ബംഗാളിലെ വോട്ടര്‍ പട്ടിക പരിഷ്കരണ നടപടികള്‍ക്കെതിരെ സുപ്രീം കോടതിയില്‍ നേരിട്ട് എത്തി വാദിച്ച മമതാ ബാനര്‍ജിയെ കണ്ട് പഠിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറാകണമെന്ന് പി.വി. അന്‍വര്‍. രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി അഭിഭാഷകയുടെ ഗൗണണിഞ്ഞ് മമത നേരിട്ട് സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍, കേരള മുഖ്യമന്ത്രി എസ്.ഐ.ആര് നടപടികള്‍ക്കായി കേരളത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നിടുകയാണെന്ന് അന്‍വര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു.
ജനങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന മമതയില്‍ നിന്ന് പിണറായി ഇനിയും ഒരുപാട് പഠിക്കാനുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ നിയമസഭകളിലും തെരുവുകളിലും പ്രതിഷേധിക്കുമ്പോള്‍ കേരളം നിസ്സംഗത പാലിക്കുന്നു. എസ്.ഐ.ആര് വിരുദ്ധ പോരാട്ടത്തിന് പുതിയ ഊര്‍ജ്ജവും കരുത്തുമാണ് മമതാ ബാനര്‍ജി നല്‍കുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു.
ഇന്ന് രാവിലെ പത്തേകാലോടെയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സുപ്രീം കോടതിയില്‍ എത്തിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ വോട്ടര്‍ പട്ടിക സമഗ്ര പരിഷ്കരണത്തിനെതിരെ മമത നേരിട്ട് വാദിച്ചു. ബംഗാളിനെ തിരഞ്ഞെടുപ്പ് കമ്മീഷന് ലക്ഷ്യം വെക്കുകയാണെന്നും, കമ്മീഷന് ഉന്നയിക്കുന്ന വാദങ്ങള്‍ ‘പച്ചക്കള്ളം’ ആണെന്നും മമത കോടതിയില്‍ പറഞ്ഞു. ഇത് ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഹര്‍ജിയാണെന്നും മമത വ്യക്തമാക്കി.
പി.വി. അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
നമുക്കുമുണ്ട് ഒരു മുഖ്യമന്ത്രി. എസ്.ഐ.ആര് നടപടികള്‍ക്കായി കേരളത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ട ”നമ്മുടെ മുഖ്യമന്ത്രി’ രാജ്യത്തെ പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ എസ്.ഐ.ആറിനെതിരെ തങ്ങളുടെ നിയമനിര്‍മ്മാണ സഭകളിലും രാജ്യത്തെ തെരുവുകളിലും ഒരുപോലെ പ്രതിഷേധത്തിന്റെ വിവിധ മാതൃകകള്‍ തീര്‍ക്കുമ്പോള്‍, വേറിട്ട രീതിയില്‍ അതിന് കരുത്തും ഊര്‍ജ്ജവുമായി മാറുകയാണ് ബംഗാള്‍ മുഖ്യമന്ത്രി ശ്രീമതി മമത ബാനര്‍ജി. രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി അഭിഭാഷകയുടെ ഗൗണണിഞ്ഞ് ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി സുപ്രീംകോടതിയില്‍ നേരിട്ട് എത്തിയിട്ടുണ്ടെങ്കില്‍ നമ്മുടെ മുഖ്യമന്ത്രിക്ക് ഇനിയും ഒത്തിരി പഠിക്കാനുണ്ട്. ??പിവി അന്‍വര്‍