും കോഴിക്കോടും പാര്‍ട്ടി പിന്നോട്ട് പോയത് പരിശോധന നടത്തി നയങ്ങളില്‍ ആണ് മാറ്റം ഉണ്ടാവേണ്ടത്. ആരെയൊക്കെയോ കേള്‍പ്പിക്കാന്‍ വേണ്ടി പാര്‍ട്ടിക്ക് പരിചയം ഇല്ലാത്ത നയങ്ങള്‍ പറഞ്ഞ്, അതെല്ലാം എത്തേണ്ട സ്ഥലത്ത് എന്ന് ഉറപ്പാക്കിയ ശേഷം നടത്തുന്ന നിര്‍വ്യാജ ഖേദം കൊണ്ട് കാര്യമില്ല. നയങ്ങള്‍ കൃത്യമാണെങ്കില്‍ വീട്ടില്‍ പോയി പാത്രം കഴുകിയും മുറ്റമടിച്ചും പറയേണ്ടി വരില്ല. അവര്‍ ചെല്ലുമ്പോള്‍ തന്നെ സ്വീകരിച്ച് ഇരുത്തും. ഒരൊറ്റ ട്രോളില്‍ വീഴേണ്ട പാര്‍ട്ടിയല്ല മാര്‍ക്സിസ്റ്റ് പാര്‍ട്ടി. ജനം പറയുന്നത് ട്രോളല്ല. ഗൗരവമുള്ള സ്റ്റേറ്റ്മെന്റ് ആണ്. അത് ‘അയ്യേ നിങ്ങള്‍ പാത്രം കഴുകുന്നോ എന്നല്ല.’ ‘അയ്യോ നിങ്ങള്‍ പാത്രം കഴുകുന്നോ എന്നാണ്.’ ആ വ്യത്യാസം തിരിച്ചറിയാതെ അതിനെയും ജന്റര്‍ സമത്വത്തിന്റെ കുറ്റിയില്‍ കൊണ്ടുപോയി കെട്ടി കിടന്നുറങ്ങിയാല്‍ കമ്യൂണിസ്റ്റ് ഭാവി ഒരു സ്വപ്നം മാത്രമായി അവശേഷിക്കും.
Article
വര്‍ഗീയതയെ തോളിലേറ്റുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി
പച്ചയായി വര്‍ഗീയത പറഞ്ഞു മതസൗഹാര്‍ദ്ദ കേരളത്തിന്റെ നെഞ്ചില്‍ കഠാര കുത്തിയിറക്കി അതിലൂടെ തിരഞ്ഞെടുപ്പ് ജയിച്ചുകയറാന്‍ സാധിക്കുമോ എന്ന പരീക്ഷണത്തിലാണ് സി.പി.എം.
സുഫ്യാന് അബ്ദുസ്സലാം
പറയുന്നതെല്ലാം വര്‍ഗീയത, ചെയ്യുന്നതെല്ലാം വിനാശകരം എന്ന അവസ്ഥയിലേക്ക് കേരളത്തിന്റെ മുഖ്യമന്ത്രിയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും മന്ത്രിമാരും പൂര്‍ണ്ണമായും മാറിയിരിക്കുകയാണ്. പച്ചയായി വര്‍ഗീയത പറഞ്ഞു മതസൗഹാര്‍ദ്ദ കേരളത്തിന്റെ നെഞ്ചില്‍ കഠാര കുത്തിയിറക്കി അതിലൂടെ തിരഞ്ഞെടുപ്പ് ജയിച്ചുകയറാന്‍ സാധിക്കുമോ എന്ന പരീക്ഷണത്തിലാണ് സി.പി.എം. പിണറായിയില്‍ നിന്നാരംഭിച്ച് വെള്ളാപ്പള്ളിയിലൂടെ രൗദ്രഭാവം പൂണ്ട് സി.പി.എമ്മിന്റെ വര്‍ഗീയ രാഷ്ട്രീയം എ.കെ ബാലനിലൂടെ വളര്‍ന്ന് സജി ചെറിയാനില്‍ എത്തിനില്‍ക്കുകയാണ്. വര്‍ഗീയതയുടെ ബാറ്റണ്‍ ഏറ്റുവാങ്ങി കേരളമെന്ന മതനിരപേക്ഷ ഭൂമിക യിലൂടെ റിലേറൈസ് നടത്തിക്കൊണ്ടിരിക്കുകയാണ് സി.പി.എം. ഐക്യജനാധിപത്യമുന്നണി, വര്‍ഗീയതയെ കുറിച്ചുള്ള അതിന്റെ നിലപാട് പ്രതിപക്ഷ നേതാവും യു.ഡി.എഫ് നേതാക്കളും വ്യക്തമാക്കിയതാണ്. വളരെ സുതാര്യമായ നിലപാട് കേരളത്തിന്റെ മത നിരപേക്ഷ പാരമ്പര്യത്തെ സംരക്ഷിക്കാനുള്ളതാണ്. ആയിരം തിരഞ്ഞെടുപ്പുകളില്‍ തോറ്റാലും വര്‍ഗീയതയെ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ നോക്കാതെ, പറയുന്നവരുടെ വലിപ്പ ചെറുപ്പങ്ങള്‍ നോക്കാതെ, സ്വന്തം പാളയത്തില്‍ നിന്നാണെങ്കില്‍ പോലും അവര്‍ക്കെതിരെ അതിശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുമെന്നും പ്രതിരോധങ്ങള്‍ തീര്‍ക്കുമെന്നും ചെറുത്തുനില്പിനായി കേരള ജനതയെ പ്രാപ്തമാക്കുകയും ചെയ്യുമെന്നാണ് യു.ഡി.എഫ് നിലപാട്.
വെള്ളാപ്പള്ളിയെ ഉപകരണമാക്കി നടന്നുവരുന്ന വര്‍ഗീയക്കളിക്ക് മുസ്ലിം ലീഗ് കരുവാക്കാനാണ് സി.പി.എം ആ ലോചിച്ചെടുത്ത തീരുമാനം. തങ്ങള്‍ മുസ്ലിം
സമുദായത്തിനെതിരെയല്ല, മുസ് ലിംലീഗിനെതിരെയാണ് സംസാരിക്കുന്നത് എന്ന് പറയുകയും എന്നാല്‍ മുസ്ലിം സമുദായത്തെയും മുസ്ലിം ഭൂരിപക്ഷ പ്ര ദേശങ്ങളെയും പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയും ചെയ്യുക എന്ന ഹീനമായ കുതന്ത്രമാണ് സി.പി.എം പയറ്റിക്കൊണ്ടിരിക്കുന്നത്. അതിലൂടെ ഹൈന്ദവ ഭൂരിപക്ഷത്തേയും ക്രൈസ്തവ ന്യൂനപക്ഷത്തേയും തങ്ങളിലേക്കടുപ്പിക്കാമെന്ന് ദിവാസ്വപ്നം കാണുകയാണ് അവര്‍. ‘നായാ ടി മുതല്‍ നസ്രാണി’ വരെയുള്ള വിഭാഗങ്ങളുടെ ഐക്യമെന്നെല്ലാം മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കുന്ന സി.പി.എമ്മിന് കേരള ജനതയുടെ മനസ്സുവായിക്കാന്‍ സാ ധിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഏതെങ്കിലും സമുദായത്തെ ഒറ്റപ്പെടുത്തിയുള്ള ഞാണിന്മേല് കളിക്ക് കേരളത്തിലെ നായാടി മുതല്‍ നസ്രാണി വരെയുള്ള ഒരു സമുദായവും കൂട്ടുനില്‍ക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം.
മലപ്പുറത്തെ യു.ഡി.എഫിന്റെ വിജയം വര്‍ഗീയമാണെന്ന് മനസ്സിലാക്കാന്‍ വിജയിച്ച സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ മാത്രം പരിശോധിച്ചാല്‍ മതി എന്നാണ് സജി ചെറിയാന്റെ പ്രസ്താവന. മലപ്പുറത്തെ കുറിച്ചുള്ള സി.പി.എമ്മിന്റെ വര്‍ഗീയ പ്രസ്താവന ഇത് ആദ്യമായല്ല. 2017 ലെ മലപ്പുറം ഉപതിരഞ്ഞെടുപ്പിനെതുടര്‍ന്ന് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞത് മലപ്പുറത്തിന്റെ ഉള്ളടക്കം തന്നെ വര്‍ഗീയമാണ് എന്നായിരുന്നു. സി.പി.എം നേതാക്കളുടെ മനസ്സ് വര്‍ഗീയതയാല്‍ എത്രമാത്രം മലിനമാണ് എന്ന് ഓരോ ദിവസവും തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. മുസ്ലിംലീഗ് ഭരണത്തില്‍ വന്നാല്‍ പിന്നെ മറ്റൊരു സമുദായത്തിനും രക്ഷയുണ്ടാവില്ല, ആഭ്യന്തരം ജമാഅത്തെ ഇസ്ലാമിയായിരിക്കും ഭരിക്കുക തുടങ്ങിയ ദുര്‍ഗന്ധങ്ങളും ഈ അടുത്ത ദിവസങ്ങളില്‍ അവരുടെ വായില്‍നിന്നും വമിച്ചതിനും കേരളം സാക്ഷിയായി.
തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ പേരുകളാണോ വര്‍ഗീയതയുടെ മാനദണ്ഡം? 71 ശതമാനത്തോളം മുസ്ലിം സമുദായത്തില്‍ പെട്ടവര്‍ അധിവസിക്കുന്ന മലപ്പുറം ജില്ലയില്‍ നിന്നുള്ള കൗണ്‍സിലര്‍മാരില്‍ മഹാഭൂരിപക്ഷവും പ്രസ്ത സമുദായത്തില്‍ പെട്ടവരാവുക സ്വാഭാവികമാണ്. മനഃപൂര്‍വമായി അതില്‍ യാതൊന്നുമില്ല. 2789 അംഗങ്ങളാണ് മലപ്പുറം ജില്ലയില്‍ ആകെയുള്ളത്. അതില്‍ മുസ്ലിം സമുദായത്തില്‍ പെട്ടവരുടെ എണ്ണം 1976 ആണ്. അതായത് 70.84 ശതമാനം. ഈ കണക്ക് പരിശോധിക്കുമ്പോള്‍ എവിടെയാണ് മുസ്ലിം സമുദായത്തില്‍പെട്ടവര്‍ക്ക് കൂടുതല്‍ ലഭിച്ചു എന്ന സജി ചെറിയാന്റെ ആരോപണം സത്യമാവുന്നത്? മുസ്ലിം ലീഗ് പാര്‍ട്ടി ചിഹ്നത്തില്‍ ജില്ലയില്‍ മത്സരിച്ച് വിജയിച്ച 1315 പേരില്‍ പത്ത് ശതമാനത്തോളം പേര് സഹോദര സമുദായങ്ങളില്‍ പെട്ടവരാണ് എന്ന യാഥാര്‍ഥ്യവും സജി ചെറിയാന്റെ ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണ്. മാത്രവുമല്ല മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനമടക്കം ജില്ലയിലെ വിവിധ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും ബ്ലോക്കുകളുടെയും കുഞ്ചിക സ്ഥാനങ്ങള്‍ വഹിക്കുന്നവരും സഹോദര സമുദായങ്ങളില്‍ പെട്ടവരാണ് എന്നത് സാമുദായിക സന്തുലിതത്വ വിഷയത്തില്‍ മുസ്ലിം ലീഗിന്റെ പ്രതിബദ്ധത തെളിയിക്കുന്നതുമാണ്.
മലപ്പുറം ജില്ലയിലേക്ക് വിരല്‍ ചൂണ്ടുന്ന സജി ചെറിയാന് അടക്കമുള്ളവര്‍ മറ്റു ജില്ലകളിലെ മുസ്ലിം പ്രാതിനിധ്യ കണക്കുകള്‍ പരിശോധിക്കാന്‍ തയ്യാറുണ്ടോ? കേരളത്തിലെ എല്ലാ ജില്ലകളിലും തദ്ദേശ സ്ഥാപനങ്ങളിലെ കൗണ്‍സിലര്‍മാരുടെ എണ്ണത്തില്‍ മുസ്ലിം പ്രാതിനിധ്യം കുറവാണ് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. അതില്‍ ഏറ്റവും കുറവ് സി.പി.എ മ്മിന്റെ ശക്തി കേന്ദ്രമായ കണ്ണൂരിലാണ്. പത്ത് ശതമാനത്തോളം കുറവാണ് അവിടെയുള്ളത്. സി.പി.എമ്മിന് സ്വാധീനമുള്ള കോഴിക്കോട്, പാലക്കാട്, കൊല്ലം, കാസര്‍കോട് എന്നീ ജില്ലകളില്‍ അഞ്ച് ശതമാനത്തിലേറെ കുറവ് സൂചിപ്പിക്കുന്നു. 2011 ലെ സെന്‍സസ് പ്രകാരമുള്ള കണക്ക് മാത്രമാണിത്.ത്തരത്തിലുള്ള ഒരു പരാതിയുമില്ല. കാരണം ജനാധിപത്യ സംവിധാനത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ വിജയിച്ചുവന്നവരാണ് ആ മെമ്പര്‍മാര്‍.
അവര്‍ സമുദായ വ്യത്യാസമില്ലാതെതന്നെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതിനിധികളാണെന്ന വിശ്വാസം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. കോട്ടയം മാത്രമല്ല, 24 അംഗങ്ങളുള്ള ആലപ്പുഴയിലും 17 അംഗങ്ങള്‍ വീതമുള്ള പത്തനം തിട്ടയിലും ഇടുക്കിയിലും മുസ്ലിം കൗണ്‍സിലര്‍മാരുടെ എണ്ണം ഒന്ന് മാത്രമാണ്. ഓരോ പ്രദേശത്തെയും ജനവിഭാഗങ്ങള്‍ ആരെല്ലാമാണോ ആ വിഭാഗങ്ങളില്‍ നിന്നാണ് കൗണ്‍സിലര്‍മാര്‍ കടന്നുവരിക എന്നത് സ്വാഭാവികമായ കാര്യം മാത്രമാണ്. മലപ്പുറത്ത് മുസ്ലിംലീഗ് ശക്തമാണ് എന്ന കാര്യത്തില്‍ ആര്‍ക്കാണ് സംശയമുള്ളത്. മുസ്ലിംലീഗ് ശക്തി നേടിയിട്ടുള്ളത് വര് ഗീയമായിട്ടല്ല. മറിച്ച് രാഷ്ട്രീയ ശാക്തികരണത്തിലൂടെയാണ് വളര്‍ന്നു പന്തലിച്ചത്. എന്നാല്‍ ലീഗിനെ തകര്‍ക്കാന്‍ വേണ്ടി മലപ്പുറം ജില്ലയില്‍ വിവിധ തരത്തിലുള്ള സാമ്പാറുകള്‍ വെച്ചുവിളമ്പിയ സി.പി.എം ലീഗിനെതിരെ അണിനിരത്തിയിരുന്ന സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ കൂടി പരിശോധിക്കുന്നത് നല്ലതാണ്.
എ.കെ ആന്റ ണി തിരൂരങ്ങാടിയില്‍ മത്സരിച്ചപ്പോള്‍ മുസ്ലിം പേരുള്ള ഡോ. എന്‍.എ കരീമിനെ പരീക്ഷിച്ച് മുസ്ലിം കാര്‍ഡ് കളിച്ചവരാണ് സി.പി.എം. കെ.ടി ജലീല്‍, വി. അബ്ദുറഹ് മാന്‍, പി.വി അന്‍വര്‍, നിയാസ് പുളിക്കലകത്ത്, കെ.പി മുസ്തഫ. ഗഫൂര്‍ പി ലില്ലീസ് തുടങ്ങിയ ‘പ്രത്യേക സമുദായ’ പേരുകള്‍ അല്ലാത്ത മറ്റൊരു സമുദായ പേരുകളും മലപ്പുറത്ത് തിരഞ്ഞെടുപ്പുകളില്‍ അവതരിപ്പിച്ചിട്ടില്ലാത്ത സി.പി .എം ഇപ്പോള്‍ ‘മലപ്പുറത്ത് മൊത്തം ഒരു പ്രത്യേക സമുദായക്കാരാണേ’ എന്ന് വിലപിക്കുന്നത് ആരെ പ്രീതിപ്പെടുത്തുവാനെന്ന് കേരളത്തിലെ പൊതുസമൂഹത്തിനറിയാം. മലപ്പുറം ജില്ലയില്‍ ജമാഅത്തെ ഇസ്ലാമിയുമാ യും പി.ഡി.പിയുമായും ചില തീവ്രവാദ സംഘങ്ങളുമായും തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിച്ചത് ജില്ലയിലെ ലീഗിന്റെ സ്വാധീനശക്തിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ മാത്രമായിരുന്നു എന്ന് സി.പി.എം നേതാക്കള്‍ക്ക് നിഷേധിക്കാന്‍ കഴിയുമോ? മുസ്ലിം മത സംഘടനകളില്‍ ഉണ്ടാവുന്ന അഭിപ്രായവ്യത്യാസങ്ങളെപ്പോലും മുസ്ലിം ലീഗിനെ തകര്‍ക്കാനുള്ള ആയുധമായിട്ടല്ലേ സി.പി.എം ഉപയോഗിച്ചുവന്നത്.
Article
യു.എം; വിജ്ഞാനത്തിന്റെ അക്ഷയഖനി
സുന്നത്ത് ജമാഅത്തിന്റെ പൈതൃക വഴിയില്‍ നിലകൊള്ളുകയും അതിനായി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ ഉപാധ്യക്ഷന്‍.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
വൈജ്ഞാനികമായി ഉന്നത ശ്രേണിയിലായിരിക്കുമ്പോഴും സാധാരണക്കാരായ വിശ്വാസികളിലേക്ക് കുളിര്‍തെന്നല്‍ പോലെ വീശിയടിച്ച പണ്ഡിത ശ്രേഷ്ഠനായിരുന്നു യു.എം അബ്ദുറഹിമാന് മുസ്ലിയാര്. സുന്നത്ത് ജമാഅത്തിന്റെ പൈതൃക വഴിയില്‍ നിലകൊള്ളുകയും അതിനായി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ ഉപാധ്യക്ഷന്‍.
ദര്‍സ് വിദ്യാര്‍ത്ഥികളിലേക്കെന്ന പോലെ തന്നെ ദീനീപാഠങ്ങള്‍ സാധാരണക്കാരിലേക്കെത്തിക്കുന്നതും അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതിയായിരുന്നു. അനവധി ദര്‍സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പാഠമോതിക്കൊടുക്കുന്നതിനോടൊപ്പം അങ്ങേയറ്റം വിനയത്തോടെ ജനങ്ങളിലേക്കിറങ്ങി. അവരോട് സംസാരിച്ചും സംശയങ്ങള്‍ ദൂരീകരിച്ചും ഇസ്ലാമിക മതമൂല്യങ്ങള്‍ പകര്‍ന്ന് നല്കി. വേദികളില്‍ നിന്നും വേദികളിലേക്ക് പകര്‍ന്ന് അദ്ദേഹം വടക്കന്‍ കേരളത്തില്‍ അറിവിന്റെ ജ്ഞാനത്തോപ്പുകള്‍ സൃഷ്ടിച്ചു. മതപ്രബോധന രംഗത്തെ നക്ഷത്രത്തിളക്കമായിരുന്നു മഹാനവര്കള്. അറിവ് സമ്പാദനത്തിനായി അദ്ദേഹം തെന്നിന്ത്യയിലൂടെ സഞ്ചരിച്ചു. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം 1963 – 1964 കാലഘട്ടത്തില്‍ മൗലവി ഫാളില്‍ ബാഖവി വിദ്യാഭ്യാസം നേടി. തുടര്‍ന്ന് മംഗളൂരു പറങ്കിപേട്ട ജുമാമസ്ജിദ്, മംഗളൂരു അസ്ഹരിയ്യ കോളജ്, കരുവന്തിരുത്തി, പടന്ന ജുമാമസ്ജിദ്, കൊണ്ടോട്ടി പഴയങ്ങാടി ജുമാമസ്ജിദ്, വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്ത് എന്നിവിടങ്ങളില്‍ അറിവന്വേഷിച്ച് സഞ്ചരിച്ചു.
തേടിപ്പിടിച്ച അറിവിന് രത്നങ്ങള്‍ സമൂഹത്തിലേക്ക് അദ്ദേഹം പകര്‍ന്നു നല്കി. അവയുടെ തിളക്കം പ്രസരണം ചെയ്യാന്‍ നിരവധി ശിഷ്യരെയും അദ്ദേഹം സൃഷ്ടിച്ചു. പ്രഗത്ഭരും പ്രമുഖരുമായി ശിഷ്യഗണങ്ങളെ സമ്മാനിച്ചാണ് യു.എം അബ്ദുറഹിമാന് മുസ്ലിയാരുടെ മടക്കം. പാണക്കാട്ട് വെച്ചും കാസര്‍കോട് വെച്ചും ദാറുല്‍ ഹുദായുടെ പരിപാടികളിലും അദ്ദേഹവുമായി ഇടപെട്ടു. കാസര്‍കോട്ടെ സുന്നത്ത് ജമാഅത്തിന്റെ വേദികളില്‍ നിറസാന്നിധ്യമായിരുന്നു. മനസ്സ് നിറക്കുന്ന സ്നേഹപൂര്‍ണ്ണമായ ഇടപെടലായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. അദ്ദേഹവുമായി പതിറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന ബന്ധമായിരുന്നുണ്ടായിരുന്നത്.
പാണക്കാട് കുടുംബവുമായി അങ്ങേയറ്റത്തെ സ്നേഹം കാത്തുസൂക്ഷിച്ചു. ആ സ്നേഹത്തിന്റെ പ്രതീകമായി മകന് അദ്ദേഹം മുഹമ്മദലി ശിഹാബ് എന്ന് പേര് വെച്ചു. കാസര്‍കോട് പോകുമ്പോള്‍ മിക്കവാറും കാണുന്നൊരു മുഖമായിരുന്നു അദ്ദേഹത്തിന്റേത്. ആ ബന്ധം വലിയ സുകൃതമായാണ് കാണുന്നത്.
അറിവിന്റെ ഒടുങ്ങാത്ത തിരയായിരുന്നു പ്രിയപ്പെട്ട അബ്ദുറഹിമാന് മുസ്ലിയാര്. കരയെ തൊടുന്ന തിരപോലെ, അദ്ദേഹം മനുഷ്യരെ തൊട്ട് തലോടി. അടിഞ്ഞുകൂടിയ അശുദ്ധികളില്‍ അറിവിന്റെ തിരയടിച്ചു വൃത്തിയാക്കി. ഇഹലോകത്ത് അദ്ദേഹത്തിന്റെ നിയോഗം പൂര്‍ത്തിയായിട്ടുണ്ടാകും. എങ്കിലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികം കാസര്‍കോട് നടക്കുമ്പോള്‍ അദ്ദേഹമുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നു. അല്ലാഹു പരലോകത്തും മഹാനവര്‍കള്‍ക്ക് ഉന്നത സ്ഥാനം നല്കട്ടെ. ആമീന്‍.
-
kerala3 days agoകൈമുറിച്ചുമാറ്റിയ സംഭവം: പല്ലശേന സ്വദേശിയായ പെണ്‍കുട്ടി വിനോദിനിക്ക് കൃത്രിമക്കൈ വെച്ചുപിടിപ്പിച്ചു
-
kerala3 days agoചീട്ടുകൊട്ടാരം പോലെ ഒരു ബജറ്റ്
-
india3 days agoകേരളത്തെ ഒട്ടും പരിഗണിക്കാത്ത ഒരു ബജറ്റാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്: ഡോ. എം.പി അബ്ദുസ്സമദ് സമദാനി
-
News3 days agoസഹോദരങ്ങള്‍ കിണറ്റില്‍ വീണു; ഒരാള്‍ക്ക് ദാരുണാന്ത്യം
-
kerala21 hours agoപഴയ ബസുകള്‍ പുതുക്കി ഇറക്കുന്നതിന് വിലക്ക്; കുരുക്കിലായി കേരളത്തിലെ ഇരുന്നൂറോളം സ്വകാര്യബസുകള്‍
-
News21 hours agoചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; നാല് മാസം കോമയിലായിരുന്ന കുട്ടിയും മരിച്ചു
-
india19 hours agoസന്തോഷ് ട്രോഫി: അസമിനെ തകർത്ത് കേരളം സെമിയിൽ
-
News21 hours agoഹൈഡ്രജന്‍ ചോര്‍ച്ച: ആര്‍ട്ടിമിസ്-2 വിക്ഷേപണം മാര്‍ച്ചിലേക്ക് മാറ്റി
