പനാജി: ഹോം ഗ്രൗണ്ടിലെ തോല്‍വിയോടെ ഐ.എസ്.എല്‍ മൂന്നാം സീസണില്‍ സെമി കാണാതെ ഗോവ പുറത്തായി. അത്‌ലറ്റികോ ഡി കൊല്‍ക്കത്തയോട് ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു നിലവിലെ റണ്ണേഴ്‌സായ ഗോവയുടെ തോല്‍വി. ബെലങ്കോസോയും സ്റ്റീഫന്‍ പിയേഴ്‌സണും കൊല്‍ക്കത്തക്കായി ലക്ഷ്യം കണ്ടപ്പോള്‍ മന്ദര്‍ റാവു ദേശായിയാണ് ഗോവക്കു വേണ്ടി ഗോള്‍ നേടിയത്. സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്ന ഗോവക്കു പക്ഷേ ഫത്തോര്‍ഡ സ്‌റ്റേഡിയത്തില്‍ ചുവടു പിഴച്ചു.

28-ാം മിനിറ്റില്‍ തന്നെ സ്പാനിഷ് താരത്തിലൂടെ കൊല്‍ക്കത്ത ലീഡ് പിടിച്ചു. 80-ാം മിനിറ്റില്‍ ഗോവ സമനില പിടിച്ചെങ്കിലും ഇഞ്ചുറി ടൈമില്‍ ഗോവയുടെ പ്രതീക്ഷകളെ മുഴുവന്‍ തല്ലിക്കെടുത്തിക്കൊണ്ട് സ്റ്റീഫന്‍ പിയേഴ്‌സണ്‍ സ്‌കോര്‍ ചെയ്തു.
വിജയത്തോടെ 12 മത്സരങ്ങളില്‍ നിന്നും 18 പോയിന്റുമായി കൊല്‍ക്കത്ത രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഏഴാം തോല്‍വിയോടെ 11 പോയിന്റ് മാത്രമാണ് ഗോവക്കുള്ളത്.