Connect with us

News

കില്‍പ്പോക്ക് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ഗുണ്ടാ ആക്രമണം; പ്രസവിച്ച ഭാര്യയെ കാണാനെത്തിയ യുവാവ് വെട്ടേറ്റ് മരിച്ചു

സംഭവത്തെ തുടര്‍ന്ന് ആശുപത്രിയിലെ രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അധിക പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.

Published

on

ചെന്നൈ: കില്‍പ്പോക്ക് മെഡിക്കല്‍ കോളേജാശുപത്രിയില്‍ വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതിയായ യുവാവ് ക്രൂരമായി കൊല്ലപ്പെട്ടു. ചെന്നൈയ്ക്ക് സമീപം രാജമംഗലത്തെ ആദി (28) ആണ് അജ്ഞാതസംഘത്തിന്റെ വെട്ടേറ്റുമരിച്ചത്. പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യയെ കാണാനായി ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് ആദി ആശുപത്രിയിലെത്തിയത്.

ഹെല്‍മെറ്റ് ധരിച്ചെത്തിയ നാലംഗസംഘം ആദിയെ ആക്രമിച്ച് വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഉടന്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ആശുപത്രിയില്‍ പൊലീസിന്റെ സാന്നിധ്യം ഉണ്ടായിരിക്കെയാണ് കൊലപാതകം നടന്നതെന്ന് രോഗികളുടെ കൂട്ടിരിപ്പുകാര്‍ ആരോപിച്ചു. സംഭവം ആശുപത്രിയില്‍ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയിലെ രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അധിക പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടുന്നതിനായി പൊലീസ് ഒന്‍പത് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

ഇതുവരെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെയും ചോദ്യം ചെയ്യുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ എ. അരുണ്‍ വ്യക്തമാക്കി. പൊലീസ് കാവല്‍ നിലനില്‍ക്കവേ ആശുപത്രിക്കുള്ളില്‍ വെച്ച് കൊലപാതകം നടന്നത് അതിശയിപ്പിക്കുന്നതാണെന്ന് ബിജെപി നേതാവ് അണ്ണാമലൈ പ്രതികരിച്ചു. പൊലീസുകാര്‍ തന്നെ കുറ്റകൃത്യങ്ങളെയും കൊലപാതകങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചു. സംഭവത്തില്‍ സ്വതന്ത്ര ഏജന്‍സികളെക്കൊണ്ട് അന്വേഷണം നടത്തണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ അയിഷ പോറ്റി കോണ്‍ഗ്രസില്‍

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മെമ്പര്‍ഷിപ്പ് കൈമാറി

Published

on

തിരുവനന്തപുരം: കൊട്ടാരക്കര മുന്‍ എംഎല്‍എ അയിഷ പോറ്റി കോണ്‍ഗ്രസില്‍. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മെമ്പര്‍ഷിപ്പ് കൈമാറി.
പാര്‍ട്ടിയുടെ അഭിമാനമായി തുടരുന്നതില്‍ അയിഷ പോറ്റിക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് കുടുംബത്തിലേക്ക് ക്ഷണിക്കുന്നതായി ദീപ ദാസ് മുന്‍ഷി പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെന്നു കാട്ടി സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍നിന്ന് ഐഷ പോറ്റിയെ ഒഴിവാക്കിയിരുന്നു. ഏരിയ സമ്മേളനത്തില്‍നിന്നു വിട്ടുനിന്ന ഐഷ പോറ്റി ഏറെനാളായി നേതൃത്വവുമായി അകല്‍ച്ചയിലാണ്. ഒന്നും ചെയ്യാനാകാതെ പാര്‍ട്ടിയില്‍ നില്‍ക്കാനാകില്ലെന്നും. ഓടി നടന്നു ചെയ്യാന്‍ കഴിയുന്നവര്‍ തുടരട്ടെയെന്നുമായിരുന്നു മുന്‍ നിലപാട്.

 

Continue Reading

News

എട്ട് ലോകകപ്പുകള്‍ നേടിയ താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ നായിക അലീസ ഹീലി

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യയോട് തോറ്റശേഷം ഹീലി വിരമിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Published

on

മെല്‍ബണ്‍: വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ അലീസ ഹീലി. എട്ട് ലോകകപ്പുകള്‍ നേടിയ ഓസീസ് ടീമംഗമായ അലീസ ഹീലി 2010ലാണ് ഓസീസ് കുപ്പായത്തില്‍ അരങ്ങേറിയത്. ഓസ്‌ട്രേലിയയുടെ ആറ് ടി20 ലോകകപ്പ് വിജയങ്ങളിലും രണ്ട് ഏകദിന ലോകകപ്പ് വിജയങ്ങളിലും നിര്‍ണായക സാന്നിധ്യമായിരുന്നു ഹീലി.

35കാരിയായ ഹീലി 10 ടെസ്റ്റിലും 123 ഏകദിനങ്ങളിലും 162 ടി20യിലും ഓസ്‌ട്രേലിയക്കായി കളിച്ചു. 2022ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 170 റണ്‍സടിച്ച് ലോകകപ്പ് ഫൈനലിലെ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കുറിച്ച് ഹീലി റെക്കോര്‍ഡിട്ടിരുന്നു. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പുറത്താകലുകളില്‍ പങ്കാളിയായ വനിതാ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡും(126) വനിതാ ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ(148*)ഹീലിയുടെ പേരിലാണ്. വിവിധ ഫോര്‍മാറ്റുകളിലായി 300ലേറെ മത്സരങ്ങള്‍ കളിച്ച അലീസ ഹീലി 7000ല്‍ അധികം റണ്‍സും വിക്കറ്റിന് പിന്നില്‍ 275 പുറത്താകലുകളിലും പങ്കാളിയായിട്ടുണ്ട്.

ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ കളിക്കാന്‍ സാധ്യതയില്ലാത്തതിനാലാണ് നേരത്തെ വിരമിക്കല്‍ പ്രഖ്യാപിക്കുന്നതെന്ന് ഹീലി വ്യക്തമാക്കി. ഇന്ത്യക്കെതിരെ അടുത്ത മാസം നടക്കുന്ന പരമ്പരയ്ക്ക് ശേഷം വിരമിക്കുമെന്ന് അലീസ ഹീലി വ്യക്തമാക്കി. മൂന്ന് മാസങ്ങള്‍ക്ക് മുമ്പെ വിരമിക്കാന്‍ തയാറായിരുന്നുവെന്നും ഹീലി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യയോട് തോറ്റശേഷം ഹീലി വിരമിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

2023ല്‍ മെഗ് ലാനിങിന്റെ പിന്‍ഗാമിയായാണ് അലീസ ഹീലി ഓസീസ് ടീമിന്റെ ക്യാപ്റ്റനായത്. ഫെബ്രുവരിയില്‍ ഇന്ത്യക്കെതിരെ മൂന്ന് ടി20 മത്സരങ്ങളും രണ്ട് ഏകദിനങ്ങളും ഒരു ടെസ്റ്റും അടങ്ങുന്ന പരമ്പരയിലാണ് ഹീലി അവസാനമായി ഇന്ത്യക്കായി കളിക്കുക. ഓസ്ട്രേലിയന്‍ പുരുഷ ടീം അംഗം മിച്ചല്‍ സ്റ്റാര്‍ക് ആണ് ഹിലിയുടെ ഭര്‍ത്താവ്.

Continue Reading

News

‘സെറ്റിലെത്തിയപ്പോള്‍ ഞാനാകെ അമ്പരന്നു’; അക്ഷയ് ഖന്നയെക്കുറിച്ച് പ്രിയദര്‍ശന്‍

‘ധുരന്ദര്‍’ തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ആഗോളതലത്തില്‍ ചിത്രം 1000 കോടി ക്ലബ്ബില്‍ ഇടം നേടിയതായി റിപ്പോര്‍ട്ടുകളുണ്ട്.

Published

on

സോഷ്യല്‍ മീഡിയയില്‍ ഈ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകളില്‍ ഒന്നാണ് അക്ഷയ് ഖന്ന. രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ‘ധുരന്ദര്‍’ എന്ന സിനിമയില്‍ അക്ഷയ് ഖന്ന അവതരിപ്പിച്ച കഥാപാത്രം പ്രേക്ഷകരുടെ വന്‍ കയ്യടിയാണ് നേടുന്നത്. ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനവും പ്രത്യേകിച്ച് ഒരു ഡാന്‍സ് രംഗവും സോഷ്യല്‍ മീഡിയയില്‍ ആഘോഷമായി മാറിയിരിക്കുകയാണ്. ‘ധുരന്ദര്‍’ തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ആഗോളതലത്തില്‍ ചിത്രം 1000 കോടി ക്ലബ്ബില്‍ ഇടം നേടിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതോടൊപ്പം സിനിമയ്ക്ക് വമ്പന്‍ ഒടിടി ഡീല്‍ ലഭിച്ചതായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. 285 കോടി രൂപയ്ക്ക് ധുരന്ദര്‍യുടെ ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയെന്നാണ് വിവരം. അങ്ങനെ ആയാല്‍ ഒരു ബോളിവുഡ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഒടിടി ഡീല്‍ ആകുമിത്.

സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം, തമിഴ് ഭാഷകളിലായി 2026 മാര്‍ച്ച് 19ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രഖ്യാപനം. കേരളത്തിലും സിനിമയ്ക്ക് മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. ഇതിനിടെയാണ് അക്ഷയ് ഖന്നയെക്കുറിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍ പങ്കുവെച്ച അനുഭവങ്ങള്‍ ശ്രദ്ധ നേടുന്നത്. അക്ഷയ് ഖന്നയെ നായകനാക്കി തന്റെ ആദ്യ ഹിന്ദി ചിത്രം സംവിധാനം ചെയ്ത അനുഭവമാണ് പ്രിയദര്‍ശന്‍ ഓര്‍ത്തെടുത്തത്. ഡോളി സജാ കെ രഖ്‌നാ എന്ന ചിത്രത്തിലേക്ക് അക്ഷയ് ഖന്നയെ നായകനാക്കാന്‍ തീരുമാനിച്ചപ്പോള്‍ പലരും തന്നെ എതിര്‍ത്തിരുന്നുവെന്നാണ് പ്രിയദര്‍ശന്റെ വെളിപ്പെടുത്തല്‍. ‘അദ്ദേഹം വളരെ മൂഡ് സ്വിങ്‌സുള്ള ആളാണെന്ന് പലരും പറഞ്ഞു. പക്ഷേ സെറ്റിലെത്തിയപ്പോള്‍ അതിന്റെ നേരെ എതിര്‍സ്വഭാവമുള്ളയാളെയാണ് ഞാന്‍ കണ്ടത്. ആദ്യ സിനിമ മുതല്‍ തന്നെ അദ്ദേഹത്തോട് എനിക്ക് വലിയ ബഹുമാനം തോന്നി,’ പ്രിയദര്‍ശന്‍ പറയുന്നു.

‘രാവിലെ 5 മണിക്ക് സെറ്റില്‍ എത്താന്‍ പറഞ്ഞാല്‍ കൃത്യസമയത്ത് തന്നെ അദ്ദേഹം അവിടെയുണ്ടാകും. ഞങ്ങള്‍ ആറു സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. അതിനിടയില്‍ ഒരിക്കല്‍ പോലും കയ്‌പേറിയ അനുഭവം ഉണ്ടായിട്ടില്ല. വിമര്‍ശനങ്ങള്‍ അദ്ദേഹത്തെ അലട്ടാറുമില്ല,’ എന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ധുരന്ദര്‍യുടെ വിജയത്തിന് പിന്നാലെ അക്ഷയ് ഖന്നയെ ചുറ്റിപ്പറ്റി ചില വിവാദങ്ങളും ഉയര്‍ന്നിരുന്നു. ദൃശ്യം 3യുടെ ഹിന്ദി പതിപ്പില്‍ നിന്ന് അക്ഷയ് ഖന്ന പിന്മാറിയെന്നും പ്രതിഫലത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഇതിന് കാരണമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ചിത്രീകരണം ആരംഭിക്കാന്‍ പത്ത് ദിവസം മാത്രം ശേഷിക്കെ അക്ഷയ് ഖന്ന പിന്മാറിയെന്നാണ് നിര്‍മാതാവും സംവിധായകനും ആരോപിച്ചത്. അദ്ദേഹത്തിന്റെ പെരുമാറ്റം പ്രൊഫഷണല്‍ അല്ലെന്നും ടോക്‌സിക്കാണെന്നും അവര്‍ വിമര്‍ശിച്ചിരുന്നു. ഈ വിഷയത്തില്‍ നിര്‍മ്മാണകമ്പനിയുടെ ഭാഗത്തുനിന്ന് നിലവില്‍ കൂടുതല്‍ അപ്‌ഡേറ്റുകള്‍ ഒന്നും പുറത്തുവന്നിട്ടില്ല. അതേസമയം, വിവാദങ്ങള്‍ക്കപ്പുറം ധുരന്ദര്‍യിലെ പ്രകടനത്തിലൂടെ അക്ഷയ് ഖന്ന വീണ്ടും പ്രേക്ഷക മനസ്സ് കീഴടക്കുകയാണ്.

Continue Reading

Trending