ബെംഗളൂരു: പട്ടാപ്പകല്‍ തിരക്കേറിയ റോഡില്‍ യുവതിയെ കടന്നുപിടിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്ത സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജ്ഞാനഭാരതി മേഖലയിലാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജ്ഞാനഭാരതി പൊലീസ് നവീന്‍ കുമാര്‍ എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ യുവതിയോട് നവീന്‍ കുമാര്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ യുവതി ഇത് നിരസിക്കുകയും പിന്നീട് ഇയാളില്‍ നിന്ന് അകലം പാലിക്കുകയും ചെയ്തു.
ഇതില്‍ പ്രകോപിതനായാണ് നവീന്‍ യുവതിയെ ആക്രമിച്ചതെന്നാണ് പൊലീസ് വിശദീകരണം. കൂട്ടുകാരിക്കൊപ്പം റോഡിലൂടെ നടക്കുകയായിരുന്ന യുവതിയെ നടുറോഡില്‍ വച്ച് കടന്നുപിടിച്ച നവീന്‍ വസ്ത്രങ്ങള്‍ വലിച്ച് കീറുകയും അപമാനിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. യുവതി എതിര്‍ത്തിട്ടും ആക്രമണം തുടരുകയായിരുന്നു എന്നും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളില്‍ യുവതിയെ അപമാനിക്കുന്നതും ആക്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ വ്യക്തമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്ത പൊലീസ് നവീന്‍ കുമാറിനെ അറസ്റ്റ് ചെയ്യുകയും തുടര്‍ നിയമനടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.