News

അമ്മയോടൊപ്പം ഒളിച്ചോടിയതിന്റെ പ്രതികാരം; 10 വര്‍ഷത്തിന് ശേഷം മധ്യവയസ്‌കനെ വെട്ടിക്കൊലപ്പെടുത്തി യുവാവ്

By Manya

February 04, 2026

ബെംഗളൂരു: കര്‍ണാടകയില്‍ അമ്മയോടൊപ്പം ഒളിച്ചോടിയ മധ്യവയസ്‌കനോട് പതിറ്റാണ്ടുകളായി സൂക്ഷിച്ചിരുന്ന പകയില്‍ വെട്ടികൊലപ്പെടുത്തി യുവാവ്. റോഡില്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയ ശേഷം പൊലീസ് എത്തുന്നതുവരെ മൃതദേഹത്തില്‍ ചവിട്ടി നില്‍ക്കുകയായിരുന്നു പ്രതി. ബസഡോണി സ്വദേശിയായ ബസപ്പ ഹൊസ്മാനി (51) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ എരയ്യ മഠപതി എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2016ലാണ് ബസപ്പയും എരയ്യയുടെ അമ്മയും ഒളിച്ചോടിയത്. ഈ സംഭവമാണ് എരയ്യയുടെ മനസ്സില്‍ വര്‍ഷങ്ങളായി പകയായി മാറിയതെന്ന് പൊലീസ് പറയുന്നു. ക്ഷേത്രനഗരമായ സവദത്തി താലൂക്കിലെ ഹൂലികട്ടി ഗ്രാമത്തിന് സമീപം തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. റോഡിലൂടെ യാത്ര ചെയ്തിരുന്ന ബസപ്പയെ തടഞ്ഞുനിര്‍ത്തിയ എരയ്യ, മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഏകദേശം 16 കുത്തേറ്റ ഹൊസ്മാനി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

സിനിമയെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ രക്തം പുരണ്ട വസ്ത്രം ധരിച്ച്, പൊലീസ് എത്തുന്നതുവരെ എരയ്യ മൃതദേഹത്തില്‍ ചവിട്ടി നിന്നു. തുടര്‍ന്ന് ഇയാള്‍ തന്നെയാണ് പൊലീസിനെ വിളിച്ച് കുറ്റം സമ്മതിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് എരയ്യയെ അറസ്റ്റ് ചെയ്തു. ഒളിച്ചോടിയതിന് ശേഷം ബസപ്പയും എരയ്യയുടെ അമ്മയും മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ സ്ഥിരതാമസമാക്കിയിരുന്നു.

അടുത്തിടെയാണ് ബസപ്പ സവദത്തിയിലേക്ക് മടങ്ങിയെത്തിയത്. ഹൊസ്മാനിയുടെ തിരിച്ചുവരവിനായി എരയ്യ കാത്തിരുന്നുവെന്നും, മടങ്ങിയെത്തിയതോടെ കൊലപാതകത്തിന് മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയിരുന്നുവെന്നും പൊലീസ് സംശയിക്കുന്നു.