തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിനം ഇനി അഞ്ചുദിവസമാക്കുന്നത് തത്വത്തില്‍ അംഗീകരിച്ച് സര്‍വീസ് സംഘടനകള്‍. പ്രവൃത്തി സമയം കൂട്ടുന്ന കാര്യവും അംഗീകരിച്ചു. ഇന്ന് ചീഫ് സെക്രട്ടറി വിളിച്ച ഓണ്‍ലൈന്‍ യോഗത്തിലാണ് സര്‍വീസ് സംഘടനാ പ്രതിനിധികള്‍ അനുകൂല പ്രതികരണം നടത്തിയത്. പ്രവൃത്തിദിനം കുറക്കുന്നതില്‍ അന്തിമ തീരുമാനം ആയിട്ടില്ല.
പൊതു അവധിയും കാഷ്വല്‍ ലീവും ചുരുക്കാന്‍ അനുവദിക്കില്ലെന്ന് ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംഘടനാ പ്രതിനിധികള്‍ നിലപാടെടുത്തു. പ്രവൃത്തിദിനം കുറക്കുമ്പോള്‍ ജോലി സമയം വര്‍ധിപ്പിക്കണമെന്ന ആവശ്യത്തോടും സര്‍വീസ് സംഘടനകള്‍ക്ക് അനുകൂല നിലപാടാണ്. അതേസമയം, ആരോഗ്യമേഖലയിലെ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പ്രത്യേകം പരിഗണിക്കണമെന്നും സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.