kerala
കത്തിക്കയറി സ്വര്‍ണവില; സംസ്ഥാനത്ത് വീണ്ടും സര്‍വകാല റെക്കോഡ്
ഇന്നലെ ഒരു ദിവസത്തിനിടെ മൂന്ന് തവണ ഉയര്‍ന്ന സ്വര്‍ണവില വൈകിട്ട് ചെറിയ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും, ഇന്ന് വീണ്ടും ശക്തമായ കുതിപ്പാണ് ഉണ്ടായത്.
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുത്തനെ ഉയര്‍ന്ന് സര്‍വകാല റെക്കോഡ് രേഖപ്പെടുത്തി. ഇന്ന് പവന് 3,650 രൂപ വര്‍ധിച്ച് 1,13,520 രൂപയായി. ഗ്രാമിന് 460 രൂപ ഉയര്‍ന്ന് 14,190 രൂപയിലേക്കാണ് വില എത്തിയത്. ഇന്നലെ ഒരു ദിവസത്തിനിടെ മൂന്ന് തവണ ഉയര്‍ന്ന സ്വര്‍ണവില വൈകിട്ട് ചെറിയ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും, ഇന്ന് വീണ്ടും ശക്തമായ കുതിപ്പാണ് ഉണ്ടായത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,800 ഡോളര്‍ കടന്നതാണ് വിലവര്‍ധനയ്ക്ക് പ്രധാന കാരണമായി വിലയിരുത്തുന്നത്. ഗ്രീന്‍ലന്‍ഡ് കൈവശപ്പെടുത്തുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് ആഗോള വിപണിയില്‍ അനിശ്ചിതത്വം വര്‍ധിച്ചതും സ്വര്‍ണത്തിലേക്കുള്ള നിക്ഷേപം കൂടാന്‍ ഇടയാക്കി. ഡിസംബര്‍ 23-നാണ് സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. തുടര്‍ന്ന് ദിവസങ്ങളിലുടനീളം വില ഉയര്‍ച്ച തുടരുകയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെറിയ കുറവും വര്‍ധനയും ആവര്‍ത്തിച്ചുള്ള ‘യുടേണ്‍’ നിലയിലായിരിക്കുകയും ചെയ്തു. അതിന് ശേഷമാണ് ഇന്നത്തെ ശക്തമായ ഉയര്‍ച്ച. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളില്‍ ഒന്നായ ഇന്ത്യ വര്‍ഷംതോറും ടണ്‍കണക്കിന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്നു. അതിനാല്‍ തന്നെ അന്താരാഷ്ട്ര വിപണിയിലെ ചെറിയ മാറ്റങ്ങള്‍ പോലും കേരളം ഉള്‍പ്പെടെയുള്ള രാജ്യത്തെ സ്വര്‍ണവിലയെ നേരിട്ട് സ്വാധീനിക്കുമെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
kerala
സി.പി.എം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിൽ ഗുരുതര ക്രമക്കേടുകൾ; കള്ളപ്പണം വെളുപ്പിച്ചെന്ന ജീവനക്കാരന്റെ വെളിപ്പെടുത്തൽ
ബ്രഹ്മഗിരിയിൽ ലക്ഷങ്ങളുടെ കള്ളപ്പണം നിക്ഷേപിച്ചെന്നും, ചാക്കുകളിൽ പണം കടത്തി സ്ഥാപനത്തിലെത്തിച്ചതിന് താൻ സാക്ഷിയാണെന്നും സൊസൈറ്റി ജീവനക്കാരനായിരുന്ന നൗഷാദ് ആരോപിച്ചു
കൽപറ്റ: സി.പി.എം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തൽ. ബ്രഹ്മഗിരിയിൽ ലക്ഷങ്ങളുടെ കള്ളപ്പണം നിക്ഷേപിച്ചെന്നും, ചാക്കുകളിൽ പണം കടത്തി സ്ഥാപനത്തിലെത്തിച്ചതിന് താൻ സാക്ഷിയാണെന്നും സൊസൈറ്റി ജീവനക്കാരനായിരുന്ന നൗഷാദ് ആരോപിച്ചു. ജീവനക്കാരുടെ അക്കൗണ്ടുകൾ വഴി പണം നിക്ഷേപിച്ച് പിന്നീട് സൊസൈറ്റിയുടെ അക്കൗണ്ടിലേക്ക് മാറ്റി വെളുപ്പിച്ചുവെന്നാണ് ആരോപണം.
2021 ഡിസംബർ രണ്ടിനാണ് ചാക്കുകളിൽ പണം ബ്രഹ്മഗിരി സൊസൈറ്റിയിലേക്ക് എത്തിച്ചതെന്ന് നൗഷാദ് വ്യക്തമാക്കി. വലിയ തുക ആയതിനാൽ സൊസൈറ്റിയുടെ അക്കൗണ്ടിൽ നേരിട്ട് നിക്ഷേപിക്കാൻ സാധിക്കാതെ, സ്ഥാപനത്തിലെ ചില ജീവനക്കാരുടെ അക്കൗണ്ടുകളിൽ ഒരു ലക്ഷം, രണ്ട് ലക്ഷം രൂപ വീതം നിക്ഷേപിച്ച ശേഷം അതു ബ്രഹ്മഗിരിയുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ പണം യൂണിയൻ ബാങ്കിന്റെ സുൽത്താൻ ബത്തേരി ശാഖയിൽ വെച്ച് വെളുപ്പിച്ചതായും നൗഷാദ് ആരോപിക്കുന്നു.
ഇതിന് മുമ്പും ബത്തേരിയിലെ ഒരു പ്രമുഖ കാറ്ററിങ് ഉടമയിൽ നിന്ന് സമാന രീതിയിൽ പണം കൊണ്ടുവന്നിട്ടുണ്ടെന്നും, കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്ഥാപനത്തിലെ നേതാക്കളെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും നൗഷാദ് പറഞ്ഞു. 2021ലെ സംഭവവുമായി ബന്ധപ്പെട്ടതായി അവകാശപ്പെടുന്ന ചില ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.
ഇത്തരം ക്രമക്കേടുകളിൽ താനുൾപ്പെടെയുള്ള ജീവനക്കാരാണ് പറ്റിക്കപ്പെട്ടതെന്നും അതുകൊണ്ടാണ് മുന്നോട്ടു വന്നതെന്നും നൗഷാദ് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നാൽ ഇതിലും വലിയ ക്രമക്കേടുകൾ പുറത്തുവരുമെന്നും, സർക്കാർ ഫണ്ടുകൾ എന്ത് ചെയ്തുവെന്നതും വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ഏത് അന്വേഷണ ഏജൻസിക്ക് മുന്നിലും ഹാജരാകാൻ തയ്യാറാണെന്നും നൗഷാദ് അറിയിച്ചു. സി.പി.എം കൽപറ്റ ടൗൺ ബ്രാഞ്ച് അംഗവും ബ്രഹ്മഗിരിയിലെ മുൻ ജീവനക്കാരനുമാണ് നൗഷാദ്.
ബ്രഹ്മഗിരി സൊസൈറ്റിയുടെ വിവിധ പദ്ധതികൾക്കായി, പ്രത്യേകിച്ച് ‘മലബാർ മീറ്റ്’ ഫാക്ടറിക്കായി, ഏകദേശം 600 നിക്ഷേപകരിൽ നിന്ന് 100 കോടി രൂപയ്ക്കുമേൽ സമാഹരിച്ചിരുന്നുവെന്നാണ് കണക്കുകൾ. എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി നിക്ഷേപകർക്ക് പലിശയോ നിക്ഷേപിച്ച തുകയോ തിരികെ ലഭിച്ചിട്ടില്ല. വിരമിച്ച ഉദ്യോഗസ്ഥരും പാർട്ടി പ്രവർത്തകരുമാണ് നിക്ഷേപകരിൽ ഭൂരിഭാഗവും.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സുൽത്താൻ ബത്തേരിയിലെ അത്യാധുനിക അറവുശാല ഉൾപ്പെടെയുള്ള യൂണിറ്റുകൾ പൂട്ടേണ്ടിവന്നു. കേരള ചിക്കൻ പദ്ധതിയിൽ പങ്കാളികളായ നൂറോളം കർഷകർക്ക് നൽകാനുള്ള 3.5 കോടിയിലധികം രൂപ കുടിശ്ശികയായി തുടരുകയാണ്. ജീവനക്കാർക്ക് മാസങ്ങളോളം ശമ്പളം നൽകാൻ കഴിയാത്ത സാഹചര്യവും ഉണ്ടായി. ഇതിനെ തുടർന്ന് നിക്ഷേപകർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് മാസങ്ങളായി സമരപാതയിലാണ്.
kerala
ശബരിമല സ്വര്‍ണക്കൊള്ള കേസ്: പ്രതികളുടെ ജാമ്യഹരജികളില്‍ ഇന്ന് വിധി പറയും
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബു, സ്വര്‍ണ വ്യാപാരി നാഗ ഗോവര്‍ദ്ധന്‍ എന്നിവരുടെ ജാമ്യാപേക്ഷകളാണ് പരിഗണിക്കുന്നത്.
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മൂന്ന് പ്രധാന പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബു, സ്വര്‍ണ വ്യാപാരി നാഗ ഗോവര്‍ദ്ധന്‍ എന്നിവരുടെ ജാമ്യാപേക്ഷകളാണ് പരിഗണിക്കുന്നത്. ജസ്റ്റിസ് എ. ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പറയുക.
കേസുമായി തങ്ങള്‍ക്ക് നേരിട്ടൊരു ബന്ധവുമില്ലെന്നും ഭരണപരമായ തീരുമാനങ്ങള്‍ മാത്രം എടുത്ത് നടപ്പാക്കിയതാണെന്നും പത്മകുമാറും മുരാരി ബാബുവും കോടതിയെ അറിയിച്ചു. ശബരിമലയിലേക്ക് ഒരു കോടി നാല്‍പത് ലക്ഷം രൂപ സ്‌പോണ്‍സര്‍ ചെയ്ത വ്യക്തിയായതിനാല്‍ സ്വര്‍ണം മോഷ്ടിക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു നാഗ ഗോവര്‍ദ്ധന്റെ വാദം.
അതേസമയം, കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യഹരജിയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. ദ്വാരപാലക കേസില്‍ അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗത്തിന്റെ വാദം. ജാമ്യം അനുവദിക്കുകയാണെങ്കില്‍ കര്‍ശന ഉപാധികള്‍ വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
പത്തനംതിട്ട ജില്ലയില്‍ പ്രവേശനം വിലക്കുക, കേരളത്തിന് പുറത്തേക്ക് പോകാന്‍ അനുവദിക്കരുത്, ആഴ്ചയില്‍ രണ്ട് പ്രാവശ്യം പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം തുടങ്ങിയ ഉപാധികളാണ് പ്രോസിക്യൂഷന്‍ മുന്നോട്ടുവെച്ചത്. കട്ടിളപ്പാളി കേസില്‍ റിമാന്‍ഡ് തുടരുന്നതിനാല്‍ ദ്വാരപാലക ശില്പ കേസില്‍ ജാമ്യം ലഭിച്ചാലും പോറ്റി ജയില്‍ മോചിതനാകില്ല.
അതേസമയം, തന്ത്രി കണ്ഠരര്‍ രാജീവര്‍ക്കായുള്ള എസ്ഐടിയുടെ കസ്റ്റഡി അപേക്ഷ നാളെ വിജിലന്‍സ് കോടതി പരിഗണിക്കും.
kerala
പൊലീസുകാരുടെ ലഹരിക്കച്ചവടം; രണ്ട് സിപിഒമാര്‍ക്ക് സസ്‌പെന്‍ഷന്‍, അന്വേഷണം
തിരുവനന്തപുരം റൂറല്‍ കണ്‍ട്രോള്‍ റൂമിലെ സിപിഒമാരായ അഭിന്‍ജിത്, രാഹുല്‍ എന്നിവരെയാണ് തിരുവനന്തപുരം റൂറല്‍ എസ്പി സസ്‌പെന്‍ഡ് ചെയ്തത്.
തിരുവന്തപുരം: ലഹരിമരുന്ന് കച്ചവടം നടത്തിയ രണ്ട് പൊലീസുകാരെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം റൂറല്‍ കണ്‍ട്രോള്‍ റൂമിലെ സിപിഒമാരായ അഭിന്‍ജിത്, രാഹുല്‍ എന്നിവരെയാണ് തിരുവനന്തപുരം റൂറല്‍ എസ്പി സസ്‌പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം നാര്‍ക്കോട്ടിക്‌സ് സെല്‍ നടത്തിയ അന്വേഷണത്തിലാണ് പൊലീസുകാര്‍ ലഹരിക്കച്ചവടം നടത്തുന്നതായി കണ്ടെത്തിയത്. ഇരുവരും ലഹരി ഉപയോഗിക്കുന്നതായും കണ്ടെത്തി. ലഹരിക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.
തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ റിപ്പോര്‍ട്ട് കൈമാറുകയും നടപടി സ്വീകരിക്കുകയുമായിരുന്നു. ഇവര്‍ക്കെതിരെ അന്വേഷണം നടത്താനും ഉത്തരവുണ്ട്.
രണ്ട് ഉദ്യോഗസ്ഥരും ലഹരിക്കച്ചവടത്തില്‍ നേരിട്ട് പങ്കാളികളായെന്നാണ് നാര്‍ക്കോടിക് സെല്‍ ഡിവൈഎസ്പിയുടെ കണ്ടെത്തല്‍. നാര്‍ക്കോടിക് സെല്‍ ഡിവൈഎസ്പി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റൂറല്‍ എസ്പി ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തത്. ലഹരി വില്‍പ്പനയും ഉപയോഗവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നാര്‍ക്കോടിക് സെല്‍ തിരുവനന്തപുരത്ത് വ്യാപക പരിശോധന നടത്തി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി ലഹരിക്കടത്ത് നടത്തുന്ന ആളുകളെ പിന്തുടരവെയാണ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ലഹരി ഉപയോഗവും കച്ചവടവും നടത്തുന്നതായി കണ്ടെത്തിയത്.
നാര്‍ക്കോടിക് സെല്ലിന്റെയും മറ്റും പ്രധാന കണ്ടെത്തലുകളും മറ്റും വയര്‍ലെസ് സെറ്റുകള്‍ വഴി കണ്‍ട്രോള്‍ റൂമിലിരിക്കുന്ന അഭിന്‍ജിതിനും രാഹുലിനും അറിയാന്‍ കഴിയുമായിരുന്നു. ഇക്കാര്യങ്ങളെല്ലാം ലഹരി മാഫിയകള്‍ക്ക് ഇവര്‍ ചോര്‍ത്തി നല്‍കിയോ എന്ന കാര്യത്തിലും പരിശോധനയുണ്ടാകുമെന്നും ഉദ്യോഗസ്ഥ വൃത്തങ്ങള്‍ അറിയിച്ചു.
-
News2 days agoകരൂര്‍ ദുരന്തം; വിജയ്ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കും, കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐ
-
News2 days ago‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണിയിൽ വനിതാ ഡോക്ടറിൽ നിന്ന് 10.5 ലക്ഷം തട്ടിയെടുത്തു; പ്രതി പഞ്ചാബിൽ പിടിയിൽ
-
News2 days agoഊളംപാറയിലോ കുതിരവട്ടത്തോകൊണ്ടുപോയി ഷോക്കടിപ്പിച്ചാലും മാറാന്‍ ഇടയില്ലാത്ത വര്‍ഗീയ ഭ്രാന്ത്, ഈ മുതലിനെ ക്വാറന്റൈന് ചെയ്യണം-ഡോ. ജിന്റോ ജോണ്‍
-
kerala2 days agoവി.ഡി. സതീശനെതിരായ വിമര്‍ശനം; വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു; സണ്ണി ജോസഫ്
-
News2 days agoഈ ലക്ഷണങ്ങള്‍ വന്നാല്‍ ഗൂഗിളല്ല, ഡോക്ടറെയാണ് ആദ്യം കാണേണ്ടത്; സമയം വൈകിയാല്‍ ജീവന് പോലും നഷ്ടമാകാം
-
News2 days ago‘നിശബ്ദമായൊരു പോരാട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്’; ഒന്നര മാസം ഒരു ബബിളിനുള്ളിലായിരുന്നു – ഭാവന
-
kerala2 days agoശബരിമല വിമാനത്താവള പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍; സര്‍ക്കാരിന് തിരിച്ചടി, ഹര്‍ജി തള്ളി പാലാ കോടതി
-
local2 days agoകോട്ടക്കലില്‍ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു
