X

തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട രണ്ടാമത്തെ ഉത്തരവ് റദ്ദാക്കി സര്‍ക്കാര്‍; ആനകളെ പരിശോധിക്കാന്‍ വനംവകുപ്പ് സംഘത്തെ നിയമിക്കുന്ന ഉത്തരവ് പിന്‍വലിച്ചു

തൃശൂര്‍ പൂരത്തിലെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട പ്രതിസന്ധി ഒഴിയുന്നു. ആനകളെ പരിശോധിക്കാന്‍ വനംവകുപ്പ് സംഘത്തെ നിയമിക്കുമെന്ന ഉത്തരവ് റദ്ദാക്കി. ആന ഉടമകളും ദേവസ്വങ്ങളും പ്രതിഷേധിച്ചതോടെയാണ് സര്‍ക്കാര്‍ ഇടപെടല്‍. ഉത്തരവിന് പിന്നിലെ ഉദ്യോഗസ്ഥ ഇടപെടല്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു.

വെറ്ററിനറി സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം ആനകളെ വീണ്ടും പരിശോധിക്കില്ലെന്ന് മന്ത്രി. പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളെ വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് പുറമെ വനം വകുപ്പിന്റെ വിദഗ്ധ സംഘവും പരിശോധിക്കുമെന്നായിരുന്നു നേരത്തെ വനം വകുപ്പിന്റെ സര്‍ക്കുലര്‍. നിബന്ധനകള്‍ അപ്രായോഗിമെന്ന് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ വ്യക്തമാക്കിയിരുന്നു.

ആനകളെ നിയന്ത്രിക്കാന്‍ 80 അംഗ ആര്‍ആര്‍ടി സംഘം നിര്‍ബന്ധമാണെന്നും വനം വകുപ്പിന്റെ ഡോക്ടര്‍മാര്‍ വീണ്ടും ആനകളെ പരിശോധിക്കുമെന്നും ഉത്തരവിലുണ്ടായിരുന്നു.വെറ്ററിനറി ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് പുറമെയാണ് വനംവകുപ്പിന്റെ ഡോക്ടര്‍മാര്‍ ആനകളെ വീണ്ടും പരിശോധിക്കുന്നത്.കടുത്ത നിയമങ്ങളാണെന്നും ഇത് തൃശൂര്‍ പൂരം നടത്തിപ്പിന് പ്രതിസന്ധിയാകുമെന്നും ആന ഉടമകളും ദേവസ്വങ്ങളും വ്യക്തമാക്കി.

 

webdesk13: